ADVERTISEMENT

കഴിഞ്ഞ ഒക്ടോബറിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ മന്ത്രിസഭാംഗങ്ങളിൽ പലരും തറപറ്റിയെങ്കിലും അതിജീവിച്ച നേതാക്കളിലൊരാളാണ് അനിൽ വിജ്. കഴിഞ്ഞ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു വിജ്. ഇത്തവണ ബിജെപിക്ക് ജനനായക് ജനതാ പാർട്ടിയുമായി അധികാരം പങ്കിടേണ്ടിവന്നതോടെ, ഉപമുഖ്യമന്ത്രി സ്ഥാനം ദുഷ്യന്ത് ചൗട്ടാലയ്ക്കു കിട്ടി. ആഭ്യന്തര മന്ത്രിസ്ഥാനമാണു വിജിനു ലഭിച്ചത്.

ഖട്ടറിനെക്കാൾ സീനിയർ ആയതിനാലാണു തനിക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നൽകിയതെന്നാണു വിജ് കരുതിയത്. എന്നാൽ, സുപ്രധാനമായ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ആഭ്യന്തര വകുപ്പിൽനിന്നു വേർപെടുത്തി മുഖ്യമന്ത്രി ഖട്ടറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥസമിതി ശുപാർശ ചെയ്തു. സർക്കാരിലെ അഴിമതി നേരിടാൻ സിഐഡിയെ ഉപയോഗിക്കാമെന്നു കരുതിയിരുന്ന വിജിനെ ഇതു രോഷാകുലനാക്കി. മുഖ്യമന്ത്രിപക്ഷക്കാരുടെ ഭയം, ഈ വകുപ്പ് തങ്ങളെ പൂട്ടാൻ വിജ് ഉപയോഗിക്കുമോ എന്നതായിരുന്നു.

മുഖ്യമന്ത്രിയുടെ സമ്മതം കിട്ടാതെ ആഭ്യന്തരമന്ത്രിയുടെ ഉത്തരവുകൾ നടപ്പാക്കാൻ സിഐഡി ഉദ്യോഗസ്ഥർ വിസമ്മതിച്ചതോടെ വിജ് പരാതിയുമായി ബിജെപി കേന്ദ്രനേതൃത്വത്തിനു മുന്നിലെത്തി. ആഭ്യന്തരമന്ത്രി സ്ഥാനം ഉപേക്ഷിക്കുമെന്നു ഭീഷണി മുഴക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുപ്പമുള്ള ഖട്ടറാകട്ടെ, തന്റെ നടപടിയെ ന്യായീകരിച്ചു രംഗത്തെത്തി. സംസ്ഥാന സർക്കാരുകളിൽ ഒന്നാമനും രണ്ടാമനും തമ്മിലുള്ള പ്രശ്നങ്ങൾ ബിജെപിയും കോൺഗ്രസും പോലുള്ള ദേശീയ പാർട്ടികളിൽ പ്രകടമാണ്. പ്രാദേശിക കക്ഷികളിൽ പൊതുവേ, ‘വൺമാൻ ഷോ’ ആയതിനാൽ ഈ പ്രശ്നം ഉണ്ടാകാറില്ല.

മുഖ്യമന്ത്രിയും രണ്ടാമനും തമ്മിലുള്ള തർക്കം പാർട്ടിയിലും സർക്കാരിലും പ്രശ്നമായതിന്റെ മറ്റൊരു ഉദാഹരണം രാജസ്ഥാനിലാണ്. അവിടത്തെ കോട്ട സർക്കാർ ആശുപത്രിയിലെ നവജാതശിശുക്കളുടെ കൂട്ടമരണം, കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നതകൾ പുറത്തു കൊണ്ടുവന്നു. ആരോഗ്യവകുപ്പിനെ രൂക്ഷമായി വിമർശിച്ച സച്ചിൻ പൈലറ്റ്, മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളെ സന്ദർശിച്ചത് മുഖ്യമന്ത്രിയുടെ അടുപ്പക്കാർക്കു രസിച്ചില്ല. എന്നാൽ ഈ സന്ദർശനം, സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ മുനയൊടിക്കുകയാണു ചെയ്തത് എന്നാണു സച്ചിൻപക്ഷത്തിന്റെ വാദം.

ഗുജറാത്തിൽ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും തമ്മിലും രസത്തിലല്ല. 2017ൽ നേരിയ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ രൂപാണി, നിതിൻ പട്ടേലിനു പ്രധാന വകുപ്പുകളൊന്നും നൽകിയില്ല. അന്ന് ഓഫിസിലെത്താതെ വിട്ടുനിന്ന നിതിൻ പട്ടേലിനെ അമിത് ഷാ ഇടപെട്ടാണ് അനുനയിപ്പിച്ചത്.

കർണാടകയിലെ പ്രശ്നം മറ്റൊന്നാണ്. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയ്ക്കു തന്റെ 3 ഉപമുഖ്യമന്ത്രിമാരിൽനിന്നും നേരിട്ടു ഭീഷണിയൊന്നുമില്ല. പക്ഷേ, താരതമ്യേന ചെറിയ മൂന്നു നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കി വച്ച് തനിക്കു കൂച്ചുവിലങ്ങിടുകയാണ് എന്നാണു യെഡിയൂരപ്പയുടെ പരാതി. ഇതിനു പിന്നിൽ, കർണാടകയിൽനിന്നുള്ള ശക്തനായ ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷാണെന്നും അദ്ദേഹം സംശയിക്കുന്നു.

കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥിനു മന്ത്രിസഭയിൽ എതിരാളികളൊന്നുമില്ല. പക്ഷേ, അദ്ദേഹത്തിനുമേൽ പാർട്ടി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ ഒരു കണ്ണ് എപ്പോഴുമുണ്ട്. സിന്ധ്യ കൂടി പങ്കാളിയായ പ്രചാരണത്തിന്റെ ഫലമായാണ് 15 വർഷം തുടർച്ചയായി ഭരിച്ച ബിജെപിയെ താഴെയിറക്കാൻ കഴിഞ്ഞത്. തന്റെ അനുയായികൾക്കു മന്ത്രിസഭയിൽ പ്രധാന പദവികൾ ലഭിക്കാത്തതിൽ സിന്ധ്യ അതൃപ്തനാണ്.

തമിഴ്നാട് ഒഴികെ, പ്രാദേശിക കക്ഷികളുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ (മമത ബാനർജി – ബംഗാൾ, നവീൻ പട്നായിക് – ഒഡീഷ, നിതീഷ് കുമാർ – ബിഹാർ, ചന്ദ്രശേഖർ റാവു – തെലങ്കാന, വൈ.എസ്. ജഗൻമോഹൻ റെഡ്ഡി – ആന്ധ്രപ്രദേശ്) അതിശക്തരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെക്കു കനത്ത തിരിച്ചടി കിട്ടിയതോടെ, തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും തമ്മിൽ തൽക്കാലം അടി നിർത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com