വിദ്യാർഥികളെ അവഗണിക്കുന്നത് സർക്കാരിന്റെ വലിയ അബദ്ധം; തെരുവിലെ വിപ്ലവച്ചെറുപ്പം

nrc-caa-protest
മുംബൈ വാങ്ക‍ഡെ സ്റ്റേഡിയത്തിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ചെറുപ്പക്കാർ.
SHARE

കഴിഞ്ഞ ദിവസം മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിയയോട് ഇന്ത്യ വമ്പൻ തോൽവി ഏറ്റുവാങ്ങുമ്പോൾ, ഗാലറിയിൽ മറ്റൊരു സംഭവം അരങ്ങേറുന്നുണ്ടായിരുന്നു. ഒരുപറ്റം യുവാക്കളും യുവതികളും വെളുത്ത ടി ഷർട്ടുകളിൽ പൗരത്വ നിയമത്തിനും പൗര റജിസ്റ്ററിനുമെതിരായ മുദ്രാവാക്യങ്ങളെഴുതി, സ്റ്റേഡിയത്തിനുള്ളവർക്കെല്ലാം കാണാവുന്ന രീതിയിൽ, എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു. പിന്നീട് ആ വിദ്യാർഥികൾ ടിവി ചാനലുകളോടു പറഞ്ഞു: ‘ഇന്ത്യ മുഴുവനുമുള്ള ക്യാംപസുകളിൽ പ്രതിഷേധം കത്തിക്കയറുമ്പോഴും പ്രധാനമന്ത്രി വിദ്യാർഥികളുമായി സംവദിക്കാൻ തയാറാകുന്നില്ല എന്നതാണ് ഞങ്ങളുടെ മുഖ്യപരാതി.’’

വിദ്യാർഥികളെ അവഗണിക്കുക എന്നത് ഒരു സർക്കാരിന്റെ ഏറ്റവും വലിയ അബദ്ധമാണെന്നാണു ചരിത്രം പഠിപ്പിക്കുന്നത്. 1968ൽ ഫ്രാൻസിലെ പാരിസ് നോന്റെർ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അധികൃതരും തമ്മിൽ തർക്കമുണ്ടായി. കുറച്ചു വിദ്യാർഥികളെ പുറത്താക്കി. അടുത്തുള്ള സൊർബോൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും സമരത്തിനിറങ്ങി. പെട്ടെന്ന് ഫ്രാൻസ് മുഴുവൻ പ്രക്ഷോഭം പടർന്നു. അതു പിന്നീട് ലോകവ്യാപകമായി. ജർമനിയിലെ വിദ്യാർഥികൾ സർക്കാരിനെതിരായി സമരത്തിനിറങ്ങി. സ്പെയിനിൽ, അവിടത്തെ ഏകാധിപതിയായ ജനറൽ ഫ്രാങ്കോയ്ക്ക് എതിരായി വിദ്യാർഥിപ്രക്ഷോഭം ശക്തമായി. ദൂരെ മെക്സിക്കോയിൽ സമരം ചെയ്തിരുന്ന വിദ്യാർഥികൾക്കു നേരെ പൊലീസ് വെടിവച്ചു; ഒട്ടേറെ യുവാക്കൾ കൊല്ലപ്പെട്ടു. ഫ്രാൻസിന്റെ ശക്തനായ പ്രസിഡന്റ്, ഡിഗോളിന്റെ രാജിക്കു വഴിവച്ചത് അവിടത്തെ വിദ്യാർഥിസമരമായിരുന്നു. യുഎസിനെ കൊണ്ട് വിയറ്റ്നാം യുദ്ധം നിർത്തിച്ചതും അവിടത്തെ യുവാക്കൾക്കിടയിലെ അസ്വസ്ഥതയായിരുന്നു. ഇപ്പോൾ ഹോങ്കോങ്ങിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചാലകശക്തിയും ചെറുപ്പം തന്നെ.

ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇതിൽ നിന്നൊന്നും ഏറെ വ്യത്യസ്തമല്ല. ഒന്നാമത്തെ കാര്യം, 1968ലെ വിദ്യാർഥിപ്രക്ഷോഭങ്ങളെ പോലെ ഇവ സ്വതന്ത്രവും സ്വാഭാവികവുമായ പ്രതിഷേധങ്ങളാണ്. ഈ സമരങ്ങളിൽ രാഷ്ട്രീയപാർട്ടികൾ കാര്യമായി രംഗത്തില്ല. രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ സമരത്തെ അനുകൂലിച്ചു പ്രസ്താവനയിറക്കുകയോ സമരസ്ഥലങ്ങളിൽ പോകുകയോ ചെയ്യുന്നതൊഴിച്ചാൽ, സമരങ്ങളുടെ സ്റ്റിയറിങ് അവരുടെ കയ്യിലല്ല. രാഷ്ട്രീയപാർട്ടികൾ കയ്യാളിയിരുന്നെങ്കിൽ അവർക്കിടയിലെ കിടമത്സരം ഈ പ്രക്ഷോഭങ്ങൾക്കു വിനയായേനെ.

രണ്ടാമതായി, ഈ സമരങ്ങളുടെ മതേതരസ്വഭാവമാണ്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ അജൻഡ നടപ്പാക്കാനാണ് അധികൃതരുടെ ശ്രമം. പൗര റജിസ്റ്റർ, പൗരത്വനിയമം എന്നിവയുടെ രാഷ്ട്രീയ ലക്ഷ്യവും അതുതന്നെ. എന്നാൽ, ജാമിയ മില്ലിയയിൽ ആ രാത്രി വിദ്യാർഥികൾക്കു നേരെ നടന്ന ക്രൂരമായ ആക്രമണം സമവാക്യങ്ങളെല്ലാം മാറ്റി. അതേത്തുടർന്നുണ്ടായ സമരം ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനുള്ളതായി മാറി.

caa-protest-kozhikode

മൂന്നാമതായി, ഇതുവരെ സർക്കാരിനെതിരായ എതിർപ്പുകളെ നേരിടാൻ ബിജെപി ഉപയോഗിച്ചിരുന്ന പ്രധാന ആയുധമായിരുന്നു, എതിരാളികളുടെ സ്വഭാവഹത്യയിൽ ആനന്ദം കണ്ടിരുന്ന ചില ചാനലുകളും ട്രോൾ പട്ടാളങ്ങളും. ഈ പ്രക്ഷോഭത്തിനിടെ അവയുടെ സംഘടിതാക്രമണങ്ങളുടെ മുനയൊടിഞ്ഞു. പൗരത്വനിയമത്തിനെതിരായ സമരങ്ങളുടെ സ്വതന്ത്ര സ്വഭാവവും നിശ്ശബ്ദരായിരുന്ന പൗരന്മാർ പലരും സഹികെട്ട് ശബ്ദിച്ചു തുടങ്ങിയതുമാണ് ഇതിനു കാരണം.

നാലാമതായി, ഈ പ്രക്ഷോഭങ്ങളിൽ തകർന്ന മിത്ത്, ഭാരതീയത്വത്തിൽനിന്നു ഭിന്നമാണ് മുസ്‌ലിം സ്വത്വമെന്ന സംഘപരിവാറിന്റെ കാലാകാലങ്ങളായുള്ള പ്രചാരണമാണ്. ഇന്ത്യയും ഇന്ത്യയുടെ ദേശീയപതാകയും ഭരണഘടനയും മുന്നിൽപിടിച്ചു കൊണ്ടുതന്നെയാണ് എല്ലാ വിഭാഗങ്ങളും പ്രക്ഷോഭത്തിനിറങ്ങുന്നത്. മുസ്‌ലിം തീവ്രരാഷ്ട്രീയത്തിന്റെ ഇന്ധനമായിരുന്ന ഇരവാദത്തിന്റെ പ്രസക്തിയും കുറഞ്ഞു. ഇരവാദികൾ അല്ല, ശരിക്കും ഇരകൾ തന്നെയാകുകയാണ് മുസ്‌ലിംകൾ എന്നത് ഈ നാട്ടിലെ സുമനസ്സുകളെ ചൊടിപ്പിച്ചതാണ് പ്രക്ഷോഭങ്ങളുടെ പ്രധാന കാരണം.

കഴിഞ്ഞ മാസം ഒരു വെള്ളിയാഴ്ച ഡൽഹിയിലെ ജുമാ മസ്ജിദിൽ പ്രാർഥിക്കാനെത്തിയ ആയിരങ്ങൾക്കു നടുവിൽ, ദേശീയപതാകയുമായി ദലിത് നേതാവ് ചന്ദ്രശേഖർ ആസാദ് നിലയുറപ്പിച്ചത് ഈ സമരങ്ങൾക്കിടെ കണ്ട ഒരു അവിസ്മരണീയ ദൃശ്യമായിരുന്നു. 1968ലെ വിദ്യാർഥിപ്രക്ഷോഭങ്ങളിൽ ഇംഗ്ലണ്ടിൽ താരിഖ് അലി, ഫ്രാൻസിൽ ഡാനിയൽ കോഹൻ ബെൻഡിറ്റ് തുടങ്ങിയ ഒരുപറ്റം പുതിയ നേതാക്കൾ രംഗത്തെത്തി. അതുപോലെ ഇന്ത്യയിലും സംഭവിക്കുന്നു. ഇന്ത്യൻ യുവതയുടെ ഇടയിൽ ഒരു വലിയ മഥനം നടക്കുകയാണ്. ഒരു പുതിയ ഇന്ത്യയുടെ ജനനമായിരിക്കും അതു കുറിക്കുന്നതെന്ന വിചാരം, ഈ പ്രക്ഷുബ്ധ കാലങ്ങളിൽ ആശയ്ക്കു വക നൽകുന്നു.

മരടിന്റെ പാഠങ്ങൾ 

മരടിലെ ഫ്ലാറ്റ് പൊളിക്കൽ അതിന്റെ അവിസ്മരണീയമായ ദൃശ്യപരത, അതിന്റെ പിന്നിലെ മാനവികദുരന്തം, നിയമവാഴ്ചയുടെ പരമമായ വിജയം, അണുവിട തെറ്റാത്ത സാങ്കേതിക മികവ് അങ്ങനെ പല കാരണങ്ങൾ കൊണ്ട് മലയാളിയുടെ മനസ്സിൽ എന്നും നിലനിൽക്കുന്ന സംഭവമായി മാറിയിരിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാമെന്നതാണു ദുരന്തസത്യം. ഫ്ലാറ്റ് പൊളിക്കലിലേക്കു നീണ്ട സംഭവ പരമ്പരകളിലെ ആദ്യത്തെ കണ്ണി ഇപ്പോഴും അതേപോലെ തന്നെ നിലനിൽക്കുന്നു.

ഏതാണു തീരദേശം? നിയമത്തിൽ വെള്ളത്തിൽനിന്ന് 50 മീറ്റർ, 20 മീറ്റർ എന്നൊക്കെ പറയുന്നുണ്ടെങ്കിലും കരയിൽ, എന്നുവച്ചാൽ ഭൂപടത്തിൽ, ഈ പ്രദേശം എവിടെയാണെന്നു കൃത്യമായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ജിഐഎസ്, സാറ്റലൈറ്റ് ഇമേജറി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാണെന്നിരിക്കെ ഇതുവരെ ഇത്തരത്തിലൊരു കോസ്റ്റൽ പ്ലാൻ തയാറായിട്ടില്ലെന്നതാണ് അതിശയം. ഈ സന്ദിഗ്ധത തന്നെയാണു മരടിൽ നടന്നുവെന്നു സംശയിക്കുന്ന അഴിമതിക്കു കാരണം. അതുതന്നെയാണു മരട് ഫ്ലാറ്റുകളിൽ താമസിച്ചവർ നേരിട്ടതും നിയമലംഘനം നടത്തി എന്നു പറയപ്പെടുന്ന വീടുകളിൽ താമസിക്കുന്നവർ നേരിടാവുന്നതുമായ ദുർഗതി. അവ്യക്തത പഞ്ചായത്ത് തലത്തിലെ മാത്രം കാര്യമല്ല എന്നതിനു തെളിവാണ് മരട് ഫ്ലാറ്റുകളുടെ വിഷയത്തിൽ സുപ്രീം കോടതിയും ഹൈക്കോടതിയും പരസ്പരവിരുദ്ധമായ വിധികൾ പുറപ്പെടുവിച്ചത്.

കാതലായ മറ്റൊരു പ്രശ്നം, തീരദേശത്തെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമായി തിരിച്ച്, മരട് പഞ്ചായത്ത് ചെയ്തതു പോലെ, തന്നിഷ്ടം നടപ്പാക്കാൻ വിട്ടുകൊടുക്കണമോ എന്നതാണ്. സമഗ്രവും കേന്ദ്രീകൃതവുമായ  സമീപനമാണു തീരദേശസംരക്ഷണവും പരിസ്ഥിതിയും നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്.ഭരണഘടനയുടെ 73, 74 ഭേദഗതികളാണ് ത്രിതല പഞ്ചായത്ത് സംവിധാനവും നഗരഭരണസ്ഥാപനങ്ങളും ഇന്ത്യയിൽ ഇന്നത്തെ രീതിയിൽ സൃഷ്ടിച്ചത്. ഭരണഘടനയുടെ തന്നെ 11,12 പട്ടികകളിലാണ് സംസ്ഥാന സർക്കാരുകൾ തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറാവുന്ന വിഷയങ്ങൾ. 

കേരള സർക്കാർ നിർമിച്ച ചട്ടങ്ങളിലൂടെയാണു കെട്ടിടനിർമാണത്തിലെ തീരദേശനിയമപാലനം അടക്കമുള്ള കാര്യങ്ങൾ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും ലഭിച്ചത്. കുറച്ചുപേരുടെ കെട്ടിടനിർമാണത്തിനു വേണ്ടി പഞ്ചായത്തുകൾ കൂടുതൽ നേരവും ഊർജവും ചെലവഴിക്കുന്നതു തീർച്ചയായും ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ അന്തഃസത്തയ്ക്കെതിരാണ്. അതുകൊണ്ട് തീരദേശത്തെ നിർമാണപ്രവർത്തനങ്ങൾ കൂടുതൽ ഏകീകൃതമായ ഒരു വ്യവസ്ഥയ്ക്കു കീഴിൽ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു. ഇതാണു മരട് പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം.

സ്കോർപ്പിയൺ കിക്ക്: തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച് കേരള ഗവർണർ.

ഇടയ്ക്കിടെ ഇങ്ങനെയൊക്കെ ഓർമിപ്പിച്ചില്ലെങ്കിൽ മറന്നുപോകുന്ന ഒരു പദവിയാണ് ഗവർണർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA