മഹത്വവും നിസ്സാരതയും

sub
SHARE

മഹത്വവും നിസ്സാരതയും സോക്രട്ടീസ് കുട്ടികളെ പഠിപ്പിക്കുകയാണ്. നഗരത്തിലെ പ്രമുഖൻ അദ്ദേഹത്തെ കാണാനെത്തി. സോക്രട്ടീസ് അയാളോടു കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. കുറച്ചുസമയം കാത്തിരുന്നപ്പോഴേക്കും അസ്വസ്ഥനായ അയാൾ സോക്രട്ടീസിനോടു ദേഷ്യപ്പെട്ടു – ഞാനാരാണെന്നു താങ്കൾക്ക് അറിയാമോ? സോക്രട്ടീസ് ഒരു ഭൂപടം കാണിച്ചിട്ടു ചോദിച്ചു, ഇതിൽ എവിടെയാണു ഗ്രീസ്? അയാൾ കൃത്യമായി ചൂണ്ടിക്കാണിച്ചു. ഗ്രീസിൽ എവിടെയാണ് ആതൻസ്? അതും അയാൾ കാണിച്ചു. ആതൻസിൽ എവിടെയാണു നിങ്ങളുടെ തെരുവ്; ആ തെരുവിൽ എവിടെയാണു നിങ്ങളുടെ വീട്; ആ വീട്ടിൽ എവിടെയാണു നിങ്ങൾ ഉറങ്ങുന്നത്? അയാൾ നിശ്ശബ്‌ദനായി. സോക്രട്ടീസ് പറഞ്ഞു: ഭൂപടത്തിൽ ഒരിടത്തും സ്ഥാനമില്ലാത്ത ആളാണു നിങ്ങൾ! അവനവൻ നൽകുന്നതാണ് ഓരോരുത്തരുടെയും വില. പക്ഷേ, അസ്വാഭാവിക വേഷം ധരിച്ച് അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും. വിലയും വൈശിഷ്‌ട്യവുമാണ് ഏതു വസ്തുവിന്റെയും ക്രയവിക്രയശേഷി തീരുമാനിക്കുന്നത്. അപരിചിതമായ ഒന്നിനു ചിലപ്പോൾ അജ്‌ഞത കൊണ്ട് അധികവില ലഭിച്ചേക്കാം. പക്ഷേ, ഉപയോഗക്ഷമമല്ലെന്നു കണ്ടാൽ വലിച്ചെറിയപ്പെടും. ഉപയോഗിച്ചതിനും ഇടപഴകിയതിനും ശേഷം നൽകുന്ന വിലയാണ് തുടർച്ചയും കാര്യക്ഷമതയും തീരുമാനിക്കുന്നത് – ഉൽപന്നങ്ങളിലായാലും ബന്ധങ്ങളിലായാലും. ആദ്യ കാഴ്‌ചയിൽത്തന്നെ അകറ്റിനിർത്താൻ പ്രേരിപ്പിക്കുന്ന പെരുമാറ്റവും പ്രകടനവും നടത്തുന്നവരെ ആരാണു പരിഗണിക്കുക? സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താനാകൂ. മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേയുള്ളൂ. ആരാലും ശ്രദ്ധിക്കപ്പെടാതെ മാറിനിന്നു കർമം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തുപിടിച്ചിട്ടുമുണ്ട്. എത്ര വലുതാകാൻ കഴിയും എന്നതുപോലെ പ്രധാനമാണ് എത്ര ചെറുതാകാൻ കഴിയും എന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA