sections
MORE

കോപിക്കരുത് പ്ലീസ്, വഴിയുണ്ടാക്കാം

tharangam
SHARE

പുതുവർഷ വേളയിൽ നമ്മുടെ നടൻ പൃഥ്വിരാജുമായി ആകാശവാണി നടത്തിയ അഭിമുഖത്തിൽ അദ്ദേഹം വലിയൊരു കോപഭാരം സ്വന്തം ചുമലിലേൽക്കുകയും മമ്മൂട്ടിയുടെ ചുമലിൽനിന്ന് ആ ഭാരം എടുത്തുമാറ്റുകയും ചെയ്യുന്നുണ്ട്.

മമ്മൂട്ടിയും താനും പെട്ടെന്നു കോപിക്കുന്നവരാണെന്ന് ആരോപണമുണ്ടെങ്കിലും മമ്മൂട്ടിയുടെ കാര്യത്തിൽ അതു ശരിയല്ലെന്നും അദ്ദേഹമൊരു പാവമാണെന്നുമാണ് പൃഥ്വിരാജ് സാക്ഷ്യപ്പെടുത്തിയത്.

എന്നാൽ, തനിക്കു പെട്ടെന്നു കോപം വരുമെന്ന് പൃഥ്വിരാജ് സമ്മതിച്ചു. അതങ്ങനെ വന്നുപോകുന്നതാണ്. അതിനൊന്നും ചെയ്യാനില്ല.

എന്നാൽ, സ്കൂൾ കുട്ടികളെ ദേശീയ വിദ്യാഭ്യാസം പഠിപ്പിക്കുന്ന സിബിഎസ്ഇ എന്ന സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പറയുന്നത് ഈ അതിവേഗ കോപത്തിനു പരിഹാരമുണ്ടെന്നാണ്.

എന്നുതന്നെയല്ല, സിബിഎസ്ഇ സ്കൂളുകൾ കോപരഹിത മേഖലകളായി പ്രഖ്യാപിക്കാൻ പോകുകയാണ്. അതിനു വേണ്ട നടപടി സ്വീകരിക്കാൻ സ്കൂൾ മാനേജർമാർക്കു സിബിഎസ്ഇ കത്തയച്ചു കഴിഞ്ഞു.

വിദ്യാർഥികളും അധ്യാപകരും കണ്ടുമുട്ടുമ്പോൾ പരസ്പരം പുഞ്ചിരിക്കുക എന്നതാണ് കോപരഹിത മേഖലയിലേക്കുള്ള ഒരു വഴിയായി സിബിഎസ്ഇ നിർദേശിക്കുന്നത്.

ഏതെങ്കിലുമൊരു കുട്ടി പു‍ഞ്ചിരിക്കാൻ വിട്ടുപോകുമ്പോൾ അധ്യാപകനു ദേഷ്യം വന്നാൽ എന്താണൊരു പോംവഴി എന്നു കത്തിൽ പറയുന്നില്ല.

കോപരഹിത വ്യവസ്ഥിതിയിൽ അധ്യാപകർ വിദ്യാർഥികളോടും മറ്റുള്ളവരോടും സൗമ്യമായി മാത്രമേ സംസാരിക്കാൻ പാടുള്ളൂ. ഗൃഹപാഠം ചെയ്യാതെ വരുന്ന കുട്ടിയോട് അധ്യാപകനു പരമാവധി ഇങ്ങനെ പറയാം:

പ്രിയ ശിഷ്യാ,

ഗൃഹപാഠം ചെയ്തു വന്നിരുന്നെങ്കിൽ എനിക്കും നിനക്കും പരസ്പരം പുഞ്ചിരിക്കാമായിരുന്നു. നീ അതു ചെയ്യാതെ വന്നതുകൊണ്ട് എനിക്കു പുഞ്ചിരിക്കാൻ തോന്നുന്നില്ലെങ്കിലും കേന്ദ്രനയം നടപ്പാക്കാൻവേണ്ടി ഒരു പുഞ്ചിരി സമർപ്പിച്ചുകൊള്ളുന്നു.

ഇതു കേൾക്കുമ്പോൾ കുട്ടി പൊട്ടിച്ചിരിച്ചുപോകുകയും അതോടെ കോപരഹിത മേഖല സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

സ്കൂളുകളുടെ പ്രവേശന ഭാഗത്തും മറ്റു ഭാഗങ്ങളിലും ‘ഇതു കോപരഹിത മേഖലയാണ്’ എന്ന ബോർഡ് വയ്ക്കണം എന്നാണ് സിബിഎസ്ഇയുടെ ഭാവനാപൂർണമായ നിർദേശം.

ഉറുമ്പ് എന്നു തൂലികാ നാമമുള്ള എറുമ്പ് പഞ്ചസാരപ്പാത്രത്തിൽ കയറാതിരിക്കാൻ അതിന്മേൽ ഉപ്പ് എന്നെഴുതി വയ്ക്കുന്നതുപോലെ മനോഹരം എന്നാണ് അപ്പുക്കുട്ടന്റെ പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ നിരീക്ഷണം.

സ്കൂളിലേക്കു കയറുമ്പോൾ ഈ ബോർഡ് വായിച്ച് അധ്യാപകരുടെയും വിദ്യാർഥികളുടെയും ചുണ്ടിലൊരു പുഞ്ചിരി തെളിയുകയും അങ്ങനെ കോപം പടിയിറങ്ങിപ്പോകുകയും ചെയ്യാനുള്ള സാധ്യത കാണാതിരുന്നുകൂടാ.

ഈ സാധ്യതയെപ്പറ്റി ഓർക്കുമ്പോൾ ഒരു പക്ഷേ പൃഥ്വിരാജിനുപോലും ഒന്നു ചിരിക്കാൻ തോന്നും, ഇല്ലേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA