sections
MORE

ഇന്ത്യക്കായി വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന് ആർസിഇപി രാജ്യങ്ങളുടെ പ്രഖ്യാപനം: മനസ്സ് മാറുമോ?

rcep-fire
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ആർസിഇപി വിരുദ്ധ പ്രകടനത്തിൽനിന്ന്
SHARE

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർസിഇപി) കരാറിൽ നിന്ന് ഇന്ത്യ പിൻമാറ്റം പ്രഖ്യാപിച്ച ശേഷവും ഇന്ത്യയ്ക്കായി വാതിൽ തുറന്നിട്ടിരിക്കുന്നുവെന്നു പ്രഖ്യാപിക്കുകയാണ് ചൈനയും ഓസ്ട്രേലിയയും തായ്‌ലൻഡും. എന്നാൽ, ഉന്നയിച്ച തർക്കങ്ങൾ പരിഹരിക്കാൻ വഴി കണ്ടെത്തേണ്ടത് ഇന്ത്യതന്നെയും ചില രാജ്യങ്ങൾ സൂചിപ്പിക്കുന്നു. പരസ്പര ധാരണയാണു താൽപര്യപ്പെടുന്നതെന്നാണു ചൈനയുടെ പക്ഷം. 

കഴിഞ്ഞ ദിവസം ബാങ്കോക്കിൽ ആർസിഇപി ഉച്ചകോടിയിലാണ്, 15 രാജ്യങ്ങൾ കരാറുണ്ടാക്കാൻ ധാരണയിലെത്തിയെന്നും ഇന്ത്യ പിൻമാറിയെന്നും വ്യക്തമാക്കിയത്. അടുത്തവർഷം വിയറ്റ്നാമിൽവച്ചാണ് കരാർ ഒപ്പിടുക. തുടർനടപടികൾക്ക് ഒന്നര വർഷമെടുക്കുമെന്നാണു സൂചന. കരാർ ഒപ്പിടുംമുൻപേ ഇന്ത്യ മടങ്ങിവരണമെന്ന താൽപര്യമാണ് കരാർ രാജ്യങ്ങളുടെ നേതാക്കൾ സൂചിപ്പിച്ചത്.

പരസ്പര ധാരണയുടെയും ഉൾക്കൊള്ളലിന്റെയും തത്വങ്ങളിലൂടെ ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. കരാർ ഒപ്പുവയ്ക്കുന്നത് ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും ഉൽപന്നങ്ങൾക്ക് ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനത്തിനു സൗകര്യമാവും. അതുപോലെ, ചൈനീസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും വിപണിയിലെത്താം. ചൈനയും ഇന്ത്യയും വളർന്നുവരുന്ന വികസ്വര രാജ്യങ്ങളാണ്. 207 കോടി ജനങ്ങളുടേതായ വലിയ ശേഷിയുള്ള വിപണി – ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് ബീജിങ്ങിൽ പറഞ്ഞു. 

മടങ്ങിവരാൻ താൽപര്യപ്പെടുന്നെങ്കിൽ വിശാലമായ വാതിൽ തുറന്നുകിടക്കുകയാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ഇന്ത്യയ്ക്കായി എപ്പോഴും വാതിൽ തുറന്നുകിടക്കും. ഇന്ത്യ ഉൾപ്പെടുന്നുവെങ്കിൽ അത് കൂടുതൽ വലുതും കൂടുതൽ മെച്ചമുള്ളതുമായ കരാറാവും. അടുത്ത വർഷം വിയറ്റ്നാമിൽ കരാർ ഒപ്പുവയ്ക്കും മുൻപുതന്നെ തർക്കങ്ങൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് അവസരം നൽകുമെന്ന് തായ്‌ലൻഡ് ഉപപ്രധാനമന്ത്രി ജൂറിൻ ലക്സനവിസിത് പറഞ്ഞു. 15 രാജ്യങ്ങൾ ആദ്യം മുന്നോട്ടുപോകുന്നതിനാണ് ധാരണയെന്നും എപ്പോൾ തയാറായാലും ഇന്ത്യയ്ക്ക് കൂട്ടായ്മയിൽ ഉൾപ്പെടാമെന്നും തായ്‌ലൻഡ് ഉപവിദേശകാര്യ മന്ത്രി ലീ യൂചെങ് പറഞ്ഞു. 

ഷാങ്ഹായിൽ രാജ്യാന്തര ഇറക്കുമതി എക്സ്പോ ഉദ്ഘാടനം ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, എത്രയും വേഗത്തിൽ കരാർ ഒപ്പുവയ്ക്കുന്നതിനുള്ള താൽപര്യം എടുത്തുപറഞ്ഞു. എന്നാൽ, ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് എന്തെങ്കിലും പറയാൻ അദ്ദേഹം തയാറായില്ല.

ചൈനയുടെ ഉറപ്പു ലഭിച്ചില്ല

ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികളിൽ ചൈന വിയോജിച്ചതാണ് ഇന്ത്യയുടെ പിൻമാറ്റത്തിനു പ്രധാനകാരണമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. 

കരാർ ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്കിൽ ഇന്ത്യ പദ്ധതികളെയും മറ്റു തൊഴിൽ അവസരങ്ങളെയും തകർക്കുമായിരുന്നുവെന്ന് സ്വദേശി ജാഗരൺ മഞ്ച് ദേശീയ കോ–കൺവീനർ അശ്വനി മഹാജൻ പറഞ്ഞു. പിഴവുള്ള സ്വതന്ത്ര വ്യാപാര കരാറുകളെല്ലാം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കർഷകരുടെയും മൽസ്യത്തൊഴിലാളികളുടെയും ചെറുകിട സംരംഭകരുടെയും താൽപര്യം അവഗണിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിച്ചതെന്നും കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം കാരണമാണ് പിൻമാറിയതെങ്കിലും അമിത് ഷായും മറ്റും നേട്ടം അവകാശപ്പെടുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. 

ആർസിഇപി രാജ്യങ്ങൾ

ഇന്ത്യയ്ക്കു പുറമേ ചർച്ചകളിൽ പങ്കെടുത്തത് ചൈന, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസീലൻഡ്, ആസിയാൻ രാജ്യങ്ങളായ ബ്രൂണയ്, കംബോഡിയ, ഇന്തൊനീഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം.

English summary: RCEP trade agreement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA