sections
MORE

പൗരത്വ നിയമവും ദലിത് രാഷ്ട്രീയവും

azad-mayavati-prakash
ചന്ദ്രശേഖർ ആസാദ്, മായാവതി, പ്രകാശ് അംബേദ്കർ
SHARE

പൗരത്വ നിയമത്തെ (സിഎഎ) അനുകൂലിച്ചും എതിർത്തുമുള്ള നീക്കങ്ങളുടെ അലയൊലികൾ മഹാരാഷ്ട്രയിലെ പിന്നാക്ക ജില്ലയായ അകോളയിലും എത്തിയിരിക്കുന്നു. സിഎഎ വിരുദ്ധ സമരങ്ങളുടെ പ്രഭവകേന്ദ്രങ്ങളായ സർവകലാശാലകളിൽനിന്നും നഗരങ്ങളിൽനിന്നും അകലെ സ്ഥിതി ചെയ്യുന്ന അകോളയിൽ കഴിഞ്ഞയാഴ്ച നടന്ന ജില്ലാ പരിഷത് തിരഞ്ഞെടുപ്പിൽ, ആകെയുള്ള 53 സീറ്റിൽ 23ഉം ബി.ആർ.അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി നേടി.

കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യം (മഹാരാഷ്ട്ര വികാസ് അഘാഡി) നേടിയത് 20 എണ്ണം. ബിജെപിക്കു കിട്ടിയത് 7 സീറ്റാണ്. സ്വതന്ത്രന്മാർക്ക് 3. രണ്ടു സ്വതന്ത്രന്മാർ പ്രകാശ് അംബേദ്കറെ പിന്തുണയ്ക്കുന്നുവെങ്കിലും ഭരണം നേടാൻ 2 സീറ്റുകളുടെ കുറവുണ്ട്.

ഈ സാഹചര്യത്തിൽ മഹാരാഷ്ട്ര വികാസ് അഘാഡി വിട്ടു പ്രകാശ് അംബേദ്കറെ പിന്തുണയ്ക്കാൻ കോൺഗ്രസിനുള്ളിൽ ശക്തമായ ആഗ്രഹമുയർന്നു. പക്ഷേ, കഴിഞ്ഞ വർഷം ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് - എൻസിപി സഖ്യത്തെയും ശിവസേന - ബിജെപി സഖ്യത്തെയും പ്രകാശ് എതിർത്തതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മുമായി ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്തെ എൻഡിഎ വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചു. അതു ബിജെപി - ശിവസേന സഖ്യത്തിനു വൻവിജയം നേടിക്കൊടുത്തു. 

നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎമ്മുമായുള്ള സഖ്യം ഉപേക്ഷിച്ചു മത്സരിച്ചെങ്കിലും പ്രകാശിനു നേട്ടമുണ്ടാക്കാനായില്ല. പക്ഷേ, ജില്ലാ പരിഷത് തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ മാറിമറിഞ്ഞു. സിഎഎയെ ശക്തമായി എതിർക്കുന്നതിനാൽ പ്രകാശിനോട് അടുക്കാൻ ബിജെപിക്കു ഭയമാണ്. വെള്ളിയാഴ്ച ജില്ലാ പരിഷത്തിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ വലിയ സസ്പെൻസ് നിലനിർത്തി ഒത്തുതീർപ്പു ചർച്ചകൾ തുടരുന്നുണ്ട്.

രാജ്യത്തെ ക്യാംപസുകളെയും തെരുവുകളെയും ഇളക്കിമറിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ദലിതുകൾ സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ സൂചന കൂടിയാണിത്. വലിയ കക്ഷിയായ ബിഎസ്പി മുതൽ ചെറുകക്ഷിയായ ഭീം ആർമി വരെ, വിവിധ സംസ്ഥാനങ്ങളിലെ ആറോളം ദലിത് സംഘടനകളെ വരുതിയിലാക്കാൻ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കു താൽപര്യമുണ്ട്. സിഎഎ സമരം വിവിധ സംസ്ഥാനങ്ങളിലെ ദലിത് കക്ഷികളുടെ യഥാർഥ നിലപാട് അറിയാനുള്ള സന്ദർഭം കൂടിയായി മാറി.

മായാവതിയുടെ നിലപാട്

ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ ആക്രമിക്കുന്ന നിലപാടാണു ബിഎസ്പി നേതാവ് മായാവതി സ്വീകരിച്ചത്. എന്നാൽ, അവരുടെ പ്രസ്താവനകൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതിൽ കോൺഗ്രസിനെതിരായ വിമർശനം മുന്നിട്ടു നിൽക്കുന്നതു കാണാം. പൗര റജിസ്റ്ററിന്റെ കാര്യത്തിലും പൗരത്വ നിയമത്തിലും വേണ്ടവിധം ആലോചനയില്ലാതെ മോദി സർക്കാർ പ്രവർത്തിച്ചുവെന്നാണു മായാവതിയുടെ ആക്ഷേപം.

എന്നാൽ, അക്രമസമരത്തെ പിന്തുണച്ചുവെന്ന പേരിൽ അവർ കോൺഗ്രസിനെയും മറ്റു കക്ഷികളെയും നിശിതമായി വിമർശിച്ചു. സിഎഎ വിരുദ്ധ സമരത്തിനിടെ യുപിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ സമയം കണ്ടെത്തിയ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട സർക്കാർ ആശുപത്രിയിൽ മരിച്ച നവജാതശിശുക്കളുടെ മാതാപിതാക്കളെ കാണാൻ മെനക്കെട്ടില്ലെന്നു കുറ്റപ്പെടുത്തി. കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും മായാവതി ആരോപിച്ചു.

കോൺഗ്രസിനോടുള്ള മായാവതിയുടെ അമർഷത്തിനു കാരണങ്ങൾ പലത്. രാജസ്ഥാനിൽ കോൺഗ്രസിനു ഭൂരിപക്ഷം ഉറപ്പാക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് 6 ബിഎസ്പി എംഎൽഎമാരെ ചാക്കിട്ടു പിടിച്ചതു മായാവതിയെ കോപാകുലയാക്കി. ചന്ദ്രശേഖർ ആസാദ് നയിക്കുന്ന ഭീം ആർമിയുമായി കൂട്ടുകൂടാൻ പ്രിയങ്ക നടത്തുന്ന ശ്രമങ്ങളും മായാവതിക്കു രസിച്ചിട്ടില്ല. സിഎഎ വിരുദ്ധ സമരത്തിന്റെ മുഖ്യമുഖമായി ചന്ദ്രശേഖർ ആസാദ് മാറിക്കഴിഞ്ഞു.

ആസാദിന്റേത് ഇടതുപക്ഷാഭിമുഖ്യമുള്ള തീവ്ര രാഷ്ട്രീയ നിലപാടാണ്. യുപിയിലെ തൊഴിൽരഹിതരായ ദലിത് യുവാക്കളും വിദ്യാർഥികളുമാണു പ്രധാനമായും ആസാദിനു പിന്നിലുള്ളത്. മായാവതിക്കാകട്ടെ, യുപിയിലെ നഗര – ഗ്രാമങ്ങളിലെ ദലിതർക്കിടയിൽ വിശാല അടിത്തറയുണ്ട്. ബിഎസ്പിയെ സംബന്ധിച്ചിടത്തോളം ആസാദിന്റെ വളർച്ച സുഖകരമായ കാര്യമല്ല.

പാസ്വാനും മാഞ്ചിയും 

ബിഹാറിൽ പാസ്വാൻ കുടുംബം നയിക്കുന്ന ലോക് ജനശക്തി പാർട്ടി (എൽജെപി) പൗരത്വനിയമത്തെ പിന്തുണയ്ക്കുന്നുവെങ്കിലും ദേശീയ പൗര റജിസ്റ്ററിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു. പൗര റജിസ്റ്ററിനെ പിന്തുണച്ചാൽ ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനം നഷ്ടമാകുമെന്നതാണു കാരണം. മോദി മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയായ റാം വിലാസ് പാസ്വാനാണ് എൽജെപി സ്ഥാപകനെങ്കിലും സംഘടനയുടെ നടത്തിപ്പ് മകൻ ചിരാഗിനാണ്.

മറ്റൊരു ദലിത് നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജീതൻ റാം മാഞ്ചി കോൺഗ്രസ് - ആർജെഡി മുന്നണിവിട്ടു പുതിയ സാധ്യതകൾ തിരയുകയാണ്. ബിഹാറിൽ ഈ വർഷം അവസാനമാണു നിയമസഭാ തിരഞ്ഞെടുപ്പ്.

പ്രകാശ് അംബേദ്കർ സിഎഎയെ ശക്തമായി എതിർക്കുമ്പോൾ, രാംദാസ് അഠാവ്‌ലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി വിഘടിത വിഭാഗം, നിയമത്തിന് അനുകൂലമായി പ്രചാരണം സംഘടിപ്പിക്കുന്ന തിരക്കിലാണ്. തമിഴ്നാട്ടിൽ യുപിഎയുടെ കൂടെയുള്ള തോൾ തിരുമാവളവന്റെ നേതൃത്വത്തിലുള്ള വിടുതലൈ ചിരുതൈകൾ കക്ഷി സിഎഎ വിരുദ്ധ സമരങ്ങളെ പിന്തുണയ്ക്കുന്നു

. ദലിത് വിഭാഗങ്ങൾ ശക്തമായ മറ്റു സംസ്ഥാനങ്ങളിലും പ്രധാന കക്ഷികളിലെ ദലിത് നേതാക്കൾ ഈ രാഷ്ട്രീയ സംവാദങ്ങൾക്കും പ്രചാരണത്തിനുമിടയിൽ തങ്ങളുടെ വിഭാഗത്തെ ഒപ്പം നിർത്താനുള്ള കഠിന ശ്രമത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA