sections
MORE

ദേ, ഇതാണ് ആ ഉറപ്പ് !

vs-sunilkumar
SHARE

കുറുപ്പിന്റെ ഉറപ്പ് എന്താണെന്ന് ഇന്നലെയാണു മന്ത്രി വി.എസ്. സുനിൽകുമാറിനു മനസ്സിലായത്. മെത്രാൻ കായലിൽ വിത്തെറിയാനാണ് കൃഷി മന്ത്രി ഇന്നലെ കുമരകത്ത് എത്തിയത്. വിത്തെറിയാൻ സമയം തെറ്റരുതല്ലോ എന്നു കരുതി കൃത്യം പത്തിനു തന്നെ മന്ത്രിയും ഉദ്യോഗസ്ഥരും പാടത്തെത്തി.

എന്നാൽ, സ്ഥലം എംഎൽഎയായ സുരേഷ് കുറുപ്പ് വന്നത് 10.45ന്. എംഎൽഎ വരാതെ വിത്തിടുന്നത് ഉചിതമല്ലല്ലോ. മന്ത്രി പാടത്തിനു സമീപത്തെ ചെറിയ കടയിൽ കയറിയിരുന്നു. പാടത്തിനടുത്തു തന്നെ മന്ത്രിയെ കിട്ടിയതോടെ കർഷകർ പല ആവശ്യങ്ങളുമായി ചുറ്റുംകൂടി. താൻ അൽപം വൈകിപ്പോയെങ്കിലും, നാട്ടുകാരുടെ പരാതിയൊക്കെ പരിഹരിച്ചു കിട്ടിയല്ലോ എന്ന് എംഎൽഎയ്ക്ക് ആശ്വസിക്കാം. 

sunilkumar
കുമരകംമെത്ര‍ാൻകായൽപാടശേഖരത്തിൽവിതഉദ്ഘാടനത്തിനെത്തിയമന്ത്രിവി.എസ്.സുനിൽകുമാർ. കെ.സുരേഷ്കുറുപ്പ്എംഎൽഎസമീപം. (ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ)

ഇതിനൊരു അവസാനമില്ലേ? 

കേരളത്തിൽനിന്നു സമർപ്പിച്ച കെപിസിസി ഭാരവാഹിപ്പട്ടികയെക്കുറിച്ചു പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾക്കു പഞ്ഞമില്ല. ഹൈക്കമാൻഡ് അംഗീകരിച്ചു പട്ടിക പുറത്തുവരുമ്പോൾ എന്തു സംഭവിക്കുമെന്ന് ആർക്കുമൊരു എത്തും പിടിയുമില്ല. 

നൂറിലേറെപ്പേരെ എന്തിനു കുത്തിനിറച്ചുവെന്ന ചോദ്യത്തിനു മുന്നിൽ നിസ്സഹായനായി കൈമലർത്തുന്നു, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എ–ഐ വിഭാഗങ്ങളെ കൂടാതെ കെപിസിസി മുൻ പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി ചോദിക്കുക തന്റെ മര്യാദയായി അദ്ദേഹം കരുതിയപ്പോൾ, അവരെല്ലാം കടലാസു നീട്ടുമെന്നു വിചാരിച്ചതേയില്ലെന്ന് അദ്ദേഹം കഴി‍ഞ്ഞദിവസം വെളിപ്പെടുത്തി. 

mullappally

കേരളത്തിലെ സംഘടനാകാര്യങ്ങളിലൊന്നും തലയിടാത്ത, മുൻ കെപിസിസി പ്രസിഡന്റ് സി.വി.പത്മരാജൻ വരെ ഒരു ‘നോമിനി’യെ മുന്നോട്ടുവച്ചത്രെ. തന്റെ പട്ടികയിലെ രണ്ടുപേരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നു തീർത്തു പറഞ്ഞിരിക്കുകയാണ് മറ്റൊരു മുൻ പ്രസിഡന്റ് വി. എം.സുധീരൻ. കെ.മുരളീധരനും വിട്ടുകൊടുത്തില്ല.

താൽക്കാലികമായി അധ്യക്ഷപദം ലഭിച്ച ശേഷം ഒരു വർഷത്തോളം ആ കസേരയിലിരുന്ന എം.എം.ഹസനും നൽകി ഒരു കുറിപ്പടി. ഇനി ആരുടെയെങ്കിലും കടലാസ് കിട്ടാനുണ്ടോ എന്ന് ആലോചിച്ചിരുന്നപ്പോഴാണ് മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ മുഖം മുല്ലപ്പള്ളിയുടെ മനതാരിൽ തെളിഞ്ഞത്. എന്തായാലും കുറിപ്പടി സാഹസത്തിനു ‘തെന്നലച്ചേട്ടൻ’ തുനിഞ്ഞില്ലത്രെ. 

പട്ടികകളിൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരുടെ പേരുകൾ കൂടാതെ സെക്രട്ടറിമാരുടെ പേരുകളും എല്ലാവരും നിർദേശിച്ചിരുന്നു. തങ്ങളുടെ അനുയായികളെയെല്ലാം സെക്രട്ടറിമാരാക്കിയേ തീരൂവെന്ന വാശി! എന്തായാലും, പ്രധാന ഭാരവാഹികൾക്കൊപ്പം സെക്രട്ടറിമാരുടെ പട്ടിക കൂടി പുറത്തുവിടേണ്ടെന്ന അഭിപ്രായത്തിലാണു നേതൃത്വം. എല്ലാം കൂടി കൂട്ടുമ്പോഴല്ലേ നൂറു തികയൂ. ഘട്ടം ഘട്ടമായി വരുമ്പോൾ ‘അപകട’ത്തിന്റെ ആക്കം കുറയുമെന്നാണു പ്രതീക്ഷ. 

കലോത്സവത്തെക്കുറിച്ച് വർണ്യത്തിലാശങ്ക! 

ഇങ്ങനെ പോയാൽ, സ്കൂൾ കലോത്സവങ്ങളുടെ ആവേശം കുറയുമല്ലോ എന്നു വ്യസനിച്ചു തുടങ്ങിയിട്ടുണ്ട് ചിലർ. കാരണമെന്തെന്നോ – മത്സരിക്കാനാളില്ലാത്ത അവസ്ഥ തന്നെ! എറണാകുളം ജില്ലാ കലോത്സവത്തിൽ നൃത്തയിനങ്ങളിൽ ലക്ഷണം കണ്ടുതുടങ്ങി.

ലക്ഷങ്ങൾ ചെലവഴിച്ചു കലോത്സവത്തിനു വരേണ്ടെന്ന് മാതാപിതാക്കളും കുട്ടികളും തീരുമാനിച്ച പോലെ! പല ഇനങ്ങളിലും പങ്കാളിത്തം ശുഷ്കം. ഒറ്റയ്ക്കു മത്സരിച്ച് ഒന്നാം സ്ഥാനവുമായി പോയവരുണ്ട്. കലോത്സവം കാണാനും ആളു കുറവായിരുന്നു. മേളയെ സ്നേഹിക്കുന്നവർക്ക് ‘വർണ്യത്തിലാശങ്ക’ തോന്നുന്നതു സ്വാഭാവികം. 

പക്ഷേ, ഗ്രേസ് മാർക്കും സർക്കാരിന്റെ പെട്ടിയിൽ പണവും ഉള്ളിടത്തോളം മേളയ്ക്ക് ഉടവു തട്ടില്ലെന്ന് ആശ്വസിപ്പിക്കുന്നു ചിലർ. ദോഷം പറയരുതല്ലോ, പങ്കാളിത്തവും ആവേശവും കുറയുന്നതു നല്ലതാണെന്നു പറയുന്ന ദോഷൈകദൃക്കുകളുമുണ്ട്. 

തയാറാക്കിയത്:

ആർ. കൃഷ്ണരാജ്, സുജിത് നായർ, എൻ.വി.കൃഷ്ണദാസ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA