sections
MORE

തമിഴ് രാഷ്ട്രീയത്തിരയിൽ അപൂർവരാഗങ്ങൾ

kamal-rajani
SHARE

1975ലെ ‘അപൂർവ രാഗങ്ങൾ’ ആണ് രജനിയും കമലും ഒരുമിച്ച ആദ്യ ചിത്രം. നാലര പതിറ്റാണ്ടിന്  ശേഷം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലും ഇരുവരും ഒന്നിക്കുമോ? 

നായകനും വില്ലനും തുല്യ പ്രാധാന്യമുള്ള തിരക്കഥ പോലെയാണു പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയം. മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും തമ്മിലുള്ള പക പോലെയൊന്ന്. ആദ്യം അതു കാമരാജും രാജാജിയുമായിരുന്നു, പിന്നെ കരു‌‌ണാനിധിയും എംജിആറുമായി, അതു കഴിഞ്ഞ് കരുണാനിധിക്കൊത്ത എതിരാളിയായി ജയലളിത വന്നു, ഒടുവിലത് എം.കെ.സ്റ്റാലിൻ - എടപ്പാടി കെ.പളനി സാമി യുഗത്തിലെത്തിനിൽക്കുന്നു.

എന്നാൽ, പതിറ്റാണ്ടുകളുടെ ആവർത്തനത്തിനു ശേഷം തുല്യ ‌പ്രാധാന്യമുള്ള രണ്ടു നായക വേഷങ്ങളിലേക്കു തമിഴ്നാട് രാഷ്ട്രീയം മാറുകയാണോ? നാടിന്റെ നന്മയ്ക്കായി രാഷ്ട്രീയത്തിൽ കൈകോർക്കാൻ തയാറാണെന്നു രജനീകാന്തും കമൽഹാസനും പ്രഖ്യാപിച്ചതോടെയാണു ചരിത്രം വഴിമാറുകയാണോ എന്ന ചർച്ചയ്ക്കു തുടക്കമായത്. സ്വന്തം നിലയിൽ തമിഴ് സിനിമാ ചരിത്രത്തെ വഴിതി‌‌രിച്ചുവിട്ടവരാണു കമലും രജനിയും. ‌ഒരുമിച്ചുനിന്നു രാഷ്ട്രീയത്തിലും അവർ പുതുവഴി തുറക്കുമോ? സിനിമയിലെന്ന പോ‌ലെ, രാഷ്ട്രീയത്തിലും ഇവർ ഒന്നിക്കുമ്പോൾ മെഗാഹിറ്റ് അല്ലാതെ മറ്റെന്തു ‌പ്രതീക്ഷിക്കാൻ?

ഡിഎംകെയുടെ ആവലാതി

ചിത്രം സൂപ്പർഹിറ്റായതിന്റെ ആഘോഷത്തിനിടെ ഇറങ്ങിയ അടുത്ത പടം എട്ടു നിലയിൽ പൊട്ടിയ നായകന്റെ അവസ്ഥയിലാണു ഡിഎംകെ. പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ മോദിതരംഗത്തെ തടഞ്ഞുനിർത്തിയ പാർട്ടിക്ക് പിന്നാലെ വന്ന 3 തിരഞ്ഞെടുപ്പുകളിലും ‌തിരിച്ചടിയായിരുന്നു. വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ തോൽവിയോളം പോന്ന കഷ്ടിച്ചുള്ള ജയം. സിറ്റിങ് സീറ്റായ വിക്രവാണ്ടി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 40,000ൽ ഏറെ വോട്ടിന്റെ വൻ തോൽവി.

സഖ്യകക്ഷിയായ കോൺഗ്രസ് നംഗുനേരി സിറ്റിങ് സീറ്റിലും തോറ്റതോടെ ഡിഎംകെയെ പഴയ വേവലാതികൾ വീണ്ടും വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. കരുണാനിധിയുടെ മരണശേഷം പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സ്റ്റാലിനു തിരഞ്ഞെടുപ്പു ജയിക്കാനുള്ള നേതൃശേഷിയില്ലേ എന്ന സന്ദേഹം വീണ്ടും ചർച്ചയായി. സ്റ്റാലിന്റെ മകൻ ഉദയനിധിയെ പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കിയതും പാർട്ടി നേ‌താക്കളുടെ മക്കൾക്കു ലോക്സഭാ തിര‌‌ഞ്ഞെടുപ്പിൽ കൂ‌ട്ടത്തോടെ സീറ്റു ന‌ൽകിയതും അതൃപ്തിയായി പുകയുന്നുണ്ട്. 

എടപ്പാടിയുടെ അതിജീവനം

മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല, ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ കണ്ടും കൊതിക്കരുതെന്നു തമിഴ്നാട് രാഷ്ട്രീയമറിയുന്നവർ പറയും. ഭരണ ക‌ക്ഷിയുടെ തേ‌രോട്ടമാകാറുള്ള ഉപതിരഞ്ഞെടുപ്പു ഫലങ്ങൾ ഒരിക്കലും നിയമസഭാ തിര‌‌ഞ്ഞെടുപ്പിന്റെ ദിശാസൂചികയാകാറില്ല. എന്നാൽ, നംഗുനേരി, വിക്രവാണ്ടി ‌ഉപതിരഞ്ഞെടുപ്പു വിജയങ്ങൾ അണ്ണാ ഡിഎംകെക്കു നൽകുന്ന ആശ്വാസം ചെ‌‌റുതല്ല. ‌ഏതു നിമിഷവും വീഴുമെന്നു പ്ര‌തീക്ഷിച്ചിരുന്ന മുഖ്യമ‌ന്ത്രിക്കസേരയിൽ രണ്ടു വർഷം തികച്ച്, ചില കളികൾ തനിക്കുമറിയാമെന്ന് എട‌പ്പാടി തെളിയിച്ചിരിക്കുന്നു. 

പാർലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ വിശ്വസ്തരെല്ലാം അണ്ണാ ഡിഎംകെയിലേക്കു മടങ്ങിയതോടെ ടി.ടി.വി.ദിനകരൻ ഉയർത്തിയ വെല്ലുവിളി ഏതാണ്ട് അവസാനിച്ച മട്ടാണ്. എന്നാൽ, വി.കെ.ശശികല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ജയിൽമോചിതയാകും. അത് അണ്ണാ ഡിഎംകെയിലുണ്ടാക്കാവുന്ന തുടർചലനങ്ങൾ പ്രവചനാതീതം.

ഹിറ്റാകുമോ അണ്ണൻതമ്പി ?

എല്ലാ അർഥത്തിലും, പുതിയ വിത്തുവീണാൽ മുളയ്ക്കാൻ പാകമായി നിൽ‌ക്കുകയാണു തമിഴകത്തെ രാഷ്ട്രീയമണ്ണ്. അവിടെ വിളവെടുക്കാനാണു കമലിന്റെയും രജ‌നിയുടെയും അങ്കപ്പുറപ്പാട്. തമിഴ് രാഷ്ട്രീയത്തിരയിൽ ഹിറ്റാകാനുള്ള എല്ലാ ചേരുവയും കമൽ - രജനി കൂട്ടുകെട്ടിലുണ്ട്. ഒറ്റയ്ക്കു നിൽക്കുമ്പോഴുള്ള ഇവരുടെ പരിമിതികൾ കൈകോർത്തു പിടിക്കുമ്പോൾ ശക്തിയായി മാറുന്ന രസതന്ത്രം ആ കൂട്ടുകെട്ടിലുണ്ട്. 

നഗരവോട്ടർമാരെ കമലിന് ആകർഷിക്കാൻ കഴിയുമെന്നതിനു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മക്കൾ നീതി മയ്യത്തിന്റെ പ്രകടനം തെളിവ്. 13 നഗര - അർധനഗര മ‌ണ്ഡലങ്ങളിലാണു പാർട്ടി മൂന്നാമതെത്തിയത്. മൾട്ടിപ്ലക്സ് സിനിമാസ്വാദകരുടെ നായകനാണു കമൽ. രജനി പക്ഷേ, എംജിആറിനെപ്പോലെ ആൾക്കൂട്ടത്തിന്റെ നായകനാണ്. തമിഴകത്തെ ആയിരക്കണക്കിനു ഗ്രാമങ്ങളിൽ ഒരു ചിരി കൊണ്ടോ, ശരീരചലനം കൊണ്ടോ ജനക്കൂട്ടത്തെ കാന്തം പോലെ ആകർഷിക്കാൻ കഴിയുന്നയാൾ. സി ക്ലാസ് തിയ‌റ്ററുകളിലെ പാവപ്പെട്ട ജനങ്ങളാണ് അദ്ദേഹത്തിന്റെ ശക്തി.

ഇരുവരും ചേർന്നാൽ തമിഴ് സമൂഹത്തിന്റെ പല തട്ടിലുള്ളവർ ഒരു കുടക്കീഴിൽ വരു‌ം. പലപ്പോഴും വിവാദങ്ങളുടെ കുടം തുറക്കുമെങ്കിലും കമലിനു വാക്കിലും ആശയങ്ങളിലും കൂടുതൽ വ്യക്തതയുണ്ട്. സിനിമയിലെ കിണ്ണംകാച്ചിയ ഡയലോഗുകളുടെ കൃത്യത രജനിക്കു രാഷ്ട്രീയത്തിലില്ല. രജനി തമിഴനല്ലെന്ന പ്രചാരണം തീവ്ര തമിഴ്ദേശീയ പാർട്ടികൾ ആയുധമാക്കിയാൽ, ചെന്തമിഴിൽത്തന്നെ കമൽ മറുപടി നൽകുമ്പോൾ അതിന്റെ മുനയൊടിയും.

ജാതി ഇറങ്ങിക്കളിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ ‘അതുക്കും മേലെ’ ഉയരാൻ താരപ്രഭാവം കൊണ്ട് ഇരുവർക്കും നിഷ്പ്രയാസം കഴിയും. എംജിആർ ത‌‌ന്നെ‌യാണ് അവിടെയും വഴികാട്ടി. ബിജെപിയോടുള്ള നിലപാടു പോലെ ഇരുവരെയും ഭിന്നധ്രുവങ്ങളിൽ നിർത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. 1975ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’ ആണ് ഇരുവരും ഒരുമിച്ച ആദ്യ ചിത്രം. നാലര പതിറ്റാണ്ടിനു ശേഷം, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിലും ഇരുവരും ഒന്നിക്കുമോ? എന്തായാലും രണ്ടു വർഷം കഴിഞ്ഞു തമിഴ്നാടിന്റെ രാഷ്ട്രീയ തിരക്കഥയിൽ ഇരുവരുമുണ്ടാകും.

രജനി, കമൽ: ശക്തിയും ദൗർബല്യവും 

ശക്തമായ ആരാധക പിന്തുണ. കമലിനു നഗരമേഖലയിലും രജനീകാന്തിനു ഗ്രാമങ്ങളിലും കൂടുതൽ സ്വാധീനം സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തരായ നേതാക്കളുടെ അഭാവം. അണ്ണാ ഡിഎംകെയും ഡിഎംകെയും ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിൽ. വിശ്വസ്ഥ ബദലെന്ന ആശയത്തിനും ഇരുവരും ചേർന്നാൽ കൂടുതൽ ബലം. ഇരുവരും ഒരുമിച്ചാൽ ആശയപരമായി പല ധ്രുവങ്ങളിൽ നിൽക്കുന്നവരെ ആകർഷിക്കാനാകും വ്യക്തിപ്രഭാവത്തിലൂടെ സങ്കീർണമായ ജാതിസമവാക്യങ്ങൾ മറികടക്കാനാകും.

ദൗർബല്യം 

രാഷ്ട്രീയത്തിൽ അനുഭവസമ്പത്തില്ല. രണ്ടാംനിര നേതാക്കളുടെ അഭാവം. മികവുറ്റ സംഘടനാ ‌സംവിധാനത്തിന്റെ അഭാവം തമിഴ് ഇതര സ്വത്വം ചൂണ്ടിക്കാട്ടി രജനിക്കെതിരായ തീവ്ര തമിഴ് പാർട്ടികളുടെ പ്രചാരണം ഇതുവരെ നാടിനായി എന്തു ചെയ്തുവെന്ന എതിരാളികളുടെ ചോദ്യത്തിനു ഉത്തരമില്ല. നിലപാടുകളിലെ ചാഞ്ചാട്ടം, പ്രത്യേകിച്ചു രജനിയുടേത്. (പല വിഷയങ്ങളിലും ഇരുവർക്കും വ്യത്യസ്ത നിലപാടുകളായിരുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA