ADVERTISEMENT

പുതിയ വർഷത്തിന്റെയും ദശാബ്ദത്തിന്റെയും ആദ്യമാസം പകുതി നാളുകൾ പിന്നിടുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം: 2020ഉം വ്യാജവാർത്താ വർഷം തന്നെയായിരിക്കും! സംഗതിക്ക് ഒരു കുറവുമില്ല.

കരസേന പോലെ ‘വളരണം’

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി രണ്ടാഴ്ച മുൻപു നിയമിതനായ ജനറൽ ബിപിൻ റാവത്തിന്റെ പേരിലാണ് ഒരുപക്ഷേ, 2020ലെ ആദ്യ വ്യാജനിറങ്ങിയത്. കരസേനാ മേധാവിയായിരുന്ന റാവത്ത് എല്ലാ സൈനികർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ടെഴുതിയ കത്തിൽ 2019ലെ സൈന്യത്തിന്റെ നേട്ടങ്ങൾ വിവരിക്കുന്നുണ്ട്. അതിർത്തി സംരക്ഷിക്കുന്നതിൽ വ്യോമസേനയെക്കാൾ മികവ് കരസേന കാട്ടിയെന്നും അവകാശപ്പെടുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന നിലയിൽ മറ്റു സേനകളെയും കരസേനയുടെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിക്കുമെന്നും കത്തിൽ പറയുന്നു. ‌

ഒരു സേനാമേധാവിയും ഇത്തരമൊരു കത്ത് എഴുതില്ലെന്ന് ഊഹിക്കാമെങ്കിലും ബിപിൻ റാവത്തിന്റെ ഔദ്യോഗിക ലെറ്റർപാഡ് എന്നു തോന്നിക്കുന്ന തരത്തിലുള്ള കത്താണ് ആശയക്കുഴപ്പമുണ്ടാക്കിയത്. സർക്കാരിന്റെ വാർത്താവിതരണ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ തന്നെ ഒടുവിൽ ഇങ്ങനെയൊരു കത്തില്ല എന്നറിയിച്ചു.

fb-post
ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ ഫെയ്സ്ബുക് പോസ്റ്റിൽനിന്ന്.

ആ ശബ്ദം എന്റേതല്ല

തിരുവനന്തപുരത്തെ ആശുപത്രിയിൽ ബന്ധുവുമായി ചികിത്സയ്ക്കെത്തിയ തന്റെ അനുഭവം ഇ.ടി.മുഹമ്മദ് ബഷീർ എംപി പങ്കുവയ്ക്കുന്ന ഒരു ഓഡിയോ ഫയൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി വാട്സാപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. കുട്ടികളിൽ കാൻസർ വർധിക്കുന്നുവെന്നും മൊബൈൽ ഫോൺ ഉപയോഗം മൂലം തലച്ചോറിൽ ട്യൂമറുണ്ടാകുന്നുവെന്നുമാണ് ഇതിൽ പറയുന്നത്. ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദം നന്നായി പരിചയമില്ലാത്തവർ വിശ്വസിച്ചുപോകുന്നതാണ് അതിലെ സംസാരം. എന്നാൽ, അതെക്കുറിച്ച് അദ്ദേഹം തന്നെ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ഓഡിയോയിൽ പറയുന്ന വിഷയം ഗൗരവമുള്ളതാണെങ്കിലും ആ ശബ്ദം എന്റേതല്ല.’

ഇല്ലാത്ത എംഎൽഎ, വല്ലാത്ത വിഡിയോകൾ

ബിജെപി എംഎൽഎ അനിൽ ഉപാധ്യായയുടേത് എന്ന പേരിൽ പല വിഡിയോകളും നമ്മിൽ പലർക്കും ഷെയർ ചെയ്തു കിട്ടിയിട്ടുണ്ടാകും. അനിൽ ഉപാധ്യായ പൊലീസുകാരനെ തല്ലുന്നത്, നാട്ടുകാരെ ചീത്തവിളിക്കുന്നത്, പലപല വിഷയങ്ങളിൽ വിവാദ പ്രസ്താവനകൾ നടത്തുന്നത്... അങ്ങനെ പലതും ഒന്നുരണ്ടു വർഷമായി പ്രചരിക്കുന്നു. ഏറ്റവും ഒടുവിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ബിജെപി എംഎൽഎ എന്ന നിലയിലാണ് ഉപാധ്യായയുടെ വിഡിയോ വന്നത്.

എന്നാൽ, വാസ്തവമെന്തെന്നോ? അനിൽ ഉപാധ്യായ എന്ന പേരിൽ ഒരു എംഎൽഎ ഇന്ത്യയിൽ ഇല്ലേയില്ല! അപ്പോൾ 2 വർഷത്തിനിടെ പ്രചരിച്ച വിഡിയോകളോ? ഓരോ വിഡിയോയിലും ഉള്ളതു വെവ്വേറെ ആളുകളാണ്. വിവാദ പ്രസ്താവനകളോ പ്രവൃത്തികളോ റിക്കോർഡ് ചെയ്ത വിഡിയോകൾ വരുമ്പോൾ അത് അനിൽ ഉപാധ്യായ ആണെന്ന അടിക്കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണു ചിലർ. മാസങ്ങളുടെ ഇടവേളകളിൽ പല വിഡിയോകൾ വരുമ്പോൾ, ഇതു നേരത്തേ കണ്ട ആളല്ലല്ലോ എന്നൊന്നും ആരും ചിന്തിച്ചെന്നു വരില്ല! അങ്ങനെ പല രൂപത്തിൽ അനിൽ ഉപാധ്യായ കറങ്ങിത്തിരിയുന്നു. എന്തായാലും, അടുത്ത തവണ ഈ പേരു കേൾക്കുമ്പോൾ ഇക്കാര്യം മറക്കരുത് – അനിൽ ഉപാധ്യായ ഒരു സാങ്കൽപിക കഥാപാത്രമാണ്!

video-game
‘ഖാസിം സുലൈമാനിക്കെതിരായ യുഎസ് ആക്രമണം’ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽനിന്ന്.

വിഡിയോ ഗെയിമിലെ സുലൈമാനി വധം

ഈ വർഷം ഇതുവരെ ഏറ്റവും ഹിറ്റായ വ്യാജൻ, ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിലൂടെ വധിക്കുന്നതിന്റെ സാറ്റലൈറ്റ് വിഡിയോ ആണ്. സുലൈമാനിയുടെ വാഹനവ്യൂഹത്തിൽ ഡ്രോണിൽനിന്ന് അയയ്ക്കുന്ന മിസൈൽ വന്നു പതിക്കുന്നതും വാഹനം അഗ്നിഗോളമായി മാറുന്നതുമാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിലുള്ളത്. ഇപ്പോഴും ഈ വിഡിയോ കറങ്ങി നടക്കുന്നുണ്ട്. സത്യാവസ്ഥ ഇതാണ്: സുലൈമാനി വധത്തിന്റെ സാറ്റലൈറ്റോ അല്ലാത്തതോ ആയ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നമ്മൾ വാട്സാപ്പിൽ കണ്ടു കൊണ്ടിരിക്കുന്നത് ഒരു വിഡിയോ ഗെയിമിന്റെ ഭാഗമാണ്! 

tiktok-stars
നേപ്പാളിലെ ടിക്ടോക് താരങ്ങൾ

ഇവരെ അറിയുമോ?

ഫിൻലൻഡിൽ ഈയിടെ വനിതാ പ്രധാനമന്ത്രി സ്ഥാനമേറ്റു – സന മരിൻ. 34 വയസ്സേയുള്ളൂ. സനയുടെ കാബിനറ്റിലെ പ്രധാന വകുപ്പുകളിലെല്ലാം യുവതികളാണ് – കത്രി കൽമുനി (32) – ധനമന്ത്രി,  മരിയ ഒഹിസാലോ (34) – ആഭ്യന്തരമന്ത്രി, ലി ആൻഡേഴ്സൻ (32) – വിദ്യാഭ്യാസ മന്ത്രി. ഇവരുടെ ചിത്രമെന്ന അടിക്കുറിപ്പോടെയാകും ഈ ഫോട്ടോ നമ്മുടെ വാട്സാപ്പിലെത്തിയിട്ടുണ്ടാവുക! പക്ഷേ, നേപ്പാളിലെ പ്രശസ്തരായ ടിക് ടോക് താരങ്ങളാണിത്. ഫിൻലൻഡ് മന്ത്രിമാരുമായി ചെറിയ സാമ്യമൊക്കെയുള്ളതുകൊണ്ട് ഒറ്റനോട്ടത്തിൽ ആരും വിശ്വസിച്ചുപോകും. 

English Summary: Fake News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com