sections
MORE

പിടയ്ക്കുന്ന മീൻ പോലെയാണ് മീൻപിടിത്തക്കാരുടെ ചങ്കും

BANGLADESH-CYCLONE-FISHING
SHARE

പിടയ്ക്കുന്ന മീൻ പോലെയാണ് ഇപ്പോൾ മീൻപിടിത്തക്കാരുടെ മനസ്സ്. സുരക്ഷിതമല്ലാതാകുന്ന കടലും കരയും അവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. കടലിൽ മുൻപത്തെ പോലെ മീനില്ല, അടിക്കടി ഭാവം മാറുന്ന കടൽ, അങ്ങോട്ടു പോകാൻ മുൻപെങ്ങുമില്ലാത്ത നിയന്ത്രണങ്ങൾ, കരയ്ക്കെത്തിക്കുന്ന മീനിന് 

അധ്വാനത്തിന്റെയത്ര വിലയുമില്ല. ഇന്ന് ലോക മത്സ്യത്തൊഴിലാളി ദിനം. കടലിലും കായലിലും ഉൾനാടൻ ജലാശയങ്ങളിലുമൊക്കെ മുങ്ങിനിവർന്ന് അന്നത്തിനു വക കണ്ടെത്തുന്നവന്റെ പേരിലൊരു ദിനം.

അത്രയേയുള്ളൂ. പ്രതീക്ഷ മാത്രം തുഴയാക്കി നീങ്ങുന്ന അവന്റെ ജീവിതത്തിന് ഒരു മാറ്റവുമില്ല. കടലിലെ മാറ്റങ്ങൾ കൃത്യമായി വിശദീകരിക്കാൻ ശാസ്ത്രലോകത്തിനു കഴിയുന്നില്ല; പഠനങ്ങൾ പലതുണ്ടെങ്കിലും.

സർക്കാർ ഇടപെടൽ ഫലപ്രദം

ഫിഷറീസ് വകുപ്പിന്റെ ഇടപെടൽ വഴി സമുദ്ര മത്സ്യോൽപാദനത്തിൽ നടപ്പുവർഷം വർധന ഉണ്ടായിട്ടുണ്ട്. 58ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നതു നിയമപരമായി ശിക്ഷാർഹമാക്കി.

mercy
ജെ.മേഴ്സിക്കുട്ടിയമ്മ.

കടലിലെ മത്സ്യസമ്പത്തു വർധിപ്പിക്കാൻ സീ റാഞ്ചിങ് പദ്ധതി (വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ) നടപ്പാക്കുന്നു. കൃത്രിമ പാര് നിക്ഷേപിക്കൽ, കൂടുകൃഷി എന്നിവയും നടപ്പാക്കുന്നു.

എൻജിനുകളുടെ ശേഷി, വലകളുടെ വലുപ്പം, കണ്ണി വലുപ്പം എന്നിവ നിയന്ത്രിക്കാനും നടപടിയായി. കടലിലെ പ്ലാസ്റ്റിക് മാലിന്യം മീൻപിടിത്ത ബോട്ടുകളിൽ കരയിലെത്തിച്ചു ചെറു കഷണങ്ങളാക്കി റോഡുനിർമാണത്തിന് ഉപയോഗിക്കുന്ന ശുചിത്വസാഗരം പദ്ധതി നടപ്പാക്കി.

കായലുകളിൽ മത്സ്യപ്രജനന കേന്ദ്രങ്ങൾ ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾക്കു ഭവനനിർമാണ ധനസഹായം 2 ലക്ഷത്തിൽനിന്നു 4 ലക്ഷമാക്കി. ഭൂമി വാങ്ങി വീടു നിർമിക്കുന്ന പദ്ധതിയിലേക്ക് 800 കുടുംബങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. 

∙ ജെ.മേഴ്സിക്കുട്ടിയമ്മ.  ഫിഷറീസ് മന്ത്രി

‘ഹീറോ’കളെ സീറോ ആക്കുന്നു 

പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ ഹീറോ എന്നു വിളിച്ചു. പക്ഷേ, അവരെ ‘സീറോ’ ആക്കുകയാണിപ്പോൾ. കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് കടലിൽ പോകുന്നത് ഓരോ ദിവസവും വിലക്കുകയാണ്. മുന്നറിയിപ്പുകൾ വേണം; അനാവശ്യമായി വേണ്ട. കടലിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ഈ സീസണിൽ കിട്ടേണ്ട മത്സ്യക്കൊയ്ത്തു കിട്ടിയില്ല. 

peter
ടി.പീറ്റർ

കാലാവസ്ഥാമാറ്റത്തെ മാത്രം കുറ്റം പറയരുത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഉൾപ്പെടെയുള്ളവ ഗൗരവമായ പഠനം നടത്തണം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ ആവശ്യത്തിനു മണ്ണെണ്ണയോ യഥാസമയം സബ്സിഡിയോ കിട്ടുന്നില്ല. 

∙ ടി.പീറ്റർ (ജനറൽ സെക്രട്ടറി, നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം)

സർക്കാർവക  ഇരുട്ടടി

കേരള മറൈൻ ഫിഷറീസ് റഗുലേഷൻ ആക്ട് പരിഷ്കരിച്ചതോടെ, മീൻപിടിത്ത ബോട്ടുകളുടെ ലൈസൻസ് ഫീസ് മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കുത്തനെ കൂട്ടിയത് ഇരുട്ടടിയായി. 20 മീറ്ററിലേറെ നീളമുള്ളതും 250 കുതിരശക്തിക്കു മുകളിലുള്ള എൻജിൻ ഉപയോഗിക്കുന്നതുമായ ബോട്ടുകളെ ഇപ്പോൾ കപ്പലിനു തുല്യമായാണു പരിഗണിക്കുന്നത്.

ഇവയ്ക്കു 12 നോട്ടിക്കൽ മൈലിനുള്ളിൽ മത്സ്യബന്ധനം നടത്താൻ പാടില്ല. കേരളത്തിലെ 80% യന്ത്രവൽക്ക‍‍‍‌ൃതയാനങ്ങളും ഈ ഗണത്തിൽപെടുന്നവയാണ്. കയറ്റുമതി പ്രാധാന്യമുള്ള കണവ, കിളിമീൻ, ചെമ്മീൻ, വാള തുടങ്ങിയവയെല്ലാം 12 നോട്ടിക്കൽ മൈലിനുള്ളിൽനിന്നാണു പിടിക്കുന്നത്.

mathias
പീറ്റർ മത്യാസ്

ഇതു കിട്ടാതാകുന്നതോടെ വൻതോതിൽ വിദേശനാണ്യം നഷ്ടമാകും. അനേകായിരങ്ങൾക്കു പണിയില്ലാതാകും. 

∙ പീറ്റർ മത്യാസ് (പ്രസിഡന്റ്, ഓൾ കേരള ഫിഷിങ് ബോട്ട്  ഓപ്പറേറ്റേഴ്സ് അസോസിയേഷൻ)


കാലാവസ്ഥാമാറ്റം പ്രതിഫലിക്കുന്നു

അമിതമായ മത്സ്യബന്ധനം മാത്രമല്ല, കടലിലെ മാറ്റങ്ങളും മത്സ്യലഭ്യത കുറയാൻ കാരണമായിട്ടുണ്ട്. മീൻകുഞ്ഞുങ്ങൾ പുറത്തുവരുമ്പോൾ അവയ്ക്കു വളരാൻ കടലിൽ പ്ലവങ്ങൾ വേണം. കാലാവസ്ഥയിലും കടലിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഇത് ഇല്ലാതാക്കുന്നു.

sunil
ഡോ. കെ.സുനിൽ മുഹമ്മദ്

മൺസൂൺകാലത്ത് തണുത്ത വെള്ളം മുകളിലോട്ടു വരുമ്പോൾ ധാതുക്കളുടെ സാന്നിധ്യം മൂലം പ്ലവങ്ങൾ ഉണ്ടാകും. ഈ തീറ്റ കിട്ടുന്നതോടെ ചാള (മത്തി) വളരും. ഇപ്പോൾ മൺസൂൺകാലം പോലും മാറി. അങ്ങനെ ചാളയും കുറയുന്നു. അയലയുടെ കാര്യവും അങ്ങനെ തന്നെ. 

∙ ഡോ. കെ.സുനിൽ മുഹമ്മദ്(പ്രിൻസിപ്പൽ സയന്റിസ്റ്റ്,  സിഎംഎഫ്ആർഐ)

കയറ്റുമതി കണക്കാക്കേണ്ട

മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ കൊണ്ടുവരുന്ന മീനുകൾ കൂടി കണക്കിലെടുക്കുന്നതിനാൽ മീൻകയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തുന്നുണ്ടെങ്കിലും മത്സ്യോൽപാദനരംഗത്തു കേരളം പിന്നാക്കം പോകുന്നു.

കടലിൽ പോയി വരാനുള്ള ചെലവു കൂടിയപ്പോൾ മത്സ്യത്തൊഴിലാളിയുടെ വരുമാനം കുറഞ്ഞു. സൂനാമിയും ഓഖിയും പെരുമഴയുമൊക്കെ അനിശ്ചിതത്വത്തിലാക്കിയ തീരങ്ങളിൽ അവരുടെ ജീവിതത്തിനു സുരക്ഷിതത്വവും ഇല്ലാതാകുന്നു.

സങ്കടക്കണക്ക്

കേരളത്തിൽ പ്രതിശീർഷ വരുമാനം 2017-18ൽ- 1,99,101രൂപ

മത്സ്യത്തൊഴിലാളിയുടേതാകട്ടെ- 1,07,419 രൂപ മാത്രം! 

മത്സ്യമേഖലയ്ക്കുള്ള  സംസ്ഥാന ബജറ്റ് വിഹിതം

2016-17             327.31 (തുക കോടിയിൽ)

2017-18             377.09

2018-19             409.24

2019-20            308.40    

കേരളത്തിലെ മത്സ്യത്തൊഴിലാളി ജനസംഖ്യ

2015-16            10,23,796 

2016-17            10,28,880 

2017-18            10,34,007 

2018-19            10,39,175

എന്നാൽ, സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത,  മീൻപിടിത്ത -  അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം 3,28,124. 

39%

കേരളത്തിൽ 2017നെ അപേക്ഷിച്ച് 2018ൽ മത്തിയുടെ ലഭ്യതയിലെ കുറവ് 39%. രാജ്യമാകെ 54% കുറവ് !, കേരളത്തിന്റെ തീരപ്രദേശം 590 കിലോമീറ്റർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA