sections
MORE

വികസനം മുടക്കുന്ന കിഫ്ബി തർക്കങ്ങൾ

SHARE

പുനർനിർമാണം എന്ന വാക്കോളം വിലപ്പെട്ടതായി പ്രളയാനന്തര കേരളത്തിനു മറ്റൊന്നും തന്നെയില്ലെന്നു പറയാം. കാലവർഷക്കെടുതികൾ കേരളത്തെ വികസനപാതയിൽ പിന്നിലാക്കിയതുകൊണ്ട് കൂടുതൽ പ്രയത്നങ്ങളെടുത്തു നാം മുന്നേറാൻ ശ്രമിക്കുമ്പോൾ, ആ ശ്രമങ്ങളെ തളർത്താനെത്തുന്ന തർക്കങ്ങളും വിവാദങ്ങളും നിർഭാഗ്യകരമാണ്. ധന – മരാമത്തു വകുപ്പുകൾ തമ്മിലും ബന്ധപ്പെട്ട മന്ത്രിമാർ തമ്മിലുമൊക്കെയുള്ള തർക്കങ്ങൾ നാടിനൊരു ഗുണവും ചെയ്യുന്നില്ല.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ വലിയ പങ്കു വഹിക്കാനുണ്ടെന്നാണു സങ്കൽപം. എന്നിട്ടും, ഇതിനകം പല വിവാദങ്ങളിലും കേന്ദ്ര കഥാപാത്രമായിരിക്കുകയാണ് കിഫ്ബി. കിഫ്ബിയിൽ സമഗ്ര ഓഡിറ്റ് നടത്തണമെന്ന ആവശ്യമാണ് ഏറ്റവുമൊടുവിലായി കേരളം കേൾക്കുന്നത്. 

കിഫ്ബിയിൽ സമഗ്ര ഓഡിറ്റിന് അനുമതി തേടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നാലാമതും സർക്കാരിനു കത്തയച്ചെങ്കിലും സമ്പൂർണ ഓഡിറ്റ് ആവശ്യമില്ലെന്ന മുൻ നിലപാടിൽത്തന്നെയാണു ധന വകുപ്പ് എന്നുവേണം മനസ്സിലാക്കാൻ. കിഫ്ബിയിൽ സമ്പൂർണ ഓഡിറ്റ് എന്ന ആവശ്യത്തെപ്രതി നിയമസഭയും ചൂടുപിടിക്കുന്നുണ്ട്. സമഗ്ര ഓഡിറ്റ് നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുമെന്നാണു സിഎജിയുടെ വാദം. സുതാര്യതയോടുള്ള പുറംതിരിഞ്ഞുനിൽപ് ജനകീയ സർക്കാരിന്റെ പ്രതിഛായ കെടുത്തുമെന്നതിൽ സംശയമില്ല. കിഫ്ബിയിലെ അഴിമതിയും സ്വജനപക്ഷപാതവും സിഎജി കണ്ടുപിടിക്കുമെന്ന ഭയത്താലാണ് ഓഡിറ്റ് വിലക്കുന്നതെന്നാണു പ്രതിപക്ഷാരോപണം.

കിഫ്ബിയുടെ ആദ്യ രണ്ടു വർഷക്കാലം ഇൗ സർക്കാർ 15,575 കോടി ചെലവുള്ള 26 പദ്ധതികൾക്കു പണം നൽകാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ആകെ നൽകിയത് രണ്ടു പദ്ധതികൾക്കായി 47 കോടി രൂപ മാത്രമെന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നുകഴിഞ്ഞു. കിഫ്ബിയിൽ ഓഡിറ്റ് നടത്തുന്നതിനെച്ചൊല്ലി സർക്കാരും സിഎജിയും ഇടഞ്ഞുനിൽക്കുമ്പോഴാണു കിഫ്ബിയുടെ വീഴ്ചകളും സർക്കാരിന്റെ കെടുകാര്യസ്ഥതയും തുറന്നുകാട്ടിയുള്ള റിപ്പോർട്ട്. 

ബജറ്റിൽ പ്രഖ്യാപിക്കാതെ ബജറ്റിനു പുറത്തു വായ്പയെടുക്കുന്ന കളിയാണു കിഫ്ബിയുടെ പേരിൽ നടക്കുന്നതെന്നു മന്ത്രി ജി.സുധാകരൻ ആരോപിച്ചതു കഴിഞ്ഞ വർഷം മേയിലാണ്. ധനവകുപ്പിനെയും കിഫ്ബിയെയും വിമർശിച്ചെന്ന പ്രചാരണം ഭാവനാസൃഷ്ടിയാണെ‌ന്ന് അദ്ദേഹം പിറ്റേന്നുതന്നെ മാറ്റിപ്പറഞ്ഞെങ്കിലും ആ വിവാദം അവിടെ അവസാനിക്കാനുള്ളതായിരുന്നില്ല. 

നിർമാണ പ്രവർത്തനങ്ങളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് കിഫ്ബിക്കു കീഴിലെ 12 പദ്ധതികൾ താൽക്കാലികമായി നിർത്തിയതു കഴിഞ്ഞ മാസമാണ്. സർക്കാരിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേയാണ് നിർമാണം നിർത്തിവയ്ക്കാൻ നിർദേശിച്ചവയിൽ പ്രധാനം. കിഫ്ബിക്കു കൈമാറിയ റോഡുകളെക്കുറിച്ചുള്ള പരാതി മരാമത്തു വകുപ്പിനു കേൾക്കേണ്ടി വരുന്നുവെന്നും അവ ഏറ്റെടുക്കില്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞത് ഏതാനും ദിവസം മുൻപാണ്. കിഫ്ബിക്കു കീഴിലെ നിർമാണങ്ങൾക്കു ഗുണനിലവാരം ഉണ്ടായിരിക്കണമെന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അതിനായി ആരും ശുപാർശയുമായി വരേണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞതാവട്ടെ,  മരാമത്തു വകുപ്പ് എന്തു പദ്ധതി നൽകിയാലും കിഫ്ബി വെട്ടുകയാണെന്നും അവിടത്തെ ചിലർ പദ്ധതികൾ വിഴുങ്ങുന്ന ബകൻമാരാണെന്നുമുള്ള മന്ത്രി ജി.സുധാകരന്റെ വിമർശനത്തിനു പിന്നാലെയും.

തർക്കങ്ങൾക്കും കെടുകാര്യസ്ഥതകൾക്കുമിടയിൽ വഴിമുട്ടുന്നതു നമ്മുടെ വികസനപ്രതീക്ഷകൾക്കാണ്. ഇനിയെങ്കിലും, തർക്കങ്ങൾ മാറ്റിവച്ച് നമ്മുടെ ഭരണാധികാരികൾ കേരളത്തിലെ റോഡുകളിലേക്കൊന്നു നോക്കണം. കാൽനടയാത്ര പോലും ബുദ്ധിമുട്ടിലാക്കി തകർന്നുകിടക്കുകയാണു പല റോഡുകളും. ഇതിനിടയിൽ ഉണ്ടാവുന്ന വൃഥാതർക്കങ്ങളും പരസ്പരം ചെളിവാരിയെറിയലും റോഡുകളിലെന്നപോലെ വികസനത്തിലും കുഴികൾ മാത്രമാവും ശേഷിപ്പിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA