ADVERTISEMENT

മലമുകളിൽ ഒരു വിശുദ്ധനുണ്ടെന്ന വാർത്ത നാടെങ്ങും പരന്നു. ദൂരെയുള്ള ഗ്രാമത്തിലെ ഒരാൾ അദ്ദേഹത്തെ കാണാനെത്തി. കുടിലിനു മുന്നിലെത്തിയപ്പോൾ വേലക്കാരൻ അയാളെ അഭിവാദ്യം ചെയ്തു. യാത്രികൻ പറഞ്ഞു, എനിക്കു വിശുദ്ധനെ കാണണം. വേലക്കാരൻ അയാളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. 

ഓരോ ചുവടു വയ്ക്കുമ്പോഴും വിശുദ്ധനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ അയാൾ ചുറ്റും നോക്കി. പക്ഷേ, വളരെ പെട്ടെന്നുതന്നെ വേലക്കാരൻ അയാളെ പിന്നിലെ വാതിലിലൂടെ പുറത്തേക്കു നയിച്ചു. യാത്രികൻ ചോദിച്ചു, വിശുദ്ധനെവിടെ? വേലക്കാരൻ പറഞ്ഞു, നിങ്ങൾ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു. എല്ലാ മനുഷ്യരിലും ഒരു വിശുദ്ധനുണ്ട് എന്നുകൂടി താങ്കൾ മനസ്സിലാക്കണം! 

അടുത്തു നിൽക്കുന്നവർ ആരാണെന്നറിയാൻ കഴിയാത്തതാണ് എല്ലാ അന്വേഷണങ്ങളുടെയും പരാജയം. മരുഭൂമിയിലും മലമുകളിലുമുള്ള അമാനുഷരെ കണ്ടെത്താനുള്ള ദീർഘയാത്ര മാത്രമല്ല ജീവിതം. സമീപത്തുള്ള സുമനസ്സുകളെയും നിഷ്കളങ്കരെയും കൂടി തിരിച്ചറിയാൻ കഴിയണം. എത്തിപ്പിടിക്കാനാവാത്തതിനെ മാത്രം അദ്ഭുതത്തോടും അസൂയയോടും കൂടി വീക്ഷിച്ച് ആവേശഭരിതരാകുന്നവർക്ക് കൈപ്പിടിയിലുള്ളതിന്റെ മഹിമ മനസ്സിലാകില്ല. അടുത്തുള്ളവന്റെയും അയൽപക്കത്തുള്ളവന്റെയും വിശുദ്ധി അംഗീകരിക്കാൻ സ്വന്തം അഹംഭാവം സമ്മതിക്കുകയുമില്ല. 

അകലെയുള്ളതിനോടു തോന്നുന്ന ആരാധനയുടെ പത്തിലൊരംശം അടുത്തുള്ളതിനോടു തോന്നിയിരുന്നെങ്കിൽ പരിസരശുചിത്വം പോലും സാധ്യമായേനെ. പലരും സ്വന്തം നാട് വൃത്തിഹീനമാക്കിയ ശേഷം വെടിപ്പുള്ള നഗരങ്ങൾ കാണാനായി ടിക്കറ്റെടുത്തു ക്യൂ നിൽക്കും. നാട്ടിലുള്ളവരെക്കുറിച്ചെല്ലാം അപവാദം പറഞ്ഞശേഷം വിശുദ്ധനെത്തേടി വിദേശങ്ങളിലേക്കു തിരിക്കും. അടുത്തുള്ളവരുടെ അശുദ്ധിയുടെ തെളിവും തൂക്കി നടക്കാതെ അവരിലെ വിശുദ്ധിയുടെ വെളിച്ചം തിരിച്ചറിയാനായാൽ എല്ലാ നാടും വിശുദ്ധമാകും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com