ADVERTISEMENT

അറുനൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളത്തിൽ പുതിയൊരു കടുത്ത പ്രതിസന്ധി അലയടിച്ചു തുടങ്ങുകയാണ്. വള്ളങ്ങൾ ഉൾപ്പെടെ കടലിലെ എല്ലാത്തരം മത്സ്യബന്ധന യാനങ്ങൾക്കും സംസ്ഥാന റജിസ്ട്രേഷനു പുറമേ, കേന്ദ്ര സർക്കാരിന്റെ ലൈസൻസ‌ും നിർബന്ധമാക്കുന്നതാണ് ആശങ്ക ഉയർത്തുന്നത്.

ലൈസൻസ് ഇല്ലാത്ത യാനങ്ങളെ വിലക്കുന്നതാണ്, വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ദേശീയ മറൈൻ ഫിഷറീസ് നിയന്ത്രണ, പരിപാലന ബിൽ. ഇതുപ്രകാരം, ലൈസൻസ് ഇല്ലാതെ കടലിൽ പോകുന്ന യാനങ്ങൾ പിടിച്ചെടുക്കുമെന്നും ഉടമയ്ക്കു പിഴ ചുമത്തുമെന്നും മറ്റുമുള്ള വ്യവസ്ഥകളാണ് തീരദേശത്തിന്റെ ആധിയേറ്റുന്നത്. സംസ്ഥാനത്തിന്റെ അധികാരമേഖലയിലുള്ള 12 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ 1.852 കിലോമീറ്റർ) സമുദ്രപരിധിയിൽക്കൂടി കേന്ദ്രത്തിന് അധികാരം നൽകാൻ പഴുതുള്ള നിർദിഷ്ട ബില്ലിനെതിരെ മത്സ്യബന്ധന മേഖലയിൽ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.

സംസ്ഥാനങ്ങളുടെ പരിധിയിലുള്ള തീരമേഖലയിൽ കേന്ദ്ര ലൈസൻസ് നിർബന്ധമാക്കുന്നതിനു പുറമേ, പ്രത്യേക സെസും ചുമത്തുന്നുണ്ട്. ഈ തുക മത്സ്യബന്ധന മേഖലയുടെ വികസനത്തിന് ഉപയോഗിക്കുമെന്നാണു ബില്ലിൽ പറയുന്നത്. മർച്ചന്റ് ഷിപ്പിങ് ചട്ടം (1958) അനുസരിച്ചു റജിസ്റ്റർ ചെയ്ത യാനങ്ങൾക്കു മാത്രം ലൈസൻസ്, നിശ്ചിത നിലവാരമില്ലാത്ത യാനങ്ങൾക്കു ലൈസൻസ് അനുവദിക്കില്ല തുടങ്ങിയ വ്യവസ്ഥകൾ തങ്ങൾക്കു ദോഷകരമാകുമെന്ന ആധിയിലാണു തീരമേഖലയിലുള്ളവർ. യാനങ്ങൾ ഏതു സമയവും പരിശോധിക്കാനും വ്യവസ്ഥകൾ ലംഘിക്കുന്നവ പിടിച്ചെടുക്കാനും ഇതുപ്രകാരം, ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നുണ്ട്. ഉദ്യോഗസ്ഥരെ തടഞ്ഞാൽ പിഴ മുതൽ ജയിൽ വരെയാണു ശിക്ഷ.

ബില്ലിനെതിരെ സംസ്ഥാന സർക്കാർ നിലപാടു കടുപ്പിച്ചിട്ടും കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത് ആശങ്ക വർധിപ്പിക്കുകയും ചെയ്യുന്നു. ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തു തയാറാക്കിയ നിയമം പ്രതിഷേധങ്ങളെത്തുടർന്നു നടപ്പാക്കിയിരുന്നില്ല. ആ നിയമമാണ് ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തിന്റെ അധികാരപരിധി 36 നോട്ടിക്കൽ മൈൽ ആക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനിടെ, 12 നോട്ടിക്കൽ മൈലിനുള്ളിൽക്കൂടി കേന്ദ്രത്തിന് അധികാരം നൽകുന്നത് അംഗീകരിക്കാനാകില്ലെന്നു ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരത്തേ വ്യക്തമാക്കിയതാണ്. സംസ്ഥാനങ്ങൾക്കു മത്സ്യബന്ധനത്തിനുള്ള അവകാശ പരിധി 36 നോട്ടിക്കൽ മൈലായി ഉയർത്തണമെന്നതു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഴുവൻ ആവശ്യമാണ്.

മീനിന്റെ ലഭ്യതക്കുറവ് എന്ന കൊടിയ ദുഃസ്വപ്നത്തെ അഭിമുഖീകരിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. 12 നോട്ടിക്കൽ മൈൽ മാത്രം മത്സ്യബന്ധനം നടത്തുന്നവർക്കു ചെറുമീനുകളേ കിട്ടൂ എന്ന വസ്തുതയുമുണ്ട്. മർച്ചന്റ് ഷിപ്പിങ് ചട്ടപ്രകാരമുള്ള റജിസ്ട്രേഷൻ വ്യവസ്ഥകൾ വള്ളങ്ങൾക്കും ചെറിയ ബോട്ടുകൾക്കും പാലിക്കാൻ സാധിക്കില്ലെന്നും കോർപറേറ്റുകളെ സഹായിക്കുകയാണു സർക്കാർ ലക്ഷ്യമെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. ഫിഷർമെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12നു പാർലമെന്റ് മാർച്ച് നടത്തുന്നുണ്ട്.

അല്ലെങ്കിൽത്തന്നെ പല പ്രശ്നങ്ങളും അലട്ടുന്ന നമ്മുടെ പരമ്പരാഗത മത്സ്യബന്ധന മേഖല പ്രതിസന്ധിയുടെ ആഴക്കടലിൽ മുങ്ങാതിരിക്കാൻ വേണ്ട കരുതലും പിന്തുണയുമാണു കേന്ദ്ര സർക്കാരിൽനിന്ന് അടിയന്തരമായി ഉണ്ടാകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com