അയലത്തുനിന്നുള്ള സുരക്ഷാപാഠം

SHARE

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തായി വാഹനാപകടങ്ങളുടെ എണ്ണം പെരുകുമ്പോഴും നാം അതിനു വേണ്ടത്ര ഗൗരവം നൽകുന്നുണ്ടോ എന്നു സംശയമാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വാഹനാപകടങ്ങളിലുണ്ടായ വർധന കേരളത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുതന്നെ.

സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പുതിയ കണക്കുപ്രകാരം, അപകടങ്ങളുടെ എണ്ണത്തിലും മരണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2018ൽ 40,181 അപകടങ്ങളിലായി 4,303 പേരാണു മരിച്ചതെങ്കിൽ, കഴിഞ്ഞ വർഷം 41,016 അപകടങ്ങളിലായി 4,355 പേർ മരിച്ചിട്ടുണ്ട്. 32,414 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഈ കണക്കുകളിൽനിന്ന് എത്രയോ കുടുംബങ്ങളുടെ സങ്കടം ഇരമ്പുന്നതുകൂടി നാം കേട്ടേതീരൂ. പുറപ്പെട്ട വീട്ടിലേക്കും കൈവീശി യാത്രയയച്ച പ്രിയപ്പെട്ടവരിലേക്കും തിരികെയെത്താനുള്ളതാണ് എല്ലാ യാത്രകളും. പക്ഷേ, ഓരോ ദിവസവും നമ്മുടെ നിരത്തുകളിലുണ്ടാവുന്ന അപകടങ്ങളിൽപെട്ട് വീട്ടിൽ തിരികെയെത്താതെ പലരും യാത്രയാവുന്ന ദുർവിധിക്ക് ഇനിയെങ്കിലും അറുതി കുറിക്കണ്ടേ?

റോഡ് സുരക്ഷയ്ക്കു നിർണായക പ്രാധാന്യം നൽകുന്നതുവഴി, തമിഴ്നാട്ടിൽ വാഹനാപകടങ്ങളിൽ ഗണ്യമായ കുറവുണ്ടായതിൽ അയലത്തുനിന്നു നാം കണ്ടെടുക്കേണ്ട വലിയ പാഠങ്ങളുമുണ്ട്. മോട്ടർവാഹന നിയമം കേന്ദ്ര സർക്കാർ ഭേദഗതി വരുത്തി പിഴ വർധിപ്പിച്ചതിനു പിന്നാലെ, അതു കർശനമായി നടപ്പാക്കിയ സംസ്ഥാനമാണു തമിഴ്നാട്. ഗതാഗത നിയമലംഘനത്തിനു വൻ തുക പിഴ ചുമത്തിത്തുടങ്ങിയതോടെ അവിടെ ജനം നിയമം അനുസരിച്ചുതുടങ്ങി. എന്നാൽ, കേരളത്തിൽ പിഴ ഏകപക്ഷീയമായി കുറയ്ക്കാനാണു സർക്കാർ തീരുമാനിച്ചത്. വാഹനപരിശോധനയും കുറച്ചതായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്.

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ചട്ടങ്ങളും ഇരുചക്രവാഹനങ്ങളിൽ പിന്നിൽ ഇരിക്കുന്നവർക്കും ഹെൽമറ്റ് വേണമെന്ന ചട്ടവും തമിഴ്നാട്ടിൽ കർശനമാക്കുകയുണ്ടായി. തമിഴ്നാട്ടിൽ വാഹനാപകടങ്ങൾ കുറയാൻ വേറെയും കാരണങ്ങളുണ്ട്. ദേശീയപാതകളിൽ രാത്രികാല പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കി. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പാതകളെ പ്രത്യേക മേഖലയാക്കി, സ്പീഡ് ബ്രേക്കറുകൾ, സ്പീഡ് മോണിറ്ററിങ് ക്യാമറകൾ എന്നിവ സ്ഥാപിച്ചതും അപകടസാധ്യത കുറച്ചു.

ഇ – ചലാൻ സംവിധാനം നടപ്പാക്കിയതോടെ പതിവു ട്രാഫിക് നിയമലംഘകരെ പെട്ടെന്നു തിരിച്ചറിയാനായതും നിയമലംഘനങ്ങളുടെ സ്വഭാവം കണക്കിലെടുത്തു നിശ്ചിത കാലയളവിലേക്കു ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതും ഗുണകരമായി. സ്റ്റേറ്റ് റോഡ് സേഫ്റ്റി കൗൺസിൽ യോഗം കൃത്യമായ ഇടവേളകളിൽ ചേരുന്നതിലും തീരുമാനങ്ങൾ നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിലും തമിഴ്നാട് നമുക്കുള്ള കൂടുതൽ പാഠങ്ങൾ കരുതിവയ്ക്കുന്നുമുണ്ട്.

അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്ന കാര്യത്തിലും അവർ ശ്രദ്ധയൂന്നുന്നു. എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളിൽ എമർജൻസി കെയർ സെന്ററുകളും ട്രോമാ കെയർ സെന്ററുകളും തുറന്നതും ഈ ദിശയിലുള്ള ശ്രദ്ധേയ നടപടികളാണ്. ആംബുലൻസുകളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ആപ് ഘടിപ്പിച്ചതിനാൽ, അപകടസ്ഥലത്തേക്കെത്തുന്ന സമയം പകുതിയായി കുറയ്ക്കാൻ കഴിഞ്ഞു. നേരത്തേ നഗരമേഖലകളിൽ 32 മിനിറ്റായിരുന്ന സമയം ഇപ്പോൾ 13 മിനിറ്റായും ഗ്രാമങ്ങളിൽ 40 മിനിറ്റായിരുന്നത് 17 മിനിറ്റായും കുറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ നടപ്പാക്കിയതുകൊണ്ടു തന്നെയാണ്, 2017-18 നെ അപേക്ഷിച്ചു 2018-19ൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ തമിഴ്നാട്ടിൽ 32 % കുറവുണ്ടായതും റോഡപകടങ്ങൾ കുറയ്ക്കുന്നതിനു ഫലപ്രദ നടപടി സ്വീകരിച്ചതിന്റെ പേരിൽ കേന്ദ്ര പുരസ്കാരം കൈവന്നതും.

അതിവേഗവും അശ്രദ്ധയുംകൂടി ചേരുമ്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം കേരളത്തിന്റെ കൊടിയ ശാപമാണ്. കർശന നിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. റോഡ് സുരക്ഷയിൽ തമിഴ്നാട് സർക്കാർ നൽകുന്ന സുരക്ഷാപാഠങ്ങൾ ഉൾക്കൊള്ളേണ്ടതു നമ്മുടെ സർക്കാർ സംവിധാനങ്ങളാണ്. റോഡ് സുരക്ഷയ്ക്ക് കേരളം മുന്തിയ പ്രാധാന്യം നൽകിയില്ലെങ്കിൽ അപകടമരണങ്ങളുടെ പേരേടുപട്ടിക ഇനിയും വർധിച്ചേക്കും. ഒരു കാരണവശാലും അതുണ്ടായിക്കൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA