റിപ്പബ്ലിക്കിന് സപ്തതിപ്രഭ

SHARE

റിപ്പബ്ലിക്കിന് സപ്തതിപ്രഭ വലിയ ഉത്തരവാദിത്തങ്ങൾ ഓർമപ്പെടുത്തുന്ന സുദിനം സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ മുഴുവൻ അഭിമാനമായി, എഴുപതാണ്ടുകളിലൂടെ കൈവന്ന ചൈതന്യവുമായി നാളെ നമ്മുടെ ദേശീയപതാക ഉയർന്നുപറക്കുമ്പോൾ രാജ്യചരിത്രം അതിവിശിഷ്ടമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും ആത്മവിശ്വാസത്തിനും വേണ്ടിയുള്ള ഇച്‌ഛയും നിശ്‌ചയവും നെഞ്ചിലേറ്റി നാം തോളോടുതോൾ ചേർന്നു നിൽക്കണമെന്ന് ഓർമിപ്പിക്കുന്നുണ്ട്, ഈ സുദിനം. വിഭജനം സമൂഹഗാത്രത്തിൽ സൃഷ്‌ടിച്ച മുറിപ്പാടുകൾ, ഭക്ഷ്യക്ഷാമത്തിന്റെ തീവ്രനൊമ്പരങ്ങൾ, ജനസംഖ്യയിൽ നല്ലൊരു പങ്കിന്റെയും നിരക്ഷരതയും ദാരിദ്ര്യവും, ജാതിഭേദചിന്തകൾ, നാട്ടുരാജ്യങ്ങൾ ഉയർത്തിയ ഭീഷണികൾ – ഇതിലേക്കാണ് ഇന്ത്യൻ റിപ്പബ്ലിക് പിറന്നുവീണത്. എങ്കിൽപ്പോലും, വിശാലമായ ജനസമൂഹത്തിന്റെ താൽപര്യവൈവിധ്യങ്ങൾക്കു മതിയായ രക്ഷാവ്യവസ്‌ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു ആ പിറവി. അയിത്തത്തിലും ജാതിവേർതിരിവുകളിലും അമർന്നുപോയ ഒരു വലിയ വിഭാഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിനുകൂടി അതു കാരണമായി. എണ്ണമറ്റ പ്രതിസന്ധികളെ ചെറുത്തുതോൽപിച്ച്, സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന നിലയ്‌ക്കുള്ള ഭാരതത്തിന്റെ യാത്രയാണ് എഴുപതാണ്ടുകളുടെ ത്രിവർണത്തിളക്കത്തിൽ എത്തിനിൽക്കുന്നത്. വെല്ലുവിളികളല്ല, ആ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണു രാഷ്‌ട്രത്തിന്റെ കരുത്തിന്റെ അളവുകോലെന്നത് ഇതിനകം ഇന്ത്യ മനസ്സിലാക്കിക്കഴിഞ്ഞു. നമുക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ജനാധിപത്യ സംവിധാനങ്ങളിൽ പിൽക്കാലത്തു വിള്ളലേറ്റപ്പോഴും ഇന്ത്യൻ ജനാധിപത്യം ചൈതന്യവത്തായും ലോകത്തിനുതന്നെ മാതൃകയായും നിലനിൽക്കുന്നതിനു രാജ്യം കടപ്പെട്ടിരിക്കുന്നതു ദീർഘവീക്ഷണത്തോടെ തയാറാക്കിയ ഭരണഘടനയോടുതന്നെ. അതേസമയം, ഇത് ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണെന്നു കാലം ഓർമിപ്പിക്കുന്നു . ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നു നാം അഭിമാനിക്കുന്നുണ്ട്. സാമ്പത്തികരംഗത്തു വലിയ മുന്നേറ്റങ്ങൾ സ്വപ്നം കാണുകയും ചെയ്യുന്നു. പക്ഷേ, ഇവ മാത്രമല്ല ക്ഷേമരാഷ്ട്രത്തിന്റെ യഥാർഥ മാനദണ്ഡങ്ങൾ. സാമൂഹിക ഐക്യവും അവസര സമത്വവും ഏറ്റവും സാധാരണക്കാരന്റെ വരെ സാമ്പത്തിക സുരക്ഷിതത്വവും സാക്ഷാത്ക്കരിക്കുമ്പോഴേ രാജ്യം പൂർണശോഭ നേടൂ. മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണു നമ്മുടേത്. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ ഈ മതനിരപേക്ഷതയ്ക്ക് ഒരു കാരണവശാലും വിള്ളലേറ്റുകൂടാ. ബ്രിട്ടിഷ് മാധ്യമക്കമ്പനിയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ജനാധിപത്യ സൂചികയിൽ കഴിഞ്ഞ വർഷം ഇന്ത്യ 10 റാങ്ക് പിന്നോട്ടു പോയി 51ാം സ്ഥാനത്തെത്തിയെന്ന വാർത്ത നാം കേട്ടതു കഴിഞ്ഞ ദിവസമാണ്. പൗരാവകാശ നിഷേധമാണ് ഇതിനു കാരണമെന്നാണ് ഈ പഠനം ആരോപിക്കുന്നത്. അധികാരക്കസേരയ്ക്കു വേണ്ടിയുള്ള ധനാധിപത്യത്തിന്റെയും കുതികാൽവെട്ടിന്റെയും മറുകണ്ടം ചാടലിന്റെയും മലീമസകഥകൾ ജനാധിപത്യത്തിന്റെ അന്തസ്സിനുതന്നെ മങ്ങലേൽപിക്കുന്നുണ്ടെന്ന സത്യം നമുക്കു മുന്നിലുണ്ടുതാനും. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. അഖണ്ഡതയും ഭദ്രതയും ജനാധിപത്യത്തിന്റെ ശക്തിയും ഓർമിച്ചാണ് ഇന്ത്യ 70 വർഷങ്ങളുടെ അനുഭവപാഠങ്ങളുമായി നാളെ റിപ്പബ്ലിക് ദിനത്തിലേക്കു പുലരുന്നത്. ‘‍ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപകൽപന ചെയ്യുന്നു’ എന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രഖ്യാപനത്തിൽ തന്നെയുണ്ട്, സുസ്ഥിര ഭാരതത്തിനുവേണ്ടിയുള്ള കാലാതീതമായ ഉണർത്തുപാട്ട്. ജനാധിപത്യം പ്രകാശമാനമായി നിലനിർത്താനും ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികളെയും സമ്മർദങ്ങളെയും അതിജീവിക്കാനും ലോകനിലവാരമുള്ള വികസനത്തിലേക്കുള്ള വേഗച്ചിറകുകൾ തീർക്കാനും മഹത്തായ ഈ സപ്തതി ഇന്ത്യൻ റിപ്പബ്ലിക്കിന് ഊർജം പകരട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA