ADVERTISEMENT

∙ സമിതികൾ പഠിച്ചു റിപ്പോർട്ട് നൽകിയതു കൊണ്ടു മാത്രംകാര്യമായില്ലല്ലോ; നിർദേശങ്ങൾനടപ്പാക്കുക കൂടി വേണ്ടേ? അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തീരമേഖലയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി സിആർസെഡ് ചട്ടം ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചേനെ.

വിദഗ്ധസമിതികളുണ്ടാക്കുക, പഠനം നടത്തി റിപ്പോർട്ട് നൽകുക, നടപ്പാക്കാത്ത നിർദേശങ്ങളുമായി ആ റിപ്പോർട്ട് തട്ടിൻപുറത്തെവിടെയോ പൊടിപിടിച്ചു കിടക്കുക... ഈ സ്ഥിതി കേരളത്തിനു പുത്തരിയല്ല. തീരനിയമത്തിനും ഉണ്ടായി വിദഗ്ധസമിതി. നിർദേശങ്ങൾ ഇതുവരെ നടപ്പായിട്ടില്ല. അതു നടപ്പാക്കാത്തതിന്റെ ഏറ്റവും പ്രധാന ഇരയാണ് എറണാകുളത്തെ മരട്.

പ്രഫ. എൻ.ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതിയെ 1996ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണു നിയോഗിച്ചത്. ചീഫ് സെക്രട്ടറി സി.പി.നായർ സംസ്ഥാന സർക്കാരിന്റെ വീക്ഷണം എന്താണെന്നു വിശദമാക്കുന്ന കത്ത് സമിതിക്കു നൽകി. സോൺ 3ൽ നിന്നു രണ്ടിലേക്കു മാറ്റേണ്ട സ്ഥലങ്ങളുടെ പട്ടിക റിപ്പോർട്ടിലുണ്ടായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് സ്വീകരിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല. 1997 മാർച്ചിൽ സമർപ്പിച്ച ഈ റിപ്പോർട്ട് അനുസരിച്ചു മരട് പഞ്ചായത്ത് അന്നേ ‘മെട്രോപ്പൊലിറ്റൻ ഏരിയ’ എന്ന പേരിൽ സോൺ 2ലേക്കു മാറ്റേണ്ടതായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിൽ ഇന്നത്തെ ഫ്ലാറ്റ് പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു. 

തീരദേശ പരിപാലന ആസൂത്രണ രേഖ (കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ–സിസെഡ്എംപി) എങ്ങനെ തയാറാക്കണമെന്ന മാർഗനിർദേശം കേന്ദ്ര മന്ത്രാലയം ഇറക്കുന്നത് 1999ൽ ആണെന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. അതോടെ 1996ലെ ആസൂത്രണ രേഖ അപ്രസക്തമായി. ഇതാ വരുന്നു മറ്റൊരു വിദഗ്ധസമിതി – ഡോ. എം.എസ്.സ്വാമിനാഥൻ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയെ 2004 ജൂലൈയിൽ രാഷ്ട്രപതിയാണു നിയമിച്ചത്. 2005 ഫെബ്രുവരിയിൽ സമിതി നൽകിയ റിപ്പോർട്ടിൽ, വിവിധ സംസ്ഥാനങ്ങളുടെ 1996ലെ ആസൂത്രണ രേഖ ഒട്ടേറെ പിഴവുകളുള്ളതാണെന്നു വ്യക്തമാക്കിയിരുന്നു. മാറ്റങ്ങൾ വരുത്തിയ പുതിയ പ്ലാൻ 3 മാസത്തിനകം സമർപ്പിക്കണമെന്നു നിർദേശിച്ചെങ്കിലും ഇതുവരെ അതു സംഭവിച്ചിട്ടില്ല! 

പരിസ്ഥിതി മന്ത്രാലയത്തിന്റെ 1999ലെ മാർഗനിർദേശമനുസരിച്ച് പ്രാദേശിക ഭൂപടങ്ങൾ 1:4000 സ്കെയിലിലാണു തയാറാക്കേണ്ടത്. ഈ ഭൂപടം അനുസരിച്ചാണു തദ്ദേശ സ്ഥാപനങ്ങൾ അനുമതികൾ നൽകേണ്ടത്. എന്നാൽ, ഭൂപടം തയാറാക്കൽ നടന്നിട്ടില്ലാത്തതിനാൽ സോൺ 1, 2, 3, 4 എന്നിവ എവിടെയൊക്കെയെന്ന് ഇന്നും നിശ്ചയമില്ല. നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ സോൺ 3ൽ നിന്നു 2ലേക്കു മാറ്റാനുള്ള ആലോചനകളുമായി തീരദേശ പരിപാലന അതോറിറ്റി 2006 മുതൽ 2009 വരെ ഒട്ടേറെ യോഗങ്ങൾ കൂടുകയും ഉപസമിതിയെ വയ്ക്കുകയും ചെയ്തെങ്കിലും ഒന്നും നടന്നില്ല.

ഇതിനിടെ കൗതുകകരമായ മറ്റൊന്നു സംഭവിച്ചു: പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഹൈവേകളിലെ മദ്യവിൽപനയ്ക്കു സുപ്രീം കോടതി നിരോധനമുണ്ടായി. തീരദേശകാര്യത്തിൽ അലസത കാട്ടിയ സർക്കാർ, മദ്യവിൽപനയുടെ കാര്യം വന്നപ്പോൾ സട കുടഞ്ഞെണീറ്റു. കേരളം ചെറിയ സംസ്ഥാനമാണെന്നും ഇവിടെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 വരെ ഉണ്ടെന്നും അതിനാൽ കേരളമാകെ ഒറ്റ നഗരമാണെന്നും നഗര–ഗ്രാമ വ്യത്യാസം ഇല്ലെന്നും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. 2018ൽ ഇതു സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. പതിനായിരത്തിലേറെ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കാണാവുന്നതാണെന്ന് അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറിയും ഇന്നത്തെ ചീഫ് സെക്രട്ടറിയുമായ ടോം ജോസ് ഉത്തരവിറക്കി. 

പരിസ്ഥിതി മന്ത്രാലയം 2011ൽ പുതിയ സിആർസെഡ് വിജ്ഞാപനം പുറപ്പെടുവിക്കുകയും അതനുസരിച്ചു തയാറാക്കിയ തീരദേശ പരിപാലന ആസൂത്രണരേഖ (സിസെഡ്എംപി) 8 വർഷം വൈകി കഴിഞ്ഞ ഫെബ്രുവരി 28നു മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. 2010ൽ മുനിസിപ്പാലിറ്റിയായ മരട് ഇതുപ്രകാരം സോൺ രണ്ടിലാണ്; മരട് സോൺ രണ്ടിലോ മൂന്നിലോ എന്നു നിർണയിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയ വിദഗ്ധസമിതി റിപ്പോർട്ട് കൊടുത്തതു കഴി‍ഞ്ഞ മാർച്ച് 12നും. മരടിനെ സോൺ 2ൽ ഉൾപ്പെടുത്തിയതിന്റെ 12–ാം നാൾ.

പക്ഷേ, ആ റിപ്പോർട്ടിൽ മരട് സോൺ മൂന്നിലാണെന്നു രേഖപ്പെടുത്തിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു. ഇന്നത്തെ നിലയ്ക്ക് മരട് സോൺ രണ്ടിലാണെന്നു കൂടി ആ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ കോടതിവിധി മറ്റൊന്നാകുമായിരുന്നില്ലേ എന്നു ചോദിക്കുന്നവരുണ്ട്.

2011ലെ സിആർസെഡ് അനുസരിച്ചു തദ്ദേശ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം 1:4000 സ്കെയിലിലുള്ള പ്രാദേശിക ഭൂപടം ഇപ്പോഴും ആയിട്ടില്ല. ഇനി 2019 ജനുവരിയിലെ സിആർസെഡ് അനുസരിച്ചുള്ള ഭൂപടവും തയാറാക്കേണ്ടതുണ്ട്. ഇങ്ങനെ അവ്യക്തതകളും സന്ദേഹങ്ങളും വിടാതെ പിടികൂടുമ്പോൾ അതു ചൂഷണം ചെയ്യുന്നവർക്ക് കൊയ്ത്തിനുള്ള അവസരവുമാണിത്. കേസ് കൊടുത്ത ശേഷം കെട്ടിടം ഉടമയോട് ‘കാണണം’ എന്നു പറയുന്നവരുടെ കാലം.

കാത്തിരുന്ന് കാത്തിരുന്ന്...

തീരത്തൊരു ചെറിയ വീടു പണിയാൻ ശ്രമിക്കുന്നവരെപ്പോലും പേടിപ്പിക്കുന്നതാണ് ഇന്നത്തെ സ്ഥിതി. നടപടിക്രമങ്ങളുടെ നൂലാമാലകൾ നോക്കുക:

∙ സോൺ രണ്ടിലാണു സ്ഥലമെങ്കിൽ, തീരത്തിനടുത്തു നേരത്തേ കെട്ടിടമോ റോഡോ ഉണ്ടായിരുന്ന ലൈൻ വ്യക്തമാക്കി അപേക്ഷ നൽകിയാൽ മുൻപു തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുമായിരുന്നു. ഇപ്പോൾ എല്ലാറ്റിനും തീരപരിപാലന അതോറിറ്റിയെ സമീപിക്കണം. 

edit

∙ ഉപഗ്രഹ ഭൂപടം വേണമെന്നാവശ്യപ്പെട്ടു തീരപരിപാലന അതോറിറ്റിക്കു കൊടുക്കാനുള്ള കത്ത് തദ്ദേശസ്ഥാപനം നൽകുന്നു. 

∙ ചെന്നൈയിലെ ഇന്ത്യൻ റിമോട്ട് സെൻസിങ് കേന്ദ്രമോ (ഐആർഎസ്) തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രമോ (സെസ്) ആണ് ഭൂപടം നൽകുക. അതിനായി കത്തു സഹിതം അപേക്ഷ നൽകുക. കെട്ടിടത്തിന്റെ വിസ്തീർണമനുസരിച്ചു ലക്ഷങ്ങൾ വരുന്ന ഫീസുണ്ട്. 

∙ ഉപഗ്രഹ ഭൂപടം ഉണ്ടെങ്കിലും ഒരു ഓഫിസർ നേരിട്ടെത്തി പരിശോധിച്ചു തീരപരിപാലന അതോറിറ്റിക്കു റിപ്പോർട്ട് അയയ്ക്കുന്നു.

∙ തീരപരിപാലന അതോറിറ്റിയിൽ‌നിന്ന് ഓഫിസർ പരിശോധനയ്ക്കെത്തി റിപ്പോർട്ട് തദ്ദേശ സ്ഥാപനത്തിന് അയച്ചു കൊടുക്കുന്നു. 

∙ റിപ്പോർട്ട് അനുകൂലമാണെങ്കിൽ തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിട നിർമാണ അനുമതി അസുലഭ ഭാഗ്യം പോലെ അപേക്ഷകനു ലഭിക്കും. ഇതിനൊക്കെ മാസങ്ങളും വർഷങ്ങളും കാത്തിരിക്കേണ്ടി വരുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com