ADVERTISEMENT

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ചുള്ള ചർച്ചകളും വിവാദങ്ങളും നടക്കുകയാണല്ലോ. 2015ലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ കുറെ വാർഡുകൾ 2001ലെയും ബാക്കിയുള്ളവ 2011ലെയും സെൻസസിന്റെ അടിസ്ഥാനത്തിലാണു നിർണയിച്ചിരുന്നത്. ഈ അപാകത ഒഴിവാക്കി 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണയം നടത്താനും എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ബിൽ അവതരിപ്പിക്കാൻ പോകുകയാണു സർക്കാർ. ഏകദേശം 1750 വാർഡുകൾ പുതുതായി രൂപീകരിക്കുകയാണു ലക്ഷ്യം. ഇതു സങ്കീർണവും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതുമാണ്.

നഗരവൽക്കരണം മൂലം നഗരജനസംഖ്യയിലുണ്ടായ വർധന ഉൾക്കൊണ്ടാണ് 2015ൽ മുനിസിപ്പാലിറ്റികളുടെ എണ്ണവും വാർഡുകളും വർധിപ്പിച്ചത്. പുതിയതായി 27 മുനിസിപ്പാലിറ്റികൾ രൂപീകരിച്ചു. മുനിസിപ്പാലിറ്റി വാർഡുകളുടെ എണ്ണം 2010ൽ 2216 ആയിരുന്നത് 2015ൽ 3122 ആയി വർധിച്ചു (906 പുതിയ വാർഡുകൾ). ഗ്രാമപഞ്ചായത്തുകളിലെ 718 വാർഡുകൾ കുറഞ്ഞു. കണ്ണൂർ മുനിസിപ്പാലിറ്റിയെ മുനിസിപ്പൽ കോർപറേഷനായി ഉയർത്തി.

ചുരുക്കത്തിൽ, കേരളത്തിന്റെ ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന നഗരജനസംഖ്യയ്ക്ക് ആനുപാതികമായ മാറ്റങ്ങൾ 2015ലെ വാർഡ്‌ പുനർനിർണയത്തിലൂടെ ഉണ്ടായി. ഇതനുസരിച്ച് 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ്‌ പുനർനിർണയം നടത്തേണ്ടതു ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലാണ്. ഇതിനു പല പ്രശ്നങ്ങളുമുണ്ട്.

  2021ൽ സെൻസസ് നടത്തുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ അതിർത്തിയിൽ മാറ്റം പാടില്ലെന്നു സെൻസസ് മാനദണ്ഡങ്ങൾ അനുശാസിക്കുന്നു.

  2011ലെ സെൻസസ് അനുസരിച്ചാണ് വാർഡ്‌ പുനർനിർണയമെങ്കിൽ ഒരു പഞ്ചായത്തിലെ ഏതാണ്ട് എല്ലാ വാർഡുകളുടെയും അതിരുകളിൽ മാറ്റം വേണ്ടിവരും. ചെറിയ തോതിലുള്ള മാറ്റം കൊണ്ടു പ്രശ്നം പരിഹരിക്കാനാകില്ല.

  ഇത്തരം മാറ്റങ്ങൾക്കെതിരായ പരാതികൾക്കു നിയമാനുസരണം തീർപ്പുകൽപിക്കാൻ കാലതാമസം വരും.

 ഈ നടപടികൾ പൂർത്തിയാക്കി പുതിയ വാർഡുകൾ അന്തിമമായി പ്രഖ്യാപിച്ചാലേ, അതനുസരിച്ചു വാർഡ്‌‌തല വോട്ടർപട്ടിക ഉണ്ടാക്കാനും അതു പുതുക്കാനും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു കഴിയൂ.

  വാർഡ്‌ പുനർനിർണയവും അതേത്തുടർന്നുള്ള വോട്ടർപട്ടിക പുതുക്കൽ നടപടികളും പൂർത്തീകരിക്കാൻ സാധാരണഗതിയിൽ ഒന്നരവർഷമെങ്കിലും എടുക്കും. ഈ നടപടികൾ 8 മാസം കൊണ്ട് എന്തായാലും പൂർത്തിയാക്കാൻ കഴിയില്ല. ഇതുമൂലം തിരഞ്ഞെടുപ്പു നീട്ടിവയ്ക്കേണ്ട സാഹചര്യവും ഉണ്ടാകും.

 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണയം നടത്തിയില്ലെങ്കിൽ, സംസ്ഥാന നികുതിവിഹിതമായും വാർഷിക പദ്ധതിക്കും മറ്റുമായുമുള്ള തുക ലഭിക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ല. 

വാർഡ്‌ പുനർനിർണയം സംസ്ഥാന സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കില്ലെന്ന വാദത്തിലും കഴമ്പില്ല. 1750 പുതിയ വാർഡുകൾ കൂടി വരുമ്പോൾ അതിലെ മെംബർമാർക്ക് നിലവിലെ നിരക്കിൽ ഓണറേറിയം കൊടുക്കാൻ മാത്രം പ്രതിവർഷം 15 കോടി രൂപയിലേറെ വേണ്ടിവരും. ഇതിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഭരണത്തിനും വികസനത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമുള്ള ഏതാണ്ടു മുഴുവൻ തുകയും നൽകുന്നതു സംസ്ഥാന സർക്കാരാണ്. ഗ്രാമപഞ്ചായത്തുകളുടെ മൊത്തം വരുമാനത്തിൽ തനതു നികുതി - നികുതിയിതര വരുമാനം തുച്ഛമാണ് (ഏതാണ്ട് 9%). ഭരണച്ചെലവുകളും അനിവാര്യ ചുമതലകളും മറ്റും നിർവഹിക്കാൻ ഇവരും ആശ്രയിക്കുന്നതു സംസ്ഥാന സർക്കാർ ഫണ്ടിനെയാണ്.

വേണ്ടത്ര സമയമുണ്ടായിട്ടും ഒന്നും ചെയ്യാതെ അവസാന നിമിഷം തിരക്കിട്ടു നടത്തുന്ന വാർഡ്‌ പുനർനിർണയം ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാക്കൂ. അതിഗുരുതരമായ ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഇതു നടത്തുന്നത് ഉചിതമല്ല.

(അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാനായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com