sections
MORE

നരേന്ദ്ര മോദിക്കെതിരെ ഭാര്യ യശോദ ബെൻ; വ്യാജന്റെ വൈറസ് പടരുമ്പോൾ

vireal
1. പൗരത്വ നിയമത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാര്യ എന്ന അടിക്കുറിപ്പോടെ വ്യാപകമായ ചിത്രം, 2 ആദിത്യ റാവുവിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ബിജെപി നേതാവ് സന്ദീപ് ലോബോയുടെ ചിത്രം.
SHARE

വൈറസ് പോലെയാണു വ്യാജവാർത്തകളും പടരുക, ഒരു പക്ഷേ അതിലേറെ വേഗത്തിൽ. വൈറസ് മൂലമുണ്ടാകുന്ന രോഗബാധ മരണകാരണമാകാമെങ്കിൽ വ്യാജ വാർത്തയും മനുഷ്യനെ കൊല്ലുമെന്ന് നമ്മൾ എത്രയോ തവണ കണ്ടിരിക്കുന്നു.

പൊതുവേ വാർത്തകളും വിവരങ്ങളും പുറത്തു വരാൻ താമസമുള്ള രാജ്യമാണ് ചൈന. നമ്മൾ ഇവിടെ ഉപയോഗിക്കുന്ന പല സമൂഹമാധ്യമ ചാനലുകളും അവിടെയില്ലതാനും. എങ്കിലും വ്യാജവാർത്തയിൽനിന്നു മോചിതരല്ല ചൈനയും.

ചൈനയിൽ പടർന്നു പിടിക്കുകയും ലോകമാകെ ഭീതി പരത്തുകയും ചെയ്യുന്ന നിഗൂഢ കൊറോണ വൈറസ് ബാധ സംബന്ധിച്ച് ഒട്ടേറെ വ്യാജ വിവരങ്ങളും വാർത്തകളുമൊക്കെ അവിടെ പ്രചരിക്കുകയാണത്രേ. നേരത്തേ പറഞ്ഞതു പോലെ അവിടെനിന്നു കാര്യങ്ങൾ പുറത്തെത്താൻ അൽപം സമയമെടുക്കുമെന്നതു കൊണ്ട്, ആ വ്യാജന്മാർ ഇങ്ങ് എത്താനിരിക്കുന്നതേയുള്ളൂ.

എന്നാൽ, ചൈനയുടെ സമീപമുള്ള തയ്‍വാനിൽ വൈറസിനെക്കുറിച്ചുള്ള വ്യാജ വിവരങ്ങളെ നേരിടാൻ സർക്കാർ നേരിട്ടു രംഗത്തിറങ്ങിയിരിക്കുകയാണ്. കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളെക്കുറിച്ചു പരിഭ്രാന്തി പരത്തുന്ന ശബ്ദ സന്ദേശം വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണിത്. തയ്‍വാൻ ആരോഗ്യവിഭാഗം തള്ളിക്കളഞ്ഞ ഈ സന്ദേശമോ സമാനമായ മറ്റു വ്യാജ വിവരങ്ങളോ പ്രചരിപ്പിക്കുന്നവർക്ക് 30 ലക്ഷം ന്യൂ തയ്‍വാൻ ഡോളർ (71.25 ലക്ഷം രൂപ) വരെയാണു പിഴ നിശ്ചയിച്ചിരിക്കുന്നത്! പോരാത്തതിന് ജയിലിൽ കിടക്കാനുള്ള അവസരവുമൊരുങ്ങും!

മനുഷ്യനെ ബാധിക്കുന്ന ദുരന്തങ്ങളുണ്ടാകുമ്പോഴാണു വ്യാജവിവരങ്ങൾ ഏറ്റവും കൂടുതലുണ്ടാകുക. യുദ്ധം, പ്രകൃതിദുരന്തം, രോഗവ്യാപനം തുടങ്ങിയവയൊക്കെ വ്യാജന്റെ വളർത്തുശാലകളാണ്. കേരളത്തെക്കുറിച്ച് ഏറ്റവും കൂടുതൽ വ്യാജൻ പ്രചരിച്ചതു പ്രളയകാലത്തായിരുന്നുവെന്ന് ഓർക്കണം.

സൗദിയിൽ മലയാളി നഴ്സിനും വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പോൾ, കൊറോണ വൈറസ് സംബന്ധിച്ച വ്യാജവിവരങ്ങൾ ഇവിടെയും പടരാനിടയുണ്ട്. രോഗബാധ മുതൽ ചികിത്സയും മുൻകരുതലും വരെയുള്ള ആധികാരിക വിവരമെന്ന മട്ടിലൊക്കെ സംഗതി വന്നേക്കാം. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ളവ മാത്രമേ ഷെയർ ചെയ്യാവൂ. സ്വയം ചികിത്സ ഒരു കാരണവശാലും പാടില്ല.

മോദിക്കെതിരെ യശോദ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ പൗരത്വ നിയമത്തിനെതിരായ സമരത്തിൽ അണിചേർന്നുവോ? അവർ ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രം, ‘പൗരത്വ നിയമത്തിനെതിരെ പ്രധാനമന്ത്രിയുടെ ഭാര്യ’ എന്ന അടിക്കുറിപ്പോടെ വ്യാപകമായി വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുകയാണ്.

എന്നാൽ, ഈ ചിത്രം 2016ൽ അഹമ്മദാബാദിൽ നടന്ന സമരത്തിൽ നിന്നുള്ളതാണ്. അവിടെ ചേരികൾ തകർക്കുമ്പോൾ പാർക്കാനിടമില്ലാത്തവർക്കു വേണ്ടി നടത്തിയ പ്രതിഷേധ സമരമാണിത്. ഇതല്ലാതെ, യശോദ ബെൻ പൗരത്വ നിയമത്തിന്റെ പേരിലുള്ള ഒരു പൊതു സമരത്തിലും പങ്കെടുത്തിട്ടില്ല.

ആദിത്യനല്ല; ലോബോ

മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടകവസ്തുക്കൾ വച്ച ആദിത്യ റാവു എന്ന യുവാവ് ബുധനാഴ്ച കീഴടങ്ങിയിരുന്നല്ലോ. ഇൗ വാർത്ത പുറത്തു വന്നതിനു തൊട്ടുപിന്നാലെ, ആദിത്യ റാവുവിന്റേതെന്ന പേരിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി. ആർഎസ്എസ് നേതാവിനൊപ്പം നിൽക്കുന്ന യുവാവ് ആദിത്യ റാവു ആണെന്നായിരുന്നു അടിക്കുറിപ്പ്.

എന്നാൽ പ്രചരിക്കുന്ന ചിത്രത്തിലെ ആൾ വേറെയാണ് – കർണാടകയിലെ ബിജെപി നേതാവ് സന്ദീപ് ലോബോ. തന്റെ ചിത്രം വ്യാജ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നതിനെതിരെ ലോബോ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിന്റെ ചിത്രം ലോബോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA