ADVERTISEMENT

ചില ആളുകളെക്കുറിച്ച്, ‘അവർ വലിയവരാണ്’ എന്നു നാം പറയാറില്ലേ. അവരുടെ വലുപ്പത്തിനു കാരണം, അവർക്ക് എത്ര ചെറുതാകാനും കഴിയും എന്നതാണ്. ഇരിക്കുന്ന സ്ഥാനത്തെക്കാളുപരി ആ സ്ഥാനത്തിരുന്നുള്ള പെരുമാറ്റമാണ് ആളുകളെ ആകർഷിക്കുക. ഒരാളുടെ ശരിയായ സ്വഭാവമറിയാൻ അയാൾക്ക് ഒരു പദവി നൽകിയാൽ മതി. 

ലഭിച്ച അധികാരം പ്രദർശിപ്പിച്ചു നടക്കുന്നവരുണ്ട്. സ്ഥാനം ലഭിച്ചു എന്നതിന്റെ പേരിൽ ഒരാളിൽ അധികാരത്തിന്റെയോ അഹംഭാവത്തിന്റെയോ അടയാളങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിൽ അതിനർഥം, അയാൾ ആ സ്ഥാനത്തിന് അർഹനല്ല എന്നാണ്. എല്ലാ പദവികളും താൽക്കാലികമാണെന്നും പദവിയിലിരിക്കുമ്പോഴുള്ള സന്മനസ്സാണ് പദവിയിൽനിന്ന് ഇറങ്ങുമ്പോഴുള്ള സ്വീകാര്യതയ്ക്ക് അടിസ്ഥാനമെന്നും തിരിച്ചറിഞ്ഞാൽ അധികാരത്തിലിരിക്കുന്നവർക്കു മനുഷ്യത്വമുണ്ടാകും.

സ്ഥാനക്കയറ്റത്തിനനുസരിച്ചു വിനയാന്വിതരാകുന്നവരുമുണ്ട്. കഷ്ടപ്പാടിലൂടെയും അതിജീവനത്തിലൂടെയും പദവിയിലെത്തിയവർ വന്ന വഴി മറക്കില്ല. തന്നെക്കാൾ താഴെയുള്ളവരുടെ നിസ്സഹായതയും ദൈന്യവും അവർക്കു വേഗം മനസ്സിലാകും. തന്റെ മുന്നിൽ താഴ്മയോടെ നിൽ‌ക്കുന്നവർ, തന്നെയല്ല തന്റെ സ്ഥാനത്തെ മാത്രമാണ് ആശ്രയിക്കുന്നതെന്നു മനസ്സിലാക്കാനുള്ള വിവേകം അവർക്കുണ്ടാകും.

മുകളിലുള്ളവരോടും ഒപ്പമുള്ളവരോടും പുലർത്തുന്ന സമീപനമല്ല, തനിക്കു താഴെയുള്ളവരോടു നടത്തുന്ന ഇടപെടലാണ് ഒരാളുടെ സ്വഭാവമഹിമ വെളിവാക്കുന്നത്. ആനുകൂല്യത്തിനും അനുകമ്പയ്ക്കും അർഹതയുള്ളവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്തവർ നേതാവാകുന്നത് സേവനത്തിനല്ല, ബഹുമാനം ചോദിച്ചു വാങ്ങാൻ വേണ്ടിയാണ്. ബഹുമാനിക്കാൻ അറിയാത്തവരെയും സ്നേഹിക്കാൻ കഴിയുന്ന അധികാരികളാണ് സ്ഥാനത്തിനപ്പുറവും പ്രസക്തരാകുന്നത്. പെരുമാറ്റമാണ് പേരിനാധാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com