ADVERTISEMENT

ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് പൗരത്വബിൽ കത്തിവയ്ക്കുന്നത്. ബിൽ ഒരു മതത്തെ മാറ്റിനിർത്തുന്നു. മറ്റു ചിലതിനെ ഉൾപ്പെടുത്തുന്നു. അതു ന്യായമെന്നു സർക്കാർ നിലപാടെടുക്കുകയും ചെയ്യുന്നു.

മതത്തിന്റെ പേരിൽ ഒഴിവാക്കപ്പെടുക എന്നതു ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ് എന്നാണു വിവാദ പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ. എം. ലോധ അഭിപ്രായപ്പെട്ടത്.

ഭരണഘടനയുടെ അഞ്ചാം അനുഛേദ പ്രകാരം  3 തരം ആളുകൾക്കാണു പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. 1. രാജ്യത്തിനകത്തു ജനിച്ചവർ. 2.മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ രാജ്യത്തിനുള്ളിൽ ജനിച്ചിട്ടുള്ളവർ. 3. അഞ്ചു വർഷമായി രാജ്യത്തിനകത്തു താമസിക്കുന്നവർ.

ഇതിനു പുറമേ, പൗരത്വ നിയമപ്രകാരം ഒരാളുടെ ജനനം, പിൻതുടർച്ച, റജിസ്ട്രേഷൻ, താമസം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് പാർലമെന്റിന് പൗരത്വം ക്രമപ്പെടുത്തി നൽകാം.

ഭേദഗതി പ്രകാരം ഒരു വ്യവസ്ഥ കൂടിയാണ് കൂട്ടിച്ചേർക്കപ്പെടുന്നത്– അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ട ആളുകൾ 2014 ഡിസംബർ 31നോ അതിനു മുൻപോ മുൻപു കുടിയേറിയിട്ടുണ്ടെങ്കിൽ അവർക്കും പൗരത്വം ക്രമപ്പെടുത്തി നൽകാം. പൗരത്വ ഭേദഗതി ബില്ലിന്റെ തകരാറെന്തെന്നു പരിശോധിക്കാം.

മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം സൃഷ്ടിക്കുന്നു

ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്നും പാർലമെന്റ് പാസാക്കുന്ന ഏതു നിയമവും മതനിരപേക്ഷമായിരിക്കണമെന്നുമാണ് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിയമവും പാർലമെന്റിനു പാസാക്കാനാവില്ല. ഭരണഘടനയുടെ അടിസ്ഥാനമായ മതനിരപേക്ഷതയുടെ കടയ്ക്കലാണ് ഇതു കത്തിവയ്ക്കുന്നത്. ബിൽ ഒരു മതത്തെ മാറ്റിനിർത്തുന്നു.

മറ്റു ചിലതിനെ ഉൾപ്പെടുത്തുന്നു. അതു ന്യായമെന്നു സർക്കാർ നിലപാടെടുക്കുകയും ചെയ്യുന്നു. ഇത് അന്യായമെന്നു മാത്രമല്ല, ഭരണഘടനയുടെ 14–ാം അനുച്ഛേദത്തിനു കടകവിരുദ്ധവുമാണ്. 

 അകാരണമായി രാജ്യങ്ങളെ തരംതിരിക്കുന്നു

മതരാഷ്ട്രങ്ങളായ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നു മത പീഡനം മൂലം കാലങ്ങളായി ആളുകൾ ഇവിടേയ്ക്കു കുടിയേറുന്നുണ്ടെന്നത് ഭേദഗതിയുടെ ലക്ഷ്യങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അവിഭക്ത ഇന്ത്യയിൽ പെട്ട ലക്ഷക്കണക്കിനാളുകൾ പാക്കിസ്ഥാനിലും ബംഗ്ലദേശിലും താമസിക്കുന്നതായും പറയുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ എങ്ങനെ ഇതിൽ ഉൾപ്പെടുന്നുവെന്നതിനു വിശദീകരണമില്ല.

മാത്രമല്ല, ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും ബുദ്ധമത രാഷ്ട്രമായ ശ്രീലങ്ക, ബുദ്ധമതത്തിനു പ്രാമുഖ്യം നൽകിയിട്ടുള്ള മ്യാൻമർ എന്നിവിടങ്ങളിൽ‌ നിന്നുള്ള കുടിയേറ്റ‌ക്കാരെയും തമ്മിൽ വേർതിരിച്ചിരിക്കുന്നതിനും വിശദീകരണമില്ല.

ഭാഷാന്യൂനപക്ഷമായ തമിഴ് വംശജരെ പീഡിപ്പിച്ചതിന്റെ ചരിത്രമുണ്ട്, ശ്രീലങ്കയ്ക്ക്. രോഹിൻഗ്യ മുസ്‍ലിംകളുടെ വംശഹത്യയ്ക്കും പീഡനത്തിനും ഇടയാക്കിയ മ്യാൻമറും ഇന്ത്യയുടെ അയൽരാജ്യമാണ്. ഇവരെല്ലാം അവിടെ നിന്നു പലായനം ചെയ്യുന്നതായും ഇന്ത്യയിൽ അഭയം തേടുന്നതുമായുള്ള വാർത്തകൾ വർഷങ്ങളായി വന്നിരുന്നു.

തീയതിയുടെ അടിസ്ഥാനത്തിൽ കുടിയേറ്റക്കാരോടു വിവേചനം കാട്ടുന്നതിനുള്ള കാരണവും വ്യക്തമാക്കിയിട്ടില്ല. അതിനാൽ ബില്ലിന്റെ ലക്ഷ്യങ്ങളിൽ 3 രാജ്യങ്ങളിലെ ചില മതങ്ങളെ മാത്രം ഉൾപ്പെടുത്തിയത് ന്യായീകരിക്കത്തക്കതല്ല. അതു വർഗീയവുമാണ്.

തുല്യതയെന്ന സങ്കൽപത്തെ തൃപ്തിപ്പെടുത്തുന്നതല്ല

ഭരണഘടനയുടെ 14–ാം  അനുഛേദത്തിൽ രാജ്യത്ത് ആർക്കും നിയമപരമായ തുല്യത നിഷേധിക്കരുതെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. 2014 ഡിസംബർ 31നു മുൻപ് അനധികൃതമായി കുടിയേറിയവർക്കാണു നിയമപരമായ അംഗീകാരം നൽകാൻ ബിൽ ഉദ്ദേശിക്കുന്നത്.

മതപീഡനമാണു പൗരത്വം നൽകാൻ കാരണമായി പറയുന്നത്. തുല്യതയെന്ന ഭരണഘടനാ വ്യവസ്ഥ പ്രകാരമാണെങ്കിൽ മതപരിഗണന കൂടാതെ എല്ലാ അനധികൃത കുടിയേറ്റക്കാർക്കും ഇതു ബാധകമാകണം. 

3 രാജ്യങ്ങളെ ന്യായമായി തന്നെയാണ് സർക്കാർ തിരഞ്ഞെടുത്തതെന്നു വന്നാൽ തന്നെ, മതപീഡനം അനുഭവിക്കുന്ന അഹമ്മദീയ, ഷിയ തുടങ്ങിയ പല ന്യൂനപക്ഷങ്ങളെയും വിട്ടുകളഞ്ഞിരിക്കുകയാണ്. ഇതു മാത്രം കണക്കിലെടുത്താൽ പോലും തുല്യതയെന്ന മാനദണ്ഡം പരാജയപ്പെടും.

 ഏകപക്ഷീയമായ ഭേദഗതി

ഏതെങ്കിലും നിയമം പ്രകടമായി ഏകപക്ഷീയമാണെന്നു വന്നാൽ തന്നെ 14–ാം അനുഛേദത്തിന്റെ ലംഘനമാണ്. 3 രാജ്യങ്ങളെ മാത്രം ഉൾപ്പെടുത്തിയതു സ്വേഛാപരമാണ്. അവയെ തിരഞ്ഞെടുത്തതിനുള്ള മാനദണ്ഡം പറയുന്നില്ല. ശ്രീലങ്ക, മ്യാൻമർ, നേപ്പാൾ, ഭൂട്ടാൻ, ചൈന തുടങ്ങിയ അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താത്തതിനു കാരണമെന്തെന്നും വ്യക്തമാക്കുന്നില്ല. 

 ഭരണകക്ഷിയുടെ അജൻഡ

സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അസമിൽ ദേശീയ പൗരപ്പട്ടിക തയാറാക്കിയപ്പോൾ പൗരത്വം തെളിയിക്കാനാവാതെ വന്ന 19 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. വലിയ പാളിച്ചകളുള്ളതായിരുന്നുഈ നടപടിക്രമം. 

1600 കോടി രൂപ ചെലവാക്കിയിട്ട്, ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷം വളർത്താനും മാത്രമാണ് ഇത് ഉപകരിച്ചത്. പൗരത്വ ഭേദഗതി ബില്ലിനും ഇതേ നേടാനാവൂ. 

ബിജെപി അവകാശവാദങ്ങൾക്കു വിരുദ്ധമായി പൗരപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് മുസ്‌ലിംകളെക്കാൾ  കൂടുതൽ ഹിന്ദുക്കളാണ് എന്നും വ്യക്തമായിട്ടുണ്ട്. ഇതു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്കു തിരിച്ചടിയായതോടെ വീണ്ടും നടത്താമെന്നു വാക്കു നൽകിയിരിക്കുകയാണ്.

ഇങ്ങനെ ഒഴിവാക്കപ്പെട്ട 14–15 ലക്ഷം ഹിന്ദുക്കളെ രക്ഷിക്കാനാണ് ഈ ഭേദഗതി കൊണ്ടുവന്നത്. അതേസമയം അനധികൃത മുസ്‌ലിം കുടിയേറ്റക്കാരെ നാടുകടത്തുകയോ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിക്കുകയോ ചെയ്യും ഇത് തെറ്റായ ഉദ്ദേശ്യത്തോടെയുള്ള ഭേദഗതിയാണ്; ഭരണഘടനാ വിരുദ്ധവുമാണ്.

ലക്ഷ്യം നേടാനുള്ള  ശ്രമത്തിലെ പോരായ്മ

പൗരപ്പട്ടികയുടെ നടപടി പ്രകാരം ഓരോ അനധികൃത കുടിയേറ്റക്കാരനും അവൻ ഇന്ത്യൻ പൗരനാണെന്നും ഇന്ത്യയിൽ ദീർഘനാളായി താമസിച്ചു വരുകയാണെന്നും സത്യവാങ്മൂലം നൽകണം. പൗരപ്പട്ടികയുടെ റജിസ്ട്രാർ ഈ അവകാശവാദം തള്ളിയാണ് ഇവരെ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഭേദഗതി പ്രകാരം ഇന്ത്യക്കാരനല്ല, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നു സ്ഥാപിക്കണം. മാത്രമല്ല, അവിടെ മതപീഡനം നേരിട്ടുവെന്നും സ്ഥാപിക്കണം. ദേശീയ പൗരപ്പട്ടിക തയാറാക്കിയപ്പോൾ ഇന്ത്യക്കാരനെന്നു സത്യവാങ്മൂലം നൽകിയവർ ഇനി ഭേദഗതി പ്രകാരം ഇന്ത്യക്കാരനല്ലെന്ന സത്യവാങ്മൂലം നൽകണം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് അസമിൽ ബംഗ്ലദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വ്യാപകമാണ്. അസം സ്വദേശികളെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരനാണോ കുടിയേറ്റക്കാരനാണോ എന്ന ഒരു ചോദ്യം മാത്രമേയുള്ളൂ മുന്നിൽ. എന്നാൽ അതിൽ മതം ചേർക്കുമ്പോൾ മുസ്‌ലിം അല്ലാത്തവരെല്ലാം സ്വീകാര്യരാണെന്നു വരുന്നു. കുടിയേറ്റക്കാരൻ ഏതായാലും തിരിച്ചയയ്ക്കണമെന്നല്ലാതെ മതം അവർ അതിന് അടിസ്ഥാനമായി കാണുന്നില്ല. 

അഭയാർഥികളും അനധികൃത കുടിയേറ്റക്കാരും 

അഭയാർഥികളും അനധികൃത കുടിയേറ്റക്കാരും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണു ഭേദഗതി. നിയമസാധുതയുള്ള രേഖകളില്ലാതെ മറ്റൊരു രാജ്യത്തേയ്ക്കു കടന്നുകയറിയവരാണ് അനധികൃത കുടിയേറ്റക്കാർ.

പീഡനം മൂലം പലായനം ചെയ്യുന്നവരാണ് അഭയാർഥികൾ. അനധികൃത കുടിയേറ്റക്കാർക്ക്  പൗരത്വം നൽകാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.

2003ൽ പൗരത്വനിയമം ഭേദഗതി ചെയ്തപ്പോൾ മുതിർന്ന ബിജെപി നേതാവ് എൽ. കെ. അഡ്വാനി ലോക്സഭയിൽ പറഞ്ഞത് അഭയാർഥികളെ സ്വീകരിക്കുകയാണു വേണ്ടതെന്നാണ്; അനധികൃത കുടിയേറ്റക്കാർക്ക്  നൽകരുതെന്നും.

മുസ്‌ലിംകൾ ആശങ്കപ്പെടേണ്ടതില്ല

സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽനിന്നു മനസ്സിലാവുന്നത് ഇന്ത്യയിലെ മുസ്‌ലിം സമൂഹം പരിഭ്രാന്തിയിലായിരിക്കയാണ് എന്നാണ്. പക്ഷേ, ഇതിൽ വിഷമിക്കേണ്ടതില്ല. 

പുതിയ നിയമം ഒരു തരത്തിലും രാജ്യത്തെ മുസ്‌ലിംകളുടെ പൗരത്വ അവകാശങ്ങൾ കവർന്നെടുക്കുന്നില്ല.  പാക്കിസ്ഥാനിൽ നിന്നോ ബംഗ്ലദേശിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ കുടിയേറിയ മുസ്‌ലിംകൾക്കു മാത്രമേ പുതിയ ഭേദഗതി ബാധകമാകൂ.  ഒരിക്കൽ നൽകിയ പൗരത്വം മുൻ‌കാലാടിസ്ഥാനത്തിൽ അസാധുവാക്കാൻ കഴിയില്ല.

 പുനഃപരിശോധനാ സാധ്യത

ഭേദഗതിയുടെ ഭരണഘടനാ സാധുത തീർച്ചയായും സുപ്രീം കോടതിയുടെ പരിഗണനയിലെത്തും. രാജ്യത്തെ പരമോന്നത ‌കോടതി അവസരത്തിനൊത്തുയർന്ന് മതാടിസ്ഥാനത്തിലുള്ളതും വിഭാഗീയമായതുമായ നിയമത്തിനെതിരെ ശക്തമായ താക്കീത് നൽകുമെന്നുറപ്പ്.

എന്നാൽ കോടതിയും ഇതിനെ ഉയർത്തിപ്പിടിക്കുകയാണെങ്കിൽ ഭരണഘടനയുടെ ആമുഖം അടക്കമുള്ളവ തിരുത്തിയെഴുതേണ്ടിവരും. ഭാവിയിൽ മതാടിസ്ഥാനത്തിലുള്ള നിയമങ്ങളാവും വരുക. ബാബാസാഹേബ് അംബേദ്കർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ !

(സുപ്രീം കോടതി അഭിഭാഷകനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com