sections
MORE

ജീവിതം തന്നെ സന്ദേശം

sub
SHARE

കടുത്ത മദ്യപാനി ആയിരുന്നു അയാൾ. സുഹൃത്തുക്കളും ബന്ധുക്കളും അയാളുടെ ദുശ്ശീലം അവസാനിപ്പിക്കാൻ പലകുറി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ അവരെല്ലാം പിന്തിരിഞ്ഞു. ആയിടെയാണ് അയാൾക്കൊരു കുഞ്ഞു പിറന്നത്. അന്ന് അയാൾ മദ്യപാനം നിർത്തി. എല്ലാവരും അദ്ഭുതത്തോടെ ചോദിച്ചു: ഞങ്ങൾ വർഷങ്ങൾ ശ്രമിച്ചിട്ടും മാറ്റാതിരുന്ന ശീലം നീ എങ്ങനെയാണ്, എന്തുകൊണ്ടാണ് ഒരുദിവസം കൊണ്ടു മാറ്റിയത്. അയാൾ പറഞ്ഞു: എന്റെ മകൻ വളരുന്നത് എന്നെ കണ്ടാണ്. അവനോട് അരുത് എന്നു പറയേണ്ട കാര്യങ്ങൾ എന്നിലും ഉണ്ടാകരുത്. 

എല്ലാവരും ആരുടെയെങ്കിലുമൊക്കെ ആദർശ മാതൃകകളാണ്. തങ്ങളുടെ മാതൃകകളെപ്പോലെ ജീവിക്കാനും ആയിത്തീരാനുമുള്ള ശ്രമമാകും ഓരോരുത്തരുടെയും ജീവിതം. കണ്ടു പഠിക്കുന്നതു കുറ്റമറ്റതല്ലെങ്കിൽ പഠിക്കുന്നവരുടെ പഠനവും പിന്തുടർച്ചയും പാഴാകും. എന്തു ചെയ്യരുത് എന്നു പറയുന്നവർ ഒട്ടേറെയുണ്ട്; എന്തു ചെയ്യണം എന്നു കാണിച്ചു കൊടുക്കുന്നവർ വിരളം. സ്വന്തം ജീവിതത്തെ കളങ്കരഹിതവും ആദർശാധിഷ്‌ഠിതവുമാക്കാൻ കഴിയുന്നവർക്കു മാത്രമേ, പുതിയ തലമുറയെ പരിശീലിപ്പിക്കാൻ അവകാശമുള്ളൂ. 

റോൾ മോഡലുകൾ ഇല്ല എന്നതാകും ഒരു തലമുറയുടെ ഏറ്റവും വലിയ ശാപം. ആരെ അനുഗമിക്കണമെന്നും എന്ത് അനുകരിക്കണമെന്നും അറിയില്ലാത്തവർ എങ്ങനെ വളരും? നൂറ്റാണ്ടുകൾക്കു മുൻപുള്ള അപൂർവം യുഗപുരുഷന്മാരെ മാത്രം നോക്കി എങ്ങനെ സമൂഹത്തിനു നിലനിൽക്കാനാകും? കാലികപ്രസക്തരായ, കണ്ടുജീവിക്കാനുതകുന്ന ആളുകളുടെ അഭാവം ജനതയുടെ വളർച്ച മുരടിപ്പിക്കുമെന്നു മാത്രമല്ല, അവരെ അരക്ഷിതരും ആത്മവിശ്വാസം ഇല്ലാത്തവരുമാക്കി മാറ്റുകയും ചെയ്യും. 

മാതൃകകളാകുക എന്നതും മാതൃകകൾക്കു വളരാനുള്ള സാഹചര്യമൊരുക്കുക എന്നതുമാണ് ഓരോരുത്തർക്കും വരുംതലമുറയോടു ചെയ്യാൻ കഴിയുന്ന സുകൃതം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA