സിനിമ ജമീലയോടു ചെയ്തത്: എൻ. എസ്. മാധവൻ എഴുതുന്നു

thalsamayam-jameelaa-malik
ജമീല മാലിക്, അർണബ് ഗോസ്വാമി, കുനാൽ കമ്റ
SHARE

കഴിഞ്ഞ ദിവസം അന്തരിച്ച ജമീല മാലിക് കാലത്തിനു മുൻപേ നടന്ന ആളാണ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ മലയാളി വിദ്യാർഥിനി. രാജ്യത്തു പൊതുവേ പെൺകുട്ടികൾ സിനിമ പഠിക്കാൻ ഒരുമ്പെടാത്ത കാലത്തായിരുന്നു ജമീല മാലിക്കിന്റെ പുണെ യാത്ര. അന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ജയ ബച്ചനടക്കം വളരെക്കുറച്ചു പെൺകുട്ടികൾ മാത്രം. 1973ൽ ‘റാഗിങ്’ എന്ന തന്റെ ആദ്യ മലയാള ചിത്രത്തിൽ ജമീല അഭിനയിക്കുമ്പോൾ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു വെള്ളിത്തിരയിലേക്കു വരുന്ന ആദ്യ മലയാളനടിയായിരുന്നു അവർ. അതിനു ശേഷം, ഇന്ന് ഏതാണ്ട് അരനൂറ്റാണ്ട് ആകുമ്പോഴും, ഈ അഗ്രഗാമിയുടെ കാൽപാടുകൾ പിന്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള നടികളാരും മലയാളസിനിമയിൽ എത്തിയിട്ടില്ല എന്നതാണു വസ്തുത. ചരിത്രവ്യക്തി എന്നുതന്നെ വിളിക്കേണ്ട ജമീല മാലിക്കിന്റെ, മാധ്യമങ്ങളിൽ കണ്ട ചരമക്കുറിപ്പുകൾ ഹൃദയഭേദകമായിരുന്നു. അവയിൽ പറയാൻ വിട്ടുപോയത്, പാലോടിലെ വാടകവീട്ടിലെ ദാരിദ്ര്യത്തിൽ അവരെ കൊണ്ടെത്തിക്കുന്നതിൽ സിനിമ, പ്രത്യേകിച്ചു മലയാളസിനിമ വഹിച്ച പങ്കിനെക്കുറിച്ചാണ്.

ആദ്യ സിനിമയിൽ എത്തുമ്പോൾ അവർക്ക് 27 വയസ്സായിരുന്നു. സിനിമാ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് ഇളംപ്രായത്തിലുള്ള പെൺകുട്ടികളെയാണെന്ന് സ്വതവേ ആണത്തചിന്തകൾ വച്ചുപുലർത്തുന്ന സിനിമാനിർമാതാക്കൾ കരുതുന്നു. ഇതു മലയാളസിനിമയിലെ മാത്രം കഥയല്ല; അങ്ങ് ഹോളിവുഡിലും ബോളിവുഡിലും ഈ ധാരണ ശക്തമാണ്. അൻപതും അറുപതും വയസ്സു കഴിഞ്ഞാലും മേക്കപ്പിന്റെയും കംപ്യൂട്ടർ ഇഫക്ടിന്റെയും ബലത്തിൽ നടന്മാർ യുവനായകന്മാരായി തുടരുമ്പോൾ, അവരുടെ ആദ്യകാല ചിത്രങ്ങളിലെ കൗമാരക്കാരായ നായികമാർ ഇപ്പോൾ അമ്മമാരുടെ വേഷമിടുന്നു. സിനിമയിലെ ഈ അനീതി ജമീല മാലിക്കിനും വിനയായി.

മലയാളസിനിമയിൽ അടുത്ത കാലത്തു വളരെ പ്രകടമായ ആൺകോയ്മ, ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ, എന്നും നിലനിന്നിരുന്നു. ജമീല മാലിക് സിനിമയിൽ പ്രവേശിച്ച കാലത്തു മലയാളത്തിലെ പ്രമുഖ നടികൾ ഷീല, ജയഭാരതി, കെ.ആർ.വിജയ, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു. മിക്കപ്പോഴും ഇവരുടെ ചുമതല, നായകപ്രധാനമായ ചിത്രങ്ങളിൽ ഗ്ലാമർ പകരുക എന്നതായിരുന്നു. 

എന്നാൽ, അതേ കാലത്തുതന്നെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജമീല മാലിക്കിനൊപ്പം ഉണ്ടായിരുന്ന ഷബാന ആസ്മിയും ടെലിവിഷൻ വാർത്താ അവതാരകയുടെ റോളിൽനിന്നു സിനിമയിലേക്കു പ്രവേശിച്ച സ്മിത പാട്ടീലും ബോളിവുഡ് സിനിമയ്ക്കു പുറത്തുള്ള കലാമൂല്യമുള്ള സിനിമകളിൽ പേരെടുത്തിരുന്നു. കേരളത്തിലെ കലാമൂല്യമുള്ള സിനിമകളിലും സ്ത്രീപ്രധാന സിനിമകളിലും നായികയാകാൻ സംവിധായകർ ആശ്രയിച്ചിരുന്നതു മുഖ്യധാരാ സിനിമയിൽനിന്നുള്ള ശാരദയെയാണ്. അവിടെയും ജമീല മാലിക് തോറ്റു.

കേരള സർക്കാരും അവരോടു കരുണ കാണിച്ചില്ല. അവരുടെ കാലത്ത് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പഠിച്ചിറങ്ങിയ പലർക്കും ചലച്ചിത്ര വികസന കോർപറേഷൻ പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. സിനിമയിൽനിന്ന് ഒരു കൈത്താങ്ങു കിട്ടിയിരുന്നെങ്കിൽ അതിജീവിക്കാവുന്ന തിരിച്ചടികളേ, ജമീല മാലിക് ജീവിതത്തിൽ നേരിട്ടുള്ളൂ. അവരുടെ അവസാനചിത്രമായി മാറിയ, വി.ആർ.ഗോപിനാഥിന്റെ ‘ഉണ്ണിക്കുട്ടനു ജോലി കിട്ടി’ എന്ന സിനിമയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചതു ഞാനായിരുന്നു. അന്നു കണ്ട ജമീല മാലിക് പ്രസരിപ്പിച്ച അതീവപ്രസന്നത മാത്രം ഓർമയിൽ കൊണ്ടുനടക്കാൻ ഞാനാഗ്രഹിക്കുന്നു.

 വിമാനത്തിലെ കോമഡി 

കൊമേഡിയനായ കുനാൽ കമ്റ, ഇൻഡിഗോ വിമാനയാത്രയ്ക്കിടെ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ തുടർച്ചയായി കളിയാക്കിയെന്നു മാത്രമല്ല, അതിന്റെ വിഡിയോ ട്വിറ്ററിൽ ഇടുകയും ചെയ്തു. അതെത്തുടർന്ന് നാലു വിമാനക്കമ്പനികൾ കമ്റയ്ക്കു യാത്രാവിലക്കേർപ്പെടുത്തി.

‘അർണബ്, നിങ്ങൾ ഭീരുവാണ്... ചാനൽ ചർച്ചയിലൂടെ നിങ്ങൾ ജാതി അന്വേഷിച്ച രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണു ഞാൻ സംസാരിക്കുന്നത്...’ അങ്ങനെ പോകുന്നു കമ്റയുടെ വാക്കുകൾ. ചാനൽചർച്ചകളിലെ ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടുകൾ, വെല്ലുവിളികൾ, വിമർശകരെ രാജ്യദ്രോഹിയായി മുദ്രകുത്തൽ എന്നിവയിലൂടെ പലർക്കും അനഭിമതനാണ് അർണബ് ഗോസ്വാമി. അദ്ദേഹത്തിന്റെ അളവുകോൽവച്ചു നോക്കിയാൽ സ്വകാര്യ ഇടങ്ങൾക്ക് ഒരു പവിത്രതയും ഇല്ല. ശശി തരൂരിന്റെ പിന്നാലെ, വീട്ടിലും പുറത്തും, ചാനൽ റിപ്പോർട്ടർമാരെ അയച്ച് നിരന്തരം വേട്ടയാടിയ ആളാണ് അർണബ്. 

പക്ഷേ, അർണബിനു നേരിടേണ്ടിവന്ന, അദ്ദേഹത്തിന്റെ അതേ നാണയത്തിലുള്ള, പരിഹാസത്തിൽ അന്തർലീനമായ കാവ്യനീതി എന്നെ ആകർഷിച്ചില്ല. കാരണം, അതു സംഭവിച്ചതു പറക്കുന്ന വിമാനത്തിനുള്ളിലാണ് എന്നതുതന്നെ. ഇറങ്ങിപ്പോകാൻ പറ്റാത്ത അടച്ചിട്ട സ്ഥലം. അർണബ് ശാരീരികമായി പ്രതികരിച്ചിരുന്നെങ്കിൽ മറ്റു യാത്രക്കാർക്കും അപകടം പറ്റിയേനെ. കുനാൽ കമ്റ ചെയ്തത് അക്ഷന്തവ്യമായ കുറ്റമാണ്; അദ്ദേഹം ശിക്ഷാർഹനാണ്.

പക്ഷേ, ശിക്ഷിക്കാൻ നിയമപരമായ ചില പ്രക്രിയകളുണ്ട്. വിമാനത്തിനുള്ളിൽ നടക്കുന്ന ഇത്തരം സംഭവങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. ലെവൽ ഒന്ന്: പ്രകോപനപരമായ പെരുമാറ്റങ്ങൾ. ലെവൽ രണ്ട്: ലൈംഗിക പീഡനം. ലെവൽ മൂന്ന്: വിമാനത്തിനുതന്നെ അപകടം പറ്റാവുന്ന പ്രവൃത്തികൾ. ഇവ മൂന്നിലും ഒരു ആഭ്യന്തര സമിതി അന്വേഷണം നടത്തണം. സമിതിക്കു കുറ്റം ബോധ്യമായാൽ, വ്യോമഗതാഗത മേഖലയെ നിയന്ത്രിക്കുന്ന ഡിജിസിഎക്ക് (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വിവരം കൈമാറും. ഡിജിസിഎ ആണു യാത്രാവിലക്ക് ഏർപ്പെടുത്തുക.

എന്നാൽ, ഈ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് ഇത്തരത്തിലുള്ള അന്വേഷണമൊന്നും നടത്തിയതായി അറിവില്ല. അവർ ട്വീറ്റിലൂടെയാണു വിലക്ക്‌ പുറംലോകത്തെ അറിയിച്ചത്. ആ ട്വീറ്റിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയെ ടാഗ്‌ ചെയ്തിട്ടുണ്ട്; രാഷ്ട്രീയസമർദം എതാണ്ടു സ്പഷ്ടം. മന്ത്രിയാകട്ടെ, ട്വീറ്റിലൂടെ മറ്റു വിമാനക്കമ്പനികളോടു കമ്റയെ വിലക്കാൻ ആവശ്യപ്പെട്ടു. ആ ട്വീറ്റ് കണ്ടതിനു ശേഷം 3 കമ്പനികൾകൂടി ഇൻഡിഗോയുടെ പാത പിന്തുടർന്നു. 

ചട്ടങ്ങൾ മറികടന്നുള്ള ഇത്തരം ‘ഉടനടി നീതി നടപ്പാക്കൽ’ ഒരു പരിഷ്കൃതസമൂഹത്തിനും ചേർന്നതല്ല. ആൾക്കൂട്ട കൊലപാതകങ്ങൾക്കു പിന്നിലുള്ള അതേ വികാരമാണ് ഇവിടെയും പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ മുഖ്യ പ്രചാരകരിൽ ഒരാളായ അർണബ് ഗോസ്വാമിക്കു വേണ്ടി മന്ത്രി കാണിച്ച ആവേശം ഡിജിസിഎയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതാണ് ഈ സംഭവത്തിൽ ആശ്വസിക്കാവുന്ന ഒരു കാര്യം. അവർ പറഞ്ഞു, വിമാനക്കമ്പനികൾ ചട്ടങ്ങൾ പാലിക്കേണ്ടിയിരുന്നുവെന്ന്.

സ്കോർപ്പിയൺ കിക്ക്: നയപ്രഖ്യാപനത്തിലെ 18–ാം പാര വായിക്കില്ലെന്ന് ഗവർണർ ആദ്യം പറഞ്ഞെങ്കിലും പിന്നീട് വിയോജിപ്പു രേഖപ്പെടുത്തി വായിച്ചു. ഇതാണ് പതിനെട്ടാം അടവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA