വൃത്തഭദ്രമായ വടക്കാഴ്ചകൾ

tharangangalil-uzhunnu-vada
SHARE

ഉഴുന്നുവടയുടെ നടുവിലെ വൃത്തഭംഗിയുള്ള ദ്വാരം കണ്ടുപിടിച്ചത് ആരാണെന്നു ചരിത്രത്തിലൊരിടത്തും കാണുന്നില്ല.

വൃത്തം പഠിപ്പിച്ച ഭാഷാധ്യാപകനോട് ഉഴുന്നുവടയിലെ വൃത്തംപോലെയാണോ സർ എന്നു ചോദിച്ച മിടുക്കന് ഏതെങ്കിലുമൊരു വട സമ്മാനമായി കിട്ടിയോ ആവോ?

മലയാളിയുടെ ദാനശീലത്തിന്റെ വൃത്തഭദ്രമായ പ്രതീകമാണ് ഉഴുന്നുവട എന്നാണ് അപ്പുക്കുട്ടന്റെ പക്ഷം.

നാം ഒരു ഭക്ഷണശാലയിൽ കയറി ശുഭ്രവസ്ത്രധാരിയായ രണ്ട് ഇഡ്ഡലി ആവശ്യപ്പെടുന്നു എന്നു കരുതുക. അല്ലെങ്കിൽ, ദോശയോ മസാലദോശയോ നെയ് ചേരാത്ത നെയ്ദോശയോ ചോദിക്കുന്നു. വരുന്നത് ഇഡ്ഡലിയോ ദോശയോ തനിച്ചല്ല.

പശുവിനെ വാങ്ങുമ്പോൾ കിടാവും എന്ന ന്യായപ്രകാരം ഇഡ്ഡലിക്കൊപ്പം വൃത്തഭംഗിയുള്ള ഉഴുന്നുവടയും കയറിവരുന്നു; ദോശയിൽ തല ചായ്ച്ച് ഉഴുന്നുവട പ്രവേശിക്കുന്നു.

പാര ചോദിക്കുമ്പോൾ പൊതിക്കാനുള്ള തേങ്ങ നമുക്ക് ആരും തരാറില്ല. എന്തിന്, ആനയെ വാങ്ങുമ്പോൾ ഒരു തോട്ടിപോലും കിട്ടാറില്ല.എന്നാൽ, പലവിധ ദോശകൾക്കൊപ്പവും ഇഡ്ഡലിക്കൊപ്പവും ക്ഷണിക്കാതെ കയറിവരുന്നു, വട.

മലയാളിയുടെ ഔദാര്യത്തിന്റെ ദ്വാരമുള്ള പ്രതീകമാണു വടയെന്നു തെറ്റിദ്ധരിച്ച മറുനാട്ടുകാർ ബില്ലു വന്നപ്പോൾ ഞെട്ടിപ്പോയ കഥകളുണ്ട്. ദോശ ചോദിച്ചവർക്കും ഇഡ്ഡലി ചോദിച്ചവർക്കും ചോദിക്കാതെ കിട്ടിയ വടയുടെ വിലയും ബില്ലിൽ !

വിൽപനവിലയും ജിഎസ്ടിയുമുള്ള ദാനശീലം ഇപ്പോഴിതാ റെയിൽവേയിലേക്കു പടർന്നിരിക്കുന്നു.റെയിൽവേ ഭക്ഷണശാലയിൽ രണ്ട് ഇഡ്ഡലി കഴിച്ചാൽ രണ്ട് ഉഴുന്നുവട കൂടി നിർബന്ധമായി കഴിക്കണമത്രെ.

മൂന്നാമതൊരു ഇഡ്ഡലി വേണമെന്നുണ്ടെങ്കിൽ, ഒരെണ്ണം മാത്രമായി കിട്ടുകയുമില്ല, രണ്ടെണ്ണം ഒന്നിച്ചേ വരൂ. അപ്പോഴും തോഴിയായി ഉഴുന്നുവട വരും.

വടയുടെ അളവ് 30 ഗ്രാം എന്നു റെയിൽവേ നിശ്ചയിച്ചിട്ടുള്ള സ്ഥിതിക്ക് വടദ്വാരത്തിന്റെ വ്യാസവും വ്യാസാർധവുംകൂടി തീരുമാനിക്കേണ്ടതായിരുന്നു.

അളവുതൂക്കത്തിൽ ശോഷിച്ച വട തിന്നുന്നതുപോലെതന്നെ നിർഭാഗ്യകരമല്ലേ സർ, വൃത്തഭദ്രമല്ലാത്ത വട കഴിക്കേണ്ടി വരുന്നതും?

പരിപ്പുവടയും വട തന്നെയാണെങ്കിലും ഔദാര്യ വിളമ്പിൽ ആ വടയ്ക്കു പ്രവേശനമില്ലാത്തത് അതിനു ദ്വാരസൗന്ദര്യമില്ലാത്തതുകൊണ്ടാണോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA