അടിയറവയ്ക്കുന്ന വ്യക്തിത്വം

tiger
SHARE

കടുവക്കുഞ്ഞ് ജനിച്ചപ്പോൾ തന്നെ അമ്മ വിടപറഞ്ഞു. പിന്നീട് ഒരു ആട്ടിൻപറ്റമാണ് അവനെ വളർത്തിയത്. ആ കൂട്ടത്തിൽ ചേർന്നു പുല്ലു മാത്രം തിന്ന് അവനും സസ്യഭുക്കായി. ഒരിക്കൽ ഒരു വയസ്സൻ കടുവ ആട്ടിൻപറ്റത്തെ കാണാനിടയായി. കൂട്ടത്തിലൊരു കടുവയെ കണ്ട് അദ്ഭുതപ്പെട്ട വയസ്സൻ കടുവ, അവനെ വാരിയെടുത്ത് ദൂരേക്ക് ഓടി. ചെന്നു നിന്നതു നദിക്കരയിൽ. നദിയിലെ വെള്ളത്തിന് അഭിമുഖമായി കുഞ്ഞു കടുവയെ നിർ‌ത്തി. 

വെള്ളത്തിലെ പ്രതിബിംബത്തിൽ അന്നാദ്യമായി കടുവക്കുഞ്ഞ് സ്വന്തം രൂപം കണ്ടു. തന്റെ കണ്ണും മൂക്കും നഖവും എല്ലാം വ്യത്യസ്തമാണെന്ന തിരിച്ചറിവിൽ അന്നുമുതൽ അവൻ യഥാർഥ കടുവയെപ്പോലെ പെരുമാറാൻ തുടങ്ങി. 

അകപ്പെട്ടുപോകുന്ന സൗഹൃദങ്ങൾക്കും സാഹചര്യങ്ങൾക്കും അപ്പുറത്തേക്ക് ആർക്കും വളരാനാകില്ല. ഒരാൾ എന്നും ജീവിക്കുന്ന സാഹചര്യങ്ങളാകും അയാളുടെ ശാരീരിക, മാനസിക പ്രതിരോധശേഷിയും മനോഭാവവും തീരുമാനിക്കുക. ഒരാളെ മനസ്സിലാക്കാൻ അയാളുടെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കൾ ആരൊക്കെ എന്നു തിരിച്ചറിഞ്ഞാൽ മതി. ആ സൗഹൃദവലയത്തിന്റെ സ്വാധീനത്തിൽ നിന്നാകും അയാളുടെ കാഴ്‌ചപ്പാടുകളും കർമബോധവും രൂപപ്പെടുക. 

ചങ്ങാതിക്കൂട്ടത്തിന്റെ നിഷ്‌ഠകൾക്കും ശീലങ്ങൾക്കും അനുസരിച്ച് നിലനിൽക്കാത്തവരെല്ലാം പുറത്താക്കപ്പെടും. ആ ഭയമാണ് ആത്മബോധം പോലും പണയംവച്ച് തുടരുന്നതിന് പ്രേരിപ്പിക്കുന്നത്. താനാരാണെന്നു തിരിച്ചറിയാൻ പോലും അനുവദിക്കാത്ത കൂട്ടുകെട്ടുകളിൽ വീണുപോകുന്നതുകൊണ്ടാണ് പല പറവകളും ഇഴഞ്ഞുനടക്കുന്നത്. അനർഹമായ സ്ഥലങ്ങളിൽ ആരാലും അറിയപ്പെടാതെ ജീവിക്കേണ്ടിവരുന്നു എന്നതാകും സ്വന്തം ജന്മത്തോടു കാണിക്കുന്ന ഏറ്റവും വലിയ അവഹേളനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA