ADVERTISEMENT

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ചരിത്രപരവും ജനപക്ഷത്തു ചേർന്നുനിൽക്കുന്നതുമാണ്. വിവരാവകാശത്തെ ചങ്ങലയ്ക്കിടാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നിട്ടിറങ്ങിയ സാഹചര്യത്തിൽ, ഭരണസംവിധാനങ്ങൾക്കുണ്ടാവേണ്ട സുതാര്യത ഓർമിപ്പിക്കുന്നുമുണ്ട്, ജുഡീഷ്യറിയെ സംബന്ധിച്ചുകൂടി നിർണായകമായ ഈ വിധി. 

പൊതു അധികാര സ്ഥാപനമായതിനാലാണ് ചീഫ് ജസ്റ്റിസിന്റെ ഓഫിസിനും വിവരാവകാശ നിയമം ബാധകമാകുന്നതെന്നു പറഞ്ഞ കോടതി, സുതാര്യതയ്ക്കൊപ്പം ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവവും പരിഗണിക്കണമെന്നും പറയുകയുണ്ടായി. വിവരാവകാശത്തെ ശക്തിപ്പെടുത്തുന്നതിലൂടെ ജനാധിപത്യ സംവിധാനത്തിൽ പൗരന്മാർക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുകയാണു സർക്കാരുകൾ ചെയ്യേണ്ടതെന്നിരിക്കെ, അതാണോ ഇവിടെ സംഭവിക്കുന്നതെന്ന ചോദ്യം ഇതോടൊപ്പം ജനമനസ്സിൽ ബാക്കിവരികയും ചെയ്യുന്നു. 

ജനാധിപത്യത്തിൽ ജനങ്ങളാണു യജമാനന്മാരെന്നു പറയുമെങ്കിലും പല കാര്യങ്ങളും രഹസ്യമാക്കിവച്ചുകൊണ്ടു പല കാലങ്ങളിലും ഭരണകൂടവും ഉദ്യോഗസ്‌ഥവൃന്ദവും ജനങ്ങളെ അടിച്ചമർത്തുകയായിരുന്നു. ഒരു ജനാധിപത്യ സർക്കാർ  ജനങ്ങളോട് എപ്പോഴും ഉത്തരം പറയേണ്ടതുണ്ട്. അതിലൂടെ ഭരണം സുതാര്യമാകുകയും അഴിമതി കുറയുകയും ജനങ്ങളുടെ പങ്കാളിത്തം വർധിക്കുകയുമാണ്. സ്വാതന്ത്യ്രത്തിന്റെ 58–ാം വാർഷികം ആഘോഷിച്ച 2005ൽ ജനങ്ങൾക്കു ലഭിച്ച മറ്റൊരു സ്വാതന്ത്യ്രമായിരുന്നു സർക്കാരിൽനിന്നു വിവരങ്ങൾ അറിയാനുള്ള അവകാശം. 

പക്ഷേ, കൊട്ടിഘോഷിച്ചു വാഗ്ദാനം ചെയ്യപ്പെട്ട ഈ സുതാര്യത, ഇക്കഴിഞ്ഞ 14 വർഷത്തിനുള്ളിൽ എത്രത്തോളം നമുക്കു കൈവരിക്കാനായി? ജനങ്ങൾക്കു കൈവന്ന വിവരാവകാശത്തിന്റെ നേട്ടം പലപ്പോഴും അവരിലേക്കെത്തിയില്ല  എന്നതാണു യാഥാർഥ്യം. അപ്രിയ സത്യങ്ങൾ പുറത്ത് അറിയാതിരിക്കാനുള്ള സകല സാങ്കേതിക നൂലാമാലകളും സർക്കാർ സംവിധാനങ്ങൾ എടുത്തുപ്രയോഗിച്ചു. ചില ഉദ്യോഗസ്ഥർ വിവരാവകാശ നിയമത്തെ കഴുത്തു ഞെരിച്ചു മൃതപ്രായമാക്കിയെന്നുവരെ പരാതികളുയർന്നു. വിവരാവകാശ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നൽകുന്ന ‘തർക്കുത്തരങ്ങളെ’ക്കുറിച്ചും നാം കേട്ടു.

ജനങ്ങളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി, ഏതൊക്കെ വിവരം കൊടുക്കാമെന്നും ഏതൊക്കെ പാടില്ലെന്നും നിയമം കൃത്യമായി വിവക്ഷിച്ചിട്ടുണ്ട്. അതിൽപെടാത്ത കാര്യത്തിൽ തീരുമാനമെടുക്കാൻ വിവരാവകാശ കമ്മിഷനായിരിക്കും പൂർണ അധികാരം. രാജ്യത്തിന്റെ സുരക്ഷയെയോ പരമാധികാരത്തെയോ അഖണ്ഡതയെയോ ബാധിക്കുന്ന വിവരങ്ങൾ തുടങ്ങി വിവരാവകാശ നിയമപ്രകാരം നിരസിക്കാവുന്ന കാര്യങ്ങളുണ്ടെങ്കിലും ചെറുവിവരങ്ങൾ പോലും പലപ്പോഴും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

വിവരാവകാശ നിയമം അഭിപ്രായസ്വാതന്ത്ര്യം ഉറപ്പാക്കാൻ മാത്രമുള്ളതല്ലെന്നും ശരിയായ രീതിയിൽ നടപ്പാക്കിയാൽ ഈ നിയമത്തിനു സദ്ഭരണം സാധ്യമാക്കാനുള്ള ശേഷിയുണ്ടെന്നും വിവരാവകാശ കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച കേസിന്റെ വിധിയിൽ ഈ വർഷമാദ്യം സുപ്രീം കോടതി പറയുകയുണ്ടായി. അതേസമയം, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷണർമാരുടെ കാലാവധിയും വേതനവ്യവസ്ഥയും തീരുമാനിക്കാനുള്ള അധികാരമത്രയും കേന്ദ്ര സർക്കാരിന്റേതാക്കി മാറ്റുന്ന ഭേദഗതികളടങ്ങിയ, രണ്ടാം മോദി സർക്കാർ അവതരിപ്പിച്ച വിവരാവകാശ (ഭേദഗതി) നിയമം സുപ്രീം കോടതി നൽകിയ വ്യാഖ്യാനത്തെ വെല്ലുവിളിക്കുന്നതാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 

ഇന്ത്യയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണു വിവരാവകാശമെങ്കിലും ഇതിനെ  ലഘൂകരിക്കാൻ ഭരണസംവിധാനം വിവിധ പഴുതുകൾ കണ്ടെത്തുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. വ്യവസ്ഥകളെ തോന്നിയപടി അട്ടിമറിച്ച്, ഈ നിയമത്തെ ആരും നിരായുധീകരിച്ചുകൂടാ. ജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട സുതാര്യത പൂർണമായി യാഥാർഥ്യമാകണമെങ്കിൽ സർക്കാർ നിയമത്തോടൊപ്പമുണ്ടാവുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com