ADVERTISEMENT

∙ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള തീരദേശ മേഖലാ നിയന്ത്രണ ചട്ടം (സിആർസെഡ്) വ്യക്തതയോടെ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിരിക്കുന്നു. പ്ലാനിലെ പിഴവുകളും  നൂലാമാലകളും സാധാരണക്കാരെ വലയ്ക്കുകയും ചെയ്യുന്നു 

കൊച്ചിയിൽ കായൽത്തീരത്ത് കുടുംബസ്വത്തായി കിട്ടിയ ഇത്തിരി സ്ഥലത്തു വീടുവയ്ക്കാൻ ആഗ്രഹിച്ച വ്യക്തി ഒരുവർഷമായി അലഞ്ഞുതിരിയുകയാണ്. ഇതുവരെ അനുമതി കിട്ടിയിട്ടില്ല. നേരത്തേ ആ സ്ഥലത്തു കെട്ടിടം ഉണ്ടായിരുന്നതിനാൽ അതേ ലവലിൽ നിർമാണം നടത്താൻ അനുമതി നൽകാവുന്നതാണ്. പക്ഷേ...! പേരു പറയല്ലേ, അതിന്റെ പേരിൽ വേറെ ഉപദ്രവം ഉണ്ട‍ായാലോ എന്നാണു നിലവിളി. ഇങ്ങനെ എത്രയോ പേർ. തീരങ്ങളിലെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള തീരദേശ മേഖലാ നിയന്ത്രണ ചട്ടം (സിആർസെഡ്) അപേക്ഷകരെ ഉപദ്രവിക്കാനുള്ള അവസരമായി ചിലരെങ്കിലും മാറ്റിയിരിക്കുന്നു. 

കൊച്ചിയിൽ തന്നെയുള്ള ഒരു കലാലയത്തിനു പുതിയ അക്കാദമിക് ബ്ലോക്ക് പണിയണം. കായലരികത്ത് ഏക്കറുകളോളം സ്ഥലമുണ്ട്. 1996ലെ തീരദേശ മാനേജ്മെന്റ് പ്ലാൻ അനുസരിച്ച് അന്നു നിലനിന്ന കെട്ടിടത്തിന്റെ അതേ ലവലിൽ പുതിയ കെട്ടിടം നിർമിക്കാൻ വ്യവസ്ഥയുമുണ്ട്. പക്ഷേ, മൂന്നു വർഷം അലഞ്ഞിട്ടാണ് നഗരസഭയുടെയും തീരദേശ പരിപാലന അതോറിറ്റിയുടെയും അനുമതി കിട്ടിയത്. തൊട്ടടുത്തുള്ള സ്കൂളിനു പുതിയ കെട്ടിടം നിർമിക്കാനായി അപേക്ഷ നൽകി രണ്ടു വർഷമായിട്ടും കിട്ടിയിട്ടില്ല. കോളജിനായി എടുത്ത ഉപഗ്രഹ മാപ്പിനു പുറമേ, അതേ സർവേ നമ്പരിൽ അതേ ഉടമസ്ഥരുടെ അടുത്ത പറമ്പിലെ സ്കൂളിനും ഉപഗ്രഹ മാപ് വേണം ! മാപ്പിനു ലക്ഷങ്ങൾ ഫീസുമുണ്ട്. 

സ്കൂൾ കെട്ടിടത്തിനു നഗരസഭയിൽ അനുമതിക്ക് അപേക്ഷിച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തീരപരിപാലന അതോറിറ്റിയുടെ അനുമതി വേണമെന്നു പറഞ്ഞു. ഉപഗ്രഹ മാപ്പിനായി കത്തു കൊടുത്തു. അതുമായി ചെന്നൈയിലെ ഇന്ത്യൻ റിമോട്ട് സെൻസിങ് കേന്ദ്രത്തിലെത്തി. അവിടെനിന്നു മാപ് ലഭിച്ചതിനു പുറമേ, ഒരു ഓഫിസർ നേരിട്ടെത്തി പരിശോധന നടത്തി. കെട്ടിട രൂപകൽപനയ്ക്കു കുഴപ്പമൊന്നുമില്ല. 1996ൽ നിലനിന്ന കെട്ടിടത്തിന്റെ ലവലിൽനിന്നു പിന്നെയും സ്ഥലം വിട്ടിട്ടുണ്ട്.

പെട്ടെന്നാണ് വെള്ളമില്ലാതെ കിടന്ന ചാൽ ഓഫിസറുടെ ശ്രദ്ധയിൽപെട്ടത്. വിശാലമായ തെങ്ങിൻതോപ്പാണു സ്ഥലം. വെട്ടിയിടുന്ന തേങ്ങ കൊതുമ്പുവള്ളത്തിൽ കൊണ്ടുപോകാനായി എൺപതുകളിൽ നിർമിച്ച ചാൽ കണ്ടിട്ടാണ് അതു തോടാണെന്നു വ്യാഖ്യാനിച്ച് സിആർസെഡ് ബാധകമാണെന്നു പ്രഖ്യാപിച്ചത്. ഒടുവിൽ ആ ചാലിൽനിന്ന് അതിന്റെ വീതിക്കു തുല്യമായ ദൂരം വിട്ടിട്ട് പുതിയ രൂപകൽപന നൽകി. ‌ 

ഒരു വ്യവസായ നിക്ഷേപകൻ ഓഫിസ് കെട്ടിടമോ ഹോട്ടലോ കൺവൻഷൻ സെന്ററോ നിർമിക്കാൻ ലക്ഷ്യമിട്ടാലും, മടുത്തു പിന്മാറാൻ പ്രേരിപ്പിക്കുന്നതാണു സിആർസെഡ് നടപ്പാക്കുന്ന രീതികൾ. 

വലയുന്ന സാധാരണക്കാർ 

വലിയ കെട്ടിടങ്ങൾ നിർമിക്കുന്നവർക്ക് അനുമതികൾക്കു പിന്നാലെ ഓടാൻ ആവശ്യത്തിനു ജീവനക്കാരും സംവിധാനങ്ങളുമുണ്ടാകും. അനുമതികൾ വാങ്ങിത്തരാമെന്നു പറഞ്ഞ് ഏജന്റുമാർ അടുത്തുകൂടുകയും ചെയ്യും. പക്ഷേ, സാധാരണക്കാരൻ വീടു വയ്ക്കാനിറങ്ങുമ്പോഴോ? കൈത്തോടെങ്കിലും അടുത്തുണ്ടെങ്കിൽ ഭൂമി വാങ്ങാൻ ബാങ്കുകൾ വായ്പ നൽകില്ല. സിആർസെഡ് ബാധകമാവുന്ന സ്ഥലങ്ങൾക്കൊന്നും വായ്പ കിട്ടാത്ത സ്ഥിതിയുണ്ട്. 

എല്ലാ ചട്ടവും അനുസരിച്ച് അപേക്ഷ നൽകി, നിർമാണ അനുമതി ലഭിച്ച് പണിതീരാറായ കെട്ടിടങ്ങൾക്കു പോലും പഞ്ചായത്തുകളും നഗരസഭകളും സ്റ്റോപ് മെമ്മോ നൽകുന്നു. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലാത്ത നിർമാണങ്ങളും, സ്വന്തം ‘തടി കേടാകാതിരിക്കാൻ’ എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങൾ നിർത്തിവയ്പിക്കുകയോ അനുമതി നൽകാതിരിക്കുകയോ ചെയ്യുന്നു. 

സർക്കാരുകളുടെ പിടിപ്പുകേട്

എന്താണ് സിആർസെഡ്, എവിടെയാണു പ്രശ്നം എന്നന്വേഷിക്കുമ്പോഴാണ് സർക്കാരിന്റെ നിഷ്ക്രിയത്വത്തിന്റെയും വീഴ്ചകളുടേയും വലിയ ചരിത്രം ചുരുൾ നിവരുന്നത്. കേന്ദ്ര പരിസ്ഥിതി–വനം വകുപ്പ് 1991ൽ തീരദേശ പരിപാലന നിയമം വിജ്ഞാപനം ചെയ്തപ്പോൾ തീരദേശ പരിപാലന ആസൂത്രണ രേഖ (കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ അഥവാ സിസെഡ്എംപി) അതതു തീരദേശ സംസ്ഥാനങ്ങൾ ഒരു വർഷത്തിനകം തയാറാക്കണമെന്നു നിഷ്കർഷിച്ചിരുന്നു.

ഈ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ നിയമം നടപ്പാക്കാൻ കഴിയൂ. വിവിധ മേഖലകളെ തരംതിരിക്കേണ്ടത് ഈ പ്ലാൻ അനുസരിച്ചാണ്. കേരളത്തിൽ നാലു വർഷം ഒന്നും നടന്നില്ല. സുപ്രീം കോടതിയിൽ കേസ് വന്നപ്പോൾ മൂന്നു മാസത്തിനകം എല്ലാ തീരദേശ സംസ്ഥാനങ്ങളും പ്ലാൻ ഉണ്ടാക്കണമെന്നു വിധി വന്നു. ധൃതിപിടിച്ച് തയാറാക്കിയ പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു. അതിന് 1996 സെപ്റ്റംബറിൽ ഉപാധികളോടെ അനുമതി ലഭിച്ചു. അത്ര വ്യക്തമല്ലാതിരുന്ന അന്നത്തെ ഉപഗ്രഹ ചിത്രങ്ങൾ വച്ചാണ് പ്ലാൻ തയാറാക്കിയത്. അതനുസരിച്ച് എല്ലാ നഗരസഭകളെയും സിആർസെഡ് രണ്ടിലും പഞ്ചായത്തുകളെ സിആർസെഡ് മൂന്നിലും ഉൾപ്പെടുത്തി. 

എന്താണ് സിആർസെഡ് സോൺ രണ്ടും മൂന്നും തമ്മിലുള്ള വ്യത്യാസം ? വികസിത സ്ഥലങ്ങളും കെട്ടിടമോ റോഡോ ഉള്ള സ്ഥലങ്ങളും സോൺ രണ്ടിന്റെ ഭാഗമായി കണക്കാക്കണമെന്നാണു വ്യവസ്ഥ; അവികസിത സ്ഥലങ്ങൾ മൂന്നിന്റെ ഭാഗമായും. പഞ്ചായത്തുകൾ യഥാർഥത്തിൽ എങ്ങനെയാണു കിടക്കുന്നതെന്നു നേരിട്ടുപോയി പഠിച്ചിട്ടല്ല പ്ലാനുണ്ടാക്കിയത്. കേരളത്തിലെ വികസിതമായ ഒട്ടേറെ പഞ്ചായത്ത് സ്ഥലങ്ങൾ അങ്ങനെ സോൺ മൂന്നിൽപ്പെട്ടു. 

പ്ലാനിലെ ഈ പിഴവുകൾ നിയമം നടപ്പാക്കുന്നതിനു തന്നെ തടസ്സമായി. നിയമലംഘനം എന്നു വ്യാഖ്യാനിക്കപ്പെടുന്ന ഒട്ടേറെ നിർമാണങ്ങൾ ഇങ്ങനെ സോൺ രണ്ടിലോ മൂന്നിലോ എന്ന തർക്കം നിലനിൽക്കുന്നു. പ്ലാനിലെ തെറ്റുകൾ തിരുത്തി സോൺ രണ്ടിലും മൂന്നിലും പെടുന്ന പ്രദേശങ്ങൾ കൃത്യമായി കണ്ടെത്തി അവ ലിസ്റ്റ് തിരിച്ച് പരിസ്ഥിതി മന്ത്രാലത്തിനു സമർപ്പിക്കണമെന്ന് 1996 സെപ്റ്റംബറിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചതാണ്. 23 വർഷം കഴിഞ്ഞു! ഇതുൾപ്പെടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങളൊന്നും ഇന്നുവരെ പാലിക്കപ്പെട്ടിട്ടില്ല. ഫലമോ, 1996ലെ പ്ലാൻ അന്തിമ രൂപമാകാത്ത കരടു മാത്രമായി തുടരുന്നു. 

കൈത്തോടിനു സമീപമാണെങ്കിൽ പോലും വീടോ കെട്ടിടമോ വച്ചവർ നിയമലംഘനത്തിന്റെ പേരിൽ ക്രൂശിക്കപ്പെടാമെന്ന സ്ഥിതിയിലാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇത്തരം പതിനായിരക്കണക്കിനു വീടുകളും കെട്ടിടങ്ങളുമുണ്ടെന്നു കൂടി അറിയുക. 

സോണുകൾ ഇങ്ങനെ 

സോൺ രണ്ടിലുള്ള സ്ഥലത്ത് ജലസ്രോതസ്സിന് അടുത്തുവരെ നിബന്ധനകൾക്കു വിധേയമായി നിർമാണം നടത്താം. നേരത്തേ റോഡോ അംഗീകൃത കെട്ടിടമോ ഉണ്ടായിരുന്നെങ്കിൽ അതേ ലവലിൽ അനുമതിയോടെ. സോൺ മൂന്നിലാണു സ്ഥലമെങ്കിൽ മെയിൻ ലാൻഡിൽ 100 മീറ്ററോ ജലസ്രോതസ്സിന്റെ വീതിയോ ഏതാണ് കുറവ് അത്രയും സ്ഥലത്ത് ഒരു നിർമാണവും പാടില്ല.

പക്ഷേ, പഞ്ചായത്ത് പരിധിയിൽ വരുന്ന ദ്വീപോ തുരുത്തോ ആണെങ്കിൽ (ഉദാ. ബോൾഗാട്ടി ഉൾപ്പെടുന്ന മുളവുകാട് പഞ്ചായത്ത്) 2011ലെ വിജ്ഞാപന പ്രകാരം, വേലിയേറ്റ രേഖയിൽനിന്ന്  50 മീറ്റർ വിട്ടു നിർമാണം നടത്താം. 2019ലെ വിജ്ഞാപന പ്രകാരം ഈ ദൂരം 20 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്. പക്ഷേ, അതനുസരിച്ചുള്ള തീരദേശ പരിപാലനരേഖ ഇതുവരെ ആയിട്ടില്ല. 

സോൺ ഒന്ന് കണ്ടൽക്കാടുകളും ചതുപ്പും ഉൾപ്പെടുന്ന ജൈവപ്രധാനമായ പ്രദേശമാണ്. കണ്ടൽക്കാട് 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ കണ്ടൽക്കാടും കഴിഞ്ഞ് 50 മീറ്റർ കൂടി വിട്ടിട്ടേ നിർമാണം പാടുള്ളൂ. കണ്ടൽ വ്യാപകമായ കൊച്ചിയിലും കണ്ണൂരിലും സോൺ ഒന്നിൽ വരുന്ന തീരങ്ങളുണ്ട്. സോൺ 4 ജലാശയങ്ങളും അടിത്തട്ടുമാണ്. നിർമാണം അനുവദിക്കില്ല. സിആർസെഡ് 5 കേരളത്തിനു മാത്രം – വേമ്പനാട് കായൽപ്രദേശങ്ങൾ. ഇതിനുള്ള സംയോജിത പരിപാലന ആസൂത്രണരേഖ തയാറാക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com