ADVERTISEMENT

തീരപരിപാലന നിയമം ലംഘിച്ചതിനെത്തുടർന്നു സുപ്രീം കോടതി നിർദേശപ്രകാരം കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതു സമീപവാസികൾക്കു തലവേദനയായിരിക്കുകയാണ്. തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത പ്രശ്നത്തിന്റെ പേരിൽ അവരുടെ ജീവിതത്തിലും ഇന്ന് ആശങ്കയുടെ വിള്ളൽ വീണിരിക്കുന്നു. ഫ്ലാറ്റുകളുടെ സമീപവീടുകളിൽ പുതിയ വിള്ളലുകൾ കാണുന്നതാണ് ആശങ്കയ്ക്കു കാരണം. പൊടിശല്യം മൂലം ആസ്മ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വേറെ. മറ്റു മാർഗങ്ങളില്ലാതെ പരിസരവാസികളിൽ ചിലർ മാറിത്താമസിക്കാൻ തുടങ്ങിക്കഴിഞ്ഞു.

തീരപരിപാലന നിയമം ലംഘിച്ചതിനെത്തുടർന്നു കൊച്ചി മരടിലെ നാലു  ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാനാണു സുപ്രീം കോടതി ഉത്തരവിട്ടത്. കുണ്ടന്നൂരിലെ എച്ച്2ഒ ഹോളി ഫെയ്ത്, നെട്ടൂരിലെ ആൽഫ സെറീൻ, കേട്ടേഴത്തും കടവിലെ ജെയിൻ കോറൽ കോവ്, കണ്ണാടിക്കാടിലെ ഗോൾഡൻ കായലോരം എന്നിവ അടുത്ത മാസം 11, 12 തീയതികളിൽ നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണു പൂർണമായും പൊളിക്കുക. ആൽഫ സെറീൻ കെട്ടിട ഭാഗങ്ങൾ പൊളിച്ചുമാറ്റി നിയന്ത്രിത സ്ഫോടനത്തിനു സജ്ജമാക്കുന്ന ജോലിക്കിടെയാണു  സമീപമുള്ള നാലു വീടുകളിൽ വിള്ളൽ കണ്ടെത്തിയത്. എച്ച്2ഒ ഹോളി ഫെയ്ത്തിനു സമീപമുള്ള മൂന്നു വീടുകളിലും ഒരു ഗോഡൗണിലും വിള്ളലുണ്ടായിട്ടുണ്ട്.  

ആൽഫ സെറീൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ കരാറെടുത്ത കമ്പനിക്കു സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് അധികൃതർ തുറന്നുസമ്മതിക്കുന്നു. പക്ഷേ, വീടുകളിലെ വിള്ളലുകൾ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്നാണു നിയന്ത്രിത സ്ഫോടന വിദഗ്ധൻ എസ്.ബി. സർവാതെയുടെ നിരീക്ഷണം. അതേസമയം, ശരിയായി പരിശോധിക്കാതെ, കരാർക്കമ്പനികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണു സമീപവാസികൾ പറയുന്നത്. ‌വിള്ളലുകൾക്ക് എത്രത്തോളം പഴക്കമുണ്ട്, സ്വാഭാവികമായി ഉണ്ടായതാണോ, അതോ പൊളിക്കൽ നടപടികൾ മൂലമുണ്ടായതാണോ തുടങ്ങിയ പരിശോധനകളൊന്നും അധികൃതർ ഇതുവരെ നടത്തിയിട്ടില്ല.

ഫ്ലാറ്റുകളുടെ സമീപത്തു താമസിക്കുന്നവർ ഓരോ ദിവസവും ആശങ്കയോടെയാണു തള്ളിനീക്കുന്നത്. സമീപ വീടുകളുടെ മുകൾനിലയിൽ വാടകയ്ക്കു താമസിച്ചിരുന്നവർ പലരും ഇതിനകം താമസം മാറ്റിക്കഴിഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നത് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണെന്ന് അധികൃതർ ഉറപ്പാക്കിയേതീരൂ. സമീപവാസികൾക്കുള്ള ഇൻഷുറൻസ് സംബന്ധിച്ചും  എത്രയും വേഗം തീരുമാനമെടുക്കണം. നിലവിൽ, ഇതുമൂലം കേടുപാടു സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ കരാർക്കമ്പനികൾ നിർവഹിക്കുന്നുവെന്നു സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്.

ഫ്ലാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷ – ശബ്ദ മലിനീകരണം, ഇതുമൂലമുണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ, സമീപത്തെ കെട്ടിടങ്ങളുടെ ബലം, ഈ കെട്ടിടങ്ങൾക്ക് ആഘാതത്തെ അതിജീവിക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയ പഠനം നടത്താതെയാണു പൊളിക്കൽ നടപടികളെന്നതു ദൗർഭാഗ്യകരമാണ്. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ 100 മീറ്റർ ചുറ്റളവിലെങ്കിലും വലിയ തോതിൽ പൊടിശല്യമുണ്ടാകാമെന്നാണ് ആശങ്ക. പൊടിയുടെ വ്യാപനം പരമാവധി കുറയ്ക്കാനുള്ള ശാസ്ത്രീയ വഴികൾ സ്വീകരിക്കണം. ഫ്ലാറ്റുകൾ തകർക്കുമ്പോൾ ഭൂമിയിലുണ്ടാകുന്ന പ്രകമ്പനങ്ങൾ കുറയ്ക്കാനും നടപടികൾ ഉണ്ടാവണം.

ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികളുടെ ജീവനും സ്വത്തിനും ഒരു പോറൽ പോലുമേൽക്കാതെ കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചകൾക്കും ഫ്ലാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ നടത്തിയ നിയമലംഘനങ്ങൾക്കും  സമീപവാസികൾ വില കൊടുക്കേണ്ടിവരരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com