sections
MORE

റഫാൽ: രാഷ്ട്രീയപ്പോർവിമാനം

rafale-1
SHARE

റഫാൽ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി ഇന്നു പുറപ്പെടുവിക്കുന്ന വിധി രാജ്യത്തെ രാഷ്ട്രീയ – പ്രതിരോധ മേഖലകൾക്കു നിർണായകം. റഫാൽ യുദ്ധവിമാന ഇടപാട് സുതാര്യമെന്നു കേന്ദ്ര സർക്കാരും ചട്ടവിരുദ്ധമെന്നു പ്രതിപക്ഷവും വാദിക്കുമ്പോൾ, കോടതിവിധി ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പോരാട്ടത്തെ ആഴത്തിൽ സ്വാധീനിക്കും. ലോകത്തെ ഏറ്റവും കരുത്തുറ്റ യുദ്ധവിമാനങ്ങളിലൊന്നായ റഫാൽ എത്രയും വേഗം ഇന്ത്യയ്ക്കു ലഭ്യമാക്കണമെന്നു വാദിക്കുന്ന വ്യോമസേനയും വിധിയെ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു.

വിവാദം ഇങ്ങനെ

സാങ്കേതികവിദ്യാ കൈമാറ്റത്തിനു കൂടി വ്യവസ്ഥ ചെയ്തുകൊണ്ടു 126 റഫാൽ വിമാനങ്ങൾ വാങ്ങാൻ യുപിഎ സർക്കാർ ഫ്രാൻസുമായി ധാരണയിലെത്തിയിരുന്നു. ആദ്യ 18 വിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ചു കൈമാറുകയും ബാക്കിയുള്ളവ ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാൽ കരാറിലെത്തിയില്ല. പിന്നീട് അധികാരത്തിലെത്തിയ മോദി സർക്കാർ ഇതു റദ്ദാക്കി പകരം പൂർണ ആയുധ സജ്ജമായ 36 വിമാനങ്ങൾ വാങ്ങാൻ കരാർ.

 കാര്യക്ഷമമായ വിലപേശലിലൂടെ വില കുറയ്ക്കാൻ കഴിഞ്ഞെന്ന് പ്രതിരോധ മന്ത്രാലയം. വില കൂടുതലാണെന്നും 41,000 കോടിയെങ്കിലും രാജ്യത്തിനു നഷ്ടം വന്നെന്നും പ്രതിപക്ഷം.

 വിമാനനിർമാതാക്കളായ ഡാസോയുടെ ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതിലും വിവാദം. വിമാന നിർമാണത്തിന് എച്ച്എഎല്ലിനു ലഭിക്കുമായിരുന്ന സാങ്കേതിക വിദ്യ നഷ്ടമാക്കിയതിലും പ്രതിഷേധവുമായി പ്രതിപക്ഷം. 

അഴിമതി ആരോപണം തള്ളിയ ഡിസംബർ 14ലെ വിധിയിൽ പറഞ്ഞത്:

കരാറിനുള്ള തീരുമാനം, വിമാനങ്ങളുടെ വില ഇന്ത്യയിലെ ഓഫ്സെറ്റ് പങ്കാളി എന്നീ വിഷയങ്ങൾ കോടതി പരിശോധിച്ചു. കരാറിൽ ഇടപെടാൻ തക്ക കാരണങ്ങളില്ല.

വിമാനങ്ങളുടെ വില സിഎജി പരിശോധിച്ചെന്നും റിപ്പോർട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു (പിഎസി) നൽകിയെന്നും വിധിയിൽ പരാ‍മർശം. വിധി പറയുമ്പോൾ സിഎജി റിപ്പോർട്ട് തയാറായിരുന്നില്ല. തങ്ങൾ നൽകിയ രഹസ്യരേഖ കോടതി തെറ്റായി മനസ്സിലാക്കിയെന്നു സർക്കാർ.

 വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയവർ: വാജ്പേയി സർക്കാരിൽ മന്ത്രിമാരായിരുന്ന യശ്വന്ത് സിൻഹ, അരുൺ ഷൂറി, രാജ്യസഭാംഗം സഞ്ജയ് സിങ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, മനോഹർ ലാൽ ശർമ.

 ഹർജിയുടെ അടിസ്ഥാനം: മാധ്യമങ്ങളിലൂടെ പുറത്തുവന്ന രേഖകളുടെ അടിസ്ഥാനത്തിലാണു ഹർജി. ക്രമവിരുദ്ധമായി പ്രധാനമന്ത്രിയുടെ ഓഫിസും സുരക്ഷാ ഉപദേഷ്ടാവും ഇടപെട്ടതിന്റെ തെളിവുകൾ ദ് ഹിന്ദു, ഓൺലൈൻ പ്രസിദ്ധീകരണമായ ദ് വയർ എന്നിവയുടെ റിപ്പോർട്ടുകളിലുണ്ടെന്നു വാദം.

 കേന്ദ്രത്തിന്റെ എതിർവാദം: വ്യോമസേനയുടെ ആവശ്യങ്ങൾ മുൻനിർത്തിയെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് േദശീയ സുരക്ഷയെ ചോദ്യം ചെയ്യുന്നതിനു തുല്യം.

റഫാൽ, നിലവിലെ സ്ഥിതി

ഇടപാട് സംബന്ധിച്ച നടപടിക്രമങ്ങൾ കോടതി കയറിയെങ്കിലും റഫാൽ യുദ്ധവിമാന കരാറുമായി കേന്ദ്രം മുന്നോട്ട്. 59,000 കോടി രൂപയ്ക്കു 36 വിമാനങ്ങൾ വാങ്ങും. ഇതിൽ ആദ്യത്തേത് ഒക്ടോബറിൽ വിജയദശമി ദിനത്തിൽ ഫ്രാൻസിൽ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഏറ്റുവാങ്ങി.

ഇതുൾപ്പെടെ ആയുധസജ്ജമായി 4 വിമാനങ്ങൾ അടുത്ത മേയിൽ ഇന്ത്യയിലെത്തും. 2022ന് അകം എല്ലാ വിമാനങ്ങളുമെത്തും. പാക്ക്, ചൈന വ്യോമാതിർത്തിക്കു കാവലൊരുക്കി 18 എണ്ണം വീതം ഹരിയാനയിലെ അംബാല, ബംഗാളിലെ ഹാസിമാര വ്യോമതാവളങ്ങളിൽ നിലയുറപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA