sections
MORE

മാവോയിസത്തിന്റെ ഡിഎൻഎ

maoist-encounter-kerala
SHARE

മാവോയിസ്റ്റുകളുടെ പ്രഖ്യാപിത തന്ത്രങ്ങളിലൊന്നായി അവരുടെ നേതാവ് ഗണപതി തന്നെ വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘ഇസ്‌ലാമിക തീവ്രവാദികൾക്കു സാമൂഹികമായ കാര്യങ്ങളിൽ പിന്തിരിപ്പൻ കാഴ്ചപ്പാടാണെങ്കിലും അവർ സാമ്രാജ്യത്വത്തിന് എതിരായി പോരാടുന്നവരാണ്’. അതുകൊണ്ട് ഗണപതി ഇസ്‌ലാമിക വിപ്ലവത്തെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്തു. ഈ പശ്ചാത്തലത്തിൽ, മാവോയിസ്റ്റുകളും ഇത്തരം തീവ്രവാദ സംഘടനകളുമായുള്ള സഹകരണത്തെക്കുറിച്ചു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ ഈയിടെ നടത്തിയ പ്രസ്താവന താത്വികമായി ശരിയാണ്.

മാവോയിസ്റ്റുകളെന്ന് ആരോപിച്ചു 2 വിദ്യാർഥികളെ യുഎപിഎ ചുമത്തി ജയിലിലിട്ടതിനെച്ചൊല്ലിയുള്ള ചർച്ച കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് പി. മോഹനന്റെ പ്രസ്താവന. ഈ കേസിനെ സംബന്ധിച്ച് ഇതുവരെ പുറത്തു വന്നിട്ടുള്ള പൊലീസ് ഭാഷ്യങ്ങളിലൊരിടത്തും മുസ്‌ലിം തീവ്രവാദ സംഘടനകളെപ്പറ്റി പരാമർശമില്ല. ഈ കേസിൽ മാത്രമല്ല, മാവോയിസ്റ്റുകൾക്കെതിരായ ഒരു കേസിലും അത്തരം സംഘടനകൾ പ്രതിക്കൂട്ടിൽ നിൽക്കുന്നില്ല.

ഇന്ത്യയിലെ മറ്റു മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെയിരിക്കെ, അലൻ ഷുഹൈബ്, താഹ എന്നിവർ അറസ്റ്റിലായതിനെത്തുടർന്ന് സിപിഎം നേതാവു നടത്തിയ പ്രസ്താവനയുടെ ‘ടൈമിങ്’ വലിയൊരു ചോദ്യം ക്ഷണിച്ചു വരുത്തുന്നു. ലോകമെമ്പാടും ഗ്രസിച്ചിട്ടുള്ള, ‘ഇസ്‌ലാം പേടി’യുടെ (ഇസ്‌ലാമോഫോബിയ) കേരളോദാഹരണമാണോ നമ്മൾ കേട്ടത് ?

മതതീവ്രവാദ സംഘടനകൾക്കു മേൽ കുറ്റം ചുമത്തുന്നതിനു മുൻപ് സിപിഎം അവരുടെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കേണ്ടിയിരിക്കുന്നു. മാവോയിസത്തിന്റെ ഡിഎൻഎ പരിശോധിച്ചാൽ അതിൽ സിപിഎം തെളിഞ്ഞു കാണും. 

സിപിഎം നേതാക്കളായ ചാരു മജുംദാർ, കനു സന്യാൽ, ജംഗൽ സന്താൾ എന്നിവരാണ് 1967ൽ ബംഗാളിലെ നക്സൽബാരി ഗ്രാമത്തിൽ ജന്മിമാർക്കെതിരായ സായുധ മുന്നേറ്റത്തിനു നേതൃത്വം നൽകിയത്. സിപിഎം അന്ന് ബംഗാളിലെ കൂട്ടുമന്ത്രിസഭയിൽ പങ്കാളിയായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം നക്സൽബാരി പ്രസ്ഥാനത്തെ പിന്തുണച്ചില്ല. അതിന്റെ നേതാക്കളെ അവർ പാർട്ടിയിൽനിന്നു പുറത്താക്കി.

പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടവർ 1967 നവംബറിൽ സുഷിതൽ ചൗധരിയുടെ നേതൃത്വത്തിൽ ഓൾ ഇന്ത്യ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് കമ്യൂണിസ്റ്റ് റവല്യൂഷണറി എന്ന സംഘടന രൂപീകരിച്ചു. രാജ്യത്തു പലയിടത്തും സായുധ പോരാട്ടങ്ങൾക്ക് അവർ കാരണക്കാരായി. 1969ൽ ലെനിന്റെ ജന്മദിനത്തിൽ – ഏപ്രിൽ 22 – ചാരു മജുംദാറിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിനിസ്റ്റ്) സ്ഥാപിച്ചു. ഈ പാർ1ട്ടിക്കാണ് ഇന്ന് ഇന്ത്യയിലെ പല പേരുകളിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് സംഘടനയുടെ മാതൃസ്ഥാനം.

ഭരണത്തിൽ കയറിയതിനു ശേഷം ആദർശശുദ്ധി നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് ചാരു മജുംദാറും കൂട്ടരും ബംഗാളിലെ സിപിഎം നേതൃത്വത്തോടു കലഹിച്ചത്. സിപിഎം അംഗങ്ങളായ അലനും താഹയും മാവോയിസത്തിൽ ആകൃഷ്ടരാണെങ്കിൽ, അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് എത്രയും പെട്ടെന്ന് ഉത്തരം തേടേണ്ടിയിരിക്കുന്നു. കാരണം, അവരെപ്പോലെ ചിന്തിക്കുന്ന ചെറുപ്പക്കാർ ഇനിയും ആ പാർട്ടിയിൽ കാണും.

ഫാത്തിമ സമൂഹത്തോട് പറയുന്നത് 

ഏറ്റവും ദാരുണമാണ് ഐഐടി മദ്രാസിലെ വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ എന്നു പറയപ്പെടുന്ന മരണം. ഫോണിൽ ഇട്ടുപോയി എന്നു കരുതുന്ന അന്തിമമൊഴികളിലെ ഭാഷാ പ്രാവീണ്യം, പ്രായത്തിനപ്പുറമായി എനിക്കു തോന്നി. ഒഴിവുകാലത്തു വീട്ടിൽ വരുമ്പോൾ വായിക്കാൻ പുസ്തകം മുൻകൂട്ടി അമസോണിൽനിന്ന് ഓർഡർ ചെയ്തിരുന്ന ഫാത്തിമ, തീർച്ചയായും ജീവിതത്തെ ഗൗരവമായിത്തന്നെയാണു കണ്ടിരുന്നത്. ഇതെല്ലാം സംഭവത്തെ കൂടുതൽ ദുഃഖകരമാക്കുന്നു.

ഫാത്തിമ ഐഐടിയിൽ ചേർന്നിട്ട് കുറച്ചു മാസങ്ങളേ ആകുന്നുള്ളൂ. ആദ്യത്തെ സെമസ്റ്റർ പരീക്ഷ പോലും നടന്നിട്ടില്ല. ആകെ നടന്നത് ഒന്നോ രണ്ടോ ക്ലാസ് ടെസ്റ്റുകൾ മാത്രം. ഇതിനകം മതപരവും അക്കാദമികവുമായ വിവേചനം – അതും ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത് – ദുസ്സഹമായ രീതിയിൽ നേരിടേണ്ടി വന്നുവെന്നാണ് ഐഐടിക്ക് എതിരായ ആരോപണം.

fathima-new
ഫാത്തിമ

ഐഐടികളിലെ അക്കാദമിക സമ്മർദം രൂക്ഷമാണ്. പഠനസംബന്ധമായ പിരമിഡിന്റെ ഏറ്റവും മുകളിലാണ് ഈ സ്ഥാപനങ്ങൾ. ഏറ്റവും മിടുക്കരായ കുട്ടികൾ അവിടെയെത്തുമ്പോൾ സമശീർഷരോ, തങ്ങളെക്കാൾ മിടുക്കരോ ആയ കുട്ടികളെക്കണ്ടു പകയ്ക്കുന്നു. അധ്യാപകരുടെ അപ്രമാദിത്തം വേറെ.

ഐഐടികളിൽ കൂടി കടന്നുപോകാൻ ഇതെല്ലാം നേരിടാനുള്ള ജീവനകൗശലം ആവശ്യമാണ്. മാർക്ക്ദാനവും എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികളുടെ നാൽക്കവലകളിലെ ഫ്ലക്സുകളും അതു നൽകുന്നില്ല എന്നതാണ് കേരളത്തിലെ സത്യം. ഫാത്തിമയ്ക്കുണ്ടായ ദുരനുഭവം, പല ചോദ്യങ്ങൾക്കും ഉത്തരം തേടാൻ സഹായിക്കട്ടെ എന്നുമാത്രം ആശിക്കുന്നു.

കളങ്കം തൊടരുത് കായികമേളയെ 

സംസ്ഥാന സ്കൂൾ കായികമേള കേരളത്തെ പോലെ ആഘോഷിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. പത്രങ്ങളിൽ മുഴുവൻ പേജ് കവറേജ്, പലപ്പോഴും ആദ്യത്തെ പേജിലേക്കു തുളുമ്പുന്ന വാർത്തകൾ... ഇതൊന്നും മറ്റിടങ്ങളിൽ കാണാൻ സാധിക്കില്ല. എന്നാൽ, കായികരംഗത്തു കേരളത്തിന്റെ ഗ്രാഫ് താഴോട്ടാണ്. തമിഴ്നാടും ഹരിയാനയും മുന്നിലേക്കു കുതിക്കുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം മീറ്റുകൾ പലപ്പോഴും പ്രഹസനമായി മാറുന്നതിന്റെ പ്രധാന കാരണം, വ്യാജ പ്രായ സർട്ടിഫിക്കറ്റുകളാണ്. ജനന റജിസ്ട്രേഷൻ കൃത്യമായി നടക്കുന്ന കേരളത്തിൽ അതൊരു വലിയ പ്രശ്നമായിരുന്നില്ല. ആധാർ കാർഡും കൃത്യമായി പ്രായമറിയാൻ സഹായിച്ചു. എന്നാൽ, കഴിഞ്ഞയാഴ്ച നടന്ന സ്കൂൾ കായികമേളയിൽ കാര്യങ്ങൾ തകിടം മറിഞ്ഞു എന്നാണു റിപ്പോർട്ടുകൾ.

സംശയത്തിന്റെ മുനയിൽ നിൽക്കുന്നത് മണിപ്പുരിൽ‌നിന്നു വന്ന 9 മെഡലുകൾ നേടിയ വിദ്യാർഥികളാണ്. അവർക്കെതിരെ പ്രായത്തട്ടിപ്പു വിവാദമുയർത്തി ഒരുകൂട്ടം പരിശീലകർ രംഗത്തെത്തിയിട്ടുണ്ട്. പ്രായപരിശോധന ഇല്ലാത്തതുകൊണ്ട്, മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികളിൽ മാത്രമായി ആരോപണം ഒതുക്കാൻ പറ്റില്ല. അതിനാൽ, കേരളം ഏറെ കൊണ്ടാടുന്ന സ്കൂൾ കായികമേളയിൽ പ്രായപരിശോധന നിർബന്ധമാക്കിയേ മതിയാവൂ.

പ്രായത്തിൽ തട്ടിപ്പു കാണിച്ചാൽ മറ്റിടങ്ങളിലും അതു സംഭവിക്കാം. ആരും പരസ്യമായി പറയാൻ മടിക്കുന്ന അത്‌ലറ്റിക്സിന്റെ മറ്റൊരു വശത്തേക്കു കൂടി ശ്രദ്ധ തിരിക്കണം: അതാണ് ഉത്തേജക മരുന്നുകൾ. കേരളം ഗൗരവമായി കാണുന്ന കായികമേളകളിൽ പ്രായത്തിനോടൊപ്പം മരുന്നടിയും പരിശോധിക്കേണ്ടിയിരിക്കുന്നു.

സ്കോർപ്പിയൺ കിക്ക്: എംഎൽഎമാർ ഡയസിൽ; സ്പീക്കർ ഇറങ്ങിപ്പോയി. ങ്ഹാ, വോക്കൗട്ട് സ്പീക്കർക്കും ആകാം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA