ADVERTISEMENT

ഇടതടവില്ലാതെ ഒഴുകിപ്പോകുന്ന ഗതാഗതത്തിനു തടയിടുന്നതെന്തോ അതു വേഗത്തട. സ്പീഡ്‍‍ ബ്രേക്കർ എന്ന ഇംഗ്ലിഷ് പദത്തിലുള്ളത്ര തടസ്സം വേഗത്തടയിലുണ്ടോ എന്നേയുള്ളൂ സംശയം. വേഗത്തട കണ്ടുപിടിച്ചയാൾ പക്ഷേ, തടതടതട എന്നൊരു തുടർതട കണ്ടുപിടിച്ചില്ല. മുന്തിയ റോഡുണ്ടാക്കി അതിൽ വേഗത്തടയുടെ തടസ്സങ്ങളുണ്ടാക്കുന്നത് ഒന്നാന്തരം ഖദർഷർട്ടു വിലയ്ക്കു വാങ്ങി അതിൽ സോഷ്യലിസ്റ്റ് കീറലുണ്ടാക്കുന്നതിനോടു താരതമ്യപ്പെടുത്താവുന്നതാണെന്നാണ് അപ്പുക്കുട്ടന്റെ പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ നിരീക്ഷണം.

എവറസ്റ്റ് കൊടുമുടി പോലെയും വേഗത്തടയുണ്ടാക്കാമെന്നു നാം തെളിയിച്ചിട്ടുണ്ട്. എവറസ്റ്റിൽ ഒരുതവണ കയറിയിറങ്ങിയാൽ മതിയെങ്കിൽ തട–തട–തടയെന്ന ചെറുതടസമുച്ചയത്തിൽ തുടർ കയറ്റത്തിലൂടെ എല്ലിനും പല്ലിനും കടകടാരവമുണ്ടാക്കുന്ന ചാട്ടവ്യവസ്ഥയാണുള്ളത്. വാഹനവേഗത്തിനു കടിഞ്ഞാണിടാൻ മാർഗേ കിടത്തുന്ന തടസ്സത്തിൽ ഘട്ടം ഘട്ടം എന്ന നയം ചേർക്കുമ്പോൾ തടതടതട താളമുള്ള തുടർ തടകളുണ്ടാകുന്നു. 

ഒരു തടയിൽ കയറിയാൽത്തന്നെ വാഹനത്തിന്റെ വേഗം കുറയുമെന്നിരിക്കെ, തുടർതടകളിൽ ചാടിക്കണമെന്ന വാശിയിലുള്ളത് നടുവൊടിയുന്ന ഹതഭാഗ്യരെക്കണ്ടു നിർ‌വൃതിയടയാനുള്ള കറുത്ത കൊതി മാത്രമല്ലേ?

ഇന്ത്യൻ പൗരന്മാരിൽ നല്ലൊരു വിഭാഗത്തിന്റെ നടുവൊടിഞ്ഞു കഴിഞ്ഞുവെന്നു സർക്കാരിനു ബോധ്യപ്പെട്ടതിനാൽ ഇപ്പോഴിതാ വേഗത്തടകൾ നീക്കാനുള്ള തീരുമാനത്തിലേക്കു രാജ്യം ഓടിയെത്തിക്കൊണ്ടിരിക്കുന്നു. തുടർതടകളിൽ കയറി നടുവൊടിഞ്ഞവർക്കു നേരത്തേതന്നെ ബോധ്യപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ സർക്കാരിനും ബോധ്യപ്പെട്ടിരിക്കുന്നു: ഗതാഗതത്തിനു കാലതാമസം. വാഹനങ്ങൾക്കു കേട്. ഇന്ധന നഷ്ടം.

ആദ്യം നീക്കുന്നത് ദേശീയപാതകളിലെ തടകളാണ്. സംസ്ഥാന പാതകളിലെ നടുവൊടിവിലാസം തടകളെപ്പറ്റി ഒന്നും പറഞ്ഞു കേൾക്കുന്നില്ല. തുടർതടകളിൽ കയറിയിറങ്ങി നടുവൊടിഞ്ഞവർക്കു തടാശ്വാസ പെൻഷനും ആയുഷ് പദ്ധതിയിൽപെടുത്തി ചികിത്സയും നൽകണമെന്ന് അപ്പുക്കുട്ടൻ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു.

അശാസ്ത്രീയമായി നിർമിച്ച കടമ്പകളിൽ കയറിയിറങ്ങി തകർന്ന വാഹനങ്ങളോടും അവയിൽ സഞ്ചരിച്ചവരോടും ദേശീയമായൊരു മാപ്പു പറയാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com