ഇംപീച്മെന്റിനു വിധേയനായ ട്രംപിനെ പുറത്താക്കേണ്ടതുണ്ടോ? സാധ്യതകള്‍ ഇങ്ങനെ

Donald Trump
SHARE

യുഎസ് ജനപ്രതിനിധി സഭയിൽ ഇംപീച്മെന്റിനു വിധേയനായ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രസിഡന്റ് പദവിയിൽനിന്നു പുറത്താക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ച വിചാരണ ഇന്ന് യുഎസ് സെനറ്റിൽ ആരംഭിക്കുകയാണ്. ഇതിന്റെ നടപടിക്രമങ്ങളും സാധ്യതകളും...

ഇംപീച്മെന്റിനു 3 ഘട്ടങ്ങൾ

1 ജനപ്രതിനിധി സഭാസമിതിയുടെ അന്വേഷണം: പ്രസിഡന്റിനെ ഇംപീച് ചെയ്യേണ്ടതുണ്ടോ എന്ന് ഈ സമിതി അന്വേഷിക്കും. വേണം എന്നാണു തീരുമാനമെങ്കിൽ ഇംപീച്മെന്റ് നടപടികൾ തുടങ്ങും. ട്രംപിന്റെ കാര്യത്തിൽ രണ്ടു കാരണങ്ങളുടെ പേരിൽ ഇംപീച്മെന്റ് വേണമെന്നു സഭാസമിതി തീരുമാനിച്ചു. അധികാരദുർവിനിയോഗം, സഭയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ എന്നിവയാണിത്.

2 ജനപ്രതിനിധി സഭയിലെ കുറ്റവിചാരണ: സഭാസമിതിയുടെ ശുപാർശ പ്രകാരം ജനപ്രതിനിധി സഭ പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യുന്നു. ഇതുപ്രകാരം, പ്രസിഡന്റ് ട്രംപിനെ 2019 ഡിസംബർ 18ന് ഇംപീച് ചെയ്തു. യുഎസ് ചരിത്രത്തിൽ ഇംപീച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി. മറ്റു രണ്ടുപേർ: ആൻഡ്രൂ ജോൺസൺ (1868), ബിൽ ക്ലിന്റൻ (1998). പ്രസിഡന്റായിരുന്ന റിച്ചഡ് നിക്സൻ 1974ൽ ഇംപീച്മെന്റ് ഉറപ്പായ ഘട്ടത്തിൽ രാജിവയ്ക്കുകയായിരുന്നു.

3 സെനറ്റിലെ വിചാരണ: ജനപ്രതിനിധിസഭയിൽ ഇംപീച് ചെയ്യപ്പെട്ട പ്രസിഡന്റിനെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള വിചാരണയാണ് സെനറ്റിൽ ഇന്ന് ആരംഭിക്കുന്നത്. ജനപ്രതിനിധി സഭയിൽ ഇംപീച്മെന്റ് പാസാകാൻ കേവലഭൂരിപക്ഷം മതി. എന്നാൽ സെനറ്റിലെ വിചാരണയിൽ പ്രസിഡന്റിനെ പുറത്താക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (നൂറംഗ സെനറ്റിൽ 67 പേരുടെ പിന്തുണ) വേണം.

സെനറ്റ് വിചാരണ എങ്ങനെ?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സിന്റെ അധ്യക്ഷതയിലായിരിക്കും വിചാരണ. സെനറ്റിലെ 100 അംഗങ്ങളും നിഷ്പക്ഷ ജഡ്ജിമാരുടെ ചുമതല വഹിക്കും. ഫലത്തിൽ കോടതിയുടെ ചുമതലകളിലേക്കു സെനറ്റ് മാറും. സെനറ്റർമാർ, ഇംപീച്മെന്റ് വിചാരണയിലെ വിധികർത്താക്കളായി (ജൂറർ) കഴിഞ്ഞ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.

ജനപ്രതിനിധി സഭയിൽനിന്നുള്ള പ്രതിനിധികളാണ് പ്രോസിക്യൂട്ടർമാരുടെ (ഇംപീച്മെന്റ് മാനേജർമാർ) റോൾ നിർവഹിക്കുക. സാക്ഷികളെ വിളിച്ചുവരുത്തുന്നത് (subpoena) ഉൾപ്പെടെ, വിചാരണയുടെ ഗതിമാറ്റാവുന്ന കാര്യങ്ങളിൽ നിർണായക തീരുമാനം സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റേതായിരിക്കും. നിലവിൽ വിപുലമായ സാക്ഷിവിചാരണയ്ക്കു സാധ്യതയില്ല.

 വിചാരണ എത്ര നീളാം ?

ഇന്ന് വാഷിങ്ടൻ ഡിസിയിലെ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് (ഇന്ത്യൻ സമയം രാത്രി 11.30) വിചാരണ തുടങ്ങും. തുടർന്ന് ഞായർ ഒഴികെ എല്ലാ ദിവസവും വിചാരണ. പ്രതിദിനം 5 മണിക്കൂറെങ്കിലും വിചാരണ ഉണ്ടാകും. ഇന്ന് വിചാരണയുടെ നടപടിക്രമങ്ങൾ തീരുമാനിക്കേണ്ടതിനാൽ വിചാരണാസമയം കൂടിയേക്കാം.

പ്രാരംഭ വാദങ്ങൾക്കായി ഇരുപക്ഷത്തിനും 24 മണിക്കൂർ വീതം ലഭിക്കും. പിന്നീട് സെനറ്റർമാരുടെ ചോദ്യങ്ങൾക്കും മറ്റുമായി 16 മണിക്കൂർ. സെനറ്റിലെ വിചാരണയ്ക്ക് പൊതുവേ, 126 മണിക്കൂർ എന്നാണു കണക്കാക്കാറുള്ളതെങ്കിലും ട്രംപിന്റെ വിചാരണയ്ക്ക് ഇതിനെക്കാൾ കുറച്ചു സമയമേ എടുക്കൂ എന്നാണ് ഇപ്പോഴത്തെ നിഗമനം. മൊത്തത്തിൽ മൂന്നുമുതൽ അഞ്ച് ആഴ്ച വരെ സമയം വേണ്ടിവന്നേക്കാം. വിചാരണ തത്സമയം സംപ്രേഷണം ചെയ്യും. എന്നാൽ, രഹസ്യാത്മകത നിലനിർത്തേണ്ട കാര്യങ്ങൾ വന്നാൽ (ട്രംപിനെതിരായ തെളിവ് പുറത്തുവിട്ട ആളെ വിചാരണ ചെയ്യുന്നതു പോലെയുള്ള കാര്യങ്ങൾ) അക്കാര്യത്തിലും ചീഫ് ജസ്റ്റിസിനു തീരുമാനമെടുക്കാം.

ഈ വർഷം നവംബർ 3ന് നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് റിപ്പബ്ലിക്കൻ, ഡമോക്രാറ്റ് പാർട്ടികളുടെ പ്രൈമറി അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. ഇതിനു മുൻപേ വിചാരണ പൂർത്തിയാക്കണമെന്നാണ് ഇരുപക്ഷത്തിന്റെയും താൽപര്യം. ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം (സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗം) ഫെബ്രുവരി 4നാണ്. ഇതിനു മുൻപേ ട്രംപിനെ കുറ്റവിമുക്തനാക്കണമെന്ന് ആഗ്രഹിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിക്കാരുമുണ്ട്. ബിൽ ക്ലിന്റന്റെ കാര്യത്തിൽ 1999 ജനുവരി 7ന് ആരംഭിച്ച സെനറ്റ് വിചാരണ ഫെബ്രുവരി 12നാണ് അവസാനിച്ചത്. ആൻഡ്രൂ ജോൺസന്റെ വിചാരണ 1868 മാർച്ച് 23ന് ആരംഭിച്ച് മേയ് 26ന് അവസാനിച്ചു.

  ട്രംപ് പുറത്താകുമോ?

സെനറ്റിലെ 100 പേരിൽ 53 പേർ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്; 45 പേർ പ്രതിപക്ഷമായ ഡമോക്രാറ്റുകളും രണ്ടു പേർ ഡമോക്രാറ്റ് പക്ഷത്തു നിലയുറപ്പിച്ച സ്വതന്ത്രരും. ഭരണപക്ഷത്തുനിന്ന് 20 പേർ കൂറുമാറി ഡമോക്രാറ്റുകൾക്കൊപ്പം ചേർന്നാലേ ട്രംപിനെ പുറത്താക്കാൻ കഴിയൂ. നിലവിൽ അതിനു യാതൊരു സാധ്യതയുമില്ല. സെനറ്റർമാർ നിഷ്പക്ഷരായിരിക്കണമെന്നാണു സങ്കൽപമെങ്കിലും തലവൻ മിച്ച് മകനൽ ഉൾപ്പെടെയുള്ളവർ തങ്ങൾ പ്രസിഡന്റിന്റെ പക്ഷത്താണ് എന്നു തുറന്നുപറഞ്ഞു കഴിഞ്ഞു.

 എന്താണു കുറ്റം?

അധികാരം സ്വന്തം രാഷ്ട്രീയതാൽപര്യത്തിനായി ട്രംപ് ദുർവിനിയോഗം ചെയ്തു. ഈ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി ആകാൻ സാധ്യതയുള്ള ഡമോക്രാറ്റ് നേതാവും മുൻ വൈസ് പ്രസിഡന്റുമായ ജോ ബൈഡനെതിരെ യുക്രെയ്‌നിൽ അന്വേഷണം പ്രഖ്യാപിപ്പിക്കാൻ ട്രംപ് ശ്രമിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുടെ വൈറ്റ് ഹൗസ് സന്ദർശനം വൈകിപ്പിക്കുകയും യുക്രെയ്നുള്ള സൈനിക സഹായം പിടിച്ചുവയ്ക്കുകയും ചെയ്തു. ട്രംപിന്റെ ഈ അധികാരദുർവിനിയോഗം സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കുന്നതിൽനിന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ തടഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA