ഭൂപ്രകൃതി മാനിച്ച് വേണം, നിയമം

SHARE

കേരം തിങ്ങും കേരളനാട് ഒട്ടേറെ നദികളും ജലാശയങ്ങളും അരുവികളും തോടുകളും കൊണ്ടു ജലസമൃദ്ധമാണ്. അതുകൊണ്ടുതന്നെ, ഈ ജലസമ്പത്ത് അടക്കമുള്ള പരിസ്ഥിതിയുടെ സംരക്ഷണം നമുക്കു ജീവവായു പോലെ പ്രധാനവുമാണ്. പരിസ്ഥിതിനാശം വൻ വിപത്തുകളിലേക്കു വാതിൽ തുറക്കുന്നു എന്ന ബോധ്യവും ഇപ്പോൾ നമുക്കൊപ്പമുണ്ട്. 

അതേസമയം, ഇന്ത്യയിലെ മറ്റേതു സംസ്ഥാനവുമായി താരതമ്യം ചെയ്താലും അനന്യമായ നമ്മുടെ ഭൂപ്രകൃതിയെ പൂർണമായും മാനിക്കുന്നതല്ല കേന്ദ്രം നടപ്പാക്കിയ തീരസംരക്ഷണ നിയമവും (സിആർസെഡ്) അമിതനിയന്ത്രണങ്ങളും എന്ന വിമർശനം ഉയരുന്നുമുണ്ട്. വലിയൊരു സംസ്ഥാനത്ത് വിരലെണ്ണാവുന്ന ജലാശയങ്ങളും വലിയ നദികളും എന്ന ഉത്തരേന്ത്യൻ സ്ഥിതിയല്ല കേരളത്തിന്റെ പ്രകൃതിയിലുള്ളത്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ജലമുള്ള നാട്ടിൽ സിആർസെഡ് നിയമത്തിന്റെ കർശനമായ പാലനം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണു പലരുടെയും പരാതി. 

തീരങ്ങളിലെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുക എന്ന നല്ല ലക്ഷ്യത്തോടെയുള്ള സിആർസെഡ് ചട്ടം അപേക്ഷകരെ ഉപദ്രവിക്കാനുള്ള അവസരമായി ചിലരെങ്കിലും മാറ്റിയിരിക്കുന്നുവെന്നും പരാതിയുണ്ട്. എല്ലാ ചട്ടവും അനുസരിച്ച് അപേക്ഷ നൽകി, നിർമാണ അനുമതി ലഭിച്ച് പണിതീരാറായ കെട്ടിടങ്ങൾക്കുപോലും പഞ്ചായത്തുകളും നഗരസഭകളും സ്റ്റോപ് മെമ്മോ നൽകുന്നുവെന്നും തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമില്ലാത്ത നിർമാണങ്ങൾവരെ തദ്ദേശ സ്ഥാപനങ്ങൾ നിർത്തിവയ്പിക്കുന്നുവെന്നുമുള്ള ആരോപണം ഗൗരവമുള്ളതാണ്. 

തെങ്ങിൻപുരയിടങ്ങളിൽ ജലസേചനത്തിനായി വെട്ടിയുണ്ടാക്കിയ കൈത്തോട് പോലും ഇങ്ങനെ സിആർസെഡ് നിയമപരിധിയിൽ ഉൾപ്പെടുത്തുന്നുണ്ട്. നിശ്ചിത അകലം പാലിക്കണമെന്ന സ്ഥിതി കെട്ടിടനിർമാണം ദുഷ്കരമാക്കുന്നു. കുടുംബസ്വത്തായി ലഭിച്ച ചെറിയ തുണ്ടുഭൂമിയിലൊരു കൊച്ചു വീടുവയ്ക്കാൻ പോലുമാകാത്ത സ്ഥിതി സാധാരണക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. കൈത്തോടിനു സമീപമാണെങ്കിൽ പോലും വീടോ കെട്ടിടമോ വച്ചവർ നിയമലംഘനത്തിന്റെ പേരിൽ വലയുമെന്ന സ്ഥിതിയാണു നിലവിലുള്ളത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇത്തരം പതിനായിരക്കണക്കിനു വീടുകളും കെട്ടിടങ്ങളുമുണ്ടെന്നു കൂടി ഈ അവസ്ഥയോടൊപ്പം ചേർത്തുവയ്ക്കാം. 

ഉപ്പുരസമുള്ള മണ്ണ് ഉള്ളതുകൊണ്ടാണ് കേരളത്തിൽ തെങ്ങുകൾ വളർന്നത്. പക്ഷേ, ഉപ്പിന്റെ സാന്നിധ്യം വെറും 5 പിപിടി എന്ന അളവിൽ കൂടുതലായാൽ സിആർസെഡ് മേഖലയായി മാറ്റുകയാണു നിയമത്തിൽ. ചിലയിടങ്ങളിൽ കടലിൽനിന്നു 16 കിലോമീറ്റർ അകലെവരെ വെള്ളത്തിൽ ഉപ്പുരസം കണ്ടെത്തിയിട്ടുണ്ട്. കടലിൽനിന്നു ദൂരെ സ്ഥിതി ചെയ്യുന്ന തോട്ടിൽ പോലും ഉപ്പിന്റെ അളവുനോക്കി നിയന്ത്രണം ഏർപ്പെടുത്തുന്നത് അർഥശൂന്യമാണെന്ന അഭിപ്രായവും ഉയരുന്നു. 

സിആർസെഡ് നിയമം നടപ്പാക്കുന്നതിനു വേണ്ട ആസൂത്രണരേഖയ്ക്കു രൂപം കൊടുക്കാനുള്ള കാലതാമസവും മാപ്പിങ് നടത്താനുള്ള അലംഭാവവും അവ്യക്തതകളും അനിശ്ചിതത്വങ്ങളും സൃഷ്ടിക്കുകയാണ്. സിആർസെഡ് നിയമം തന്നെ മൂന്നുതരമാണ്. 1991, 2011, 2019 എന്നീ വർഷങ്ങളിൽ വ്യത്യസ്ത വ്യവസ്ഥകൾ നിയമത്തിൽ ചേർത്തിട്ടുണ്ട്. 2011ൽ വിജ്ഞാപനം ചെയ്ത സിആർസെഡ് നിയമം നടപ്പാക്കാനുള്ള ആസൂത്രണരേഖയുണ്ടായതു തന്നെ, 2019 ഫെബ്രുവരിയിലാണ്. ഏറ്റവുമൊടുവിൽ 2019ൽ വിജ്ഞാപനം ചെയ്ത സിആർസെഡ് വ്യവസ്ഥകൾക്കാവട്ടെ, ആസൂത്രണരേഖയും മാപ്പും ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. സോൺ രണ്ട്, സോൺ മൂന്ന് എന്ന പേരിൽ തർക്കവും തകർക്കലും തുടരുമ്പോൾ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും അനിശ്ചിതത്വത്തിലാവുന്ന സ്ഥിതി ഒരു നാടിനും ഭൂഷണമല്ല. അമിത നിയന്ത്രണം (ഓവർ റെഗുലേഷൻ) നിക്ഷേപകരെയും അകറ്റുകയാണ്. 

പരിസ്ഥിതി സംരക്ഷണത്തെ മുൻനിർത്തി, കയ്യേറ്റങ്ങൾ കർശനമായി തടയുകതന്നെ വേണം. പക്ഷേ, ഇതു കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് യാഥാർഥ്യബോധത്തോടെ ആവണമെന്നു മാത്രം. അങ്ങോളമിങ്ങോളം നഗരവൽക്കരിക്കപ്പെട്ട കേരളത്തിൽ സോൺ 3നു പകരം എല്ലാ പ്രദേശവും സോൺ 2ൽ ഉൾപ്പെടുത്തുകയാണു വേണ്ടതെന്ന അഭിപ്രായവുമുണ്ട്. സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാനും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരാനും അടിയന്തരനടപടികൾ ആവശ്യംതന്നെ. കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ ശ്രമം അതിനു വേണ്ടിവരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA