ADVERTISEMENT

നമ്മൾ ഏതുതരം രാജ്യമാണ്? ഇന്ത്യ, അതിന്റെ വൈരുധ്യങ്ങളുടെ ആകെത്തുകയെക്കാൾ വലുതാണെന്നു ദീ‍ർഘകാലമായി ഞാൻ വാദിക്കുന്നതാണ്. നെഹ്‌റുവിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘ഇന്ത്യ അദൃശ്യമെങ്കിലും ശക്തമായ ഇഴകളാൽ ബന്ധിക്കപ്പെട്ട രാജ്യമാണ്. അത് ഒരേ സമയം, കെട്ടുകഥയായിരിക്കുകയും ആശയമായി നിലനിൽക്കുകയും ചെയ്യുന്നു, ഒരേ സമയം, സ്വപ്നവും ദർശനവുമാണത്; അങ്ങനെയായിരിക്കുമ്പോഴും ഇന്ത്യ അങ്ങേയറ്റം യഥാർഥമായ വർത്തമാനാവസ്ഥയുമാണ്.’
ഈ നിഗൂ‍ഢാത്മകതയെ വ്യാഖ്യാനിക്കാൻ‍ ഇന്ത്യൻ ദേശീയതയെ വിശകലനം ചെയ്യുന്നവർക്ക് അമർത്യ സെന്നിന്റെ ഒരു സങ്കൽപനം കടമെടുക്കാം – ഇന്ത്യ ഒരു ആശയമാണ്.

എന്താണ് ഇന്ത്യ എന്ന ആശയം? ജവാഹർലാൽ നെഹ്റു അതിനെ, ‘ചരിത്രം സാധൂകരിച്ച ബഹുസ്വരത’ എന്നാണു വിളിച്ചത്; ചരിത്രത്തിലെ ഓരോ ഘട്ടത്തിലും മാറിമാറി വന്ന ഭരണാധികാരികളും അവരുടെ ജനങ്ങളും തങ്ങളുടെ ദർശനം കൂടി ഇന്ത്യ എന്ന ആശയത്തിന്മേൽ ആലേഖനം ചെയ്തു, മുൻപുണ്ടായിരുന്നവയെ മായ്ക്കാതെതന്നെ. അങ്ങനെ ഒരുപാട് ആശയങ്ങൾ ആവർത്തിച്ചെഴുതപ്പെട്ട പുരാലിഖിതമായാണു നെഹ്റു ഇന്ത്യയെ കണ്ടത്.
മതനിരപേക്ഷ ദേശീയവാദികളുടെ ഒരു തലമുറ നെഹ്റുവിന്റെ ഈ കാഴ്ചപ്പാടിനെ പിൻപറ്റി. ‘വൈവിധ്യങ്ങളിലെ ഏകത’ അങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും പവിത്രമായ ആത്മാവിഷ്കാര വാക്യമായി.
ഈ മതനിരപേക്ഷ ദർശനത്തെയാണ്, നമ്മുടെ പുതിയ ഭരണകൂടം തങ്ങളുടെ വിഭാഗീയ ദേശീയവാദം കൊണ്ട് ഇന്നു ചോദ്യം ചെയ്യുന്നത്.

ജനാധിപത്യത്തിന്റെ വെല്ലുവിളികൾ

എങ്ങനെയാണ് കഴിഞ്ഞ 70 വർഷം ഇന്ത്യ ഒരു പ്രായോഗിക ആശയമെന്ന നിലയിൽ സ്വയം സംരക്ഷിക്കുകയും നിലനിൽക്കുകയും ചെയ്തത്? ഈ കാലത്തിനുള്ളിൽ നമ്മൾ 3.7 കോടി ജനങ്ങളിൽനിന്ന് 130 കോടിയായി വളർന്നു, സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചു, ആഭ്യന്തരവും വിദേശീയവുമായ ആക്രമണങ്ങളെ പ്രതിരോധിച്ചു, ഇതിനെല്ലാമിടയിൽ ജനാധിപത്യ രാജ്യമായി നിലനിൽക്കുകയും ചെയ്തു. എല്ലാ വൈരുധ്യങ്ങൾക്കുമിടയിലും 7 പതിറ്റാണ്ടത്തെ ജനാധിപത്യത്തിന്റെ ഈ നിലനിൽപ് അസാധാരണമായൊരു നേട്ടം തന്നെയാണ്, അത് ആഘോഷിക്കപ്പെടേണ്ടതുമാണ്.

ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും സംസ്കാരങ്ങളുടെയുമൊക്കെ ഇത്തിരിവട്ടങ്ങളിൽനിന്നു സ്വയം മോചിതരായി മുന്നേറാൻ ഇന്ത്യക്കാർക്ക് അവസരം നൽകുന്നതു ജനാധിപത്യമാണ്. സാമൂഹികമായ അടിച്ചമർത്തലുകളുടെയും ജാതിവെറിയുടെയും ഇരകളാകുന്ന ഇന്ത്യക്കാർക്കു (പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിലെ) രക്ഷാമാർഗമാകുക മാത്രമല്ല, പലപ്പോഴും അവർക്ക് അഭിവൃദ്ധിയിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്യുന്നു, ജനാധിപത്യം. അത്രമേൽ ദൃഢനിശ്ചയത്തോടെ തങ്ങളുടെ ജനാധിപത്യാവാകശം – വോട്ട് – വിനിയോഗിക്കുന്ന ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ ജനങ്ങളാണ് ഇതു സാധ്യമാക്കുന്നത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണവർഗത്തിന്റെ – രാഷ്ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥരിലും – സാമൂഹിക ഘടനയിലുണ്ടായിട്ടുള്ള മാറ്റം, പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. എങ്കിലും, നമ്മുടെ രാഷ്ട്രീയത്തിന്റെ പൊതുവായ നിലവാരക്കുറവ് അത്ര ആഹ്ലാദത്തിനു വഴിനൽകുന്നതല്ല.

ആധുനികമായ ഏക രാഷ്ട്രീയ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ എഴുപതാണ്ട് നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടുവെന്നതാണു വസ്തുത. പകരം, സമുദായം, പ്രദേശം, ജാതി, ഭാഷ, വർഗം തുടങ്ങിയ വിഭജനയുക്തികളാണ് ഇന്നു മുൻപെന്നത്തേക്കാളും നമ്മളെ ഭരിക്കുന്നത്. ലോക്സഭയിൽ ഒറ്റ കക്ഷി ഭൂരിപക്ഷമുള്ളപ്പോഴും, നമ്മുടെ രാഷ്ട്രീയ സംവിധാനം കൂടുതൽ വിഘടിക്കപ്പെട്ടിരിക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്റെ കൂടുതൽ ഇടുങ്ങിയ വഴികളിലൂടെയാണ് രാഷ്്രടീയക്കാർ പിന്തുണ സമാഹരിക്കാൻ പരിശ്രമിക്കുന്നത്. പിന്നാക്കക്കാരൻ, ഗോത്രവർഗക്കാരൻ, ഗോ സംരക്ഷകൻ, മുസ്‍ലിം, അഭിമാനിയായ ഹിന്ദു എന്നിവയൊക്കെ, ഇന്ത്യക്കാരനായിരിക്കുക എന്നതിനെക്കാൾ പ്രധാനമായിത്തീരുന്നു.

നെഹ്റുവും അദ്ദേഹത്തിന്റെ ആശയസഹചാരികളും ജാതിയെ വെറുക്കുകയും അത് ആധുനിക ഇന്ത്യയുടെ സാമൂഹിക ഭൂമികയിൽനിന്ന് അപ്രത്യക്ഷമാകുമെന്നു കരുതുകയും ചെയ്തിരുന്നു. എന്നാൽ, ജാതി ഇന്ത്യയിൽ നിലനിൽക്കുകയും അഭിവൃദ്ധിപ്പെടുകയും ചെയ്തെന്നു മാത്രമല്ല, രാഷ്ട്രീയനേട്ടങ്ങൾക്കുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമായിത്തീരുകയും ചെയ്തു. ജാതി മാനദണ്ഡമാക്കി സ്ഥാനാർഥികളെ നിശ്ചയിക്കുന്ന പാർട്ടികൾ, വോട്ടർമാരോട് ഒളിവില്ലാതെ പറയുന്നത്, സ്വന്തം ജാതിയിലോ ഉപജാതിയിലോ പെട്ടവരെ തിരഞ്ഞെടുക്കൂ എന്നാണ്. സമൂഹത്തിലാകെ ജാതീയതയും ജാതിബോധവും വളർത്താൻ ഇതിടയാക്കി. പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ – തൊഴിൽ അവസരങ്ങളും തൊഴിൽസാധ്യതകളും സർക്കാർതല സ്ഥാനക്കയറ്റങ്ങളുമൊക്കെ നിശ്ചയിക്കുന്നതു ജാതിയാണ്. പിന്നാക്കക്കാരനല്ലെങ്കിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ആളുകൾ പറയുന്ന നിലയിൽ വരെയായി കാര്യങ്ങൾ.

നെഹ്റുവിയൻ പാരമ്പര്യത്തിന്റെ സവിശേഷമായ ഒരു ഘടകം അത് ഇന്ത്യയുടെ പലവക മതാന്ധതകളെയും ആശയഭ്രാന്തുകളെയും ദീർഘവീക്ഷണത്തോടെ തള്ളിക്കളഞ്ഞുവെന്നതാണ്. പക്ഷേ, ഇന്നു ഭൂരിപക്ഷവാദം രാജ്യത്തുടനീളം ജൈത്രയാത്ര നടത്തുമ്പോൾ, ആ മതനിരപേക്ഷ സങ്കൽപം നിന്ദിക്കപ്പെടുന്നു. തിരഞ്ഞെടുപ്പോ സംവരണമോ, മാർഗമേതായാലും സമകാലിക ഇന്ത്യൻ രാഷ്ട്രീയം പഴയ സ്വത്വങ്ങളുടെ, വിശ്വാസങ്ങളുടെ, ശീലങ്ങളുടെ, മുൻവിധികളുടെ ശക്തിയെ പുനഃസ്ഥാപിക്കുകയാണ്.

ദേശീയതയുടെ അടിസ്ഥാനം

അപ്പോൾ, ഇന്ത്യയെ ഒരു ദേശമാക്കുന്നത് എന്താണ്? പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ഒരുകൂട്ടം നാട്ടുരാജ്യങ്ങളെയും ഉപരാജ്യങ്ങളെയും സമാഹരിച്ച് ഇറ്റലി രൂപീകരിച്ചപ്പോൾ ഒരു ഇറ്റാലിയൻ ദേശീയവാദി എഴുതിയത്, ‘നമ്മൾ ഇറ്റലി സൃഷ്ടിച്ചു. ഇനി ചെയ്യാനുള്ളത് ഇറ്റലിക്കാരെ സൃഷ്ടിക്കുകയാണ്’ എന്നായിരുന്നു.
ഏതാനും പതിറ്റാണ്ടുകൾക്കു ശേഷം, ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ ദേശീയവാദികളാരും ഈ രീതിയിൽ ചിന്തിക്കാനുള്ള പ്രലോഭനത്തിൽ വീണില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ആധുനിക ഇന്ത്യൻ ദേശീയതയുടെ മുഖ്യ വക്താവായ നെഹ്റുവിന്, ഇത്തരത്തിൽ ‘ഇന്ത്യക്കാരെ സൃഷ്ടിക്കു’ന്നതിനെക്കുറിച്ച് ഒരിക്കലും സംസാരിക്കാനാകില്ലായിരുന്നു. കാരണം, ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യക്കാരുടെ രാഷ്ട്രീയാഭിലാഷങ്ങൾക്കു താൻ ആവിഷ്കാരം നൽകുന്നതിനു സഹസ്രാബ്ദങ്ങൾക്കു മുൻപേ ഇന്ത്യയും ഇന്ത്യക്കാരനും നിലനിന്നിരുന്നുവെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു.

എങ്കിലും, 1947ൽ പിറന്ന ഇന്ത്യ യഥാർഥത്തിൽ ഒരു പുതിയ സൃഷ്ടി തന്നെയായിരുന്നു: ലഡാക്കിലെയും ലക്ഷദ്വീപിലെയും ജനങ്ങളെ അത് സഹപൗരന്മാരാക്കി, പഞ്ചാബിയെ പഞ്ചാബിയിൽനിന്നു മുറിച്ചകറ്റി, കേരളത്തിലെ കർഷകരോട്, ഡൽഹിയിലെ കശ്മീരി പണ്ഡിറ്റിന്റെ ഭരണത്തോടു കൂറുപുലർത്താൻ ആവശ്യപ്പെട്ടു. ഇതെല്ലാം ആദ്യമായിട്ടായിരുന്നു, പുതിയതായിരുന്നു.
ദേശീയ സ്വത്വത്തിന്റെ ഒരു പരമ്പരാഗത സൂചികകളും അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല ഇന്ത്യൻ ദേശീയത. അതിന്റെ അടിസ്ഥാനം ഭാഷയായിരുന്നില്ല; നമ്മുടെ ഭരണഘടന ഇപ്പോൾ 23 ഔദ്യോഗിക ഭാഷകളെ അംഗീകരിക്കുന്നു, 10 ലക്ഷത്തിലേറ പേർ സംസാരിക്കുന്ന മുപ്പത്തിയഞ്ചോളം ഭാഷകൾ ഇവിടെ നിലനിൽക്കുകയും ചെയ്യുന്നു.

അതിന്റെ അടിസ്ഥാനം വംശവുമായിരുന്നില്ല; വൈവിധ്യപൂർണമായ എത്രയെത്ര വംശങ്ങളിൽ ഉൾപ്പെടുന്നതാണ് ഇന്ത്യക്കാർ. അവരിൽ പലർക്കും, പ്രത്യേകിച്ചും പഞ്ചാബികൾക്കും ബംഗാളികൾക്കും, സ്വദേശീയരെക്കാൾ വൈദേശിക വംശങ്ങളുമായാണു കൂടുതൽ സാമ്യം.
അതിന്റെ അടിസ്ഥാനം മതവുമായിരുന്നില്ല, കാരണം, ഒരുപക്ഷേ ഷിന്റോയിസം ഒഴികെ ലോകത്തെ എല്ലാ മതങ്ങളും നിലനിൽക്കുന്ന മതനിരപേക്ഷ ബഹുസ്വര രാഷ്ട്രമാണ് ഇന്ത്യ.
ഭൂപ്രകൃതിയായിരുന്നില്ല, കാരണം പർവതങ്ങളും സമുദ്രങ്ങളും അതിരിട്ട ഇന്ത്യയുടെ സ്വാഭാവിക ഭൂപ്രദേശം 1947ൽ വിഭജിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഭൂപ്രദേശം പോലുമായിരുന്നില്ല; കാരണം, വിഭജനത്തിനു മുൻപുള്ള ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ജനിച്ച മുത്തച്ഛനോ മുത്തശ്ശിയോ ഉള്ള ആർക്കും നിയമപ്രകാരം, ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ അല്ലെങ്കിൽ പോലും, പൗരത്വത്തിന് അർഹതയുണ്ട്.

പലരുചികളുടെ ഇന്ത്യ

ഇങ്ങനെ പരമ്പരാഗത ദേശീയതാ സങ്കൽപങ്ങൾക്കൊന്നും പിടികൊടുക്കാത്തതു കൊണ്ടാണ് ഇന്ത്യൻ ദേശീയത, ഒരാശയമാണെന്നു പറയുന്നത്. പുരാതന നാഗരികതയിൽ ഉടലെടുത്ത്, പങ്കുവയ്പുകളുടെ ചരിത്രത്തിലൂടെ ഒന്നുചേർക്കപ്പെട്ട്, ബഹുസ്വര ജനാധിപത്യത്തിലൂടെ നിലനിന്ന ഒരു നിത്യദേശം എന്ന ആശയമാണത്. ഇന്ത്യൻ ജനാധിപത്യം പൗരന്റെമേൽ ഇടുങ്ങിയ അനുരൂപങ്ങളൊന്നും അടിച്ചേൽപിക്കുന്നില്ല.

നിങ്ങൾക്ക് ഒരേസമയം പലതായിരിക്കുവാൻ കഴിയുമെന്നതാണ് ഇന്ത്യൻ ബഹുസ്വരതയുടെ പ്രധാന ഘടകം; നിങ്ങൾക്ക് ഒരേ സമയം നല്ല മുസ്‍ലിമും നല്ല മലയാളിയും നല്ല ഇന്ത്യക്കാരനുമാകാം. വൈവിധ്യങ്ങൾ ഉരുകി ഒന്നാകുന്ന ഉരുക്കുമൂശയാണ് അമേരിക്കയെങ്കിൽ, ഇന്ത്യ പല വിഭവങ്ങൾ ഒരേ പാത്രത്തിൽ വിളമ്പുന്ന ഒരു സദ്യയാണ്. ഓരോന്നിനും വ്യത്യസ്ത രുചികളായിരിക്കും, ഒന്ന് തൊട്ടടുത്തിരിക്കുന്ന മറ്റൊന്നുമായി കലരണമെന്നില്ല, പക്ഷേ, അവയെല്ലാം ഒരു പാത്രത്തിൽ പരസ്പരപൂരകമായിരുന്ന് ഭക്ഷണാനുഭവത്തെ ആസ്വാദ്യകരമായ വിരുന്നായി മാറ്റുന്നു.

വൈവിധ്യങ്ങളെ, പലമകളെ ചേർത്തു പിടിക്കുന്നതാണ് ഇന്ത്യ എന്ന ആശയം. ജാതി, മതം, നിറം, വിശ്വാസം, സംസ്കാരം, ഭക്ഷണക്രമം, വസ്ത്രധാരണം എന്നിങ്ങനെ എല്ലാ വൈവിധ്യങ്ങൾക്കും ഒത്തുപോകാനും അവയെല്ലാം നിലനിൽക്കെത്തന്നെ സമന്വയം സാധ്യമാണെന്നുമുള്ളതാണ് ആ ആശയം. ആ സമന്വയത്തിന്റെ അടിസ്ഥാനം ലളിതമാണ് – ജനാധിപത്യത്തിൽ നിങ്ങൾ എല്ലാറ്റിനോടും യോജിക്കണമെന്നില്ല, എങ്ങനെ വിയോജിക്കാം എന്നതിന്റെ അടിസ്ഥാനനിയമങ്ങളിലൊഴികെ.

ഭരണകൂടം ഭരണഘടനയെ ചോദ്യം ചെയ്യുമ്പോൾ

ഇന്ത്യയുടെ സ്ഥാപകപിതാക്കന്മാർ എഴുതിയ സ്വപ്നങ്ങളുടെ ഭരണഘടനയിലെ ആശയങ്ങളും തത്വങ്ങളും ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ശ്രീനഗറിലെ തെരുവുകളിൽ കല്ലെറിയുന്ന ചെറുപ്പക്കാരോ ഛത്തീസ്ഗഡിലെ വനാന്തരങ്ങളിൽ തോക്കേന്തുന്ന മാവോയിസ്റ്റുകളോ മാത്രമല്ല, മതനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കിത്തീർക്കാൻ ശ്രമിക്കുന്ന
നമ്മുടെ ഔദ്യോഗിക ഭരണകൂടംതന്നെ അതു ചെയ്യുകയാണ്. പൗരത്വ നിയമത്തിനും പൗരത്വ റജിസ്റ്ററിനുമെതിരായ പോരാട്ടത്തിന്റെ സാംഗത്യവും പ്രസക്തിയും ഈ സാഹചര്യമാണ്.
ഇരുപതാം നൂറ്റാണ്ട് സൃഷ്ടിച്ച ആധുനിക ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളോട് അങ്ങേയറ്റം വിശ്വസ്തരായിരിക്കുകയു അവ സംരക്ഷിക്കുകയും ചെയ്താൽ മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അഭിവൃദ്ധിയിലേക്കു സഞ്ചരിക്കാൻ നമുക്കു കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com