sections
MORE

അതേ നിലവിളി വീണ്ടും

SHARE

ഡൽഹിയിൽ ഏഴു വർഷം മുൻപ് ഇതുപോലൊരു ഡിസംബറിൽ, നഗരമധ്യത്തിൽ, ഓടുന്ന ബസിൽ കൂട്ട ലൈംഗികാക്രമണത്തിനിരയായി പിന്നീടു മരണമടഞ്ഞ പെൺകുട്ടിക്കു നാം തിരിച്ചുകൊടുത്തതെന്താണ്? അവളുടെ ജീവബലിക്കു ശ്രദ്ധാഞ്‌ജലിയായി നൽകേണ്ടിയിരുന്നത് ഇതുപോലെയൊരു ക്രൂരത ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പായിരുന്നു. ഈ രാജ്യത്ത് ഇനി ജനിക്കാനിരിക്കുന്നവരും ഇപ്പോൾ ജീവിക്കുന്നവരുമായ മുഴുവൻ സ്‌ത്രീകൾക്കുമുള്ള ആ സുരക്ഷാവാഗ്‌ദാനം നൽകാനാവാതെ പോയതിന്റെ ഏറ്റവും ഒടുവിലത്തെ ദുഃഖസാക്ഷ്യമാവുകയാണ്, തെലങ്കാനയിലെ ആ യുവതി. 

ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നശേഷം തീകൊളുത്തിയ സംഭവം രാജ്യമൊട്ടാകെ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്. ടോൾ പ്ലാസയിൽനിന്നു കഴിഞ്ഞ 27നു രാത്രിയാണു യുവതിയെ നാലുപേർ ചേർന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നത്. ടോൾ പ്ലാസയിൽനിന്ന് 25 കിലോമീറ്റർ അകലെ, പിറ്റേന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാഗ്ദാനം നൽകി കെണിയിൽ വീഴ്ത്തുകയായിരുന്നു.

ഡൽഹിയിലെ പെൺകുട്ടി അന്നു മരണത്തിനു കീഴടങ്ങിയപ്പോൾ ‘ഞങ്ങളുടെ കുഞ്ഞിന്റെ മരണം രാജ്യത്തു സ്‌ത്രീസുരക്ഷയ്‌ക്കു വഴിയൊരുക്കട്ടെ’ എന്നാണ് അവളുടെ മാതാപിതാക്കൾ പറഞ്ഞത്. വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നശേഷം തീകൊളുത്തിയ പ്രതികളിൽ ഒരാളുടെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞതു രാജ്യത്തിനു കേൾക്കാനുള്ളതാണ്: ‘അവന്മാർക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെൺകുട്ടിയുടെ അമ്മയാണ്’. ഇനിയും എത്ര അമ്മമാരുടെ ശാപം വേണ്ടിവരും, നമ്മുടെ പെൺകുട്ടികളുടെ ജീവനും അഭിമാനവും കെടാതെ നോക്കാൻ എന്നതുതന്നെയാണ് അടിസ്ഥാനപരമായ ചോദ്യം. 

സ്‌ത്രീകളെ അപമാനിക്കുന്നവർ ആരായാലും അവർക്കു മാതൃകാപരമായ കടുത്ത ശിക്ഷ നൽകുന്ന കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രതയും അടിയന്തര നടപടികളും ഉണ്ടായേ തീരൂവെന്നും അധികാരികളും രാഷ്ട്രീയ നേതാക്കളുമൊക്കെ ഉറക്കെ പറയുമ്പോഴും അതിക്രൂരതകളുടെ തുടർമുറിപ്പാടുകൾ ഇവിടെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. 

നിർഭയ സംഭവത്തിനുശേഷം സ്ത്രീ സുരക്ഷയ്ക്കുവേണ്ടി പല പദ്ധതികൾ രൂപീകരിച്ചെങ്കിലും മിക്കതും നടപ്പായിട്ടില്ല. സ്ത്രീസുരക്ഷയ്ക്കായുള്ള നിർഭയ ഫണ്ട് തന്നെ വേണ്ടരീതിയിൽ ചെലവഴിക്കപ്പെടാത്തത് കുറ്റകരമായ അലംഭാവത്തിനു തെളിവാണ്. സ്ത്രീസുരക്ഷയ്ക്കും അക്രമങ്ങൾക്കിരയാകുന്ന സ്ത്രീകളുടെ സംരക്ഷണത്തിനുമായി 2013 ലാണ് നിർഭയ നിധിക്കു കേന്ദ്രസർക്കാർ തുടക്കമിട്ടത്. തുടക്കത്തിൽ ഇതിൽനിന്നു ചില്ലിക്കാശു പോലും ചെലവഴിച്ചിരുന്നില്ല. നിർഭയ ഫണ്ടിൽനിന്നുള്ള പണം വനിതാക്ഷേമ പദ്ധതികൾക്കു വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ലെങ്കിൽ നാം ഒന്നും നേടാൻ പോകുന്നില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം പറയുകയുണ്ടായി. നിർഭയ നിധിയിൽ നിന്നുള്ള തുക കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്നതിനെതിരെ പാർലമെന്റ് സമിതി ഈ വർഷമാദ്യം ശബ്ദമുയർത്തിയിരുന്നു. 

സ്‌ത്രീകളെ അപമാനിക്കുന്നവർക്കു മാതൃകാപരമായ കടുത്ത ശിക്ഷ നൽകിയേ തീരൂ. പുരുഷന്റെ മനസ്സിലെ മാറ്റത്തിനാണു രാജ്യത്ത് ഏറ്റവുമാദ്യം കളമൊരുങ്ങേണ്ടത് എന്നതും മറന്നുകൂടാ. കുടുംബങ്ങളിൽനിന്നുതന്നെയാണ് ആ മാറ്റം തുടങ്ങേണ്ടത്. ആൺകുട്ടിയും പെൺകുട്ടിയും കുടുംബത്തിലും സമൂഹത്തിലും പരസ്‌പരം ബഹുമാനിച്ചും പരിഗണിച്ചും സ്‌നേഹിച്ചും വളരട്ടെ. 

വനിതാ വെറ്ററിനറി ഡോക്ടർക്കുണ്ടായ ദുരന്തം ഇന്നലെ പാർലമെന്റിൽപോലും പ്രതിഷേധത്തിന്റെ അലയൊലി ഉയർത്തുകയുണ്ടായി. ഇത്തരം സംഭവങ്ങളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷാ നടപടികൾ ഉറപ്പാക്കാൻ നിയമഭേദഗതി വരുത്തുമെന്ന വാഗ്‍ദാനവും ലോക്സഭയിൽ സർക്കാരിന്റെ ഭാഗത്തുനിന്നു കേട്ടു. പകലും രാത്രിയും വീട്ടിലും പുറത്തും തെരുവിലും തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലുമൊക്കെ സ്‌ത്രീ സുരക്ഷിതയാവാൻ, നിതാന്തജാഗ്രതയ്ക്കൊപ്പം നമ്മുടെ നിയമവ്യവസ്‌ഥ ശക്തപ്പെടുകതന്നെ വേണം. ആശയറ്റ് അമർന്നുപോയ ഈ പെൺനിലവിളികൾ മരുഭൂമിയിലെ നിരാലംബ ശബ്ദമായി നഷ്ടപ്പെട്ടുപോകരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA