sections
MORE

സിപിഐയുടെ രാഷ്ട്രീയ ഉപമകൾ; മോദി മുതൽ യോഗി വരെ

modi-and-pinarayi
SHARE

ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട വിവാദത്തിൽ, സിപിഐയെ ചവിട്ടിത്തേച്ചു കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ മറുപടി നൽകിയതിൽ അദ്ഭുതം കൂറുന്നവരുണ്ട്. സിപിഐ മുഖപത്രമായ ‘ജനയുഗ’ത്തിന്റെ മുഖപ്രസംഗമൊന്നും സാധാരണ പിണറായി ഗൗനിക്കാത്തതാണ്. പക്ഷേ, ഇക്കുറി അതിൽ സിപിഎമ്മിനെ ചൊടിപ്പിച്ച ഒരു താരതമ്യമുണ്ടായി.

കേന്ദ്ര സർക്കാരും പിണറായി സർക്കാരും ചരിത്രം തിരുത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നതിൽ ഒരുപോലെ വിരുതു കാട്ടുന്നുവെന്ന‌ാണു ജനയുഗം എഴുതിയത്. ഈ താരതമ്യം സിപിഐ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കൃത്യമായ ഇടവേളകളിൽ പാർട്ടിക്കകത്തും പുറത്തും സിപിഐ നേതാക്കൾ പിണറായി സർക്കാരിനെ മോദി സർക്കാരിനോട് ഉപമിക്കുന്നു. ‘മുണ്ടുടുത്ത മോദി’ എന്ന ആക്ഷേപം പാർട്ടി സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്കെതിരെ തൊടുക്കുന്നു. ഇതു സംബന്ധിച്ച വാർത്തകൾ സിപിഐ നേതൃത്വം നിഷേധിക്കാറുമില്ല.‌

മോദി സർക്കാരിനും ബിജെപി നയങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നവർ എന്നതാണ് ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ട്. മോദിക്കെതിരെ ബദൽനയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ നായകൻ എന്ന ഖ്യാതി ആർജിക്കാനാണു പിണറായി ശ്രമിക്കുന്നതെന്നു കരുതുന്നവരുണ്ട്. ‘പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ മാതൃക പിന്തുടരണം’ എന്നാവശ്യപ്പെട്ട് ബിജെപി ഇതര മുഖ്യമന്ത്രിമാർക്കു കത്തെഴുതിയതും ഇവിടെ കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങൾക്കു നായകത്വം വഹിക്കുന്നതും അതിനുവേണ്ടിയാണ്. 

ഇതിനിടയിലാണ് ഇടതു‌സർക്കാരിലെ രണ്ടാം കക്ഷിയുടെ മേൽപറഞ്ഞ താരതമ്യം. പ്രതിപക്ഷം അങ്ങനെ ആരോപിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യം സിപിഎമ്മിനു മനസ്സിലാകും. പക്ഷേ, സിപിഐയുടെ ഈ പറച്ചിൽ സിപിഎമ്മിനു തീരെ പിടിക്കുന്നില്ല.

മോദി മുതൽ യോഗി വരെ

ഏറ്റവുമൊടുവിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി വരെ മുഖ്യമന്ത്രി പിണറായിയെ സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു താരതമ്യം ചെയ്തുകളഞ്ഞു. ‘ചരിത്രം വളച്ചൊടിക്കുന്ന മോദിയെപ്പോലുള്ള ഫാഷിസ്റ്റുകളാണ് ഭൂപരിഷ്കരണ ചരിത്രത്തെയും ദുർവ്യാഖ്യാനം ചെയ്യുന്നത്’ എന്നും പ്രകാശ് ബാബു തുറന്നടിച്ചിരുന്നു. കടുത്ത ഭാഷ സ്വീകരിച്ചില്ലെങ്കിലും മാവോയിസ്റ്റ്, യുഎപിഎ വിവാദം ശക്തമായപ്പോൾ, കേന്ദ്രനയം പിന്തുടരാനല്ല കേരളത്തിൽ ഇടതുസർക്കാർ എന്ന വിമർശനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉന്നയിച്ചിരുന്നു.

‌മാവോയിസ്റ്റുകളെ കൊന്നൊടുക്കിയതിലും യുഎപിഎ പ്രകാരം രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തതിലും ഇടതുസർക്കാരിന്റെ പൊല‌ീസ് നയമല്ല സിപിഐ കാണുന്നത്; അമിത് ഷായുടെ 

ആഭ്യന്തരവകുപ്പിന്റെ നിർദേശങ്ങൾ അതേപടി പിന്തുടരുകയും അതിനു ന്യായം നിരത്തുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെയാണ്. അതുകൊണ്ടു തന്നെ യുഎപിഎ കുരുക്കിൽപെട്ട പാർട്ടി അംഗങ്ങളായ അലനെയും താഹയെയും സിപിഎം കയ്യൊഴിഞ്ഞെങ്കിലും, അവരുടെ അവകാശങ്ങൾക്കായി കോഴിക്കോടു കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാ സമരങ്ങൾക്കും സിപിഐയുടെ പിന്തുണയുണ്ട്.

കേന്ദ്രനയങ്ങൾക്കെതിരെ കൈകോർത്തു ചങ്ങല പിടിക്കാൻ നിൽക്കുന്നതിനിടെ, ഒരു കൈ കൊണ്ടുള്ള പിന്നിലെ ഈ കുത്തുകൾക്കെതിരെ സിപിഎമ്മിൽ അരിശം ശക്തമാണ്. സിപിഐ പോലൊരു കക്ഷി മോദിയെയും പിണറായിയെയും താരതമ്യപ്പെടുത്തുന്നതിലെ സ്ഫോടന ശേഷിയെക്കുറിച്ചു സിപിഎം നേതൃത്വത്തിനു ബോധ്യമുണ്ട്.

1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിലേക്കു വഴിവച്ച കാരണങ്ങളിലൊന്ന് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിനോടു സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചുള്ള ഭിന്നതയായിരുന്നുവെന്നു വരെ ഓർമിപ്പിക്കുന്നവരുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ ഉത്തരവുകളുടെ മറപറ്റി ഇടതുപക്ഷനയം വിട്ടു പ്രവർത്തിച്ചാൽ തുറന്നുകാണിക്കേണ്ടി വരുമെന്നാണു സിപിഐയുടെ മറുപടി.

രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്ന ഗവർണറുടെ നടപടികളോടുള്ള മുഖ്യമന്ത്രിയുടെ മൗനത്തോടും അവർക്കു യോജിപ്പില്ല. സർക്കാരിന്റെ ആഭ്യന്തര, ധനകാര്യ, സാംസ്കാരിക വകുപ്പുകളുടെ ശൈലിയിലും കടുത്ത വിയോജിപ്പുണ്ട്. 

ചരിത്രത്തിന്റെ തമസ്കരണം മാത്രമല്ല അപ്പോൾ തർക്കകാരണം; വർത്തമാനകാലത്തെ നയനടപടികളും അതു ഭാവിയെക്കുറിച്ചുയർത്തുന്ന ആകുലതകളും കൂടിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA