sections
MORE

വിദ്യാർഥികളെ തമ്മിൽ തല്ലിക്കരുത്

HIGHLIGHTS
  • വിദ്യാർഥി യൂണിയൻ നിയമം ഉയർത്തുന്ന ആശങ്ക
student-politics
SHARE

വിദ്യാർഥി യൂണിയൻ പ്രവർത്തനങ്ങൾക്കു നല്ല വശങ്ങൾ പലതും ഉണ്ടെങ്കിൽത്തന്നെയും അതിലുമേറെയാണ് അതു നമുക്കു നൽകിയ ദുരനുഭവങ്ങൾ. അതുകൊണ്ടുതന്നെ, കോളജുകളിലും സ്കൂളുകളിലും വിദ്യാർഥി യൂണിയൻ പ്രവർത്തനത്തിനു നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനത്തെച്ചൊല്ലി ആശങ്ക ഉയരുന്നുണ്ട്.

ഇതു സംബന്ധിച്ച നിയമനിർമാണത്തിനു മന്ത്രിസഭ അനുമതി നൽകിക്കഴിഞ്ഞു. സ്കൂളുകളിൽ രാഷ്‌ട്രീയാടിസ്‌ഥാനത്തിലുള്ള തിരഞ്ഞെടുപ്പു നിരോധിക്കുകയും കോളജുകളിൽ രാഷ്ട്രീയം നിയന്ത്രിക്കാൻ മാനേജ്മെന്റിന് അധികാരം നൽകുകയും ചെയ്ത കോടതിവിധികളെ പരോക്ഷമായി മറികടക്കുന്നതാകും പുതിയ നിയമം. സംഘടനാ പ്രവർത്തനത്തെക്കുറിച്ചു പറയുന്നില്ലെങ്കിലും ഇതു പരോക്ഷമായി വിദ്യാർഥിരാഷ്ട്രീയ പ്രവേശത്തിനുള്ള അവസരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

സാമൂഹിക പ്രതിബദ്ധതയും ആദർശശുദ്ധിയുമുള്ള വിദ്യാർഥി യൂണിയൻ പ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനും സർഗാത്മകശേഷി ഉണർത്താനും ഉയർത്താനും സഹായകമാകും. പക്ഷേ, വിദ്യാർഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം ഇതിനകം കണ്ട അക്രമങ്ങളും അരാജകത്വത്തിന്റെ പോർവിളികളും കുറച്ചൊന്നുമല്ല.

ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരിൽ മുതിർന്ന നേതാക്കൾ കുട്ടികളെ ആയുധമാക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം. വിദ്യാലയങ്ങളിൽ പഠനമാണു പ്രധാനമെന്ന കാര്യം മറന്ന്, തങ്ങളുടെ പാർട്ടിരാഷ്ട്രീയത്തിലേക്കുള്ള റിക്രൂട്മെന്റ് കേന്ദ്രങ്ങളായി അവയെ കാണുകയാണു ചില മുതിർന്ന നേതാക്കൾ. ഇവിടെ നടന്ന പല ക്യാംപസ് അക്രമസംഭവങ്ങളുടെയും സൂത്രധാരന്മാർ പുറത്തുനിന്നുള്ള രാഷ്ട്രീയക്കാർ തന്നെയായിരുന്നു. പുറത്തുനിന്നു ക്യാംപസിലെത്തി അക്രമം നടത്തുന്നവരെയും കേരളം കാണുന്നുണ്ട്. തങ്ങളുടെ വിദ്യാർഥി - യുവജന സംഘടനകളെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്തം മാതൃസംഘടനകൾ മറക്കുമ്പോൾ കുട്ടികൾക്കത് അക്രമപ്രവർത്തനങ്ങൾക്കുള്ള ഉത്തേജകമരുന്നായിത്തീരുന്നു.

ലക്ഷ്യബോധമോ അച്ചടക്കമോ സാമാന്യമര്യാദ പോലുമോ ഇല്ലാത്ത തലമുറകളെ വളർത്തി ക്രൂരത പരിശീലിപ്പിക്കുന്നതാവരുത് വിദ്യാർഥിരാഷ്ട്രീയം. ക്യാംപസിലെ അക്രമങ്ങളിലും അന്യായമായ പഠിപ്പുമുടക്കുകളിലും കുരുതികഴിക്കപ്പെടുന്നത് അസംഘടിതരായ ഭൂരിപക്ഷം വിദ്യാർഥികളുടെ അവകാശങ്ങളും അവരുടെ ഭാവി തന്നെയുമാണ്. ഇവരിലേറെയും പാവപ്പെട്ട കുട്ടികളാണെന്നുകൂടി ഓർമിക്കാം. ഭാവികേരളത്തെ രചിക്കേണ്ടവരാണു നമ്മുടെ യുവത. അതുകൊണ്ടുതന്നെ മാനുഷികതയുടെ പാഠങ്ങൾ പകരുന്ന വെളിച്ചമാണ് അവർക്കൊപ്പം എപ്പോഴും വേണ്ടത്. വിദ്യാർഥി യൂണിയനുകൾ രൂപീകരിക്കാനും ന്യായമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കാനും പുതിയ നിയമത്തിലൂടെ സ്വാതന്ത്ര്യം നൽകുമ്പോൾത്തന്നെ, അതു വിദ്യാർഥിസംഘടനകളും അവരെ വഴിനടത്തുന്ന രാഷ്ട്രീയ കക്ഷികളും ദുരുപയോഗപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധ സർക്കാരിന്റെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടാവുകയും വേണം.

കോളജുകളിലെ വിദ്യാർഥിരാഷ്ട്രീയം ഉയർത്തുന്നതിലേറെ പ്രശ്നങ്ങൾ സ്കൂൾ തലത്തിൽ ഉണ്ടാവാനുള്ള സാധ്യതയും കണക്കിലെടുക്കണം. പക്വത വരാത്ത സ്കൂൾ വിദ്യാർഥികളെ രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിലടിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല.

കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിൽ മികവിന്റെ ക യ്യൊപ്പിട്ട ക്യാംപസ് നേതാക്കൾ ഏറെയാണ്. അക്രമത്തെയും സംഘർഷത്തെയും മാറ്റിനിർത്തി, സർഗാത്മകതയ്ക്കും പഠനമികവിനും വഴിവെളിച്ചമാകാനും ഭാവികേരളത്തിനു തിളങ്ങുന്ന താരങ്ങളെ നൽകാനും നമ്മുടെ വിദ്യാർഥി യൂണിയൻ പ്രവർത്തനത്തിനു കഴിയണം. അതിനു സഹായകമാകുമോ പുതിയ നിയമം എന്നറിയേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA