ADVERTISEMENT

സിപിഎമ്മിന്റെ ഭരണഘടന കണ്ടു മാവോയിസ്റ്റ് സാഹിത്യമാണെന്നു ധരിക്കുന്നത്രയാണ് മാവോയിസ്റ്റുകളെക്കുറിച്ചുള്ള കേരള പൊലീസിന്റെ ആഴവും പരപ്പുമാർന്ന അറിവ്. കോഴിക്കോട്ട് യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത വിദ്യാർഥികളുടെ വീട്ടിൽ റെയ്ഡ് ചെയ്തു പിടിച്ചെടുത്ത വിധ്വംസക സാഹിത്യത്തിന്റെ കൂട്ടത്തിൽ സിപിഎം ഭരണഘടന കൂടി ഉൾപ്പെട്ടത് കേരള പൊലീസിന്റെ നീതിബോധത്തിനു തെളിവായി. ഭരിക്കുന്ന കക്ഷി ഏതാണെന്നൊന്നും അവർ നോക്കില്ല. വിധ്വംസക സാഹിത്യം എവിടെക്കണ്ടാലും അവർ കണ്ടുകെട്ടും. കൈവശം വച്ചിരിക്കുന്നയാൾക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്യും.

അട്ടപ്പാടിയിൽ 4 മാവോയിസ്റ്റുകളെ വെടിവച്ചുവീഴ്ത്തിയത് എന്തുകൊണ്ടും ഉചിതമായി. അവർ കാട്ടിൽക്കയറി മാൻവേട്ട തുടങ്ങിയതോടെ കേരളത്തിലെ കാടുകളിൽ മാൻവംശത്തിൽപെട്ട ജീവികൾ ഉന്മൂലനത്തിന്റെ വക്കിലാണെന്നു ദേശീയ വന്യജീവി ബോർഡ് കണ്ടെത്തിയിട്ടുണ്ട്. അസമിൽ കാണ്ടാമൃഗത്തെ വേട്ടയാടുന്നവരെ ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ വെടിവച്ചുവീഴ്ത്താറുണ്ട്. അതിന്റെ പേരിൽ ആരും കോലാഹലമുണ്ടാക്കാറില്ല.

മാവോയിസ്റ്റുകൾക്കു വേണ്ടി വാദിക്കുന്ന സിപിഐ മനുഷ്യാവകാശം, പരിസ്ഥിതിസ്നേഹം എന്നിവയുടെ കാര്യത്തിൽ കടുകിട വിട്ടുവീഴ്ച ചെയ്യാറില്ല. വന്യജീവിസംരക്ഷണത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. കേരളത്തിലെ കാടുകളിൽനിന്നു മാനുകൾ ഇല്ലാതാകുമെന്ന ദേശീയ വന്യജീവി ബോർഡിന്റെ റിപ്പോർട്ട് ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിൽ കാനവും പ്രകാശ് ബാബുവുമൊന്നും ഇങ്ങനെ പറയില്ലായിരുന്നു.

സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണു തിരുനെല്ലിയിൽ വർഗീസിനെ വെടിവച്ചു കൊന്നത്. അപ്പോൾ മനുഷ്യാവകാശം എവിടെയായിരുന്നുവെന്നു ചിലർ അടക്കംപറയുന്നുണ്ട്. അന്ന് അതു ക്രെംലിനിലെ സെയ്ഫിൽ സൂക്ഷിക്കാൻ ഏൽപിച്ചതായിരുന്നു. സോവിയറ്റ് യൂണിയൻ തകർന്ന ശേഷമാണു മനുഷ്യാവകാശത്തിന്റെ ഫയൽ മുഴുവൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കു തിരിച്ചുകിട്ടിയത്.

കേരളത്തിൽ തലങ്ങും വിലങ്ങും അർബൻ മാവോയിസ്റ്റുകളാണെന്നു പൊലീസ് പറയുന്നത് അവിശ്വസിക്കേണ്ടതില്ല. സത്യം പറയുന്ന കാര്യത്തിൽ കേരള പൊലീസ് സാക്ഷാൽ ഹരിശ്ചന്ദ്രന്റെ ഒരു ചാണോ ഒരു കാതമോ മുന്നിലാണ്. അല്ലെങ്കിലും, തമ്പാനൂരിലും പൂജപ്പുരയിലും പേട്ടയിലുമെല്ലാം ലക്ഷണമൊത്ത അർബൻ മാവോയിസ്റ്റുകളെ യഥേഷ്ടം കണ്ടിട്ടുണ്ട്. അവരെ അമർച്ച ചെയ്ത ശേഷം പൂച്ചകളെ പിടികൂടാനും പൊലീസിനു ലക്ഷ്യമുണ്ട്. സാധാരണ പൂച്ചകൾ മ്യാവോ, മ്യാവോ എന്നു കരയുമ്പോൾ ചില ഇടങ്കേടു പിടിച്ച പൂച്ചകൾ മാവോ, മാവോ എന്നു കരയുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇവ നിരീക്ഷണത്തിലാണ്. വെടിവച്ചു കൊല്ലണോ പിടികൂടി യുഎപിഎ ചുമത്തണോ എന്ന് ഉടൻ തീരുമാനിക്കും.

 വിത്തും വാക്കത്തീം

കേരളത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥ ഉടനെങ്ങും രക്ഷപ്പെടുന്ന ലക്ഷണമില്ല. കേഡർ ഡിജിപി ജേക്കബ് തോമസിനെ ഷൊർണൂരിലെ കേരള മെറ്റൽ ഇൻഡസ്ട്രീസ് സിഎംഡിയായി നിയമിച്ചതോടെ കാർഷിക കേരളത്തിന്റെ പ്രതീക്ഷ വാനോളമുയർന്നതാണ്. ഡിജിപിയാണെങ്കിൽ ചുമതലയേൽക്കുമ്പോൾത്തന്നെ, 101 തവണ വെട്ടിയാലും വായ്ത്തല പോകാത്ത അരിവാൾ നിർമിക്കുമെന്നു പറഞ്ഞതോടെ കർഷകരുടെ ആവേശം ഇരട്ടിച്ചു. വിത്തും കൈക്കോട്ടും എന്ന വിഷുപ്പക്ഷിയുടെ പാട്ട് അദ്ദേഹം വിത്തും വാക്കത്തീം എന്നു പരിഷ്കരിക്കുകയും ചെയ്തു.

എന്നാൽ, അദ്ദേഹം സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെന്നു കേട്ടതോടെ കർഷകരുടെ പ്രതീക്ഷകൾ കട്ടപ്പൊകയായിരിക്കുകയാണ്. വാക്കത്തി നിർമിക്കാൻ ഡിജിപിയുടെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്ന ന്യായം. അതു നൂറ്റുക്കു നൂറ്റൊന്നു ശതമാനം സത്യമാണുതാനും. വാക്കത്തിയുണ്ടാക്കാൻ കൊല്ലപ്പണി അറിയാവുന്ന ഏതെങ്കിലും പൊലീസുകാരെ സിഎംഡിയാക്കിയാൽ തന്നെ ധാരാളം. അവർക്കാണെങ്കിൽ ഓഫിസ്, ഗുമസ്തൻ, വണ്ടി, ഡ്രൈവർ തുടങ്ങിയ ഫ്രിഞ്ച് ബെനഫിറ്റ്സ് വേണ്ടിവരികയുമില്ല.

പക്ഷേ, ഏറ്റവുമൊടുവിൽ കേട്ടത് അദ്ദേഹം സ്വയം വിരമിക്കാൻ പോകുന്നില്ലെന്നാണ്. അതുകേട്ടു കർഷകർ സന്തോഷിക്കാൻ വരട്ടെ. കർഷകരെയല്ല അദ്ദേഹം നോട്ടമിടുന്നത്. ഇസ്റോ, കാർഷിക സർവകലാശാല എന്നിവയാണു ലക്ഷ്യം. ഇസ്റോയ്ക്കു വേണ്ടി കൊടിൽ നിർമാണത്തിനു കരാർ ഒപ്പുവച്ചു കഴിഞ്ഞത്രെ. കാർഷിക സർവകലാശാലയ്ക്കു വേണ്ടി എന്തൊക്കെയാണ് ഉണ്ടാക്കാൻ പോകുന്നത് എന്നതിന്റെ അന്തിമ പട്ടികയായിട്ടില്ല.നാസയ്ക്കു വേണ്ടി നട്ടും ബോൾട്ടും ഉണ്ടാക്കുന്ന കാര്യം പരിഗണനയിലാണ്. പക്ഷേ, അതിനു കേന്ദ്ര സർക്കാരിന്റെ അനുമതി വേണ്ടി‌വരും. ഡിആർഡിഒയ്ക്കു വേണ്ടി മൊട്ടുസൂചി ഉണ്ടാക്കാനുള്ള കരാർ ഒത്തുകിട്ടിയാൽ കമ്പനി നഷ്ടത്തിൽനിന്നു കഷ്ടിച്ചു കരകയറും.

ടൂറിസ്റ്റുകളാണ് കമ്പനി വികസനത്തിന്റെ രണ്ടാം ഘട്ടത്തിലെ ലക്ഷ്യം. പരശുരാമന്റെ മഴു, കായംകുളം കൊച്ചുണ്ണിയുടെ കത്തി തുടങ്ങിയവ നിർമിച്ചു വിപണിയിൽ ഇറക്കിയാൽ കമ്പനിയുടെ വിറ്റുവരവു ശതകോടികൾ കടക്കുമെന്നാണ് സിഎംഡിയുടെ കണക്കുകൂട്ടൽ. നേപ്പാളിൽ പോകുന്നവർ കുക്രിയും യൂറോപ്പിൽ പോകുന്നവർ സ്വിസ് നൈഫും വാങ്ങുന്നതു പോലെ, കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾ ഇത്തരം സുവനീറുകൾ വാങ്ങാൻ ക്യൂ നിൽക്കും. മഴുവിൽ പരശുരാമന്റെയും കത്തിയിൽ കൊച്ചുണ്ണിയുടെയും ഒപ്പു കൊത്തിവയ്ക്കാൻ മറക്കരുത്. കേരള പൊലീസിനു പേറ്റന്റുള്ള എസ് കത്തി എന്തായാലും നിർമിക്കണം.

സ്റ്റോപ് പ്രസ്: വട്ടിയൂർക്കാവിൽ സിപിഎം ജാതി പറഞ്ഞു വോട്ടു ചോദിച്ചെന്ന് കെ. മുരളീധരൻ എംപി.

വടകരയിലെ സ്ത്രീവോട്ടർമാരോടു വോട്ടു ചോദിക്കുമ്പോൾ മുരളീധരൻ ആമുഖമായി പറഞ്ഞത് ‘ജാതി ചോദിച്ചില്ല ഞാൻ സോദരി’ എന്നായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com