ADVERTISEMENT

ജമ്മു കശ്മീരിന് ഒക്ടോബർ ചരിത്രമാസമാണ്. ഇന്ത്യയോടു ചേർന്നത്, 370–ാം വകുപ്പ്ഭരണഘടനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്...അങ്ങനെ എല്ലാം ഒക്ടോബറിൽ! ഈ ഒക്ടോബറിന്റെ അവസാനദിനത്തിൽ കേന്ദ്രഭരണ പ്രദേശമായും മാറുന്നു 

ഒക്ടോബർ ജമ്മു കശ്മീരിന് ചരിത്രങ്ങളുടെ മാസമാണ്. പാക്കിസ്ഥാനിൽനിന്നുള്ള ആക്രമണമുണ്ടാകുന്നത് 1947 ഒക്ടോബറിൽ. അപ്പോൾ, ഇന്ത്യൻ യൂണിയനോടു ചേരാമെന്നു ഹരിസിങ് മഹാരാജാവ് സമ്മതിക്കുന്നു; അക്രമികളെ ചെറുക്കാൻ ഇന്ത്യൻ സൈന്യം അവിടേക്കു പോകുന്നു; ഒക്ടോബർ 26ന് ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരുന്നു. 1949 ഒക്ടോബർ 17നാണു പ്രത്യേക പദവി സംബന്ധിച്ച 370–ാം വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. 1951 ഒക്ടോബർ 31ന് ജമ്മു കശ്മീർ ഭരണഘടനാസഭ ആദ്യമായി ചേർന്നു. 

ഒക്ടോബർ തിരുത്തലിന്റെയും മാസമാകുന്നു. ഇന്നുമുതൽ ജമ്മു കശ്മീരിനു പ്രത്യേക പദവിയില്ല, ആ പേരിൽ സംസ്ഥാനമില്ല. പകരം, ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളുണ്ടാകുന്നു. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുന്നതിനു ചുക്കാൻ പിടിച്ച സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 144–ാം ജന്മദിനമാണ് ഇതിനായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്. പൂർണ അർഥത്തിൽ ജമ്മു കശ്മീരിനെ ഇന്ത്യയോടു ചേർക്കുക, പ്രദേശത്തിന്റെ വികസനവും പുരോഗതിയും സാധ്യമാക്കുക തുടങ്ങിയവയാണ് ഈ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. 

നടപടികൾ 

370–ാം വകുപ്പ് റദ്ദാക്കുകയല്ല, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് അതിലുണ്ടായിരുന്ന വ്യവസ്ഥകൾ ഒഴിവാക്കി പുതിയൊരു വ്യവസ്ഥ ഉൾപ്പെടുത്തുകയാണ് കഴിഞ്ഞ ഓഗസ്റ്റ് 6നു പാർലമെന്റ് ചെയ്തത്. ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും ജമ്മു കശ്മീരിനും ബാധകമാക്കി. സംസ്ഥാനത്തെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുന്ന ബില്ലും അന്നു പാർലമെന്റ് പാസാക്കി. ഉദ്യോഗസ്ഥ പുനർവിന്യാസത്തിനുള്ള നടപടികളായി. ആസ്തികൾ വിഭജിക്കാനുള്ള നിർദേശങ്ങൾക്കായി കേന്ദ്രം രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

പുതുച്ചേരി പോലെ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായി മാറുന്ന ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറായി ജി.സി.മുർമു ശ്രീനഗറിലും ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി ആർ.കെ.മാഥൂർ ലേയിലും അധികാരമേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീതാ മിത്തലാണ് രണ്ടുപേർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡല പുനർനിർണയം നടത്തുമോയെന്നതിൽ വ്യക്തതയില്ല. മണ്ഡല പുനർനിർണയ കമ്മിഷൻ രൂപീകരിക്കാൻ നിയമമന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്.

തിരുത്തലിന്റെ ബാക്കിപത്രം

രാജ്യചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ ഇല്ലാതാക്കിക്കൊണ്ടു കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നത്. സഹകരണാധിഷ്ഠിത ഫെഡറലിസമാണു കേന്ദ്ര സർക്കാർ പറയുന്നതെങ്കിലും, ഭരണകേന്ദ്രീകരണമാണു സംഭവിക്കുന്നതെന്നു വിമർശിക്കപ്പെടുന്നു.

ജമ്മു കശ്മീരിൽ മധ്യസ്ഥചർച്ചയ്ക്കായി കേന്ദ്ര സർക്കാർ 2010ൽ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞത് അവിടത്തെ ജനങ്ങൾ താൽപര്യപ്പെടുന്ന പലവിധ സ്വാതന്ത്ര്യങ്ങളെക്കുറിച്ചാണ്: മതങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലുമുള്ള സൗഹാർദം തകർക്കുന്ന മതതീവ്രവാദം, ഭൂരിപക്ഷവാദം എന്നിവയിൽനിന്നുള്ള സ്വാതന്ത്ര്യം, ഉത്തരവാദിത്തവും സുതാര്യതയുമില്ലാത്ത ഭരണകൂടത്തിൽനിന്നുള്ള സ്വാതന്ത്ര്യം, എല്ലാവരെയും ഉൾക്കൊള്ളാത്തതും വികസനം സാധ്യമാക്കാത്തതുമായ നയങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം, അക്രമങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം, മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുംമേലുള്ള സമ്മർദങ്ങളിൽനിന്നുള്ള സ്വാതന്ത്ര്യം എന്നിങ്ങനെ.

എല്ലാവരുമായും ചർച്ച നടത്തിയുള്ള രാഷ്ട്രീയപരിഹാരമാണു വേണ്ടതെന്നും ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്നും സമിതി ശുപാർശ ചെയ്തു; 370–ാം വകുപ്പ് ഒഴിവാക്കുകയല്ല, ജനക്ഷേമകരമായി ബലപ്പെടുത്തുകയാണു വേണ്ടതെന്നും. 

അതു താൽപര്യപ്പെട്ടവർ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യാൻ തയാറായിട്ടില്ല. ലഡാക്കിൽ കേന്ദ്രഭരണ പ്രദേശത്തിനായി വാദിച്ചവർതന്നെ, ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു ഭൂമി വാങ്ങാൻ അനുമതി നൽകരുതെന്ന് ഇപ്പോൾ നിലപാടെടുത്തിട്ടുണ്ട്. നിസ്സഹകരണത്തിലൂടെ പ്രതിഷേധിക്കുകയെന്ന രീതിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാറ്റങ്ങൾ പ്രഖ്യാപിച്ച ഓഗസ്റ്റ് 5 മുതൽ ജമ്മു കശ്മീരുകാർ സ്വീകരിച്ചിരിക്കുന്നത്. സാധാരണ ജീവിതത്തിൽനിന്ന് അവർ പിൻവലിഞ്ഞിരിക്കുന്നു.

രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, ആയിരക്കണക്കിനു സാധാരണക്കാരും ജയിലിലാണ്. കുട്ടികളുൾപ്പെടെ കരുതൽ തടങ്കലിലാക്കപ്പെട്ടു. 144 കുട്ടികളുടെ പട്ടിക സുപ്രീം കോടതിക്കു നൽകിയിരുന്നു. 97 പേരെ വിട്ടയച്ചെന്നാണു വ്യക്തമാക്കിയത്; ഒരു 9 വയസ്സുകാരൻ ഉൾപ്പെടെ. സംസ്ഥാനത്തെ ജയിലുകളിൽ ഇടമില്ലാതായപ്പോൾ, ഹോട്ടലുകളും സർക്കാർ മന്ദിരങ്ങളും ജയിലുകളാക്കി. മറ്റു സംസ്ഥാനങ്ങളിലെ ജയിലുകളും ഉപയോഗിക്കുന്നു.

പ്രത്യേക പദവി ഒഴിവാക്കിയതു ചോദ്യം ചെയ്ത് ഒട്ടേറെ ഹർജികൾ സുപ്രീം കോടതിയിലുണ്ട്. നടപടിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഈ ഹർജികൾ അടുത്ത 14നാണു പരിഗണിക്കുക. വാർത്താവിനിമയ ബന്ധം തടസ്സപ്പെടുത്തിയത്, കുട്ടികളെ തടവിലാക്കിയത്, മാധ്യമങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയത് എന്നിവ ചോദ്യം ചെയ്തും ഹർജികളുണ്ട്. വാർത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതൽ ഇതുവരെ  സംസ്ഥാനത്തെ ബിസിനസ് മേഖലയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. അപ്പോഴും, വിഷമസന്ധിക്കു നടുവിലും, പത്താം ക്ലാസ് പരീക്ഷയ്ക്കു വിദ്യാർഥികളെത്തുന്നു എന്നത് ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയുടെ തെളിവാകുന്നു.

kashmir-map

നയതന്ത്ര വിജയവും വെല്ലുവിളികളും  

ജമ്മു കശ്മീരിലെ നടപടിയെ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ പ്രചാരണായുധമാക്കാൻ പാക്കിസ്ഥാൻ നടത്തിയ ശ്രമങ്ങൾ തുടക്കത്തിലേ പരാജയപ്പെടുത്താൻ സാധിച്ചത് നയതന്ത്രതലത്തിൽ കേന്ദ്ര സർക്കാരിന്റെ വലിയ വിജയമാണ്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് വിരലിലെണ്ണാവുന്ന രാജ്യങ്ങളൊഴികെ‌ ആരും ചോദ്യം ചെയ്തിട്ടില്ല. നടപടിയെ എതിർക്കണോ എന്നതു സംബന്ധിച്ച് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായതു ബിജെപിക്കു രാഷ്ട്രീയ നേട്ടവുമായി. 

എന്നാൽ, മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിൽ ഉൾപ്പെടെയുള്ള വേദികളിൽ ഇന്ത്യ വിമർശിക്കപ്പെടുന്നു. മനുഷ്യാവകാശ സംരക്ഷണത്തിൽ ശ്രദ്ധേയ ശബ്ദമായിരുന്നു ഇന്ത്യയുടേത്. വർണവിവേചനം ഉൾപ്പെടെയുള്ളവയ്ക്കെതിരെ ശക്തമായ നിലപാടെടുത്ത ചരിത്രമാണ് അതിനു കാരണം. അതിനിടെയാണ്, യൂറോപ്യൻ യൂണിയനിൽനിന്നുള്ള തീവ്ര വലതുപക്ഷ നിലപാടുകാരായ എംപിമാർക്ക് ജമ്മു കശ്മീർ സന്ദർശിക്കാൻ അവസരമൊരുക്കിയ നടപടി വിവാദമായിരിക്കുന്നത്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും എംപിമാർക്കും വിദേശരാജ്യങ്ങളുടെ ഇന്ത്യൻ സ്ഥാനപതിമാർക്കും സന്ദർശനാനുമതി നിഷേധിച്ച ശേഷം, വിദേശത്തെ വലതുപക്ഷക്കാരെ തിരഞ്ഞുപിടിച്ചു കശ്മീരിലെത്തിച്ചുവെന്നത് നയതന്ത്രപരമായ പിഴവായും വിലയിരുത്തപ്പെടുന്നു. ആഭ്യന്തര വിഷയമെന്നു പറയുമ്പോഴും യൂറോപ്യൻ എംപിമാർക്കു സന്ദർശനത്തിന് അവസരമൊരുക്കിയതിലൂടെ സർക്കാർതന്നെ വിഷയത്തെ രാജ്യാന്തരവൽക്കരിച്ചെന്ന വിമർശനവുമുണ്ട്. 

കാലങ്ങളായി അശാന്തി നിലനിൽക്കുന്ന ജമ്മു കശ്മീർ നിർണായകമായൊരു ഘട്ടത്തിലേക്കു കടന്നിരിക്കുന്നു. പാക്കിസ്ഥാനും ഭീകരവാദികൾക്കും മുതലെടുപ്പിനുള്ള സാഹചര്യമില്ലാതെ, ജനജീവിതം സാധാരണഗതിയിലാക്കുക എന്നതു സർക്കാരിനു െവല്ലുവിളിയാണ്. വലിയ തീരുമാനമെടുത്തപ്പോൾ പ്രതീക്ഷിച്ച പ്രത്യാഘാതങ്ങളും പ്രതികരണങ്ങളും മാത്രമാണ് ഇപ്പോഴുള്ളതെന്നും അതു മറികടക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ പക്ഷം; ഇന്നു തുടങ്ങുന്ന പുതിയ ഭരണസംവിധാനം അതിനു വഴിതുറക്കുമെന്നും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com