ADVERTISEMENT

കെപിസിസിക്കു മഹാജംബോ കമ്മിറ്റി വരാൻ പോകുന്നുവെന്നാണു കേൾക്കുന്നത്. എത്ര മഹാമഹാമഹാ ജംബോ കമ്മിറ്റികൾ വന്നാലും കെപിസിസി ഭാരവാഹികളുടെ പട്ടിക പൂർണമാവില്ല. കോൺഗ്രസിൽ നേതൃദാരിദ്ര്യം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നാൽ, അണികളുടെ കാര്യത്തിൽ അങ്ങനെ തീർത്തുപറയാൻ പറ്റില്ല. കോൺഗ്രസ് സമ്മേളനങ്ങളിൽ സദസ്സ് ശൂന്യമാണെങ്കിലും വേദി സമ്പുഷ്ടമായിരിക്കുമെന്നു സമ്മേളനങ്ങളിൽ പങ്കെടുത്തവർക്കു മനസ്സിലാകും. ഇത്തരം സമ്മേളനങ്ങളിൽ സ്വാഗത പ്രസംഗത്തിനു വകയിരുത്തുന്നത് 1.3 മണിക്കൂറാണ്. കെപിസിസി പ്രസിഡന്റ്, 26 വൈസ് പ്രസിഡന്റുമാർ, 43 ജനറൽ സെക്രട്ടറിമാർ, കാക്കത്തൊള്ളായിരം സെക്രട്ടറിമാർ, ഒരേയൊരു ട്രഷറർ എന്നിവരുടെ പേരു പറയുമ്പോഴേക്കും 1.2 മണിക്കൂർ കഴിയും. സ്വാഗതം എന്നു പറയുമ്പോഴേക്കും ബാക്കി സമയവും തീരും.

സത്യം പറഞ്ഞാൽ കോൺഗ്രസിൽ ഭാരവാഹികളുടെ എണ്ണം നിജപ്പെടുത്താൻ പാടില്ല. പാർട്ടി ഭരണഘടനയിൽ അങ്ങനെ എന്തെങ്കിലും വ്യവസ്ഥയുണ്ടെങ്കിൽ അതു മറികടക്കാൻ ചില ലളിത സമവാക്യങ്ങളുണ്ട്. കൽപിത കെപിസിസി പ്രസിഡന്റ്, കൽപിത ജനറൽ സെക്രട്ടറി തുടങ്ങിയ തസ്തികകൾ സൃഷ്ടിക്കുന്നതിൽ വലിയ തടസ്സമുണ്ടാവാൻ സാധ്യതയില്ല. ഇംഗ്ലിഷിലാണെങ്കിൽ ഡീംഡ് ടു ബി കെപിസിസി പ്രസി‍ഡന്റ്, ഡീംഡ് ടു ബി ജനറൽ സെക്രട്ടറി എന്നു ചേർത്താൽ യുജിസി പോലും എതിർക്കാൻ സാധ്യതയില്ല.

സൂചി മതി, തൂമ്പ വേണ്ട 

മാവോയിസ്റ്റുകൾ ജാഗ്രത പാലിക്കുന്നത് എന്തുകൊണ്ടും അവർക്കു നന്നായിരിക്കും. തണ്ടർ ബോൾട്ടും ആന്റി ടെററിസ്റ്റ് സ്ക്വാഡുമൊന്നുമല്ല പ്രശ്നം. നമ്മുടെ സ്വന്തം തച്ചങ്കരി സാർ പഞ്ചാബിൽ പോയി ബൽജിയൻ മലെന്വ ഇനത്തിൽപെട്ട 5 നായ്ക്കളെയാണു കേരളത്തിലേക്കു കൊണ്ടുവരുന്നത്. ഐഎസ് മേധാവി ബഗ്ദാദിയെ ഓടിച്ചത് ഇതേ ഇനത്തിൽപെട്ട നായ്ക്കളാണത്രെ. അതു സത്യമാണെങ്കിൽ കിലോമീറ്ററുകൾക്ക് അകലെ വച്ചുതന്നെ മാവോയിസ്റ്റുകളെ മണം പിടിച്ചു തിരിച്ചറിയാൻ ഈ പട്ടികൾക്കു കഴിയും. സത്യം പറഞ്ഞാൽ ഈ പട്ടികളെ പട്ടിയെന്നു വിളിക്കാൻ പാടില്ലെന്നാണു കാര്യവിവരമുള്ളവർ പറയുന്നത്. പട്ടിസാർ എന്നോ മറ്റോ ആണത്രെ നാട്ടുനടപ്പായി വിളിക്കുന്നത്.

പണ്ട് അട്ടപ്പാടിയിലെ വരടിമലയിൽ തച്ചങ്കരി സാർ വീരപ്പൻവേട്ട തകർത്തു നടത്തിയപ്പോൾ ഈ ഇനത്തിൽപെട്ട നായ്ക്കളുടെ അഭാവമാണ് അദ്ദേഹത്തിന്റെ ദൗത്യം തകർത്തത്. അദ്ദേഹം കേരളത്തിലെയും തമിഴ്നാട്ടിലെയും അന്നത്തെ മുഖ്യമന്ത്രിമാരോടു കെഞ്ചി അപേക്ഷിച്ചതാണ് 5 ബൽജിയൻ മലെന്വ  നായ്ക്കളെ നൽകുവാൻ. ആരും ചെവിക്കൊണ്ടില്ല. ബിഎസ്എഫ്, സിആർപിഎഫ് തുടങ്ങി വിവിധ ഇനത്തിൽപെട്ട അർധസൈനികരെ വിന്യസിക്കുകയാണു മുഖ്യമന്ത്രിമാർ ചെയ്തത്. ടോമിനും 5 പട്ടിയും ചേർന്നാൽ തീരുന്ന പ്രശ്നമാണു ബിഎസ്എഫിനെയും സിആർപിഎഫിനെയും ഏൽപിച്ചു വഷളാക്കിയത്. സൂചി കൊണ്ടെടുക്കേണ്ടതു സൂചി കൊണ്ടു തന്നെ വേണം എടുക്കാൻ. അല്ലാതെ തൂമ്പ പ്രയോഗിച്ചാൽ പണി പാളും.

ദിലീപ് ഘോഷിന്റെ പശുഗവേഷണം

പശുക്കൾക്കിടയിൽ അമ്മപ്പശുക്കളും അമ്മായിപ്പശുക്കളും ഉണ്ടെന്നു കണ്ടെത്തിയത് ഏതെങ്കിലും അണ്ടനോ അടകോടനോ ആയിരുന്നെങ്കിൽ പുല്ലുവില കൽപിച്ചു തള്ളിക്കളയാമായിരുന്നു. എന്നാൽ, ബിജെപി ബംഗാൾ ഘടകം അധ്യക്ഷൻ ദിലീപ് ഘോഷിന്റെ കണ്ടെത്തലിനെ അങ്ങനെ അഗണ്യകോടിയിൽ തള്ളാനാവില്ല. അദ്ദേഹം ബിജെപി ബംഗാൾ ഘടകം പ്രസിഡന്റ് മാത്രമല്ല, വിശ്വവിഖ്യാതനായ ജനിതക ശാസ്ത്രജ്ഞൻ കൂടിയാണ്.

ഇന്ത്യൻ പശുക്കൾക്കു മാത്രമേ അമ്മപ്പശു പദവിക്കു യോഗ്യതയുള്ളൂ എന്നാണ് ഘോഷ് സാഹിബ് പറയുന്നത്. വിദേശ ജനുസിൽപെട്ട പശുക്കൾക്കു പരമാവധി അമ്മായി പദവിക്കു മാത്രമേ അർഹതയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. വെറുതെയങ്ങു പറയുന്നതല്ല. വർഷങ്ങളോളം നീണ്ട ഗവേഷണത്തിനു ശേഷമാണ് ഘോഷ് തന്റെ ഗവേഷണ ഫലം പുറത്തുവിട്ടത്.

ഏതെങ്കിലും രാജ്യാന്തര പ്രസിദ്ധീകരണങ്ങളിൽ തന്റെ റിസർച് പേപ്പർ പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശ്യം. അവർക്കു പേപ്പർ അയച്ചു കൊടുക്കുകയും ചെയ്തതാണ്. ഗവേഷണ ഫലം വിദേശ പശുക്കൾക്ക് എതിരും ഇന്ത്യൻ പശുക്കൾക്ക് അനുകൂലവുമായതിനാൽ അവർ മടക്കത്തപാലിൽത്തന്നെ തിരിച്ചയച്ചു. വിദേശ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടെങ്കിൽ ഇന്ത്യൻ പ്രസിദ്ധീകരണങ്ങളെ സമീപിക്കാമെന്നു കരുതി. പക്ഷേ, അവർക്കും പേപ്പർ സ്വീകാര്യമായില്ല. അല്ലെങ്കിലും ഇന്ത്യയിലെ ശാസ്ത്രജ്ഞരും ബുദ്ധിജീവികളുമെല്ലാം പടിഞ്ഞാറു നോക്കികളാണ്. അവർക്കു പാശ്ചാത്യർക്കു ശിങ്കിടി പാടാനേ അറിയൂ.

എങ്കിൽ പിന്നെ കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ മൈക്ക് കെട്ടിപ്പറയാമെന്നു വച്ചു. ഒരു ശാസ്ത്ര ഗവേഷണ പ്രബന്ധം മൈക്ക് കെട്ടി പൊതുയോഗത്തിൽ പ്രസിദ്ധീകരിക്കുന്നതു ലോകത്തിൽത്തന്നെ ആദ്യമാണെന്നാണു വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടുതന്നെ ഘോഷിനു നൊബേൽ സമ്മാനമോ ബദൽ നൊബേൽ സമ്മാനമോ നൽകണമെന്നു വാദിക്കുന്നവരും കുറവല്ല. ഇന്ത്യൻ പശുക്കൾ സ്വർണഖനികളാണെന്നതാണ് അദ്ദേഹത്തിന്റെ സുപ്രധാനമായ മറ്റൊരു കണ്ടെത്തൽ. 

ഹരിതകമുള്ള സസ്യങ്ങൾ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ പ്രകാശസംശ്ലേഷണം നടത്തി അന്നജം ഉൽപാദിപ്പിക്കുന്നതു പോലെ, ഇന്ത്യൻ പശുക്കൾക്കു മാത്രമായുള്ള ഏതോ നാഡിയിൽ സൂര്യപ്രകാശം പതിച്ചാൽ സ്വർണ സംശ്ലേഷണമോ സ്വർണ വിശ്ലേഷണമോ നടക്കുമെന്നാണ് ഘോഷ് സാഹിബ് പറയുന്നത്. ഇന്ത്യയിലെ കർഷകർ ഇതുകൊണ്ടു മാത്രമാണ് ഏതു സാമ്പത്തിക മാന്ദ്യകാലത്തും പിടിച്ചുനിൽക്കുന്നത്. കറന്നാൽ 110 മില്ലി പാലേ കിട്ടുകയുള്ളൂവെങ്കിലും അതിൽനിന്ന് ഒരു പവനു തുല്യമായ സ്വർണം കിട്ടിയാൽ കർഷകനു പുളിക്കുമോ?

സ്റ്റോപ് പ്രസ്: കെപിസിസിക്കു മഹാജംബോ കമ്മിറ്റി വരുന്നു.

നെയ്യേറിയതു കൊണ്ട് അപ്പം ചീത്തയാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com