ADVERTISEMENT

പൗരത്വ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം സർക്കാർ തന്നെ അറിയിക്കാത്തത് ചട്ടങ്ങൾ, ഭരണഘടന എന്നിവയുടെലംഘനമാണെന്നു ഗവർണർ. അദ്ദേഹം വിശദീകരണം തേടിക്കഴിഞ്ഞു. ഗവൺമെന്റ് അതു നൽകാൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ, അതിനുശേഷം എന്തു സംഭവിക്കാനാണു സാധ്യത? വിശദീകരണം ഗവർണർക്ക് തൃപ്തികരമല്ലെങ്കിൽ...?

ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ചട്ടങ്ങളുടെ ‘ലംഘന’ത്തെച്ചൊല്ലി കേരള ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ചൂടുപിടിച്ച വാദപ്രതിവാദം നടക്കുകയാണല്ലോ. ഗവർണറും ഗവൺമെന്റും (പ്രത്യേകിച്ചു മുഖ്യമന്ത്രിയും) തമ്മിൽ ഭരണഘടനാപരമായ ബന്ധങ്ങളെക്കുറിച്ചുള്ള ഇത്തരം വിവാദം ഒരുപക്ഷേ, കേരളത്തിൽ ആദ്യമാണ്.

ബഹുമാനപ്പെട്ട ഗവർണർക്കുള്ള പ്രധാന പരാതി, കേരള സർക്കാർ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചത് അദ്ദേഹത്തെ അറിയിച്ചില്ല എന്നതാണ്. ഭരണഘടനയുടെ 166–ാം വകുപ്പു പ്രകാരം ഉണ്ടാക്കിയിരിക്കുന്ന ‘ട്രാൻസാക്‌ഷൻ ഓഫ് ബിസിനസ് റൂൾസ്’ അനുസരിച്ച് കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ അതു ഗവർണറെ അറിയിക്കാനുള്ള ബാധ്യത സംസ്ഥാന ഗവൺമെന്റിനുണ്ട്. അങ്ങനെ ചെയ്യാതിരുന്നത് ചട്ടങ്ങളുടെയും ഭരണഘടനയുടെയും ലംഘനമാണെന്നു ഗവർണർ അവകാശപ്പെടുന്നു. അദ്ദേഹം ഗവൺമെന്റിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വിവാദത്തിലൂടെ ഉയർന്നുവരുന്ന ചില ചോദ്യങ്ങളിവയാണ്: ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു; ഗവൺമെന്റ് അതു നൽകാൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ, അതിനുശേഷം എന്തു സംഭവിക്കാനാണു സാധ്യത? വിശദീകരണം ഗവർണർക്കു തൃപ്തികരമല്ലെങ്കിൽ അനന്തര നടപടികൾ എന്ത്? ഈ ചോദ്യങ്ങളെല്ലാം പ്രസക്തങ്ങളാണ്.

ഭരണനടത്തിപ്പിനെ സംബന്ധിച്ചുള്ള ചട്ടങ്ങൾ (ട്രാൻസാക്‌ഷൻ ഓഫ് ബിസിനസ് റൂൾസ്) ഗവൺമെന്റ് ലംഘിച്ചാൽ എന്താണു യഥാർഥത്തിലുണ്ടാവുക; അതു ഗവർണർ കരുതുന്ന പോലെ ഭരണഘടനാ ലംഘനമായി കണക്കാക്കാമോ? ഇല്ല എന്നതാണ് ഉത്തരം. സുപ്രീം കോടതിയുടെ വിധിന്യായങ്ങൾ അതാണു കാണിക്കുന്നത്. 1952ലെ ദത്താത്രേയ മൊറേശ്വർ പംഗാർക്കർ – സ്റ്റേറ്റ് ഓഫ് ബോംബെ എന്ന കേസിൽ സുപ്രീം കോടതിയുടെ വിധിന്യായത്തിൽ, 166–ാം വകുപ്പോ അതിനനുസൃതമായി ഉണ്ടാക്കിയ ചട്ടങ്ങളോ ലംഘിച്ചാൽ അതു ഭരണഘടനയുടെ ലംഘനമല്ല എന്നു പറഞ്ഞിരിക്കുന്നു.

ഈ വകുപ്പ് മാൻഡേറ്ററി (Mandatory) അല്ല, ‍ഡയറക്ടറി (Directory) മാത്രമാണെന്നും അതുകൊണ്ട് അതിന്റെ ലംഘനം ഭരണഘടനയുടെ ലംഘനമാണെന്നു കണക്കാക്കാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യാഖ്യാനം അതിനുശേഷമുള്ള പല വിധിന്യായങ്ങളിലും ആവർത്തിക്കപ്പെട്ടു. 2013ൽ ഛത്തീസ്ഗഡ് സംസ്ഥാനമുൾപ്പെട്ട ഒരു കേസിലും സുപ്രീം കോടതി ഈ വ്യാഖ്യാനം തന്നെ നൽകിയിട്ടുണ്ട്.

പക്ഷേ, ഗവർണറെ അറിയിക്കണം എന്ന ചട്ടം പാലിക്കേണ്ട ആവശ്യമുണ്ട് എന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. ചട്ടങ്ങൾ പാലിക്കപ്പെടേണ്ടവയാണ്. അസാധാരണ സാഹചര്യങ്ങളിൽ ഏതെങ്കിലും ചട്ടം പാലിക്കാൻ സാധിക്കാതെ വരുന്നതു വേറെ കാര്യം. ഭരണ നടത്തിപ്പു സംബന്ധിക്കുന്ന ചട്ടങ്ങൾ പാലിക്കേണ്ടത് ഗവൺമെന്റും ഗവർണറും തമ്മിലുള്ള ബന്ധം സുഗമമാക്കാൻ ആവശ്യമാണ്. ഗവർണർക്ക് ഗവൺമെന്റ് തന്നെ അവഗണിക്കുന്നു, ആവശ്യമായ വിവരങ്ങൾ നൽകുന്നില്ല എന്നൊക്കെയുള്ള പരാതി ഉണ്ടാകാനേ പാടില്ല. അത് ആ ഗവൺമെന്റിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.

ഇന്ത്യയിൽ നിലവിലുള്ള ഭരണഘടനാ സംവിധാനത്തിൽ പ്രസിഡന്റിനും സംസ്ഥാന ഗവർണർമാർക്കും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാനാവൂ. ഭരണപരമായ കാര്യങ്ങളിൽ ഇവർക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനോ പ്രവർത്തിക്കാനോ ഉള്ള അധികാരമില്ല. അരുണാചൽപ്രദേശിനെ സംബന്ധിക്കുന്ന, 2016ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. 

പ്രസിഡന്റും ഗവർണർമാരും ഭരണഘടനാ തലവന്മാരാണ്. അതിന്റെ അർഥം, ഭരണഘടന പ്രകാരം മാത്രമുള്ള തലവന്മാരെന്നാണ്. അധികാരമുള്ള തലവന്മാരല്ലെന്നു ചുരുക്കം. യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയിലാണു നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ട്, കേരള മന്ത്രിസഭ ഭരണഘടനാപരമായി തങ്ങളിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണു കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നു കാണാം.

ഗവർണറെ അറിയിച്ചില്ല എന്ന കാരണത്താൽ ആ തീരുമാനം നിയമപരമായോ ഭരണഘടനാപരമായോ അസാധുവാകുന്നില്ല. അതു നിയമപ്രാബല്യമുള്ള തീരുമാനവും അതേത്തുടർന്നുള്ള നടപടി നിയമസാധുതയുള്ളതുമാണ്. ഗവർണറെ അറിയിക്കാനുള്ള ബാധ്യത ഗവൺമെന്റിനുണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ എന്നു മാത്രം.

ഗവർണറും തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റും തമ്മിൽ ‘സംഘട്ടനം’ നടക്കുന്നത് ആദ്യമായിട്ടല്ല. പല സംസ്ഥാനങ്ങളിലും ഇതു നടന്നിട്ടുണ്ട്. അൻപതുകളിൽ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി നെഹ്റുവും തമ്മിൽ രാഷ്ട്രപതിയുടെ അധികാരങ്ങളെച്ചൊല്ലി തർക്കമുണ്ടായിട്ടുണ്ട്. പക്ഷേ, അത് ഒരു പരിധിക്കപ്പുറം പോകാതിരിക്കാൻ പക്വമതികളായ അന്നത്തെ നേതാക്കന്മാർ ശ്രദ്ധിച്ചിരുന്നു.

ഗവർണമാരെക്കുറിച്ച് ഡോ. ബി.ആർ. അംബേദ്കറുടെ അഭിപ്രായം, അവർ രാഷ്ട്രീയത്തിന് അതീതരായിരിക്കണം എന്നതായിരുന്നു. രാഷ്ട്രീയ നേതാക്കന്മാരെ ഗവർണർമാരായി നിയമിച്ചാൽ, യഥാർഥ അധികാരം തങ്ങൾക്കില്ലാത്തതിനാൽ പല പ്രശ്നങ്ങളും ഉണ്ടാകും എന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളുടെ തലവന്മാർക്ക്, ഇന്ത്യൻ ഭരണഘടന തങ്ങൾക്കു യഥാർഥ അധികാരം നൽകിയിട്ടില്ല എന്നൊരു തിരിച്ചറിവുണ്ടായാൽ പല പ്രശ്നങ്ങളും ഒഴിവാകും. സമാന്തര ഗവൺമെന്റുകൾ എന്നൊരു സങ്കൽപം നമ്മുടെ ഭരണഘടനയിലില്ല എന്നു സുപ്രീം കോടതി പല വിധിന്യായങ്ങളിലൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. അത് എപ്പോഴും ഓർക്കണം.

(ലോക്സഭ മുൻ സെക്രട്ടറി ജനറലാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com