വാടാതിരിക്കട്ടെ, ഇളംപൂക്കൾ

drug-abuse-aruth0lahari
SHARE

ലഹരിമരുന്നുകളുടെ വ്യാപനം കൊടിയ സാമൂഹികവിപത്താവുകയാണെന്നതും ലഹരിസംഘത്തിന്റെ നീരാളിപ്പിടിത്തത്തിൽ അമർന്നവരിൽ ഭൂരിപക്ഷവും യുവാക്കളും വിദ്യാർഥികളുമാണെന്നതും കേരളം നേരിടുന്ന അതീവ ഭീഷണമായ ശാപം തന്നെ. കയ്യെത്തും ദൂരത്താണു ലഹരി. കണ്ണൊന്നു തെറ്റിയാൽ, ശ്രദ്ധയൊന്നു പതറിയാൽ നമ്മുടെ കുട്ടിയുടെ ജീവിതത്തിന്റെ താളം 

തെറ്റിക്കാൻമാത്രം കരുത്തുണ്ട് ലഹരിയുടെ കൈകൾക്ക്. നമ്മുടെ കുട്ടികളെ ലഹരിക്ക് അടിമകളാക്കാൻ ലഹരിമരുന്നു സംഘങ്ങൾ നടത്തുന്ന നിഗൂഢ പ്രവർത്തനങ്ങളുടെ വേരറുത്തുമാറ്റാൻ ഇനിയും വൈകിക്കൂടാ. കുടുംബവും അധ്യാപകരും സമൂഹവും സർക്കാരും ചേർന്നുവേണം ഈ യുദ്ധം ചെയ്യാൻ.

‘അരുത് ലഹരി’ പ്രചാരണ പരിപാടിയുടെ ഭാഗമായി മലയാളമനോരമ സംഘടിപ്പിച്ച, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനുമായുള്ള ഫോൺ ഇൻ പരിപാടി ലഹരിവിപത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായി. ലഹരിമാഫിയ വീടിനുള്ളിൽ എത്തിയിട്ടും എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ സാധാരണക്കാരായിരുന്നു എക്സൈസ് കമ്മിഷണറുടെ സഹായം തേടിയവരിൽ ഏറെയും. അവരുടെ സങ്കടങ്ങളും ആശങ്കകളും അത്യധികം സങ്കീർണമായ ഈ സാമൂഹികവിപത്തിന്റെ ആഴം അറിയിച്ചു. മകനു ലഹരി കിട്ടാതെ വരുമ്പോൾ തനിക്കു മർദനമേൽക്കേണ്ടിവരുന്ന കാര്യം പറഞ്ഞു വിങ്ങിപ്പൊട്ടിയ അമ്മ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.

ജനകീയ പങ്കാളിത്തത്തോടെ മാത്രമേ പോരാട്ടം ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയൂ എന്നാണ് എക്സൈസ് കമ്മിഷണർ പറഞ്ഞത്. ലഹരിമാഫിയയ്ക്കെതിരായ ചെറുത്തുനിൽപ് വിദ്യാർഥികളിൽനിന്നാണു തുടങ്ങേണ്ടതെന്ന് അദ്ദേഹം പറയുമ്പോൾ അതിനുള്ള ഉചിതമായ മറുപടി രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നുംകൂടി ഉണ്ടാകേണ്ടതുണ്ട്. ഇവരുടെ സംരക്ഷണവലയം കുട്ടികൾക്ക് അത്യാവശ്യമാണ്. തങ്ങളുടെ കുട്ടി ലഹരി ഉപയോഗിക്കുന്നുവെന്ന് അധ്യാപകർ അറിയിച്ചാൽ രക്ഷിതാക്കൾ സംയമനത്തോടെ അതു കേൾക്കണം; കുട്ടിയെ നിരീക്ഷിക്കുകയും വേണം. രക്ഷിതാക്കൾ അറിയാത്ത ബന്ധങ്ങളും ചതിക്കുഴികളും കുട്ടികളെ ലഹരിയുടെ അടിമകളാക്കിയ ഒട്ടേറെ സംഭവങ്ങളുണ്ട്. വീട്ടന്തരീക്ഷത്തിലെ ശാന്തിയും തുറന്ന അഭിപ്രായവിനിമയങ്ങളും സ്‌നേഹസമൃദ്ധമായ കരുതലും കുട്ടികളെ ചീത്തവഴികളിൽനിന്നു പിന്തിരിപ്പിക്കുമെന്നതു മറന്നുകൂടാ.

ലഹരി വിൽപനക്കാരെയും അത് ഉപയോഗിക്കുന്നവരെയും കുറിച്ചു വിദ്യാർഥികൾക്കു കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നിരിക്കെ, ആ വിവരങ്ങൾ അനുസരിച്ചാണ് എക്സൈസും പൊലീസും ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ഇത്തരം വിവരങ്ങൾ നൽകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ധൈര്യവും സുരക്ഷയും എക്സൈസ്– പൊലീസ് അധികൃതർ നൽകുകയും വേണം. സംസ്ഥാനത്തെ 4000 സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ ആരംഭിച്ചതു ശുഭവാർത്ത തന്നെ. ഈ ക്ലബ്ബുകളുടെ പ്രവർത്തനത്തിൽ പിടിഎ ഭാരവാഹികളും സജീവ പങ്കാളികളാകണം.

നിയമത്തിലെ വിള്ളലുകളിലൂടെ പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുന്നത് ആശങ്കാജനകമാണ്. അതുകൊണ്ടാണ്, ലഹരി മാഫിയയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനായി നിയമത്തിൽ ഭേദഗതി വരുത്തണമെന്നു കേന്ദ്ര സർക്കാരിനോടു കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഒരു കിലോഗ്രാമിൽ താഴെ കഞ്ചാവോ മറ്റു ലഹരിവസ്തുക്കളോ കൈവശം വച്ചതിനു പിടിയിലാകുന്നവർക്ക് ഉടൻ ജാമ്യം ലഭിക്കും. ഇത് 20 ഗ്രാം ആയി കുറയ്ക്കണമെന്നാണു കേരളത്തിന്റെ ആവശ്യം.

ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല നമ്മുടെ പുതുതലമുറയെന്ന ഉത്തമബോധ്യത്തോടെയാവണം കേരളം ഈ പോരാട്ടത്തിൽ മുന്നേറേണ്ടത്. ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും താലോലിച്ചു വളർത്തി വലുതാക്കിയ സ്വപ്നങ്ങൾ കൈമോശംവന്നു കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളം കാണേണ്ടത്. നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരിമരുന്നുസംഘങ്ങളെ ഒരു കാരണവശാലും അനുവദിച്ചുകൂടാ. ഈ വലിയ ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടങ്ങളെല്ലാം ഒരുമിച്ച് ഒരേ ദിശയിൽ മുന്നോട്ടുനീങ്ങേണ്ടതുണ്ട്.

English Summary: Anti-Drug campaign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA