ADVERTISEMENT

ഈ ഭൂമിയിൽ ഇനി എന്തു വിളയിക്കാൻ

ഒരുനാൾ ഇരുട്ടിവെളുത്തപ്പോൾ, ഭൂമിയിൽ നിന്നു മാഞ്ഞു പോയ കൃഷിഭൂമിയുടെ ബാക്കിയാണിത്. കഴിഞ്ഞ ഓഗസ്റ്റ് 8ന് മലപ്പുറം പോത്തുകല്ല് അമ്പുട്ടാൻപൊട്ടി തുരുത്തിലെ ആനാടത്തിൽ ബിനുവിന്റെ ആറേക്കർ കൃഷിയിടത്തെ ഇല തുടച്ചതുപോലെ അപ്രത്യക്ഷമാക്കിയത് കലിതുള്ളി കുതിച്ചൊഴുകിയ ചാലിയാർ. ബിനുവിനുണ്ടായത് കോടികളുടെ നഷ്ടം. സർക്കാർ നഷ്ടപരിഹാരം വെറും 70,000 രൂപ! ബിനുവിനെ പോലെ എത്രയെത്ര കർഷകർ. പ്രകൃതി ദുരന്തം, വന്യമൃഗ ശല്യം, കാലാവസ്ഥാ വ്യതിയാനം, വിപണിചാഞ്ചാട്ടങ്ങൾ, സാമ്പത്തിക നയങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങളിൽ പെട്ടുഴലുകയാണ് കൃഷിമേഖല.

‘‘40 വർഷമായി കർഷകരാണ് അച്ഛൻ ഫിലിപ്പോസും (തമ്പി) ഞാനും. മറ്റൊരു ജോലിയുമറിയില്ല. മലവെള്ളപ്പാച്ചിലിൽ വന്നടിഞ്ഞ പാഴ്മരങ്ങളൊഴികെ അമ്പുട്ടാൻപൊട്ടി തുരുത്തിലെ കൃഷിയിടത്തിൽ മറ്റൊന്നും ബാക്കിയില്ല. പല തട്ടുകളാക്കിയും വരമ്പൊരുക്കിയും വേലികെട്ടിയും മക്കളെപ്പോലെ പരിപാലിച്ചിരുന്ന ഞങ്ങളുടെ കൃഷിയിടം ഇന്നിപ്പോൾ മണൽനിറഞ്ഞ ഒരു കടൽത്തീരം പോലെയാണ്. ഭൂമിവില കൂടി കണക്കാക്കിയാൽ 6 കോടി രൂപയുടെ നഷ്ടം. നന്നായി അറിയാവുന്ന കൃഷിപ്പണി മികച്ച രീതിയിൽത്തന്നെ ചെയ്തിരുന്നതായാണു വിശ്വാസം. പക്ഷേ, തിരിച്ചു കിട്ടിയത് ഇതാണ്. കൃഷിക്കായി ചെലവാക്കിയ 20 ലക്ഷത്തോളം രൂപ കടമുണ്ട്. എങ്ങനെ വീട്ടുമെന്നറിയില്ല.’’ – ബിനു (മലപ്പുറം പോത്തുകല്ല് അമ്പുട്ടാൻപൊട്ടി)

Kavilappara
ബീച്ച് അല്ല, കൃഷിയിടമായിരുന്നു... മലപ്പുറം പോത്തുകല്ല് അമ്പുട്ടാൻപൊട്ടിയിൽ പ്രളയം തകർത്ത, ബിനു ഫിലിപ്പിന്റെ കൃഷിയിടത്തിന്റെ ആകാശദൃശ്യം. ഉരുൾപൊട്ടിയ കവളപ്പാറ മുത്തപ്പൻകുന്നും പിന്നിൽ കാണാം.

ഒറ്റരാത്രി; ബിനുവിനു നഷ്ടമായത്

ഭൂമി: 6 ഏക്കർ 

തെങ്ങ്: 392 

നേന്ത്രവാഴ: 2800 

കമുക്: 2600 

പൂവൻവാഴ: 700 

ജാതി: 62 

കാപ്പി: 200

കുരുമുളക്: 200

റമ്പുട്ടാൻ: 15

പശു: 1

കോഴി: 45 

ആട്: 2

വീട്: 1

കിണർ: 1

മോട്ടർ: 10 എച്ച്പി 

കേരളത്തിലെ കൃഷിഭൂമി വിസ്തൃതി

കുറഞ്ഞത് 

തൃശൂർ:  29.74% (41,655 ഹെക്ടർ)

കണ്ണൂർ:  29.26% (46,648 ഹെക്ടർ)

പത്തനംതിട്ട:  28.73% (25,953 ഹെക്ടർ)

പാലക്കാട്:  28.10% (54,379 ഹെക്ടർ)

എറണാകുളം:  21.64% (28,789 ഹെക്ടർ)

കാസർകോട്:  20.72% (20,578 ഹെക്ടർ)

കോട്ടയം:  18.75% (26,071 ഹെക്ടർ)

കൊല്ലം:  18.27% (16,613 ഹെക്ടർ)

ആലപ്പുഴ:  16.89% (14,088 ഹെക്ടർ)

തിരുവനന്തപുരം: 15.41% (14,425 ഹെക്ടർ) 

കോഴിക്കോട്:  13.64% (15,067 ഹെക്ടർ)

മലപ്പുറം:  12.81% (19,031 ഹെക്ടർ)

വയനാട്:   6.74% (6422 ഹെക്ടർ)

കൂടിയത്

ഇടുക്കി 9.19% (12,427 ഹെക്ടർ)

(∙2.47 ഏക്കറാണ് ഒരു ഹെക്ട‍ർ)

ഇങ്ങനെ കുറഞ്ഞാൽ!

∙ സംസ്ഥാനത്ത് കൃഷിഭൂമി 18.53% കുറഞ്ഞു

സംസ്ഥാനത്തെ കൃഷിഭൂമിയുടെ വിസ്തൃതി കഴിഞ്ഞ 20 വർഷം കൊണ്ട് 18.53% കുറഞ്ഞെന്ന് സർക്കാരിന്റെ കാർഷിക സെൻസസിൽ കണ്ടെത്തൽ. എന്നാൽ, കൃഷിഭൂമിയുടെ എണ്ണമാകട്ടെ 28.22 ലക്ഷത്തിൽ നിന്ന് 75.83 ലക്ഷമായി കുതിച്ചുയരുകയും ചെയ്തു. വർധന 168.65%. കൃഷിഭൂമിയുടെ വിസ്തൃതി കുറയാൻ കാരണം കൃഷി കുറഞ്ഞതും ഭൂമിയുടെ എണ്ണം പെരുകിയതിനു കാരണം അവ വിറ്റഴിക്കുന്നതിനാലും ആണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 20 വർഷം കൊണ്ട് ആകെ ഇല്ലാതായ കൃഷിഭൂമി 3.17 ലക്ഷം ഹെക്ടർ‌. ഇനി ബാക്കിയുള്ളത് 1.39 കോടി ഹെക്ടറും. 2006ൽ വെറും 14,662 ഹെക്ടറും 2011ൽ 44,011 ഹെക്ടറും മാത്രം കുറഞ്ഞിടത്ത് ഏറ്റവുമൊടുവിൽ കുറഞ്ഞിരിക്കുന്നത് 1.15 ലക്ഷം ഹെക്ടർ. സംസ്ഥാനത്ത് നഗരവൽക്കരണം അതിവേഗം കടന്നുവരുന്നതിന്റെയും കൂടുതൽ പേർ കൃഷി ഉപേക്ഷിക്കുന്നതിന്റെയും വ്യക്തമായ ചൂണ്ടുപലകയാണ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കഴിഞ്ഞ ജൂലൈ 17ന് സർക്കാരിനു സമർപ്പിച്ച ഇൗ കണക്ക്.

പിൻനടത്തം

soni
സോണി

∙സംസ്ഥാനത്തു കൃഷിഭൂമി കുറ‍യുന്ന ട്രെൻഡ് തൊണ്ണൂറുകൾ മുതൽ 

അരിക്കും പച്ചക്കറിക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തിന് കൃഷിമേഖലയിലെ ഇൗ പിൻനടത്തം കടുത്ത വെല്ലുവിളിയാണ് ഉയർത്തുക. 1970-71 മുതൽ 1980-81 വരെ 20.41% വളർച്ചയോടെ കൃഷിഭൂമിയുടെ വിസ്തൃതി വർധിച്ചുവന്നിരുന്നെങ്കിൽ 1990-91 മുതലാണ് കുത്തനെ താഴേക്കു പോയിത്തുടങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൃഷിയിതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിച്ചു തുടങ്ങിയതോടെയാണിത്. കൃഷിഭൂമിയുടെ എണ്ണം മറ്റെല്ലാ ജില്ലകളിലും കൂടിയപ്പോൾ ഇടുക്കിയിൽ മാത്രം ഇത് 3.39% താഴേക്കു പോയി. എന്നാൽ, കൃഷിഭൂമിയുടെ വിസ്തൃതി ഇടുക്കിയിൽ 9.19% കൂടി. കൃഷിഭൂമി ഏറ്റവും കുറഞ്ഞത് തൃശൂരിലാണ്; 29.74%. രണ്ടാമത് കണ്ണൂരും: 29.26%. 

George
ഇടുക്കി കട്ടപ്പന സൗത്ത് കുന്തളംപാറ കുന്നേൽ ജോർജ് കൃഷിയിടത്തിൽ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ.

ജപ്തിയുടെ കുത്തൊഴുക്ക്

വഴിമാറിയൊഴുകിയ പുഴയും ഉരുൾപൊട്ടിയെത്തിയ മരങ്ങളും സോണിയുടെ ജീവിതത്തെ ജപ്തിയുടെ വക്കിലേക്കാണു കുത്തിയൊഴുക്കിയത്. മകൾക്കു മെറിറ്റ് സീറ്റിൽ നഴ്സിങ്ങിന് പ്രവേശനം ലഭിച്ചിട്ടും ബാങ്കുകൾ വിദ്യാഭ്യാസവായ്പ നിഷേധിച്ചു. കാലവർഷം നാശമുണ്ടാക്കിയതിനെത്തുടർന്നു കൃഷിവായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതാണു പ്രതിസന്ധിക്കു കാരണം. കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്നിലെ സ്വന്തംപറമ്പിലും പാട്ടത്തിനെടുത്ത ഭൂമിയിലുമായി കൃഷിചെയ്യുന്ന സോണി, പൊന്നുവിളയിക്കുന്ന കർഷകനാണ്. വാഴയും ചേനയും ചേമ്പും മരച്ചീനിയും ഇഞ്ചിയും തക്കാളിയും പച്ചമുളകുമെല്ലാം കൃഷി ചെയ്യുകയും ഇക്കോഷോപ് വഴി വിറ്റഴിക്കുകയുമാണു ചെയ്യുന്നത്. വിഷരഹിതമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ സോണിയുടെ വിളകൾ തേടി ആളുകൾ എത്താറുണ്ട്. എന്നാൽ, രണ്ടു വർഷത്തെ പ്രളയദുരന്തം കണക്കുകൾ അപ്പാടെ തെറ്റിച്ചു. വിളനാശത്തിനു രണ്ടുവർഷവും അപേക്ഷ നൽകുകയും ഉദ്യോഗസ്ഥർ പരിശോധിച്ചു റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വായ്പകളുടെ തിരിച്ചടവു മുടങ്ങിയതോടെ കഴിഞ്ഞ 23നു ജപ്തിനോട്ടിസ് വീട്ടിലെത്തി. ഇനിയെന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണു സോണി. 

കുടുക്കിടുന്ന നിബന്ധനകൾ

ഇഞ്ചി, ഏലം, കപ്പ തുടങ്ങിയ വിളകൾക്ക് ഇൻഷുർ ചെയ്ത വിസ്തൃതിയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും നാശനഷ്ടമുണ്ടായാലേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന വിളനാശത്തിനു മാത്രമാണു കൃഷിവകുപ്പ് നേരിട്ടു നഷ്ടപരിഹാരം നൽകുക. വന്യമൃഗശല്യത്തിൽ നശിച്ച വിളകൾക്കു കൃഷിവകുപ്പിന്റെ നഷ്ടപരിഹാരം ലഭിക്കണമെങ്കിലും ഇൻഷുറൻസ് ആണു മാനദണ്ഡം. മതിയായ റവന്യു രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഇതുപോലും ലഭിക്കില്ലെന്നതാണു പാട്ടക്കൃഷി നടത്തുന്നവർ നേരിടുന്ന പ്രതിസന്ധി. കൃഷി ചെയ്യുന്ന ഭൂമിയാണെന്നുള്ള സർട്ടിഫിക്കറ്റ് പിന്നീട് കൈവശരേഖയായി ഉപയോഗിച്ചേക്കുമെന്ന ന്യായം പറഞ്ഞ് റവന്യു ഉദ്യോഗസ്ഥർ കർഷകരെ മടക്കി അയയ്ക്കുകയാണു പതിവ്. 

സർവം പ്രളയമെടുത്തു

‘‘വാഴക്കൃഷിയോടായിരുന്നു എനിക്കു താൽപര്യം കൂടുതൽ. പക്ഷേ, ഉള്ളതെല്ലാം വിറ്റുപെറുക്കി കൃഷിയിറക്കിയപ്പോൾ മുഴുവനും പ്രളയമെടുത്തു. ഞാൻ പാട്ടത്തിനെടുത്തു കൃഷിയിറക്കിയ സ്ഥലം ഒടിഞ്ഞ വാഴകളും കളകളുടെയും ശവപ്പറമ്പാണ് ഇപ്പോൾ. സ്വന്തമായി കൃഷി ചെയ്തപ്പോൾ 6 ലക്ഷം രൂപ നഷ്ടമായി. തകർച്ചയിൽനിന്നു കരകയറാനായി കുന്തളംപാറയിൽ 3 പേരുടെ നാലര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് 4 വർഷം മുൻപാണു കൃഷി തുടങ്ങിയത്. ഏലവും വാഴയും കപ്പയും പയറും കൃഷി ചെയ്തു. 1000 വാഴയും 200 ഏലച്ചെടിയും 700 മൂട് കപ്പയും ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ വാഴ പൂർണമായും നശിച്ചു. നഷ്ടപരിഹാരത്തിനായി കൃഷിവകുപ്പിനെ സമീച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. 10 ലക്ഷം രൂപ വായ്പയെടുത്താണു കൃഷിയിറക്കിയത്. പ്രളയത്തെത്തുടർന്ന് കൃഷിഭൂമിയിൽ തടിക്കഷണങ്ങളും കല്ലുകളും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. ഒടിഞ്ഞുവീണ വാഴകൾ മണ്ണടിഞ്ഞു ചേരട്ടെ. അതു മാറ്റാൻ പോലും എനിക്കു കാശില്ല. നിർധന കർഷകന്റെ കണ്ണീർ സ്മാരകമാണ് ആ വാഴത്തോപ്പ്.’’ 

(വാഴക്കൃഷി ലാഭകരമെന്നു കണ്ട് കൃഷി ചെയ്ത ഇടുക്കി കട്ടപ്പന സൗത്ത് കുന്തളംപാറ കുന്നേൽ ജോർജിനുണ്ടായ (62) അനുഭവം) 

Shihab
മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണയിൽ പ്രളയത്തിൽ തകർന്ന ഫാമിലെ ചെളി നീക്കം ചെയ്യുന്ന ഷിഹാബുദ്ദീൻ. ചിത്രം: സമീർ എ.ഹമീദ്∙ മനോരമ.

‘പുരസ്കാരം’ കടം

∙ കൃഷിപ്രേമം മൂത്ത് ഗൾഫിലെ ജോലി ഉപേക്ഷിച്ചെത്തിയ യുവാവിന്റെ കടം 28 ലക്ഷം 

സംസ്ഥാന സർക്കാരിന്റെ കർഷക പുരസ്കാരം പ്രതീക്ഷിച്ചിരുന്ന ഷിഹാബുദ്ദീൻ ഇന്നിപ്പോൾ 28 ലക്ഷം രൂപയുടെ കടക്കാരനാണ്. പുരസ്കാര അറിയിപ്പിനു പകരം തിരിച്ചടവു മുടങ്ങിയതിലുള്ള രോഷവുമായി ബാങ്ക് നോട്ടിസുകൾ പൂക്കോട്ടുമണ്ണയിലെ വാണിയംപീടിയേക്കൽ വീട്ടിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. കൃഷിയോടുള്ള സ്നേഹംമൂത്ത് ഗൾഫ് ജോലി ഉപേക്ഷിച്ചു മണ്ണിലിറങ്ങിയ ഈ യുവാവ് ഇന്നു തീർത്തും നിസ്സഹായനാണ്.

സമ്മിശ്ര കൃഷിക്ക് സംസ്ഥാനത്തിനുതന്നെ മാതൃകയായ ഷിഹാബുദ്ദീന്റെ രാമച്ചംപാടത്തുള്ള കൃഷിഫാം കട്ടച്ചെളി വരണ്ടുണങ്ങിയ പാഴ്ഭൂമിയാണിപ്പോൾ. ഓഗസ്റ്റ് 8ന് ചാലിയാർ കരകവിഞ്ഞപ്പോൾ പാണ്ടിപ്പുഴ തിരിച്ചൊഴുകി ഷിഹാബുദ്ദീന്റെ ഫാമിനെ മുക്കി. നഷ്ടക്കണക്ക് ഏതാണ്ടിങ്ങനെ: 6500 കുലച്ച വാഴ, 500 താറാവ്, 1000 കാട, 820 നാടൻ കോഴി, 900 മുട്ടക്കോഴി, 13 ടർക്കിക്കോഴി, 3000 മീൻ. വെള്ളം വാർന്നുപോകാൻ തന്നെ 3 ദിവസമെടുത്തു. ദിവസവും പുലർച്ചെ അഞ്ചിനു തുടങ്ങി രാത്രി ഏറെ വൈകും വരെയുള്ള അധ്വാനം എവിടെപ്പോയെന്നുപോലും കണ്ടുപിടിക്കാനായില്ല.

ഏകദേശം ഒന്നര ഏക്കറേ ഷിഹാബുദ്ദീന് സ്വന്തമായുള്ളൂ. ബാക്കി പതിനഞ്ചോളം ഏക്കർ പാട്ടത്തിനെടുത്തതാണ്. 2018ലെ പ്രളയത്തിലും ഷിഹാബുദ്ദീന്റെ കൃഷി നശിച്ചിരുന്നു. 22 ലക്ഷം രൂപയുടെ നഷ്ടം. കൃഷി വകുപ്പ് കണക്കാക്കിയത് 15 ലക്ഷം. പാസാക്കിയതാകട്ടെ വെറും 3.5 ലക്ഷവും. ഇതാകട്ടെ ഇതുവരെ കിട്ടിയിട്ടുമില്ല. ശുഭാപ്തിവിശ്വാസം കൈവിടാതെ വീണ്ടും കൃഷിയിറക്കിയപ്പോൾ പ്രകൃതി വീണ്ടും ചതിച്ചു.

കർഷകനെ സർവരും ചതിക്കുന്ന വിധം: അതേക്കുറിച്ചു നാളെ. 

തയാറാക്കിയത്: ആർ. കൃഷ്ണരാജ്, മനോജ് മാത്യു, രമേഷ് എഴുത്തച്ഛൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്, എൻ.പി.സി.രംജിത്, എം.എ.അനൂജ്, ഷിന്റോ ജോസഫ്, സജേഷ് കരണാട്ടുകര. സങ്കലനം: അജീഷ് മുരളീധരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com