sections
MORE

ആരാകും സംസ്ഥാന അധ്യക്ഷൻ? ബിജെപിക്കു മുന്നിലെ ‌ദക്ഷിണേന്ത്യൻ സമസ്യ

tamilnadu
രജനീകാന്ത്, തമിഴിസൈ, പി.എസ്.ശ്രീധരൻപിള്ള.
SHARE

കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിലുള്ള വൻ തിരക്കുകൾക്കിടയിലും അമിത് ഷാ രണ്ടു ദക്ഷിണേന്ത്യൻ ചോദ്യങ്ങളുമായി മൽപിടിത്തത്തിലാണ് – കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ ആരെ നിയമിക്കും? തമിഴ്നാട് പാർട്ടി അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ തെലങ്കാനയിലും കേരളത്തിലെ പി.എസ്. ശ്രീധരൻപിള്ള മിസോറമിലും ഗവർണർമാരായി പോയ സാഹചര്യത്തിലാണിത്. 

വിശാല ഇന്ത്യൻ പാർട്ടി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മോഹം സഫലമാകാൻ, ഈ രണ്ടു സംസ്ഥാനങ്ങളിലെയും ബിജെപി അധ്യക്ഷ നിയമനം നിർണായകമാണ്. കേരളത്തിൽ രണ്ടു പ്രബല മുന്നണികൾക്കു പിന്നിൽ മൂന്നാം സ്ഥാനത്താണു ബിജെപി. തമിഴ്നാട്ടിലാകട്ടെ, അണ്ണാ ഡിഎംകെ മുന്നണിയിലെ ഒരു ചെറുകക്ഷിയും. കർണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിക്കു സന്തോഷിക്കാൻ കാര്യമായൊന്നുമില്ല. ആന്ധ്രയിൽ നാമമാത്രം. തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല; അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ നേട്ടമുണ്ടാക്കിയെങ്കിലും.

സംസ്ഥാന അധ്യക്ഷന്മാർ ഉടൻ വരേണ്ടതിനു മറ്റൊരു അടിയന്തര പ്രാധാന്യം കൂടിയുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും 2021ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. കേരളത്തിലെ പുതിയ അധ്യക്ഷൻ, സാങ്കേതികമായി പറഞ്ഞാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരിക്കും. തമിഴ്നാട്ടിൽ സഖ്യം തുടരുകയാണെങ്കിൽ പുതിയ അധ്യക്ഷൻ, അണ്ണാ ഡിഎംകെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി അടുത്തു പ്രവർത്തിക്കേണ്ടിവരും.

സംസ്ഥാന ഘടകങ്ങളിലെ കടുത്ത വിഭാഗീയതയാണു മറ്റൊരു മുഖ്യപ്രശ്നം. തമിഴ്നാട്ടിൽ മുൻ എംപിമാരും നേതാക്കളുമായി ബന്ധമുള്ള നാഗർകോവിൽ, കോയമ്പത്തൂർ, ചെന്നൈ, തിരുനൽവേലി ഗ്രൂപ്പുകൾ തമ്മിൽ കനത്ത പോരാണ്. തമിഴിസൈക്ക് ഈ ഗ്രൂപ്പുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ലെന്നു മാത്രമല്ല, പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റുമായും അവർ ഇണക്കത്തിലായിരുന്നില്ല. പി.എസ്.ശ്രീധരൻപിള്ളയും ഒട്ടേറെ പ്രശ്നങ്ങൾക്കു നടുവിലായിരുന്നു; വിശേഷിച്ചും ഈയിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ.

ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു പൊതുഘടകം തമിഴ്നാട്ടിൽനിന്നുള്ള ദേശീയ സെക്രട്ടറി എച്ച്.രാജയുടെ പ്രാധാന്യമാണ്. അദ്ദേഹത്തിനു ദീർഘകാലം കേരളത്തിന്റെ ചുമതലയും ഉണ്ടായിരുന്നു. അഡ്വാനി – വാജ്പേയി കാലത്തുനിന്നുള്ള മുതിർന്ന നേതാവായ രാജയ്ക്ക് തമിഴ്നാട്ടിൽ ശക്തമായ സ്വന്തം ഗ്രൂപ്പിനു പുറമേ, പാർട്ടികാര്യങ്ങളിൽ സ്വാധീനശക്തിയുമുണ്ട്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ഇരു സംസ്ഥാനത്തും പാർട്ടിയുടെ നില മെച്ചപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ, രാജയ്ക്ക് സംഘടനാകാര്യങ്ങളിൽ അന്തിമ അധികാരം നൽകരുതെന്ന എതിർശബ്ദവും ഉയരുന്നുണ്ട്. പക്ഷേ, രാജയെക്കുറിച്ചു കേന്ദ്രനേതൃത്വത്തിനു നല്ല മതിപ്പാണ്.

തമിഴ്നാട്ടിൽ ആദ്യം വിജയകാന്തിനെയും പിന്നീടു രജനീകാന്തിനെയും പാട്ടിലാക്കാൻ ബിജെപി നടത്തിയ ശ്രമങ്ങളും ഫലമുണ്ടാക്കിയില്ല. 2014ൽ വിജയകാന്ത് എൻഡിഎ സഖ്യത്തിലായിരുന്നു. പക്ഷേ, തുടർന്നു നടന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജയലളിതയുടെ മേധാവിത്തത്തിനു മുന്നിൽ വിജയകാന്തിന്റെ താരപ്രഭ വോട്ടായി മാറിയില്ല.

വോട്ടെടുപ്പിൽ ഇനിയും പരീക്ഷിക്കപ്പെടാത്ത രജനീകാന്തിന്റെ ജനപിന്തുണയിലാണു ബിജെപി പിന്നീടു പ്രതീക്ഷ വച്ചത്. എന്നാൽ, സൂപ്പർതാരം തന്റെ നിലപാടു സംബന്ധിച്ചു സമ്മിശ്ര സന്ദേശങ്ങളാണു നൽകുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ കക്ഷി മത്സരിക്കുമെന്നു പറഞ്ഞ രജനീകാന്ത്, താൻ ഒരിക്കലും കാവിപക്ഷത്താവില്ലെന്നും വ്യക്തമാക്കി. രജനീകാന്തിന്റെ നിലപാടുകൾ സംബന്ധിച്ച രാഷ്ട്രീയ അനിശ്ചിതത്വം ചിലപ്പോൾ നാമനിർദേശപത്രിക നൽകും വരെ തുടർന്നേക്കാമെന്നതു സംസ്ഥാനത്തെ ബിജെപി നേതാക്കളെ അസ്വസ്ഥരാക്കുന്നു. 

അണ്ണാ ഡിഎംകെ പലതായി പിളർന്നുവെങ്കിലും ജയലളിതയുടെ വോട്ട്ശേഖരം സ്വന്തമാക്കാൻ ബിജെപിക്കു കഴിഞ്ഞില്ല. അണ്ണാ ഡിഎംകെ എൻഡിഎയിൽ തുടർന്നാലും ബിജെപിക്കു കാര്യമായി സീറ്റുകൾ നൽകേണ്ടതില്ലെന്ന നിലപാടാണ് എടപ്പാടി പളനിസാമി – പനീർസെൽവം വിഭാഗങ്ങൾക്ക്. ആ സീറ്റുകൾ നഷ്ടമായിപ്പോകുമോ എന്ന ഭയം കൊണ്ടാണത്.

ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങൾക്കിടയിൽ ശരിയായ സ്വാധീനം ചെലുത്താൻ കഴിയുന്ന ജനപ്രിയ നേതാവില്ലാത്തതും ദക്ഷിണേന്ത്യൻ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിവുള്ളവർ ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് ഇല്ലാത്തതും ബിജെപിയുടെ വലിയ പോരായ്മയായി തുടരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പബ്ലിസിറ്റി ചുമതലയുള്ള ജനറൽ സെക്രട്ടറി പി.മുരളീധർ റാവു എല്ലാ വർഷവും ദക്ഷിണേന്ത്യൻ പത്രങ്ങളിലെയും ടിവി ചാനലുകളിലെയും ജേണലിസ്റ്റുകളെ വിളിച്ചു ചോദിക്കാറുണ്ട്, പാർട്ടി സന്ദേശങ്ങൾ വ്യാപകമാക്കാൻ എന്തു ചെയ്യണമെന്ന്.

ബിജെപി ആസ്ഥാനത്തു ഹിന്ദിയുടെ അമിതസാന്നിധ്യത്തിൽ നിരാശരായ ദക്ഷിണേന്ത്യൻ മാധ്യമപ്രവർത്തകർ എപ്പോഴും ആവശ്യപ്പെടാറുണ്ട്, പാർട്ടി പത്രക്കുറിപ്പുകൾ ഇംഗ്ലിഷിലും ദക്ഷിണേന്ത്യൻ ഭാഷകളിലും നൽകണമെന്ന്. ഈ മാസവും ഇതേ ആവശ്യം റാവുവിനു മുൻപാകെ മാധ്യമപ്രവർത്തകർ ആവർത്തിച്ചെങ്കിലും സ്ഥിതി മെച്ചപ്പെടും എന്ന പതിവു വാഗ്ദാനമാണു ലഭിച്ചത് – അടുത്ത മഞ്ഞുകാലത്ത് അദ്ദേഹം ലേഖകരെ ചായസൽക്കാരത്തിനു വിളിക്കുമ്പോഴെങ്കിലും അതു പാലിക്കപ്പെട്ടേക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA