ADVERTISEMENT

നികുതിപ്പണത്തിലെ ഓരോ ചില്ലിക്കാശും എങ്ങനെ ചെലവഴിക്കുന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അഴിമതി ചോദ്യം ചെയ്യുന്നതിലുമുണ്ട്, അതേ അവകാശം. മഹനീയവും ജനകീയപ്രതിബദ്ധവുമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട നമ്മുടെ വിജിലൻസ് വകുപ്പാണ് ഇക്കാര്യത്തിൽ ജനത്തിനുവേണ്ടി നിലകൊള്ളേണ്ടത്. അഴിമതിക്കെതിരെ സദാ ജാഗരൂകമെന്നു കരുതപ്പെടുന്ന വിജിലൻസ്, സർക്കാരിന്റെ ഒന്നാം കണ്ണായിത്തന്നെ വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ, അഴിമതി നിരോധനനിയമ ഭേദഗതിയും രാഷ്ട്രീയ ഇടപെടലും വിജിലൻസ് സംവിധാനത്തെ ഞെരിച്ചുകൊല്ലുന്നതിന്റെ നേർച്ചിത്രമാണു ‘വലയിലായ വിജിലൻസ്’ എന്ന അന്വേഷണ പരമ്പരയിലൂടെ മലയാള മനോരമ പുറത്തുകൊണ്ടുവന്നത്.

അഴിമതി പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിനും സിബിഐക്കുമൊക്കെ അധികാരമുണ്ടായിരുന്നു. 2018ലെ നിയമഭേദഗതിയോടെ, സർക്കാർ ഉദ്യോഗസ്ഥർക്കോ ജനപ്രതിനിധികൾക്കോ എതിരായി അന്വേഷണം ആരംഭിക്കണമെങ്കിൽ ബന്ധപ്പെട്ട നിയമനാധികാരിയുടെ അനുമതി നിർബന്ധമാക്കി. അന്വേഷണത്തിന്റെ പൂർണ നിയന്ത്രണം ഭരണകൂടത്തിലായതോടെ വിജിലൻസ് ‘കൂട്ടിലടച്ച തത്ത’യുമായി. എല്ലാ ജില്ലകളിലും യൂണിറ്റുകളുള്ള, അഞ്ഞൂറോളം അന്വേഷണ ഉദ്യോഗസ്ഥരുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതി അന്വേഷണ ഏജൻസിയാണ് ഈ നിസ്സഹായാവസ്ഥയിലായിരിക്കുന്നത്.

നൂറോളം ഉന്നത ഉദ്യോഗസ്ഥരടക്കം ഉൾപ്പെട്ട 96 അഴിമതിക്കേസുകളാണു വിജിലൻസിന് അന്വേഷണ അനുമതി നൽകാതെ സർക്കാർ മൂടിവച്ചിരിക്കുന്നത്. താഴെത്തട്ടിലെ ജീവനക്കാർ പ്രതികളായ 160 കേസുകൾ അന്വേഷിക്കാൻ സമ്മതം മൂളിയ സർക്കാരാണ്, ‘വമ്പൻ സ്രാവു’കൾ ഉൾപ്പെട്ട ഫയലുകൾ ഇങ്ങനെ പിടിച്ചുവച്ചിരിക്കുന്നത്. സർക്കാരിനു വേണ്ടപ്പെട്ടവരുടെ അഴിമതിയെപ്പറ്റി നിയമസഭയിൽ ചോദിച്ചാൽ പോലും, വിവരം ശേഖരിച്ചുവരുന്നുവെന്നോ മറ്റോ പറയുന്നതല്ലാതെ, ഉത്തരം വ്യക്തമായി ലഭിക്കുന്നില്ലെന്നതു ഭരണസംവിധാനത്തിൽ ഇവരുടെ സ്വാധീനം വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അന്വേഷണത്തിലും നിഷേധാത്മക നിലപാടാണല്ലോ കേരളം കണ്ടുപോരുന്നത്.

പാലാരിവട്ടം പാലം പോലെ സർക്കാരിനു രാഷ്ട്രീയ താൽപര്യമുള്ള കേസുകളിലേക്ക് ഒതുങ്ങുകയാണ് വിജിലൻസ് അന്വേഷണം. 8.25 കോടി രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന പാലാരിവട്ടം പാലം നിർമാണത്തിൽ യുഡിഎഫ് നേതാക്കളുടെ അടക്കം പങ്ക് വിജിലൻസ് പരിശോധിക്കുന്നുണ്ട്. ഈ കേസിലെ വേഗം അഭിനന്ദിക്കപ്പെടേണ്ടതുതന്നെ. അതേസമയം, 300 കോടിയുടെ അഴിമതി കണ്ടെത്തിയ മുക്കുന്നിമല കേസിൽ തെളിവില്ലെന്ന പേരിൽ കേസ് എഴുതിത്തള്ളാനുള്ള ഉന്നതതല നീക്കംകൂടി ഇതോടു ചേർത്തുവയ്ക്കണം. 33 വൻകിട ക്വാറി ഉടമകൾ അടക്കം പ്രതികളായ സംസ്ഥാനത്തെ ഏറ്റവും വലിയ ക്വാറി അഴിമതിക്കേസാണു സർക്കാർ അട്ടിമറിക്കുന്നത്.

കുന്നത്തുനാട്, ചൂർണിക്കര നിലംനികത്തൽ കേസുകളും കൊടിയുടെ നിറം നോക്കിയുള്ള വിജിലൻസ് അന്വേഷണത്തിന് ഉദാഹരണം തന്നെ. കുന്നത്തുനാട്ടിലെ വിവാദഭൂമിയുടെ ഉടമസ്ഥരായ കമ്പനിക്കു ഭരണകക്ഷിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. 15 ഏക്കർ നിലം നികത്താൻ അനുമതി നൽകിയ റവന്യു വകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ മേയിൽ സർക്കാർ റദ്ദാക്കിയെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. അതേസമയം, ആലുവ ചൂർണിക്കരയിൽ 25 സെന്റ് നിലം നികത്താൻ വ്യാജരേഖ ചമച്ച സംഭവത്തിലാവട്ടെ സജീവമായ അന്വേഷണമാണ്. ഈ കേസിൽ അറസ്റ്റിലായ ഒരാൾ യുഡിഎഫ് മന്ത്രിയുടെ സ്റ്റാഫിൽ ഉണ്ടായിരുന്നതാണ് എൽഡിഎഫ് സർക്കാരിനു വിഷയത്തിൽ അമിത താൽപര്യമുണ്ടാക്കിയതെന്നു പറയുന്നു. അഴിമതി ചെയ്യുന്നത് ആരായാലും, രാഷ്ട്രീയം നോക്കാതെ തുടർനടപടികളിലേക്കു കടക്കാനുള്ള സ്വാതന്ത്ര്യവും ഇച്ഛാശക്തിയും വിജിലൻസ് അടിയന്തരമായി കൈവരിക്കേണ്ടതുണ്ട്.

വലിയ ഉത്തരവാദിത്തം നിറവേറ്റാനുള്ള സ്വാതന്ത്ര്യം വിജിലൻസ് വകുപ്പിനു നൽകാതെ, അന്വേഷണത്തെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസരിച്ചു വഴിതിരിക്കുന്ന പരിപാടി ഭരണനേതൃത്വം ഇനിയെങ്കിലും അവസാനിപ്പിച്ചേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com