ADVERTISEMENT

കയ്യിൽകിട്ടുന്ന വ്യക്തിവിവരങ്ങൾ എങ്ങനെ വേണമെങ്കിലും ദുരുപയോഗപ്പെടുത്തുന്നവരുള്ള ഈ കാലത്ത് ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ച ഡേറ്റ സംരക്ഷണ ബില്ലിനു നിർണായക പ്രാധാന്യമാണുള്ളത്; വ്യക്തിവിവരങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ചു കൊണ്ടുവരുന്ന നിയമത്തിൽ സർക്കാരിന്റെ ഇടപെടൽ എത്രത്തോളം ഉണ്ടാവുമെന്നത് ഇപ്പോഴും അവ്യക്തമാണെങ്കിലും.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉറപ്പുവരുത്താൻ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കേണ്ടത് ആവശ്യമാണെങ്കിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾക്കും സർക്കാരുകൾക്കും അതിന് അധികാരം നൽകുന്നതാണു ബിൽ. കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഏതു സമൂഹമാധ്യമവും ഇന്റർനെറ്റ് സേവനദാതാവും വ്യക്തിയും സ്വകാര്യവിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ബില്ലിനെ എതിർക്കുന്നവർ വ്യാഖ്യാനിക്കുന്നു. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെങ്കിലും തീവ്രവാദികൾക്കോ ക്രിമിനലുകൾക്കോ അത് മൗലികാവകാശമല്ലെന്നാണു സർക്കാർ നിലപാടെന്ന് െഎടി മന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ സഭയിൽ വ്യക്തമാക്കുകയുണ്ടായി.

ഡേറ്റ സംരക്ഷണ ബിൽ സംബന്ധിച്ച് ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം ജൂലൈയിലാണു സർക്കാരിനു റിപ്പോർട്ട് നൽകിയത്. വ്യക്തികളുടെ വിവരങ്ങൾ കമ്പനികൾ ദുരുപയോഗം ചെയ്താൽ വൻതുക പിഴ വ്യവസ്ഥ ചെയ്യുന്ന ഡേറ്റ സംരക്ഷണ ബിൽ, വ്യവസ്ഥകൾക്കു വിരുദ്ധമായി വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ കമ്പനിയിൽ േഡറ്റയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനു മൂന്നു വർഷം വരെ തടവും നിർദേശിക്കുന്നു. ഇന്റർനെറ്റ് കമ്പനികൾ സുപ്രധാന (ക്രിറ്റിക്കൽ) ഡേറ്റ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണം, ക്രിറ്റിക്കൽ ഡേറ്റ സർക്കാർ നിർവചിക്കും തുടങ്ങിയ വ്യവസ്ഥകളെച്ചൊല്ലി വൻകിട രാജ്യാന്തര കമ്പനികൾ പ്രതിഷേധമുയർത്തിയിട്ടുമുണ്ട്.

അല്ലെങ്കിൽത്തന്നെ, വഴിയാധാരമായിക്കൊണ്ടിരിക്കുകയാണു നമ്മുടെ സ്വകാര്യത എന്നത് ആശങ്കപ്പെടുത്തുന്ന യാഥാർഥ്യമാണ്. ചോർന്നുവെന്ന് അറിയാമെങ്കിലും ഡേറ്റയുടെ കാര്യത്തിൽ വ്യക്തിക്കു നിയമപരമായി അവകാശമില്ലാത്ത രാജ്യമാണ് ഇന്ത്യയെന്ന വസ്തുത കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. 2012ൽ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന ജനറൽ ഡേറ്റ പ്രൊട്ടക്‌ഷൻ റഗുലേഷന് (ജിഡിപിആർ) സമാനമായ നിയമം ഇന്ത്യയിലും വേണമെന്നു പല ദുരനുഭവങ്ങളും നമ്മെ ഓർമിപ്പിക്കുകയുണ്ടായി. ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ നിയമനിർമാണം നമ്മുടെ രാജ്യത്തും എത്രയും വേഗത്തിലുണ്ടാവേണ്ടതിന്റെ ആവശ്യം അങ്ങനെയാണു പല തലങ്ങളിൽനിന്നും ഉയർന്നുതുടങ്ങിയത്. അതുകൊണ്ടുതന്നെ, ഇങ്ങനെയൊരു നിയമത്തിന്റെ വരവ് പ്രാഥമികമായി സ്വാഗതം ചെയ്യപ്പെട്ടെങ്കിലും ആശങ്കകളും അതിനൊപ്പമുയർന്നു.

പല ആവശ്യങ്ങൾക്കായും ഇലക്ട്രോണിക് പ്രപഞ്ചത്തിലേക്കു നൽകപ്പെടുന്ന വ്യക്തിവിവരങ്ങൾ ദേശവിരുദ്ധമായിപ്പോലും ദുരുപയോഗപ്പെടുത്താൻ തക്കംപാർത്തിരിക്കുന്നവരുണ്ട് എന്ന യാഥാർഥ്യം നമുക്കു മുന്നിലുണ്ട്. അവർക്കു തടയിടാൻ പുതിയ നിയമത്തിനു കഴിയുമെന്നാണു സർക്കാർ നിലപാട്.

വ്യക്തിവിവരങ്ങൾ ഭദ്രമായും സ്വകാര്യമായും സൂക്ഷിക്കുമെന്ന ഉറപ്പ് സർക്കാരിൽനിന്നും ബന്ധപ്പെട്ട മറ്റെല്ലാവരിൽനിന്നും പൗരനു ലഭിച്ചേതീരൂ. രാജ്യസുരക്ഷ, മെഡിക്കൽ എമർജൻസി, നിയമവിരുദ്ധ പ്രവർത്തനം കണ്ടെത്തൽ, അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയവയ്ക്കു വ്യക്തിയുടെ സമ്മതമില്ലാതെ തന്നെ ഡേറ്റ ഉപയോഗിക്കാനാവുമെന്ന് ഇപ്പോഴത്തെ ബില്ലിൽ പറയുന്നത് അതുകൊണ്ടുതന്നെ ആശങ്കയ്ക്കു കാരണമാവുന്നു. ഏതു വ്യക്തിവിവരവും സാഹചര്യാനുസൃതം അതീവപ്രാധാന്യമുള്ളതായി മാറാമെന്നു ശ്രീകൃഷ്ണ കമ്മിറ്റിതന്നെ പറഞ്ഞിട്ടുമുണ്ട്. സ്വകാര്യമായ വ്യക്തിവിവരങ്ങളുടെ ആത്യന്തിക സൂക്ഷിപ്പുകാരൻ ഭരണകൂടമാവുന്നതിൽ തീർച്ചയായും പൗരാവകാശത്തിന്റെ ലംഘനവും കണ്ടെടുക്കാം.

ആശങ്കകളെല്ലാം ദൂരീകരിച്ചും വ്യവസ്ഥകൾ സുതാര്യമാക്കിയുമാവണം ഡേറ്റ സംരക്ഷണം നിയമമാവേണ്ടത്. ബിൽ കൂടുതൽ പരിശോധനയ്ക്ക് പാർലമെന്റിന്റെ സംയുക്ത സിലക്ട് കമ്മിറ്റിക്കു വിടാൻ തീരുമാനമുണ്ടായത് അതുകൊണ്ടുതന്നെ പ്രതീക്ഷ നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com