sections
MORE

‘ഇഷ്ടമില്ലാത്ത കണക്കുകൾ’ മൂടിവയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമം: സി.പി.ചന്ദ്രശേഖർ

cp-chandrasekhar
സി.പി.ചന്ദ്രശേഖർ
SHARE

ജെഎൻയു വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന്, കേന്ദ്ര സാമ്പത്തിക സ്റ്റാറ്റിസ്റ്റിക്സ് സ്ഥിരസമിതിയിൽനിന്ന് സി.പി.ചന്ദ്രശേഖർ രാജിവച്ചു. ആ സംഭവത്തിലുള്ള പ്രതിഷേധം മാത്രമാണോരാജിക്കു പിന്നിൽ? ജെഎൻയുവിലെ മുൻ സാമ്പത്തികശാസ്ത്ര പ്രഫസറും കോഴിക്കോട് സ്വദേശിയുമായ സി.പി.ചന്ദ്രശേഖർ മനോരമയോട്: 

∙ സ്‌‌‌റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ സാമ്പത്തിക സ്റ്റാറ്റിസ്റ്റിക്സ് സ്ഥിരസമിതിയിൽ അംഗമായെങ്കിലും ആദ്യ യോഗത്തിനു മുൻപുതന്നെ രാജിവച്ചത് എന്തുകൊണ്ട്?

രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനവുമായി എനിക്ക് ഏറെക്കാലമായി ബന്ധമുണ്ട്. നേരത്തെയും പല സമിതികളിലും ഉൾപ്പെട്ടിരുന്നു. രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം തുടക്കംമുതലേ മികച്ച പൈതൃകം വളർത്താൻ ശ്രമിച്ചിട്ടുള്ളതാണ്. മികച്ച പ്രഫഷനലുകളാണ് അതിന്റെ ഭാഗമായിരുന്നത്. അവർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

നിലവിലെ സംവിധാനത്തെ ശക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഞാനും ഈ സമിതിയിൽ ഉൾപ്പെടാൻ തീരുമാനിച്ചത്. 

സമിതി രൂപീകരണം നേരത്തേ തീരുമാനിച്ചതാണ്. ഓഫിസ് ഉത്തരവ് ഈയിടെയാണു വന്നതെന്നു മാത്രം. അടുത്തകാലത്തെ ചില സംഭവവികാസങ്ങളോടു യോജിക്കാനായില്ല. സർക്കാരിന്റെ അവകാശവാദങ്ങളുമായി ഒത്തുപോകാത്ത കണക്കുകൾ പിടിച്ചുവയ്ക്കുകയാണു പുതിയ രീതി.

അതിനവർ, കണക്കുകൾ തയാറാക്കിയ രീതിയെയും സംഖ്യകളുടെ ഉറവിടത്തെയുമൊക്കെ ചോദ്യം ചെയ്യും. ഇത്തരം രീതികളും ജാമിയ മില്ലിയയിലെയും ജെഎൻയുവിലെയും ഒക്കെ സംഭവങ്ങളും ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ), ദേശീയ പൗര റജിസ്റ്റർ (എൻആർസി) തുടങ്ങിയ വിഷയങ്ങളുമെല്ലാം കണക്കിലെടുത്താണ് സമിതിയിൽനിന്നു പിൻമാറാൻ തീരുമാനിച്ചത്.

∙ സർക്കാർ ഏജൻസികൾ തയാറാക്കുന്ന കണക്കുകളെ സർക്കാർ ഭയപ്പെടുന്നു?

പ്രോവിഡന്റ് ഫണ്ടിന്റെ കണക്കും മറ്റും എടുത്തുകാട്ടിയാണ് രാജ്യത്തു വലിയതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടുന്നുവെന്നു സർക്കാർ വാദിച്ചത്. എന്നാൽ, തൊഴിലവസരങ്ങൾ കുത്തനെ കുറഞ്ഞെന്ന് സർവേ വ്യക്തമാക്കിയപ്പോൾ, തിരഞ്ഞെടുപ്പുകാലത്ത് അതു പുറത്തുവരുന്നതു സർക്കാർ താൽപര്യപ്പെട്ടില്ല.

യുപിഎയുടെ കാലത്തെ സ്ഥിതി മെച്ചമായിരുന്നുവെന്നു വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവരാൻ അവർ താൽപര്യപ്പെടില്ലല്ലോ! സർക്കാരിന്റെ അവകാശവാദം ഒന്ന്, കണക്കുകൾ മറ്റൊന്ന് എന്നതാണു സ്ഥിതി.

∙ കണക്കുകളോടുള്ള സർക്കാരിന്റെ സമീപനരീതി ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ?

കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോൾ, അക്കാദമിക മേഖലയിലുള്ളവരും മാധ്യമപ്രവർത്തകരും വിശകലനം നടത്താൻ ബുദ്ധിമുട്ടും. അതിനെക്കാളൊക്കെ പ്രധാനം, കൃത്യമായ കണക്കുകളില്ലെങ്കിൽ അതു സർക്കാരിന്റെ തീരുമാനങ്ങളെയും ബാധിക്കുമെന്നതാണ്.

നോട്ട് നിരോധനം മെച്ചമുണ്ടാക്കിയെന്നു സർക്കാർ വാദിക്കുന്നു. എന്നാൽ, കണക്കുകൾ അതല്ല പറയുന്നത്. കണക്കുകൾ തയാറാക്കുന്ന ഏജൻസികൾക്ക് അവ പുറത്തുവിടാനുള്ള സ്വാതന്ത്ര്യവും വേണ്ടതാണ്. അതായിരുന്നു പഴയ രീതി. തയാറാകുന്ന മുറയ്ക്കു കണക്കുകൾ പുറത്തുവരുമായിരുന്നു.

കണക്കുകൾ തയാറാക്കുന്നതു പ്രഫഷനലുകളാണ്. അവർ ക്രമക്കേടു കാട്ടില്ല. സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം നശിക്കണമെന്ന് അവർ താൽപര്യപ്പെടുന്നില്ല. നാശം തടയാനാണ് അവർ ശ്രമിക്കുന്നത്.

∙ കണക്കുകൾ തീരുമാനത്തിനു സഹായിക്കുന്നതിനെക്കുറിച്ചു പറഞ്ഞല്ലോ. ജനസംഖ്യാ റജിസ്റ്റർ നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന്റെ ക്ഷേമപദ്ധതികളെയും മറ്റും ബാധിക്കുമെന്നാണ് കേരളത്തിന്റെ എതിർപ്പിനു കേന്ദ്രത്തിന്റെ മറുപടി.

രാജ്യമാകെ എൻആർസി നടപ്പാക്കുമെന്നും എൻആർസിയുടെ ആദ്യ പടിയാണ് എൻപിആറെന്നും, എൻപിആറും എൻആർസിയുമായി ബന്ധമില്ലെന്നും എൻആർസി നടപ്പാക്കില്ലെന്നും ഒരേ സർക്കാരാണു പറയുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങൾ സെൻസസിനെത്തന്നെ ബാധിക്കാവുന്ന സ്ഥിതിയാണ്. വീടുതോറുമെത്തി കണക്കെടുപ്പു നടക്കാതെ സെൻസസ് സാധ്യമാവില്ല. 

എൻപിആറും സർക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെടുത്തിയുള്ള വാദം പരിശോധിക്കുക – മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മറ്റുമാണു കൂടുതലായി ചോദിക്കുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണോ ക്ഷേമപദ്ധതികൾക്കുള്ള യോഗ്യത തീരുമാനിക്കുക? ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെത്ര എന്നതുൾപ്പെടെയുള്ള കണക്കുകൾ തയാറാക്കാൻ സാമൂഹിക – സാമ്പത്തിക സെൻസസുണ്ട്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെയ്യുന്നത്. വോട്ടർപട്ടിക പുതുക്കാറുള്ളതു പോലെ, ഈ സെൻസസും നടത്തട്ടെ. ഇരട്ടിപ്പ് ഒഴിവാക്കാനെന്ന പേരിൽ എല്ലാ കണക്കെടുപ്പുകളും കൂടി കൂട്ടിക്കുഴച്ചാൽ കൂടുതൽ പ്രശ്നങ്ങളാണുണ്ടാവുക.

∙ രാജിക്കുള്ള കാരണങ്ങളിൽ ജാമിയയിലെയും ജെഎൻയുവിലെയും സ്ഥിതിയും പറഞ്ഞു.

രണ്ടിടത്തും രണ്ടു വിഷയങ്ങളാണ്. ജാമിയയിൽ പൗരത്വ നിയമവും ജെഎൻയുവിൽ ഫീസ് പ്രശ്നവും. ജാമിയ ക്യാംപസിൽ പൊലീസ് കയറരുതെന്നു വൈസ് ചാൻസലർ പറഞ്ഞെങ്കിലും കയറി; അലിഗഡിൽ വിസി തന്നെ പൊലീസിനെ വിളിച്ചു; ജെഎൻയുവിൽ പൊലീസ് നോക്കിനിന്നപ്പോൾ മുഖംമൂടികൾ ആക്രമിച്ചു.

ജെഎൻയുവിൽ അധ്യാപക നിയമന സംവിധാനം പോലും വിസി അട്ടിമറിച്ചു. രാഷ്ട്രീയചായ്‌വു നോക്കി, യോഗ്യതയില്ലാത്തവരെയും തിരുകിക്കയറ്റുന്നു. തങ്ങൾക്കു തോന്നുന്നതു ചെയ്യാൻ എന്തിനും മടിക്കില്ല എന്നതാണു സർക്കാരിന്റെ രീതി. ഉയർന്ന ഫീസ് നൽകാൻ കെൽപുള്ളവർ മാത്രം ജെഎൻയുവിൽ പഠിച്ചാൽ മതിയെന്ന സമീപനം സ്വകാര്യവൽക്കരണത്തിന്റെ കൂടി ഭാഗമാണ്.

∙ ദേശവിരുദ്ധരുടെ താവളമെന്നാണ് മോദി സർക്കാർ അധികാരമേറ്റ ശേഷം ജെഎൻയുവിനെക്കുറിച്ചുള്ള ആരോപണം.

മറുപടി അർഹിക്കാത്ത ആരോപണം. ജെഎൻയുവിൽ നടന്ന ആക്രമണത്തോടുണ്ടായ പ്രതികരണം നോക്കുക. അവരെയെല്ലാം ദേശവിരുദ്ധരെന്നു വിളിക്കുമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA