ADVERTISEMENT

കായികകൗമാരം ട്രാക്കും ഫീൽഡും കീഴടക്കിയ കേരളത്തിന്റെ സ്കൂൾ ഒളിംപിക്സിനു കണ്ണൂരിൽ സമാപനമായി. പ്രതിഭാസ്പർശമുള്ള പ്രകടനങ്ങൾക്കും പുത്തൻ താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ചാണു സംസ്ഥാന സ്കൂൾ കായികമേളയ്ക്കു കൊടിതാഴുന്നത്. ജില്ലകളിൽ എറണാകുളത്തെ മറികടന്നു പാലക്കാട് കിരീടമുയർത്തിയപ്പോൾ, കടുത്ത പോരാട്ടത്തിനൊടുവിലാണു സ്കൂൾ ചാംപ്യൻപട്ടം പാലക്കാട് കല്ലടി എച്ച്എസ്എസിനെ കീഴടക്കി കോതമംഗലം മാർ ബേസിൽ സ്കൂൾ സ്വന്തമാക്കിയത്.

പാലായിൽ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെയുണ്ടായ ഹാമർ അപകടത്തിൽ മരിച്ച അഫീൽ ജോൺസൺ എന്ന സ്കൂൾ വിദ്യാർഥിയുടെ ഓർമകളിലാണു കായികമേള നടന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, അതുകൊണ്ടുതന്നെ, കർശന സുരക്ഷാക്രമീകരണങ്ങളുടെ നടുവിലായിരുന്നു മേളയുടെ സംഘാടനം. മലയാള മനോരമ സംഘടിപ്പിച്ച ‘ട്രാക്കിനൊരു സുരക്ഷാരേഖ’ സെമിനാറിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും കായിക മന്ത്രിയുടെ നിർദേശങ്ങളും മേളനടത്തിപ്പിൽ വരുത്താൻ സംഘാടകർ ശ്രദ്ധിച്ചുവെന്നതു നല്ല സൂചനയാണ്. കണ്ണൊന്നു തെറ്റിയാൽ വലിയ അപകടങ്ങൾ ഇനിയും സംഭവിക്കുമെന്നതിനാൽ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകി അത്‍ലറ്റിക് മീറ്റ് സംഘടിപ്പിച്ച അധികൃതർ ഭാവിയിലും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

കായികകേരളത്തിന്റെ കുതിപ്പിൽ പ്രതീക്ഷ നൽകുന്ന ഒട്ടേറെ പ്രകടനങ്ങൾ സ്കൂൾ കായികമേള നടന്ന കണ്ണൂർ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ കണ്ടു. ആൻസി സോജൻ, പ്രതിഭ വർഗീസ്, സാന്ദ്രമോൾ സാബു, ഗൗരിനന്ദന, ടി.ജെ.ജോസഫ്, എസ്.അക്ഷയ്, എ.രോഹിത് എന്നിവരുടെ പ്രകടനം വേറിട്ടുനിൽക്കുന്നു. ജീവിതപ്രതിസന്ധികളോടു പടവെട്ടി കായികമേളയിൽ ഉന്നതവിജയം നേടിയവർ ഒട്ടേറെയുണ്ട്. നാടോടി കുടുംബത്തിൽനിന്നു ട്രാക്കിലെത്തി ശ്രദ്ധേയനേട്ടം കൈവരിച്ച എം.മുത്തുരാജിനെപ്പോലെയുള്ളവരുടെ ദുരിതം സമൂഹവും സർക്കാരും കാണാതിരിക്കരുത്.

ഒരുവിഭാഗം കായികാധ്യാപകരുടെ നിസ്സഹകരണ സമരത്തിനിടയിലും മേള വിജയകരമായി പൂർത്തിയാക്കിയ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനമർഹിക്കുന്നു. എന്നാൽ, കടുത്ത ചൂടിൽ താരങ്ങൾ ട്രാക്കിൽ തളർന്നുവീഴുന്ന കാഴ്ച സങ്കടകരമായി. വർഷങ്ങളുടെ കഠിനാധ്വാനത്തിനു ശേഷം ട്രാക്കിലിറങ്ങുന്ന കുട്ടികൾക്ക് അനുകൂലസാഹചര്യം ഒരുക്കാനുള്ള ബാധ്യത സംഘാടകർക്കുണ്ട്. എങ്കിലും, പൊരിവെയിലിൽപോലും കണ്ണൂരിൽ അത്‌ലീറ്റുകൾക്ക് ഇറങ്ങേണ്ടിവന്നു. മത്സരങ്ങൾ ഫ്ലഡ്‌ലൈറ്റ് സൗകര്യത്തിൽ നടത്തുന്നതിനെപ്പറ്റി ഭാവിയിലെങ്കിലും ആലോചന നടക്കേണ്ടതാണ്. പ്രളയത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണു കായികമേള നാലു ദിവസമായി ചുരുക്കിയത്. അതു പഴയതുപോലെ അഞ്ചു ദിവസത്തേക്കു നീട്ടിയാൽ മത്സരങ്ങൾക്കിടയിൽ സമയം കിട്ടും; കുട്ടികൾക്കു മികച്ച പ്രകടനം നടത്താനുള്ള സൗകര്യം ലഭിക്കുകയും ചെയ്യും.

കൂടുതൽ മെഡൽ നേടുന്നതിനായി ഇതരസംസ്ഥാന വിദ്യാർഥികളെ ട്രാക്കിലിറക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നതു കായികാധ്യാപകരും പരിശീലകരും ഒരുപോലെ ആവശ്യപ്പെടുന്നതാണെങ്കിലും ഇത്തവണത്തെ മേളയും അതിനു വേദിയായി. പ്രായപരിശോധനയ്ക്കു ജനന സർട്ടിഫിക്കറ്റ് മാത്രം രേഖയാക്കാതെ ശാസ്ത്രീയരീതികൾ പിന്തുടരണമെന്ന അഭിപ്രായവും അധികൃതർ പരിഗണിക്കണം. കായികമേളയുടെ തിളക്കത്തിനു മങ്ങലേൽപിക്കുന്ന ഏതൊരു നീക്കവും നിരുത്സാഹപ്പെടുത്തേണ്ടതാണ്.

സ്കൂൾ മേളകൾകൊണ്ട് അവസാനിക്കേണ്ടതല്ല കുട്ടിത്താരങ്ങളുടെ കായികഭാവി. രാജ്യത്തിനായി ലോകവേദിയിൽ മെഡലുകൾ നേടാൻ കഴിവും പ്രതിഭയുമുള്ളവർ കായികമേളകളിൽനിന്നു വളർന്നുവന്നിട്ടുണ്ട്. ശാസ്ത്രീയ പരിശീലനത്തിലൂടെ കുട്ടികളെ മിനുക്കിയെടുത്ത് നാളെയുടെ താരങ്ങളാക്കി മാറ്റിയെടുക്കുന്നതിലാകട്ടെ കായിക ഭരണാധികാരികളുടെ ഇനിയുള്ള ശ്രദ്ധ. തുടർപരിശീലനത്തിനു മികച്ച സൗകര്യമൊരുക്കുകയും കഴിയുംവിധത്തിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതു സംസ്‌ഥാനത്തിന്റെ കടമയാണ്. നേട്ടങ്ങളുടെ ട്രാക്കിൽ കുതിപ്പു തുടരാൻ ഈ താരങ്ങൾക്ക് എന്നും സാധിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com