ADVERTISEMENT

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് രാഷ്ട്രീയ സമ്മർദത്തെത്തുടർന്നു രാജി വച്ചതു വിവാദമായി. തിരുവനന്തപുരം നഗരസഭയ്ക്ക് 14.5 കോടി രൂപ പിഴ ചുമത്തിയതാണു രാജിയിലേക്കു നയിച്ചതെന്ന് ആരോപണം. പിഴ പിൻവലിക്കണമെന്ന ബോർഡ് അംഗങ്ങളുടെയും സിപിഎം നേതാക്കളുടെയും ആവശ്യത്തിനു വഴങ്ങാതിരുന്നതാണു പകപോക്കലിന് ഇടയാക്കിയതെന്നു ഡോ. അജിത് ഹരിദാസ് മനോരമയോട്:

? എന്തുകൊണ്ടാണു രാജി?

മാലിന്യസംസ്കരണിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം നഗരസഭയ്ക്ക് 14.5 കോടി രൂപയുടെ പിഴ ചുമത്തിയ നടപടി പിൻവലിപ്പിക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടായി. നിയമപ്രകാരമുള്ള നടപടികൾ മാത്രമേ ചെയ്തിട്ടുള്ളൂ. പദവിയിൽ തുടരാൻ കഴിയാത്ത സാഹചര്യത്തിലാണു രാജി സമർപ്പിച്ചത്. ശാസ്ത്ര സാങ്കേതിക വകുപ്പിൽ പരിസ്ഥിതി സാങ്കേതികവിദ്യയുടെ ചുമതലയുള്ള ചീഫ് എൻജിനീയർ പദവിയിൽ നിന്നാണു മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. സമ്മർദങ്ങൾക്കു വഴങ്ങി ജോലി ചെയ്യാനാകില്ല.

? തിരുവനന്തപുരം കോർപറേഷനു പിഴ ചുമത്തിയതാണു വിവാദമായത്?

മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടു കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ച 17 നഗരസഭകൾക്കും കൊച്ചി, തൃശൂർ ഉൾപ്പെടെ 5 കോർപറേഷനുകൾക്കും പിഴ ചുമത്തിയിരുന്നു. 77 നഗരസഭകൾക്കു പിഴ ചുമത്തുന്നതിനു മുന്നോടിയായി കാരണംകാണിക്കൽ നോട്ടിസ് നൽകി. എന്നാൽ, തിരുവനന്തപുരം കോർപറേഷനു പിഴ ചുമത്തിയതു മാത്രം വിവാദമാക്കുകയായിരുന്നു.

? വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പു സമയത്തു ഗൂഢലക്ഷ്യങ്ങളോടെയാണു തിരുവനന്തപുരം കോർപറേഷനു പിഴ ചുമത്തിയതെന്നാണ് ആരോപണം?

1986ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണു മാലിന്യസംസ്കരണത്തിലെ വീഴ്ചകളിൽ നഗരസഭകൾക്കും കോർപറേഷനുകൾക്കും എതിരെ നടപടിയെടുത്തത്. ഇതു പെട്ടെന്നൊരു ദിവസം എടുക്കാവുന്ന തീരുമാനമല്ല. ചെയർമാനോ അംഗങ്ങൾക്കോ തോന്നിയതുപോലെ പിഴ ചുമത്താൻ കഴിയില്ല.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണു പിഴ കണക്കാക്കുന്നത്. ഇതു വളരെ സമയമെടുത്തു ചെയ്യുന്നതാണ്. പിഴ സംബന്ധിച്ച അന്തിമ തീരുമാനമായപ്പോഴാണു തിരുവനന്തപുരം കോർപറേഷനു നോട്ടിസ് നൽകിയത്. അത് ഉപതിരഞ്ഞെടുപ്പോ മറ്റു സാഹചര്യങ്ങളോ പരിഗണിച്ചല്ല.

? മേയർ ആയിരുന്ന വി.കെ.പ്രശാന്ത് സ്ഥാനാർഥി ആകുമെന്നറിഞ്ഞിട്ടും അക്കാര്യം പരിഗണിച്ചില്ലെന്നാണു സിപിഎമ്മിന്റെ പരാതി?

നിയമം നടപ്പാക്കുന്ന കാര്യത്തിൽ രാഷ്ട്രീയകാര്യങ്ങൾ പരിഗണിക്കേണ്ടതില്ല. സത്യം അറിയാതെയാണു രാഷ്ട്രീയപരമായ വിമർശനമുണ്ടായത്. എനിക്കു വി.കെ.പ്രശാന്തിനോടു വിരോധം തോന്നാൻ ഒരു കാരണവുമില്ല.

? മാലിന്യനിർമാർജനത്തിനുള്ള സ്വകാര്യ പദ്ധതി താങ്കൾ കോർപറേഷനു സമർപ്പിച്ചിരുന്നുവെന്നും ഇതു തള്ളിയതാണു പിഴ ചുമത്താൻ കാരണമെന്നും ആരോപണമുയർന്നിരുന്നു?

ഞാൻ ഒരു ശാസ്ത്രജ്ഞനാണ്. അങ്ങനെയുള്ള ഒരു പദ്ധതിയും കോർപറേഷനു സമർപ്പിക്കാൻ എനിക്ക് അധികാരമില്ല. അടിസ്ഥാനരഹിതമായ ആരോപണമാണ്.

? സാമ്പത്തിക പ്രതിസന്ധിയുള്ള നഗരസഭകളിൽ നിന്ന് ഇത്രയും വലിയ തുക പിഴയായി ഈടാക്കുന്നതു പ്രായോഗികമാണോ?

പിഴ നിശ്ചയിക്കാൻ കൃത്യമായ ഫോർമുലയുണ്ട്. ഈ പിഴത്തുക മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചെയർമാനോ ബോർഡിനോ ഉള്ളതല്ല. മുഴുവൻ തുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു മാത്രമേ ഉപയോഗിക്കാവൂ എന്നു നിയമമുണ്ട്. ബോർഡിന്റെ ഒരുവിധ ചെലവുകൾക്കും ഈ തുക വിനിയോഗിക്കാനാകില്ല. പിഴ നൽകുന്ന തദ്ദേശസ്ഥാപനം പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമാർജനം എന്നീ മേഖലകളിൽ നല്ലൊരു പദ്ധതി സമർപ്പിച്ചാൽ ഈ തുക അവർക്കുതന്നെ വിനിയോഗിക്കാൻ കൈമാറും.

? മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത നിയമമാണു കേരളത്തിൽ നടപ്പാക്കുന്നതെന്നും ആരോപണമുണ്ടായി?

കാര്യങ്ങൾ പഠിക്കാത്തതു കൊണ്ടുള്ള കുറ്റപ്പെടുത്തലാണിത്. കൃത്യമായി പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡുകളെല്ലാം ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് ലക്നൗ കോർപറേഷന് 14 കോടി രൂപ പിഴ ചുമത്തി. സംസ്ഥാന സർക്കാരും കോർപറേഷനും ഭരിക്കുന്നത് ഒരേ പാർട്ടിയാണ്. അവിടെ വിവാദങ്ങളില്ല.

? ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചില്ലേ?

തദ്ദേശസ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കാനുള്ള നടപടിയുടെ മുഴുവൻ വിവരങ്ങളും സർക്കാരിനെ അറിയിച്ചിരുന്നു. നടപടികളിൽ പിഴവോ അതൃപ്തിയോ ഇതുവരെ അറിയിച്ചിട്ടില്ല. പക്ഷേ, പിഴ ചുമത്തിയ നടപടി പിൻവലിക്കണമെന്നു ബോർഡിലെ അംഗങ്ങളും സിപിഎം നേതാക്കളും പലതവണ ആവശ്യപ്പെട്ടു. നിയമപ്രകാരം ചെയ്ത നടപടിയിൽ നിന്നു പിന്മാറാൻ കഴിയില്ലെന്നു തീർത്തുപറഞ്ഞു. ഇതിനുശേഷമാണു പകപോക്കൽ നീക്കമുണ്ടായത്.

? സർക്കാർ രാജി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചുവരുമോ?

അങ്ങനെയൊരു തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com