ADVERTISEMENT

കോടീശ്വരനായ വ്യക്തിയുടെ മൃതദേഹം സംസ്കരിക്കുകയാണ്. ബന്ധുക്കളോടൊപ്പം, ഒരു അപരിചിതനും അലമുറയിട്ടു കരയുന്നുണ്ട്. ശുശ്രൂഷകൾക്കു നേതൃത്വം നൽകിയ പുരോഹിതൻ അയാളോടു ചോദിച്ചു, താങ്കൾ മരിച്ചയാളുടെ അടുത്ത ബന്ധുവായിരിക്കും അല്ലേ? അയാൾ പറഞ്ഞു, അല്ല. പുരോഹിതൻ ചോദിച്ചു, പിന്നെന്തിനാണു നിങ്ങൾ കരയുന്നത്? അയാൾ പറഞ്ഞു, ഈ ധനികന്റെ ബന്ധുവാകാൻ കഴിഞ്ഞില്ലല്ലോ എന്നോർത്താണു ഞാൻ കരഞ്ഞത്!

ഉപയുക്തതയാണു ബന്ധങ്ങളുടെ മൂല്യനിർണയം നടത്താനുള്ള ഏകകം. ഉപകാരമുള്ളവരെ ഉറ്റവരാക്കാനും ഉപയോഗമില്ലാത്തവരെ അകറ്റിനിർത്താനുമാണ് എല്ലാവർക്കുമിഷ്ടം. അതുകൊണ്ടാണ് രക്തബന്ധം പോലും അടുപ്പം തീരുമാനിക്കാനുള്ള മതിയായ കാരണമാകാത്തത്. 

എപ്പോഴാണോ പ്രയോജനം കുറഞ്ഞുവെന്നു തോന്നിത്തുടങ്ങുന്നത് അപ്പോൾ മുതൽ ബന്ധങ്ങളിലും തേയ്മാനം സംഭവിച്ചു തുടങ്ങും. 

ഉപഹാരങ്ങൾ നൽകി ബന്ധങ്ങൾ നിലനിർത്തുന്നതു പോലും പകരം കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ്. പരിപാലിക്കപ്പെടേണ്ട ഓരോ ബന്ധത്തിലും പരസ്പര വിശ്വാസത്തിന്റെയും പിന്തുണയുടെയും ഊഷ്മളമായ ഉദാഹരണങ്ങൾ ഉണ്ടാകണം. പക്ഷേ, അവിടെയെല്ലാം കണക്കുകളുടെ സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് വൈകാരികത വരവുചെലവു പട്ടികയ്‌ക്കു വഴിമാറുന്നത്.

നിശ്ശബ്‌ദമായും പ്രതീക്ഷാരഹിതമായും ഒരാളെ സ്നേഹിക്കാൻ കഴിയുമോ? എന്തെങ്കിലും കാരണത്തിന്റെ പേരിൽ സ്നേഹിച്ചാൽ ആ കാരണം അവസാനിക്കുമ്പോൾ ബന്ധവും അവസാനിക്കും. 

തുടങ്ങാൻ കാരണം കണ്ടെത്തുന്നവർ അവസാനിപ്പിക്കാനും കാരണം കണ്ടെത്തും. ആരംഭിക്കാൻ കാരണമില്ലാത്തവർക്ക് അവസാനിപ്പിക്കാനും കാരണമുണ്ടാകില്ല. പേരിനു മാത്രം കൊണ്ടുനടക്കുന്ന ബന്ധങ്ങളുടെ ഇടയിൽ പ്രേരകശക്തിയാകുന്ന ഒരു സൗഹൃദമെങ്കിലും ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com