sections
MORE

ചാലിയാർ തേടുന്നു, കരുതലും കരുണയും

SHARE

നിറഞ്ഞ സന്തോഷത്തിന്റെ പുഴയായിരുന്നു ചാലിയാർ. മലയോരത്തെ പുഷ്ടിപ്പെടുത്തി വർഷം മുഴുവൻ ജലസമൃദ്ധിയോടെ കേരളത്തിലെ നാലാമത്തെ ആ വലിയ നദി ശാന്തഗംഭീരയായി ഒഴുകിക്കൊണ്ടിരുന്നു.പക്ഷേ, കഴിഞ്ഞ പെരുമഴക്കാലത്ത് ചാലിയാറിന്റെ സ്വഭാവത്തിൽ വലിയ മാറ്റം കണ്ടു. തീരങ്ങൾ ഇടിച്ചുനിരത്തി, പാലങ്ങൾ തച്ചുതകർത്ത്, പതിനായിരങ്ങളുടെ കണ്ണീരുമായാണ് ഓഗസ്റ്റിൽ ചാലിയാർ ഒഴുകിയത്. നിലമ്പൂർ, ഏറനാട്, കോഴിക്കോട് താലൂക്കുകളിലായി ഏകദേശം 24,000 വീടുകളിൽ വെള്ളം കയറി. 1,689 വീടുകൾ പൂർണമായി നശിച്ചു. 19,307 ഹെക്ടർ കൃഷിഭൂമി ഇല്ലാതായി. സുരക്ഷിതമായി ഒഴുകുന്ന പുഴയെന്ന സ്വന്തം ചരിത്രത്തെത്തന്നെ ചാലിയാർ മുറിച്ചുകടക്കുകയായിരുന്നു.

ഓഗസ്റ്റ് ഏഴു മുതൽ പത്തുവരെ ചാലിയാറിന്റെ വൃഷ്ടിപ്രദേശത്തു പെയ്ത 56 സെന്റിമീറ്റർ തീവ്രമഴയാണു കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയത്. വളരെച്ചുരുങ്ങിയ സമയത്തിനുള്ളിലുണ്ടായ ഇത്രയും പെയ്ത്ത് ചാലിയാറിനു താങ്ങാവുന്നതിൽ അധികമായി. പിടിവിട്ടപോലെ പുഴ ഒഴുകി. ഓഗസ്റ്റ് എട്ടിന് നിലമ്പൂർ ടൗണിൽ ഒരു വൈദ്യുതക്കാലിനെക്കാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു എന്നത് ആ ഒഴുക്കിന്റെ ശക്തി അറിയിക്കുന്നുണ്ട്.

തീവ്രമഴയ്ക്കൊപ്പം, ചാലിയാർ ഒഴുകിയിറങ്ങുന്ന മലനിരകളിൽ വ്യാപകമായി ഉരുൾപൊട്ടലുണ്ടായത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. മരങ്ങളും മുളങ്കൂട്ടങ്ങളും വന്നടിഞ്ഞ് ഒഴുക്കു തടസ്സപ്പെട്ടപ്പോൾ പുഴ സ്വാഭാവികമായും ജനവാസകേന്ദ്രങ്ങളിലേക്കു കയറി. ചാലിയാറിലെ പ്രളയത്തിന്റെ പാതി ഉത്തരവാദിത്തം ആഞ്ഞുപെയ്ത മഴയ്ക്കാണെങ്കിൽ മറുപകുതി നമുക്കാണ്. പുഴ കയ്യേറ്റവും തണ്ണീർത്തടം നികത്തലും അശാസ്ത്രീയ നിർമാണരീതികളുമെല്ലാം ഇവിടെ തിരിച്ചടിച്ചതായി കാണാം.

ചാലിയാർ തീരത്തെ ഭൂരിഭാഗം തണ്ണീർത്തടങ്ങളും ഇതിനകം നികത്തിക്കഴിഞ്ഞതായി മലയാള മനോരമ ലേഖകർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുഴയിലേക്ക് ഒഴുകിയിരുന്ന പല ചെറുതോടുകളും ഇന്നില്ല. പുഴ കയ്യേറ്റവും വ്യാപകം. സ്വകാര്യ വ്യക്തികൾ മാത്രമല്ല, സർക്കാർതന്നെയും തണ്ണീർത്തടം നികത്തലിനും പുഴ കയ്യേറ്റത്തിനും പലപ്പോഴും മുൻകയ്യെടുക്കുന്ന കാഴ്ച പോലും ചാലിയാറിന്റെ തീരത്തുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളും പ്രത്യേക ഇളവുകൾ വാങ്ങി തണ്ണീർത്തടങ്ങൾ നികത്തി കോൺക്രീറ്റ് നിർമിതികൾ കെട്ടിപ്പൊക്കിക്കഴിഞ്ഞു. ചാലിയാർ കരകവിഞ്ഞപ്പോൾ ഈ നിർമിതികളെല്ലാം വെള്ളത്തിനടിയിലായി.

ചാലിയാർ ഒഴുകുന്നത് പ്രധാനമായും മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ്. ഈ രണ്ടു ജില്ലകളിലും ദുരന്തനിവാരണ അതോറിറ്റി ഓഫിസുകൾ വർഷങ്ങൾക്കു മുൻപേ പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചാലിയാറിനെക്കുറിച്ച് ഒരു പഠനം പോലും ഈ രണ്ട് ഓഫിസുകളുടെയും പക്കലില്ല. 2018ലെ പ്രളയശേഷവും ഇതാണ് അവസ്ഥ.

ഇതുവരെ ചാലിയാറിൽ രേഖപ്പെടുത്തിയ ഉയർന്ന ജലനിരപ്പ് 10.5 മീറ്ററാണ്. പക്ഷേ, ഓഗസ്റ്റിൽ 12.04 മീറ്റർ എന്ന റെക്കോർഡ് ജലനിരപ്പിലേക്കു പുഴ ഉയർന്നു. 10.5 മീറ്റർ അടിസ്ഥാനമാക്കിയാണ് ചാലിയാറിലെ പാലങ്ങൾ ഉൾപ്പെടെ നിർമിച്ചിരിക്കുന്നത്. ഇവയെല്ലാം ഇപ്പോൾ കാലഹരണപ്പെട്ടു കഴിഞ്ഞു. ഒലിച്ചുപോയവയ്ക്കു പകരം, ഉയരം കൂട്ടി പാലങ്ങൾ നിർമിക്കുമെന്ന് അധികൃതർ പറയുന്നു. പക്ഷേ, നിലവിലുള്ള പാലങ്ങളുടെ കാര്യമോ? അതെക്കുറിച്ച് ആലോചന പോലും നടക്കുന്നില്ല. കുത്തൊഴുക്കുള്ള പുഴകളിലെ പാലങ്ങളുടെ നിർമാണരീതിയിൽ സമൂല മാറ്റങ്ങൾ വേണമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ഒരു പുഴയ്ക്കായി നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു ചാലിയാർ സമരം. ജനം എത്രമാത്രം ഈ പുഴയെ സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയായി അത്. വിഷമൊഴുകിയ ചരിത്രത്തിൽനിന്നു തെളിനീരിന്റെ വർത്തമാനത്തിലേക്കു ചാലിയാർ ഒഴുകിത്തുടങ്ങിയിട്ട് അധിക നാളായിട്ടില്ല. കയ്യേറ്റങ്ങളും അശാസ്ത്രീയ നിർമാണങ്ങളും കൊണ്ട് ഇനിയും ചാലിയാറിനെ മറ്റൊരു ദുരന്തത്തിലേക്ക് ഒഴുക്കിവിട്ടുകൂടാ. ഒരു പുഴയും വെറും പുഴ മാത്രമല്ല; അതൊരു ജീവിതവും സംസ്കാരവും കൂടിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA